ജന്മാഷ്ടമിയുടെ പുണ്യമായി അഷ്ടമിരോഹിണി വള്ളസദ്യ

ജന്മാഷ്ടമിയുടെ പുണ്യമായി അഷ്ടമിരോഹിണി വള്ളസദ്യ

HIGHLIGHTS

കൃഷ്ണഭഗവാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആറന്‍മുള ക്ഷേത്രത്തില്‍ നടത്തുന്ന സദ്യയാണ് അഷ്ടമിരോഹിണി വള്ളസദ്യ. അന്നേദിനം പതിനായിരങ്ങള്‍ സദ്യക്കായി ക്ഷേത്രസന്നിധിയിലെത്തും. ഭഗവത്പ്രസാദമായിട്ടാണ് സദ്യയെ സങ്കല്‍പ്പിച്ചിരിക്കുന്നത്. നാളിതുവരെ അഷ്ടമിരോഹിണി വള്ളസദ്യ ലഭിക്കാതെ നിരാശരായി ആരും മടങ്ങിയതായി കേട്ടുകേള്‍വി പോലുമില്ലത്രേ. വള്ളസദ്യകളില്‍ ഏറ്റവും സുപ്രധാനമായ സദ്യയാണിത്. സദ്യയുണ്ണാന്‍ സാക്ഷാല്‍ പാര്‍ത്ഥസാരഥിയും ഒരിലയ്ക്ക് മുമ്പില്‍ ഉപവിഷ്ടനാകും എന്നതാണ് വിശ്വാസം. മദ്ധ്യതിരുവിതാംകൂറിലെ രുചി ഉത്സവം കൂടിയാണിതത്രേ. വഴിപാട് സദ്യക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും അഷ്ടമിരോഹിണി വള്ളസദ്യക്കും ഉണ്ടാകും.

 

കൃഷ്ണഭഗവാന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ആറന്‍മുള ക്ഷേത്രത്തില്‍ നടത്തുന്ന സദ്യയാണ് അഷ്ടമിരോഹിണി വള്ളസദ്യ.

അന്നേദിനം പതിനായിരങ്ങള്‍ സദ്യക്കായി ക്ഷേത്രസന്നിധിയിലെത്തും. ഭഗവത്പ്രസാദമായിട്ടാണ് സദ്യയെ സങ്കല്‍പ്പിച്ചിരിക്കുന്നത്. നാളിതുവരെ അഷ്ടമിരോഹിണി വള്ളസദ്യ ലഭിക്കാതെ നിരാശരായി ആരും മടങ്ങിയതായി കേട്ടുകേള്‍വി പോലുമില്ലത്രേ. വള്ളസദ്യകളില്‍ ഏറ്റവും സുപ്രധാനമായ സദ്യയാണിത്. സദ്യയുണ്ണാന്‍ സാക്ഷാല്‍ പാര്‍ത്ഥസാരഥിയും ഒരിലയ്ക്ക് മുമ്പില്‍ ഉപവിഷ്ടനാകും എന്നതാണ് വിശ്വാസം. മദ്ധ്യതിരുവിതാംകൂറിലെ രുചി ഉത്സവം കൂടിയാണിതത്രേ. വഴിപാട് സദ്യക്ക് വിളമ്പുന്ന എല്ലാ വിഭവങ്ങളും അഷ്ടമിരോഹിണി വള്ളസദ്യക്കും ഉണ്ടാകും.

കുരുക്ഷേത്ര യുദ്ധഭൂമിയില്‍ എതിര്‍ചേരിയില്‍ നില്‍ക്കുന്ന ബന്ധുമിത്രാദികളെ കണ്ട് സങ്കടപ്പെട്ട് വില്ലെടുക്കാന്‍ കഴിയാതെ വന്ന അര്‍ജ്ജുനനെ മൗഢ്യത്തില്‍ നിന്ന് ഉണര്‍ത്താന്‍ മനസ്സുതുറന്ന പാര്‍ത്ഥസാരഥിയാണ് ആറന്‍മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്‍പ്പം.

തിരുവോണദിനം മങ്ങാട്ട് ഭട്ടതിരിക്ക് ദര്‍ശനമരുളിയ ബാലകൃഷ്ണനായും എല്ലാ തിരുവോണദിനവും ആറന്മുള ക്ഷേത്രത്തില്‍ തനിക്ക് സദ്യ ഒരുക്കണമെന്ന് ഭട്ടതിരിയോട് നിര്‍ദ്ദേശിച്ച അന്നദാനപ്രഭുവായും, മാതൃഹൃദയങ്ങളില്‍ സ്നേഹത്തിന്‍റെ നറുവെണ്ണ നിറയ്ക്കുന്ന ഉണ്ണിക്കണ്ണനായും, ഉണ്ണികളുടെ കളിക്കൂട്ടുകാരനായും ഭഗവാന്‍ ഈ ക്ഷേത്രസന്നിധിയില്‍ വിളങ്ങുന്നു. 

അന്നദാനപ്രഭു എന്ന സങ്കല്‍പ്പത്തിലാണ് ഭഗവാന്‍റെ പ്രതിനിധികളായ പള്ളിയോടക്കരക്കാര്‍ക്ക് വള്ളസദ്യ വഴിപാടായി നേരുന്നത്. പഞ്ചപാണ്ഡവര്‍ക്കും, കുന്തീദേവിക്കും ഭഗവാന്‍ ദര്‍ശനം നല്‍കുന്ന അത്യപൂര്‍വ്വ ചടങ്ങും ആറന്മുളക്ഷേത്രത്തില്‍ നടക്കുന്നുണ്ട്.

