ഭൂലോക വൈകുണ്ഠ ദര്‍ശനം- ആറാട്ടുപുഴ പൂരം
ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ പ്രാധാന്യം മൂന്ന് ദേവീദേവന്മാര്‍ക്കാണ്. പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരും പിന്നെ ഊരകത്തമ്മയും, മറ്റൊന്ന് ചേര്‍പ്പ് ഭഗവതിയും. ആറാട്ടുപുഴയില്‍ തൃപ്പയാറ്റുതേവര്‍ എഴുന്നെള്ളിനില്‍ക്കുന്ന കൈതവളപ്പില്‍ ഊരകത്തമ്മ തിരുവടി വന്നെത്തുന്ന നേരം ശ്രീരാമനായ തൃപ്രയാറ്റു തേവര്‍ വൈകുണ്ഠനാഥനായി മാറുന്നു. ഊരകത്തമ്മ ശ്രീലക്ഷ്മിയും. പിന്നീട് പുലര്‍ച്ചെയുള്ള കൂട്ടിയെഴുന്നെള്ളിപ്പില്‍ തൃപ്രയാറ്റുതേവരുടെ ഇടതും വലതുമായി ശ്രീലക്ഷ്മിയായ ഊരകത്തമ്മയും ഭൂമിദേവിയായ ചേര്‍പ്പ് ഭഗവതിയും അണിനിരക്കുന്നു. മറ്റെല്ലാ ദേവീദേവന്മാരും ഒറ്റ വരിയായി നില്‍ക്കുന്നു. ഈ സമയം മുപ്പത്തി മുക്കോടി ദേവകള്‍ അണിനിരക്കുമെന്നുമാണ് സങ്കല്‍പ്പം. ആറാട്ടുപുഴ പൂരപ്പാടം സാക്ഷാല്‍ ഭൂലോകവൈകുണ്ഠമാകും. ഈ ഭൂലോകവൈകുണ്ഠം തൊഴുവാനും പ്രദക്ഷിണം വയ്ക്കുവാനും, നിരവധി ഭക്തര്‍ പ്രായഭേദമെന്യേ പുലര്‍ച്ചെ കുളികഴിഞ്ഞ് പുതുവസ്ത്രം ധരിച്ച് ആറാട്ടുപുഴയിലെത്തും.
ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ വര്‍ഷം മീനം 10(മാര്‍ച്ച് 23)നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം, ആറാട്ടുപുഴ ശാസ്താക്ഷേത്രത്തിന് മുന്‍വശത്തുള്ള വിശാലമായ പാടത്താണ് ആഘോഷിക്കുന്നത്. പ്രതിഷ്ഠാശക്തിയും സങ്കല്‍പ്പശക്തിയും സമ്മേളിക്കുന്ന രൗദ്രമൂര്‍ത്തിയായി വില്ലേന്തി നില്‍ക്കുന്ന ശാസ്താവ് ശാന്ത മൂര്‍ത്തിയായി പ്രജാപാലകനായി വാഴുന്നു.
ഒരു ക്ഷേത്രത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ സംഗതി ഉത്സവമാണ്. ക്ഷേത്രങ്ങളില്‍ താന്ത്രിക വിധി പ്രകാരമാണ് ഉത്സവം നടത്തുക. ശബരിമല, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, കൂടല്‍മാണിക്യം തുടങ്ങിയ ക്ഷേത്രങ്ങളിലെ ആണ്ടറുതി ആഘോഷങ്ങള്‍ക്ക് ഉത്സവം എന്നും ഉത്രാളിക്കാവ്, ചിനക്കത്തൂര്‍, മണ്ണാര്‍ക്കാട്, കാട്ടകാമ്പാല്‍ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളില്‍ പൂരവും, കൊടുങ്ങല്ലൂര്‍, പറക്കൊട്ടുകാവ്, അച്ചങ്കാവ് തുടങ്ങിയ ഭവതി ക്ഷേത്രങ്ങളില്‍ താലപ്പൊലിയും, നെന്മാറ വല്ലങ്ങിവേലയും, കുനിശ്ശേരി കുമ്മാട്ടിവേലയും, തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി അന്വേഷിച്ച് വരുന്ന തൃശൂര്‍ പൂരവും ഒക്കെ ഉത്സവപൂരാഘോഷങ്ങളാണ്. ശാസ്താക്കന്മാരുടെ പൂരമാണ് ആറാട്ടുപുഴ പൂരം. വ്യത്യസ്ത പേരുകളിലാണെങ്കിലും സന്തോഷമുളവാക്കുന്ന കവിഞ്ഞൊഴുകലാണ് ഓരോ ദേവസങ്കേതത്തിലും ഉണ്ടാകുന്നത്.
