പൂജയ്ക്ക് നിഷിദ്ധമല്ല അരളിപ്പൂക്കള്‍
മനുഷ്യന്‍റെ ഭക്തിവിശ്വാസങ്ങളെ ഭക്തിയുടെ മറവില്‍ത്തന്നെ പലരും ചൂഷണം ചെയ്യുന്നുണ്ട് എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. ഭക്തിയുടെ ശാന്തഭാവത്തെ ഭയത്തിന്‍റെ പരിവേഷം ചേര്‍ത്താണ് പലരും പ്രചരിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതും. കുറച്ചുനാള്‍മുന്‍പ് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇപ്രകാരം എഴുതുവാന്‍ പ്രേരിതനായത്.
'നിവേദ്യത്തില്‍ അരളി വേണ്ട, തുളസിയും, തെച്ചിയും മതി.' ഏതോ ആചാര്യന്‍റെ കല്‍പ്പനപോലെ എഴുതിയിരിക്കുകയാണ്. അരളിപ്പൂവില്‍ വിഷാംശമുണ്ട് എന്നതാണ് വിശദീകരണമായി വിവരിക്കുന്നത്. അരളിപ്പൂവില്‍ മാത്രമല്ല പൂജയ്ക്കായി ഉപയോഗിക്കുന്ന പല പൂക്കളിലും ശാസ്ത്രീയമായി പരിശോധിച്ചാല്‍ വിഷാംശം കണ്ടെത്താനാവും.
ശാസ്ത്രീയതയിലേക്ക് അധികം കടക്കുന്നില്ല. ഇവിടെ വിഷയം പൂജയും നിവേദ്യവുമാണല്ലോ. ശ്രീകോവിലിനകത്തും, പുറത്തും നിന്ന് ഈശ്വരനെ സേവിച്ച അനുഭവത്തില്‍ നിന്നുതന്നെ പറയാം. അരളിപ്പൂക്കള്‍ ധാരാളമായി പൂജയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. നിര്‍മ്മാല്യധാരിയായി അരളിപ്പൂക്കള്‍ പാല്‍പ്പായത്തിലും ചേര്‍ത്തിട്ടുണ്ട്. ഭക്തിക്കോ, ശരീരത്തിനോ യാതൊരു ദൂഷ്യവും ആര്‍ക്കും സംഭവിച്ചിട്ടുള്ളതായി കേട്ടിട്ടുമില്ല.
അരളിപ്പൂക്കള്‍ എന്നതില്‍ കരവീര്യം എന്ന ഇനത്തില്‍പ്പെട്ട പൂക്കളെക്കുറിച്ചാണ് ആ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് കരുതുന്നു. തമിഴ്നാട്ടില്‍ നിന്ന് വരുന്ന അരളിയും ഇതില്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയില്ല.(ചിത്രം കൊടുത്തിരുന്നത് തമിഴ്നാട് പൂക്കളാണ്). തൃപ്രയാര്‍ ക്ഷേത്രത്തിലും, കൂടല്‍മാണിക്യ ക്ഷേത്രത്തിലും വളരെ പണ്ടുകാലം മുതലേ ചെത്തിയും, തുളസിയും, താമരയും മാത്രമേ പൂജയ്ക്കെടുക്കാറുള്ളൂ. കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും പോലും ഉപയോഗിക്കാറില്ല. ആ ലേഖനത്തില്‍ തൃപ്രയാറും മറ്റും ഉദാഹരണമായി പറഞ്ഞതിനാലാണ് ഇപ്രകാരം എഴുതിയത്. വൈഷ്ണവ പ്രാധാന്യമുള്ള ഉടുപ്പി തുടങ്ങിയ ക്ഷേത്രങ്ങളിലും ഇപ്രകാരം തന്നെയാണ്. ഇനി അരളിപ്പൂവിന്‍റെ മഹത്വത്തെക്കുറിച്ച് അല്‍പ്പമായി കടന്നുചെല്ലാം.
കേരളത്തിലെ ക്ഷേത്രപൂജകളില്‍ പ്രാധാന്യം സ്ഥാനം കല്‍പ്പിക്കുന്ന പൂജാപുഷ്പമാണ് കരവീര്യം(അരളി). മിക്ക ക്ഷേത്രമതില്‍ക്കകത്തും കരവീര്യം നട്ടുപിടിപ്പിച്ചിട്ടുള്ളതായി കാണാം. അഞ്ച് ഇതളുള്ള കരവീര്യപ്പൂക്കള്‍ പഞ്ചേശ്വരനായ പരമശിവന്‍റെ പരിപൂര്‍ണ്ണ ഭാവമായി കരുതുന്നു. അരളിപ്പൂക്കള്‍ മുക്കോളം തള്ളിക്കയറ്റി എത്രയോ മണത്തിരിക്കുന്നു. ഹൃദയത്തിലേക്ക് ഊര്‍ന്നിറങ്ങിയ ഭക്തിയുടെ സുഗന്ധം പറഞ്ഞറിയിക്കാനാവില്ല.
തുളസിത്തറ പോലെ, കൂവളത്തറ പോലെ, കരവീര്യത്തറ കെട്ടി ഭക്തിയോടെ വലംവയ്ക്കുന്ന വിശ്വാസവുമുണ്ട്.
ഭക്തിയുടെ സുഗന്ധവും ഐശ്വര്യവും ഭക്തരില്‍ പകരുന്ന കരവീര്യത്തെക്കുറിച്ച് അരുതുകള്‍ പറഞ്ഞത് അരുതാത്ത കാര്യം തന്നെയാണ്. വിശ്വാസികളുടെ മനസ്സിനേയും ചിന്തകളേയും ഭിന്നിപ്പിക്കും പ്രകാരവും, അബദ്ധഭയം പടര്‍ത്താനും മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ക്ക് സാധിക്കുകയുള്ളൂ. ചെത്തിയും തുളസിയും മാത്രമല്ല, എല്ലാ പൂജാപുഷ്പങ്ങളും പൂജയ്ക്കും നേദ്യത്തിനും ഉപയോഗിക്കാം. ദേവന് പ്രിയമെങ്കില്‍ ഭക്തര്‍ക്ക് അപ്രിയം ലവലേശമില്ല.
Photo Courtesy - jyothisharathnam
