തിരുവാറന്മുളയപ്പന് നിവേദ്യത്തിനുള്ള അരി കാട്ടൂരില്‍ നിന്ന്

തിരുവാറന്മുളയപ്പന് നിവേദ്യത്തിനുള്ള അരി കാട്ടൂരില്‍ നിന്ന്

HIGHLIGHTS

ആറന്മുള ഭഗവാന് തിരുവോണ നാളില്‍ നിവേദ്യം തയ്യാറാക്കുന്നതിനായി നെല്ല് കുത്തി അരിയാക്കുന്ന ചടങ്ങ് ആറന്മുള ക്ഷേത്രത്തില്‍ നിന്നും 6 കിലോമീറ്റര്‍ ദൂരം കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ച് കരയിലുള്ള 18 നായര്‍ കുടുംബാംഗങ്ങളാണ്  ആചാരപൂര്‍വ്വം ചടങ്ങ് നിര്‍വ്വഹിക്കുന്നത്. ഉത്രാടദിനം കാട്ടൂര്‍ മഠത്തില്‍ നിന്നും ആറന്മുള ക്ഷേത്രത്തിലേക്ക് ഓണവിഭവങ്ങളുമായി പുറപ്പെടുന്ന മങ്ങാട്ട് ഭട്ടതിരിയെ അനുഗമിക്കുന്ന 18 നായര്‍ കുടുംബാംഗങ്ങളാണിവര്‍.

ചോതിനാളില്‍ ആറന്മുളക്ഷേത്രത്തില്‍ നടക്കുന്ന ചോതിയളവിന് കാട്ടൂരിലെ 18 നായര്‍ കുടുംബങ്ങളാണ് 44 പറ പുന്നെല്ല് കുത്തി അരിയാക്കി ഭഗവാന് സമര്‍പ്പിക്കുന്നത്. കാട്ടൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ വച്ച് തടി ഉരലിലാണ് പുന്നെല്ല് കുത്തി അരിയാക്കുന്നത്. ഉത്രാടനാളില്‍ കാട്ടൂരില്‍ നിന്നും ആറന്മുളയിലേക്ക് പുറപ്പെടുന്ന മങ്ങാട്ട് ഭട്ടതിരിയുടെ കൈവശമാണ് നിവേദ്യത്തിനുള്ള അരി കൊടുത്തയച്ച് ഗ്രാമം ഭഗവത് അനുഗ്രഹം നേടുന്നത്.

ആറന്മുള ക്ഷേത്രത്തില്‍ നിന്നും ചോതിയളവില്‍ ലഭിക്കുന്ന പുതുനെല്ല് പിറ്റേദിവസമായ വിശാഖനാളിലാണ് ക്ഷേത്രത്തില്‍ എത്തിക്കുന്നത്. തുടര്‍ന്ന് വരുന്ന അനിഴം, ചതയം, പൂരുരുട്ടാതി നാളുകളിലാണ് ശരീര-മാനസിക ശുദ്ധിയോടെ നായര്‍ കുടുംബാംഗങ്ങള്‍ ക്ഷേത്രത്തിലെത്തി നെല്ല് കുത്തുന്നത്. കരയില്‍ നിന്നുള്ള പച്ചക്കറികളും മറ്റ് വിഭവങ്ങളും വഴിപാട് സാധനങ്ങളും അരിയോടൊപ്പം മങ്ങാട്ട് ഭട്ടതിരിയുടെ തിരുവോണത്തോണിയില്‍ എത്തിക്കും.

കാട്ടൂര്‍ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി തിരുവോണദിവസം ബ്രാഹ്മണബാലര്‍ക്ക് കാല്‍കഴുകിച്ചൂട്ട് നടത്തിയിട്ടേ സദ്യ കഴിക്കുക പതിവുണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷം നിശ്ചയിക്കപ്പെട്ട നേരമായിട്ടും കാല്‍കഴുകിച്ചൂട്ട് നടത്താന്‍ ബ്രാഹ്മണബാലന്മാര്‍ എത്തിയില്ല. ഇതില്‍ ദുഃഖിതനായ ഭട്ടതിരി ആറന്മുളയപ്പനെ മനമുരുകി പ്രാര്‍ത്ഥിച്ചു. താമസംവിനാ ഒരു ബ്രാഹ്മണ ബാലന്‍ ഇല്ലത്ത് എത്തുകയും ആതിഥ്യം സ്വീകരിച്ച് പുത്രഭാഗ്യമുണ്ടാകാന്‍ അനുഗ്രഹിച്ച് യാത്രയാവുകയും ചെയ്തു. അന്നുരാത്രി സ്വപ്നദര്‍ശനത്തിലൂടെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങള്‍ തിരുവോണപ്പുലരിയില്‍ ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചാല്‍ മതിയെന്ന് ഭഗവാന്‍ നിര്‍ദ്ദേശിച്ചു. 

