ദാനങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായത് അന്നദാനം
അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. ആയിരം കൊമ്പനാനകള്‍,ആയിരം പട കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമി എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല
ഇന്ന് മാസത്തിലൊരിക്കലെങ്കിലും അന്നദാനമില്ലാത്ത ക്ഷേത്രങ്ങള്‍ കുറവാണ്. ചിലയിടത്ത് ചില പ്രത്യേക നാളുകളിലും മറ്റുചില ക്ഷേത്രങ്ങളില്‍ ആദ്യവ്യാഴം, ആദ്യവെള്ളി എന്നിങ്ങനെയുള്ള ദിവസങ്ങളിലുമാകും. ചിലപ്പോള്‍ ദേവന്‍റെ നാളിലോ പ്രതിഷ്ഠാനാളിലോ ആവാം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദിവസവും അന്നദാനമുണ്ടെങ്കിലും വര്‍ഷത്തിലൊരിക്കല്‍ പുന്നെല്ലരി കുത്തി നിവേദിക്കുന്ന പുത്തരി സദ്യയ്ക്ക് പ്രത്യേകതയുണ്ട്. അന്നദാനപ്രഭുവായ വൈക്കത്തപ്പന്‍റെ ക്ഷേത്രത്തിലും നിത്യവും അന്നദാനമുണ്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാമാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യ ബഹുവിശേഷമാണ്. തൃപ്പുത്തരി സദ്യയുണ്ട ഭഗവാന് വയറ്റില്‍ അസുഖം പിടിപ്പെടുകയും, കുട്ടഞ്ചേരി മൂസ്സ് പ്രത്യേക ഔഷധക്കൂട്ടുകളുപയോഗിച്ച് തൈരില്‍ കലക്കി തിളപ്പിച്ച് നിവേദിക്കുന്ന 'മുക്കുടി' അവിട്ടം നാളിലെ പ്രത്യേകതയാണ്.
നാടിന്‍റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് മുക്കുടി പ്രസാദം വാങ്ങുവാനെത്തുക.
ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത് അന്നദാനമാണ്. മറ്റ് ഏതൊരു ദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നു വലഞ്ഞുവരുന്ന ഒരാള്‍ക്ക് അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതുകഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാതാവിന് അനുഗ്രഹമായി പരിണമിക്കുന്നു.
ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റ് ദാനങ്ങളേക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏത് കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ചുകൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും, മതിയെന്ന്.
അന്നദാനത്തിലൂടെ ദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പല്‍സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും.
ഇനി അന്നദാനത്തിന്‍റെ മഹത്വം വെളിപ്പെടുത്തുന്ന ഒരു കഥ പറയാം.
കര്‍ണ്ണനും സുയോധനനും മരണശേഷം സ്വര്‍ഗ്ഗത്തിലെത്തി. രണ്ടുപേര്‍ക്കും ഉജ്ജ്വലമായ വരവേല്‍പ്പും കാര്യങ്ങളും ഒക്കെ ലഭിച്ചു. എന്നിട്ട് രണ്ടുപേര്‍ക്കും ഓരോ കൊട്ടാരം നല്‍കി. സകലവിധ സൗകര്യങ്ങളുമുള്ള കൊട്ടാരങ്ങളില്‍ ദര്‍ബ്ബാറുകളും നര്‍ത്തകിമാരും എല്ലാമുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞു. കര്‍ണ്ണന് ദാഹം അനുഭവപ്പെട്ടു. വെള്ളം അന്വേഷിച്ച് കൊട്ടാരം മൊത്തം കറങ്ങി നടന്നു. ഒരിടത്തും കിട്ടിയില്ല. വെള്ളം മാത്രമല്ല, ഭക്ഷണവും അവിടെയെങ്ങും ഇല്ല എന്ന് മനസ്സിലായി.
ഉള്ള ആപ്പിളും മുന്തിരിയുമെല്ലാം തന്നെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ളതാണ്. വൈകുന്നേരമായപ്പോഴേക്കും കര്‍ണ്ണന്‍ അവശനായി. ഗതി മുട്ടിയപ്പോള്‍ കര്‍ണ്ണന്‍, കൃഷ്ണനെക്കണ്ട് സങ്കടമുണര്‍ത്തിച്ചു. ഒന്നും തിന്നാനും കുടിക്കാനും തരാതെ എന്ത് സ്വര്‍ഗ്ഗം? സുയോധനന് എല്ലാ സൗഭാഗ്യവും ഉണ്ട്. എനിക്ക് ഭക്ഷണവും വെള്ളവും ഇല്ല എന്നിങ്ങനെ പരാതികള്‍ ലിസ്റ്റ് ഇട്ടു.