അഷ്ടമിരോഹിണി വള്ളസദ്യക്ക് രണ്ടുദിവസം മുമ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ക്ഷേത്രം മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നും പകര്‍ന്ന ദീപം വഞ്ചിപ്പാട്ടിന്‍റേയും വാദ്യമേളത്തിന്‍റേയും അകമ്പടിയോടെ പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ഏറ്റുവാങ്ങും. ഈ ദീപം പാചകപ്പുരയിലെ നിലവിളക്ക് തെളിയിക്കുന്നു. തുടര്‍ന്ന് നിലവിളക്കിലെ അഗ്നി വള്ളസദ്യകരാറുകാരുടെ മുഖ്യപാചകക്കാരന് കൈമാറും. അവര്‍ ഈ അഗ്നി പണ്ഡാര അടുപ്പില്‍ പകരുന്നതോടെ പാചകം ആരംഭിക്കുന്നു. ക്ഷേത്രത്തിന്‍റെ വടക്കേ മാളികയിലാണ് ഈ ചടങ്ങുകള്‍ നടക്കുന്നത്.

അഷ്ടമിരോഹിണി വള്ളസദ്യയുടെ തലേദിവസമാണ് സദ്യയ്ക്കുള്ള അരി ചെന്നിത്തലയില്‍ നിന്നും തൈര് ചേനപ്പാടിയില്‍ നിന്നും എത്തുന്നത്. ആഘോഷപൂര്‍വ്വമായിട്ടാണ് ചേനപ്പാടിയില്‍ നിന്നും പാളത്തൈരുമായി എത്തുന്ന സംഘത്തെ ക്ഷേത്രത്തില്‍ സ്വീകരിക്കുന്നത്. കോട്ടയം ചേനപ്പാടിയില്‍ നിന്നും മുളപാളത്തൈരുമായി എത്തുന്ന സംഘം ഘോഷയാത്രയായിട്ടാണ് ക്ഷേത്രത്തില്‍ എത്തുന്നത്.

അഷ്ടമിരോഹിണി ദിവസം നിര്‍മ്മാല്യദര്‍ശനത്തിനുശേഷം പാര്‍ത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ച് കുളിപ്പിക്കുന്നതാണ് ആദ്യചടങ്ങ്. ക്ഷേത്രത്തിന് സമീപമുള്ള മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേക പൂജകളും വഴിപാടുകളും ഉണ്ടാകും. ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെതന്നെ ക്ഷേത്രത്തിലെ മധുക്കടവിലെത്തും. ക്ഷേത്രഭാരവാഹികള്‍ ദക്ഷിണ നല്‍കി അഷ്ടമംഗല്യത്തോടെയും വാദ്യമേളങ്ങളോടെയും മുത്തുക്കുടകളുമായി പള്ളിയോടത്തിലെത്തുന്ന കരനാഥന്‍മാര്‍, പാട്ടുകാര്‍, തുഴച്ചിലുകാര്‍ എന്നിവരെ സ്വീകരിച്ച് ക്ഷേത്രപ്രദക്ഷിണം വച്ച് കിഴക്കേ നടയിലെത്തും. അവിടെ കൊടിമരച്ചുവട്ടില്‍ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ നയമ്പുകളും, മുത്തുക്കുടകളുമായി എത്തുന്ന വള്ളക്കാര്‍ നിലവിളക്കിന് മുമ്പില്‍ പറയിടുന്നു.

ഉച്ചപൂജയ്ക്കുശേഷം 11 മണിയോടെ തിരുമുമ്പില്‍ തൂശനിലയിട്ട് സദ്യവിളമ്പി ഭഗവാന് പിറന്നാള്‍ സദ്യ സമര്‍പ്പിക്കുന്നു. ശേഷം ക്ഷേത്രമതിലകത്ത് സദ്യക്കിരിക്കുന്ന പള്ളിയോടത്തിലെത്തിയവര്‍ക്ക് സദ്യവിളമ്പും. തുടര്‍ന്ന് ഭക്തര്‍ക്കും സദ്യക്കിരിക്കാം.

'പൊന്‍പ്രകാശം വിതറുന്ന വിളക്കത്ത് വിളമ്പണം.' എന്ന് തുടങ്ങുന്ന വഞ്ചിപ്പാട്ടോടെ വിളക്കിന് മുമ്പിലാണ് ആദ്യം സദ്യ വിളമ്പുന്നത്. 'അഭിഷേക തീര്‍ത്ഥം വേണം കളഭ- കുങ്കുമം വേണം എന്ന വഞ്ചിപ്പാട്ടോടെ പ്രസാദവും നല്‍കും. തുടര്‍ന്ന് സദ്യ വിളമ്പുന്നു. 'ഉണ്ണിക്കായി പണ്ടൊരുണ്ണിയൂട്ടിന് പോയോരെന്‍ ഉണ്ണിക്കണ്ണന്‍ തന്നെ ഉണ്ണാനെഴുന്നെള്ളി ഉണ്ണികളാം അടിയങ്ങള്‍ തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ പൊറുത്ത് ഉന്നതി വരുത്താന്‍ സ്തുതിച്ചീടുന്നേന്‍, എന്ന് ചൊല്ലിയാണ് കരക്കാര്‍ സദ്യക്കിരിക്കുന്നത്. 63 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണിത്. സദ്യയുണ്ട് കൊടിമരച്ചുവട്ടിലെത്തുന്ന കരനാഥന്‍മാര്‍ പറ തളിച്ച് വഴിപാടുകാര്‍ക്ക് ഐശ്വര്യലബ്ധിക്കായി പ്രാര്‍ത്ഥിച്ച് ദക്ഷിണ വാങ്ങി മടങ്ങും.چ