ദേവസന്നിധിയിലെത്തുന്ന പുണ്യം സന്തോഷരൂപത്തില്‍ ആ സങ്കേതത്തില്‍ മുഴുവന്‍ വിലയിക്കുന്നതായി കാണാം. ക്ഷേത്രത്തില്‍ ഒതുങ്ങി നിന്നിരുന്ന ചൈതന്യം ദേവന്‍ പുറത്തേയ്ക്കെഴുന്നെള്ളുമ്പോള്‍ ആ പ്രദേശമാകെ പ്രസരിക്കുന്നു. ചൈതന്യപൂരിതമായ അന്തരീക്ഷത്തില്‍ ഐശ്വര്യസംവര്‍ദ്ധകമായ പല കര്‍മ്മങ്ങളും നിര്‍വ്വഹിക്കാറുണ്ട്. വ്രതശുദ്ധിയുടെ നിറവില്‍ നിര്‍വ്വഹിക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം തന്നെ ആചാര്യപ്രോക്തങ്ങളാണ്.
പെരുവനം ഗ്രാമം
പരശുരാമ നിര്‍മ്മിത ഗ്രാമങ്ങളില്‍ പ്രഥമ ശ്രേണിയില്‍ കണക്കാക്കപ്പെട്ടിരുന്ന ഗ്രാമമാണ് പെരുവനം ഗ്രാമം. യതിവര്യനായ പുരുമഹര്‍ഷിയുടെ തപസ്സുകൊണ്ട് ധന്യമായ വനം പുരുവനം. കാലക്രമേണ പെരുവനം എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു. മലയാളികളെ മുഴുവന്‍ പന്നിയൂര്‍ കൂറ്റുകാരെന്നും ശുകപുരം കൂറ്റുകാരെന്നും രണ്ട് വിഭാഗമായി കണ്ടിരുന്നുവെങ്കിലും ഇവര്‍ക്ക് പരസ്പരം മാത്സര്യം വിട്ട് ഐക്യമത്യം ഉണ്ടാക്കിത്തീര്‍ക്കുന്ന ഗ്രാമമായിരുന്നു പെരുവനം ഗ്രാമം. പെരിഞ്ചെല്ലൂര്‍, പന്നിയൂര്‍, ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളായിരുന്നു ചന്ദ്രഗിരി പുഴയ്ക്ക് ഇക്കരെ പ്രസിദ്ധമായിരുന്ന നാല് ഗ്രാമങ്ങള്‍. വൈദിക സംസ്ക്കാരം ഉടലെടുക്കുന്നതിന് മുമ്പുതന്നെ ജനനിബിഢമായിരുന്നു പെരുവനം ഗ്രാമം. ചരിത്ര പ്രാധാന്യമുള്ള തൃക്കണാമതിലകം ഈ ഗ്രാമസങ്കേതത്തിലായിരുന്നു. ചരിത്രമുറങ്ങുന്ന ഇരിങ്ങാലക്കുട പെരുവനം ഗ്രാമത്തിന്‍റെ സമീപഗ്രാമവും.
ഭാരതപ്പുഴയ്ക്കും പെരിയാറിനുമിടയിക്ക് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു പെരുവനം ഗ്രാമം. ഗ്രാമമദ്ധ്യത്തിലായി പെരുവനം ക്ഷേത്രം. അതിര്‍ത്തികളില്‍ വടക്ക് അകമല ക്ഷേത്രം, തെക്ക് ഊഴത്തൂര്‍ ശാസ്താക്ഷേത്രം, കിഴക്ക് കുതിരാന്‍മുടി ശാസ്താക്ഷേത്രം, പടിഞ്ഞാറ് എടത്തിരിത്തി ശാസ്താക്ഷേത്രം എന്നിവയാല്‍ ചുറ്റപ്പെട്ട പ്രവിശ്യയായിരുന്നു പെരുവനം ഗ്രാമം.