പിറ്റേവര്‍ഷം മുതല്‍ ഭട്ടതിരി ഭഗവാനുള്ള ഓണവിഭവങ്ങള്‍ തോണിയിലേറ്റി ആറന്മുള ക്ഷേത്രസന്നിധിയില്‍ എത്തിക്കുന്ന പതിവ് തുടങ്ങി. ഭട്ടതിരിയുടെ ആശ്രിതരായ നായര്‍ കുടുംബാംഗങ്ങളേയും കൂട്ടി ഉത്രാടസന്ധ്യയില്‍ തോണി ആറന്മുളയിലേക്ക് പുറപ്പെടുന്ന ആചാരം അങ്ങനെയാണത്രേ ആരംഭിക്കുന്നത്. നിറയെ വിഭവങ്ങളുമായി പോകുന്ന തോണിയെ 'കോവിലന്മാര്‍' എന്ന കവര്‍ച്ചാസംഘം ആക്രമിക്കുകയും തോട്ടാവള്ളില്‍ കുറുപ്പിന്‍റെ നേതൃത്വത്തില്‍ കരനാഥന്മാര്‍ കോവിലന്മാരെ തുരത്തുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇവര്‍ ഭട്ടതിരിയുടെ തോണിയാത്രയ്ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതായി ഐതിഹ്യം. ഇതിനായിട്ടാണ് പള്ളിയോടങ്ങള്‍ നിര്‍മ്മിച്ചതെന്നും ഒരു ഐതിഹ്യമുണ്ട്. ഇന്നും മുടങ്ങാതെ തുടരുന്ന പള്ളിയോട ആചാരങ്ങളും തിരുവോണത്തോണി പുറപ്പാടും കാട്ടൂര്‍കരയുടെ പുണ്യമാണ്.

ആരാണ് കോവിലന്മാര്‍....?

ഉത്രാടദിനം ഓണവിഭവങ്ങളുമായി ജലമാര്‍ഗ്ഗം ആറന്മുളയിലേയ്ക്ക് പോകുന്ന മങ്ങാട്ടില്ലത്ത് ഭട്ടതിരിയെ യാത്രാമദ്ധ്യേ അയിരൂര്‍ എന്ന സ്ഥലത്ത് വച്ച് കോവിലന്മാര്‍ ആക്രമിക്കുന്നു.  ഇവര്‍ തമിഴകത്ത് നിന്നും എത്തിയ തിരുട്ടുസംഘം(കവര്‍ച്ചാസംഘം) ആണെന്നും, ഇവര്‍ പാണ്ടിപ്പറയ വിഭാഗത്തില്‍ ഉള്ളവരാണെന്നും പറയപ്പെടുന്നു. കോവിലന്മാരുടെ നിരന്തരശല്യത്തെ നേരിടാനുള്ള സന്നാഹം ഇല്ലാത്തതുകൊണ്ടാണ് മങ്ങാട്ട് ഭട്ടതിരി കാട്ടൂരില്‍ നിന്നും കുമാരനല്ലൂരിലേയ്ക്ക് പോയതെന്ന് പറയപ്പെടുന്നത്.

രാജഭരണം നിലനിന്നിരുന്ന കാലത്ത് ഭൂവുടമ സമ്പ്രദായവും ബ്രാഹ്മണമേധാവിത്വവും കാരണം കാട്ടൂര്‍ മങ്ങാട്ടില്ലത്ത് ഭട്ടതിരിയും, കോവിലന്മാര്‍ എന്നറിയപ്പെടുന്ന അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിന് സമീപമുള്ള 'അമ്മൂട്ടിടം' എന്ന കുടുംബത്തിലെ കാരണവരും തമ്മില്‍ നിരന്തര കലഹങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി പറയപ്പെടുന്നു. 'അമ്മൂട്ടിടം' കുടുംബാംഗങ്ങള്‍ അവരുടെ പേരിനോടൊപ്പം 'കോവില്‍' എന്ന സ്ഥാനപ്പേരും ഉപയോഗിച്ചിരുന്നത്രേ. അവരുടെ വീട്ടുപേരിനോടൊപ്പം 'ഇടം' എന്ന പേര് കൂടി ഉപയോഗിച്ചിരുന്നു. ഇവര്‍ ക്ഷത്രിയ വിഭാഗത്തില്‍ ഉള്ളവരായിരുന്നെങ്കിലും പുണൂല്‍ ധരിക്കാറില്ലത്രേ.

ഇവരുടെ ഭരണത്തിന്‍ കീഴില്‍ നിരവധി ക്ഷേത്രങ്ങളും ഉണ്ടായിരുന്നു. ഇടനാട്ടിടം ദേവീക്ഷേത്രം, ആറാട്ടുപുഴ, തൃച്ചേന്ദമംഗലം ശിവക്ഷേത്രം, ഓതറ തുടങ്ങിയ ക്ഷേത്രം ഇവരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അതുകൊണ്ടാണ് ഇവരെ കോവിലന്മാര്‍ എന്ന് വിളിച്ചിരുന്നത്. പ്രാചീന മലയാളവും തമിഴും തമ്മില്‍ അഭേദ്യബന്ധമാണുണ്ടായിരുന്നത്. ക്ഷേത്രങ്ങള്‍ക്ക് കോവില്‍ എന്നാണല്ലോ തമിഴില്‍. അയിരൂര്‍ 'അമ്മൂട്ടിടം' കുടുംബത്തിലെ പിന്‍മുറക്കാര്‍ ആറന്മുളയ്ക്കടുത്തുള്ള നെല്ലിക്കല്‍ക്കരയില്‍ ഇപ്പോഴുമുണ്ട്. ഇവരെ 'ഏമാന്മാര്‍'എന്നാണ് വിളിക്കുന്നത്.

 

Photo Courtesy - Google