കൃഷ്ണന്‍: നീ ഭൂമിയില്‍ എന്തൊക്കെ ചെയ്തോ അതനുസരിച്ചാണ് സ്വര്‍ഗ്ഗത്ത് നിനക്ക് ഓരോ സൗകര്യങ്ങള്‍ കിട്ടുന്നത്. എന്നെങ്കിലും ദാഹിച്ചുവരുന്ന ഒരാള്‍ക്ക് വെള്ളമോ, വിശന്നുനടന്ന ഒരാള്‍ക്ക് ഭക്ഷണമോ നീ കൊടുത്തിട്ടുണ്ടോ? കൊടുത്തതെല്ലാം സ്വര്‍ണ്ണവും വെള്ളിയും രത്നങ്ങളുമല്ലെ? പിന്നെ നിനക്ക് സ്വര്‍ഗ്ഗത്തിലെങ്ങനെ ഭക്ഷണം കിട്ടും?
കര്‍ണ്ണന്‍ ആകെ വിഷമത്തിലായി.
കര്‍ണ്ണന്‍: ഭക്ഷണം കിട്ടാന്‍ ഒരു വഴിയുമില്ലെ?
കൃഷ്ണന്‍: ഉണ്ട്. ഒരിക്കല്‍ സുയോധനന്‍ അന്നദാനം നടത്തിയപ്പോള്‍ ഒരാള്‍ക്ക് ആ സത്രത്തിലേയ്ക്കുള്ള വഴി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതിനാല്‍ നീ അന്ന് ചൂണ്ടിയ ആ വിരല്‍ ഇപ്പോള്‍ നുണഞ്ഞ് നോക്കൂ! കര്‍ണ്ണന്‍ ഭഗവാനെ അനുസരിച്ചു. വലതുകയ്യിലെ ചൂണ്ടുവിരല്‍ നുണഞ്ഞ കര്‍ണ്ണന് വിശപ്പ് മാറി എന്ന് ഐതിഹ്യം. അന്നദാനസത്രത്തിലേയ്ക്ക് ചൂണ്ടിക്കാട്ടിയ വിരലിന് ഇത്രയും പുണ്യമെങ്കില്‍ അന്നദാനം നടത്തുന്നവര്‍ക്ക് സ്വര്‍ഗ്ഗം നിശ്ചയമത്രേ?
ഗജതുരംഗ സഹസ്രം ഗോകുലം കോടിദാനം
കനകരചിതപാത്രം മേദിനി സാഗരാന്തം;
ഉദയകുലവിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം
എന്നാണ് അന്നദാനത്തെ പ്രകീര്‍ത്തിക്കുന്നത്.
അതായത് ആയിരം കൊമ്പനാനകള്‍,ആയിരം പട കുതിരകള്‍, ഒരു കോടി പശുക്കള്‍, നവരത്നങ്ങള്‍ പതിച്ച അനവധി സ്വര്‍ണ്ണാഭരണങ്ങള്‍, പാത്രങ്ങള്‍, സമുദ്രത്തോളം ഭൂമി എന്നിങ്ങനെ നിരവധി ദാനങ്ങള്‍ ചെയ്താലും അതൊന്നും അന്നദാനഫലത്തിന് തുല്യമാകില്ല എന്നാണ് ഇതിനര്‍ത്ഥം.
പ്രതിഷ്ഠാദിനത്തോടനു ബന്ധിച്ച് മിക്ക ക്ഷേത്രങ്ങളിലും ഇപ്പോള്‍ അന്നദാനമുണ്ടാകാറുണ്ട്. കൂടാതെ എല്ലാ മാസവും വെളുത്ത ഷഷ്ഠിയോടനുബന്ധിച്ച് മുരുക ക്ഷേത്രങ്ങളിലും, തിരുവോണനാളില്‍ മഹാവിഷ്ണു ക്ഷേത്രങ്ങളിലും, രോഹിണി നാളില്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും പതിവായി അന്നദാനം നടത്തിവരുന്നുണ്ട്..
ബാബുരാജ് പൊറത്തിശ്ശേരി
(9846025010)
Photo Courtesy - Google