പെരുവനം ഗ്രാമത്തില്‍ 108 ദേവീദേവന്മാരുടെ സംഗമഭൂമിയായിരുന്നു ആറാട്ടുപുഴ ശാസ്താ ക്ഷേത്രം. പെരുവനത്ത് ഇരട്ടയപ്പന്‍റെ 28 ദിവസത്തെ ഉത്സവത്തിന്‍റെ പരിസമാപ്തിയായ അവഭൃത സ്നാനം നടത്തിപ്പോന്നത് ആറാട്ടുപുഴ മന്ദാരം കടവിലായിരുന്നു. പെരുവനത്തപ്പന്‍ ക്ഷേത്രസന്നിധിയില്‍ നിന്നും പുറത്തുവരാതാവുകയും ദേവീദേവന്മാരുടെ എണ്ണം നാല്‍പ്പത്തിരണ്ടായും പിന്നീട് ഇരുപത്തി മൂന്നായപ്പോഴും ദേവസംഗമഭൂമിയായി ആറാട്ടുപുഴ.
മുന്‍കാലങ്ങളില്‍ ആറാട്ടുപുഴ പൂരത്തില്‍ ഗ്രാമത്തിലെ 108 ദേവീദേവന്മാര്‍ പങ്കെടുത്തിരുന്നതായി പറയപ്പെടുന്നു. ഈ ദേവീദേവന്മാരുടെ തിടമ്പെഴുന്നെള്ളിച്ചാണ് ശാസ്താസന്നിധിയിലെത്താറ്. പങ്കാളികളല്ലാത്ത ക്ഷേത്രങ്ങളില്‍ അത്താഴപൂജ നേരത്തെ കഴിച്ച് നടയടയ്ക്കുകയാണ് പതിവ്. കുറെക്കാലം ഈ രീതിയില്‍ 108 ദേവീദേവന്മാര്‍ പൂരത്തില്‍ പങ്കെടുത്തു വന്നിരുന്നു. കാലക്രമത്തില്‍ എണ്ണം കുറഞ്ഞുവന്നു. ഏതെല്ലാം ക്ഷേത്രങ്ങള്‍ പൂരമഹോത്സവത്തില്‍ നിന്നും പിന്‍മാറിയെന്ന് വ്യക്തമല്ല.
വ്രതമനസ്ക്കരായ പുരോഹിതന്‍ സാധാരണയായി എടുക്കുന്ന നൊയമ്പുകള്‍, നിഷ്ഠകള്‍ മുതലായവ ഈ കാലയളവില്‍ നോല്‍ക്കാറില്ല. പൂരക്കാലത്തെ ചടങ്ങുകള്‍ നിര്‍വ്വഹിക്കുമ്പോള്‍, ഏകാദശി, പ്രദോഷം, അശൗചാദി വ്രതങ്ങള്‍ നോല്‍ക്കാറില്ല. ചടങ്ങുകളില്‍ കൃത്യനിഷ്ഠ പുലര്‍ത്തുന്ന വടക്കുന്നാഥന്‍ ക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം മുതലായ മഹാക്ഷേത്രങ്ങളില്‍പ്പോലും അത്താഴപൂജ സാധാരണ സമയത്തിന് മുന്‍പുതന്നെ നടത്തി ഈ മൂര്‍ത്തികള്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നുവെന്നുമാണ് സങ്കല്‍പ്പം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സാധാരണയായി അത്താഴപൂജ, വൈകിട്ട് 7.40 മുതല്‍ 8.10 വരെയാണെങ്കിലും ആറാട്ടുപുഴ പൂരത്തില്‍ നാള്‍ വൈകിട്ട് 6 മണിക്ക് അത്താഴ പൂജ കഴിഞ്ഞ് നടയടയ്ക്കും. വര്‍ഷത്തില്‍ നേരത്തെ നടയടയ്ക്കുന്നത് ഈ ദിവസം മാത്രമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ആറാട്ടുപുഴ പൂരത്തിന്‍റെ പ്രഭാവത്തിലേക്കാണ്.
ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ പ്രാധാന്യം മൂന്ന് ദേവീദേവന്മാര്‍ക്കാണ്. പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരും പിന്നെ ഊരകത്തമ്മയും, മറ്റൊന്ന് ചേര്‍പ്പ് ഭഗവതിയും. ആറാട്ടുപുഴയില്‍ തൃപ്പയാറ്റുതേവര്‍ എഴുന്നെള്ളിനില്‍ക്കുന്ന കൈതവളപ്പില്‍ ഊരകത്തമ്മ തിരുവടി വന്നെത്തുന്ന നേരം ശ്രീരാമനായ തൃപ്രയാറ്റു തേവര്‍ വൈകുണ്ഠനാഥനായി മാറുന്നു. ഊരകത്തമ്മ ശ്രീലക്ഷ്മിയും. പിന്നീട് പുലര്‍ച്ചെയുള്ള കൂട്ടിയെഴുന്നെള്ളിപ്പില്‍ തൃപ്രയാറ്റുതേവരുടെ ഇടതും വലതുമായി ശ്രീലക്ഷ്മിയായ ഊരകത്തമ്മയും ഭൂമിദേവിയായ ചേര്‍പ്പ് ഭഗവതിയും അണിനിരക്കുന്നു.
മറ്റെല്ലാ ദേവീദേവന്മാരും ഒറ്റ വരിയായി നില്‍ക്കുന്നു. ഈ സമയം മുപ്പത്തി മുക്കോടി ദേവകള്‍ അണിനിരക്കുമെന്നുമാണ് സങ്കല്‍പ്പം. ആറാട്ടുപുഴ പൂരപ്പാടം സാക്ഷാല്‍ ഭൂലോകവൈകുണ്ഠമാകും. ഈ ഭൂലോകവൈകുണ്ഠം തൊഴുവാനും പ്രദക്ഷിണം വയ്ക്കുവാനും, നിരവധി ഭക്തര്‍ പ്രായഭേദമെന്യേ പുലര്‍ച്ചെ കുളികഴിഞ്ഞ് പുതുവസ്ത്രം ധരിച്ച് ആറാട്ടുപുഴയിലെത്തും. പൂരത്തിന്‍റെ തന്നെ ഏറ്റവും പ്രാധാന്യമേറിയതാണ് ഈ ചടങ്ങ്. കൂട്ടിയെഴുന്നെള്ളിപ്പ് കഴിഞ്ഞ് മന്ദാരക്കടവിലെ ആറാട്ടില്‍ പങ്കെടുത്ത് നിവേദ്യവും വാങ്ങിയേ ഭക്തജനങ്ങള്‍ ഗൃഹത്തിലേയ്ക്ക് മടങ്ങുകയുള്ളൂ.
തൃപ്രയാര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് മിക്ക ക്ഷേത്രങ്ങളിലും നിരവധി ചടങ്ങുകള്‍ നടത്തപ്പെടുമെങ്കിലും പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുള്ള ചടങ്ങുകളാണ് ഇവിടെ എഴുതുന്നത്.
പൂരത്തിനായി തൃപ്രയാര്‍ തേവര്‍ പുറപ്പെടും മുമ്പെ തട്ടകങ്ങളില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും ഗ്രാമപ്രദക്ഷിണമുണ്ട്. ശുദ്ധികര്‍മ്മങ്ങളോടെയാണ് പൂരാഘോഷച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. മീനമാസത്തിലെ കാര്‍ത്തികനാള്‍ വൈകിട്ടും രോഹിണിനാള്‍ രാവിലെയുമായി ശുദ്ധികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നു.
മകയിരം നാള്‍ രാവിലെ ഉഷഃപൂജ നടത്തി കര്‍ക്കിടകം രാശിക്ക് ഏകദേശം 1.30 ന് ഊരായ്മക്കാര്‍ മണ്ഡപത്തില്‍ സന്നിഹിതനായി തേവരെ എഴുന്നെള്ളിക്കുന്നതിനുള്ള അനുവാദം നല്‍കുന്നു. വിളക്ക് കൊളുത്തി പാണികൊട്ടി ബ്രാഹ്മണിപ്പാട്ട് കഴിയുന്നതോടെ ആനപ്പുറത്ത് തേവരെ എഴുന്നെള്ളിക്കുന്നു. ഈ സമയത്ത് പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാകും എന്നാണ് വിശ്വാസം. അതുകൊണ്ടാകാം ഉച്ചവെയിലിനേയും ചുട്ടുപഴുത്ത മണലിനേയും വകവയ്ക്കാതെ തേവരുടെ മകയിരം പുറപ്പാട്ട് കാണുവാന്‍ ഭക്തജനങ്ങള്‍ തടിച്ചുകൂടുന്നതും ഉദ്ദിഷ്ട കാര്യസിദ്ധിക്കായി കാണിക്കയിട്ട് തേവരോട് പ്രാര്‍ത്ഥിക്കുന്നതും.
