തിരുവാറന്‍മുളയപ്പന് തിരുവോണസദ്യ
തിരുവാറന്‍മുളയപ്പന് ഓണസദ്യയ്ക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി തിരുവോണദിനം പുലര്‍ച്ചെ ക്ഷേത്രസന്നിധിയിലെത്തും. കുമാരനല്ലൂരില്‍നിന്നും ചുരുളന്‍വള്ളമേറി നിരവധി സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഭട്ടതിരി കാട്ടൂര്‍ മഠത്തിലെത്തും. ഇവിടെ നിന്നും ഭഗവാന് ഓണസദ്യക്കുള്ള അരി, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ തിരുവോണത്തോണിയിലേറ്റി സന്ധ്യയോടെ പമ്പാനദിയിലൂടെ ആറന്‍മുള ക്ഷേത്രക്കടവിലേയ്ക്ക് നീങ്ങുന്നു. പള്ളിയോടങ്ങള്‍ തിരുവോണത്തോണിക്ക് അകമ്പടിയായുണ്ടാകും. നദിയുടെ ഇരുകരകളിലുമുള്ള ഭക്തര്‍ വിളക്കുകള്‍ തെളിയിച്ച്, വായ്ക്കുരവയുമായി തിരുവോണത്തോണിക്ക് ആദരവ് നല്‍കും.
തിരുവോണത്തോണിയില്‍ ഭഗവാന്‍റെ സാന്നിധ്യം ഉണ്ടെന്നാണ് സങ്കല്‍പ്പം.
ക്ഷേത്രക്കടവിലെത്തുന്ന ഭട്ടതിരിയെ ക്ഷേത്രഭാരവാഹികളും ഭക്തരും ചേര്‍ന്ന് യഥോചിതം സ്വീകരിച്ച് ക്ഷേത്രത്തിലേയ്ക്ക് ആനയിക്കുന്നു. കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നിന്നും കത്തിച്ച വിളക്ക് ക്ഷേത്രം മേല്‍ശാന്തിക്ക് നല്‍കുകയും അദ്ദേഹം ക്ഷേത്രത്തിലെ വിളക്ക് കത്തിക്കുകയും ചെയ്യുന്നു. ഈ വിളക്ക് അടുത്ത തിരുവോണദിവസം വരെ അണയാതെ സൂക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് മേല്‍ശാന്തി നട തുറക്കുന്നു. ഭഗവാനെ പള്ളിയുണര്‍ത്തിയ ശേഷം ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നു. മങ്ങാട്ട് ഭട്ടതിരിയും കാട്ടൂര്‍ ദേശക്കാരും നല്‍കിയ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓണസദ്യ തയ്യാറാക്കുന്നത്. ഇവിടെ ഭട്ടതിരിയുടെ സാന്നിധ്യം ഉണ്ടാകണമെന്നാണ് വയ്പ്പ്. ഉച്ചപൂജയ്ക്കുശേഷം ക്ഷേത്ര കൊടിമരച്ചുവട്ടില്‍ നാക്കിലയില്‍ ഭഗവാന് സദ്യ ആദ്യം വിളമ്പുന്നു. തുടര്‍ന്ന് ഭക്തര്‍ക്കും സദ്യവിളമ്പും.
ചിങ്ങമാസത്തിലെ ചോതി നാളില്‍ ക്ഷേത്രത്തിലെ ശ്രീബലി എഴുന്നെള്ളത്തിനുശേഷം നടക്കുന്ന 'ചോതി അളവില്‍' കാട്ടൂര്‍ മഠത്തിന് 46 പറ നെല്ല് ലഭിക്കുന്നു. ആഘോഷമായി കാട്ടൂര്‍മഠക്കാര്‍ ഈ നെല്ല് കൊണ്ടുപോവുകയും കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ ആനക്കൊട്ടിലില്‍ വച്ച് മര ഉരലില്‍ കുത്തി അരിയാക്കുന്നു. ഈ അരിയാണത്രേ തിരുവോണത്തോണിയില്‍ എത്തിക്കുന്നതും പാര്‍ത്ഥസാരഥിക്ക് നിവേദ്യമാകുന്നതും.
മങ്ങാട് ഭട്ടതിരിക്ക് ഭഗവാന്‍ ബ്രാഹ്മണ ബാലന്‍റെ വേഷത്തിലെത്തി തനിക്ക് ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ ആറന്‍മുള ക്ഷേത്രത്തില്‍ എത്തിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഭട്ടതിരി തിരുവോണത്തോണിയില്‍ ഓണവിഭവങ്ങളുമായി ക്ഷേത്രത്തില്‍ എത്തുന്നത്.