പൈനൂരിലെ ചാലുകുത്തല്‍
തിരുവാതിരനാള്‍ രാവിലെ 8 മണിക്ക് മൂന്നാനകളോടുകൂടി എഴുന്നെള്ളിപ്പ്. ഉച്ചതിരിഞ്ഞ് കാട്ടൂര്‍ പൂരത്തിന് പുറപ്പെടുന്നു. തൃപ്പൂണിത്തുറ കോവിലകം വക കൃഷ്ണക്ഷേത്രത്തില്‍ പറയെടുപ്പ് കഴിഞ്ഞ് പുത്തന്‍ കുളത്തില്‍ ആറാട്ട്. പുണര്‍തം നാളില്‍ രാവിലെ ബ്ലാഹയില്‍ കണ്ണമ്പിള്ളി ചിറയില്‍ പറ. തിരിച്ചെഴുന്നെള്ളി ഉച്ചപൂജ. നിയമ വെടികഴിഞ്ഞ് കുറുക്കന്‍ കുളത്തില്‍ ആറാട്ട്. പൂയം നാളില്‍ പൈനൂരുള്ള തലക്കെട്ട് ചാലില്‍ കട്ടകുത്ത്. ആനയെ കൊണ്ട് മൂന്നുപ്രാവശ്യം കൊമ്പ് മണ്ണില്‍ കുത്തിക്കുന്നു. ഒമ്പതുതവണ ശംഖ് വിളി. ഇതിന് 'ചാലുകുത്തല്‍' എന്നുപറയുന്നു. തേവര്‍ സ്വന്തം മണ്ണില്‍ കൃഷിപ്പണിക്ക് തുടക്കം കുറിക്കുന്നതായിട്ടാണ് ഇതിന്‍റെ സങ്കല്‍പ്പം.
തേവര്‍ പുഴ കടുക്കുന്നു
ആയില്യം നാളില്‍ രാവിലെ പുത്തന്‍കുളത്തില്‍ ആറാട്ട്. വൈകിട്ട് നിയമവെടി കഴിഞ്ഞ് പുഴക്കരയിലേക്ക് എഴുന്നെള്ളിക്കുന്നു. ചേലൂര്‍ പൂരത്തിന് പോകുന്നു എന്നാണ് ഇതിന് പറയുന്നത്. കോലത്തില്‍ തിടമ്പ് കെട്ടി പള്ളിയോടത്തില്‍ തേവര്‍ ആദ്യമായി പുഴ കടക്കുന്നു. ചേലൂര്‍, പുന്നപ്പിള്ളി, ജ്ഞാനപ്പിള്ളി, മനകളില്‍ പറകഴിഞ്ഞ് കുട്ടന്‍ കുളത്തില്‍ ആറാട്ടും ഇറക്കി പൂജയും.
ആറാട്ടുപുഴയിലേക്ക്
മകം നാളിലെ അത്താഴപൂജ, ശീവേലി എന്നിവ നടത്തുന്നത് പൂരം നാളിലാണ്. വൈകിട്ട് അഞ്ചുമണിക്ക് നിവേദ്യത്തിന്‍റെ സമയം നിയമവെടിയും അടച്ച് ശംഖുവിളിയും. ആനയില്ലാതെ അത്താഴശീവേലിയും കഴിഞ്ഞ് വീണ്ടും പാണികൊട്ടി തേവര വഞ്ചിയില്‍ തൃക്കോല്‍ ശാന്തി വഹിച്ചുകൊണ്ട് അക്കരെ കടക്കുന്നു. മണ്ഡപത്തില്‍ ഇറക്കിപൂജ കഴിഞ്ഞ്, ആചാരവെടിയും കഴിഞ്ഞ് ആറാട്ടുപുഴയിലേക്ക് പൂരം പുറപ്പെടുന്നു. വഴിനീളെ കുരുത്തോല അരങ്ങിട്ട് നിറപറയും നിലവിളക്ക് വെച്ച് നാനാജാതിമതസ്ഥര്‍ തേവരെ സ്വീകരിക്കുന്നു.
ചിറയ്ക്കലിലെ ഇറക്കിപൂജ
പൂരം ചിറയ്ക്കല്‍ എത്തിയാല്‍ താല്‍ക്കാലിക പന്തലില്‍ ഇറക്കിപൂജ. ഇരിങ്ങാലക്കുട കൂടല്‍മാണക്യം ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന താമരമാല കോലത്തിന് ചാര്‍ത്തി ഏറ്റവും വലിയ ആനപ്പുറത്തേയ്ക്ക് മാറ്റി എഴുന്നെള്ളിക്കുന്നു. പല്ലിശ്ശേരി മുതല്‍ കൈതവളപ്പുവരെ 11 ആനകളോടുകൂടിയ എഴുന്നെള്ളിപ്പ്. പഞ്ചവാദ്യം, കൈതവളപ്പില്‍ 21 ആനകളോടുകൂടി എഴുന്നെള്ളിപ്പ്, പാണ്ടിമേളം. ആറാട്ടുപുഴ പാടത്തെത്തുന്നത് ചോതി നക്ഷത്രം ഉച്ചയാകുമ്പോള്‍. പിന്നെ മൂന്ന് ആചാരവെടിയും 1001 കതിനാവെടിയും മുഴങ്ങുന്നു. തുടര്‍ന്ന് 4 മണി വരെ മേളം.
പുലര്‍കാലത്ത് ആറാട്ടുപുഴ പൂരത്തിലെ കൂട്ടിയെഴുന്നെള്ളിപ്പില്‍ ആദ്യം ഏഴ് ആനയും 21 ആനയും. ചേര്‍പ്പ് ഭഗവതി തേവരുടെ ഇടതുഭാഗത്തുനിന്ന് നടപ്പാണ്ടി കഴിയുമ്പോള്‍ വലതുവശത്തേയ്ക്ക് മാറുന്നു. മേളം തുടങ്ങിയാല്‍ വൈകുണ്ഠനാഥനായ തൃപ്രയാറ് തേവരുടെ വാമഭാഗമലങ്കരിച്ചുകൊണ്ട് ശ്രീലക്ഷ്മിയായ ഊരകത്തമ്മ തിരുവടി മുപ്പത്തൊന്ന് ആനകളുടെ അകമ്പടിയോടെ എഴുന്നെളളി നില്‍ക്കുന്നു.
അമ്മത്തിരുവടിയുടെ രക്ഷ നോറ്റ് ചാത്തകുടം ശാസ്താവ് അമ്മയുടെ തൊട്ടടുത്തുതന്നെ നിലയുറപ്പിക്കുന്നു. സര്‍വ്വാഭരണ വിഭൂഷിതയായി പട്ടുകുടയ്ക്കുള്ളില്‍ വില്‍ക്കാശ് കെട്ടിയ ഓലക്കുടചൂടി എഴുന്നെള്ളുന്ന അമ്മദേവിയുടെ രക്ഷനോല്‍ക്കാന്‍ സര്‍ക്കാരും ബാധ്യതയേല്‍ക്കുന്നു. മകയിരം നാളില്‍ പൂരം കൊട്ടിപ്പുറപ്പെട്ട് പുറത്തേയ്ക്കെഴുന്നെള്ളുമ്പോള്‍ സര്‍ക്കാരിനുവേണ്ടി കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ദേവിയെ ആദരിക്കുന്നത് ഇന്നും ആചാരമാകുന്നു.
കൂട്ടിയെഴുന്നെള്ളിപ്പിനുശേഷം തേവരോടൊപ്പം മന്ദാരം കടവില്‍ ആറാടി തിരിച്ചെഴുന്നെള്ളുന്ന ദേവമേളയില്‍ പങ്കെടുത്ത ദേവീദേവന്മാര്‍ക്ക് നിവേദ്യം നല്‍കുന്നു. തൃപ്രയാര്‍ തേവരെ ആറാട്ടുപുഴ ശാസ്താവ് ഏഴുകണ്ടം വരെ അനുഗമിച്ച് ദേവന്‍റെ ജ്യോതിഷി അടുത്ത വര്‍ഷത്തെ പൂരദിനം പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് തേവര്‍ തൃപ്രയാര്‍ക്ക് യാത്ര തിരിക്കുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പ് സഫലമായതിന്‍റെ സന്തോഷത്തില്‍ ഭക്തജനങ്ങളും.
Photo Courtesy - jyothisharathnam
