നാഗദോഷത്താല്‍ വിവാഹതടസ്സങ്ങളോ?

നാഗദോഷത്താല്‍ വിവാഹതടസ്സങ്ങളോ?

HIGHLIGHTS

മക്കള്‍ക്ക് വരനെയോ, വധുവിനെയോ അന്വേഷിക്കുന്ന മാതാപിതാക്കള്‍ 'നാഗദോഷത്താല്‍ വിവാഹത്തിന് തടസം സംഭവിച്ചു' എന്നുപറഞ്ഞുകേള്‍ക്കാറുണ്ട്. ഈ നാഗദോഷം പരിഹരിക്കാനാവാത്ത ദോഷമൊന്നുമല്ല. അതിന് തക്കതായ പരിഹാരങ്ങളുണ്ട്. രാഹുവും കേതുവുമാണ് നാഗദോഷത്തിന് കാരണഭൂതരായ ഗ്രഹങ്ങള്‍. 

 

ജ്യോതിഷശാസ്ത്രപ്രകാരം തുടക്കത്തില്‍ ഏഴ് ഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്താണ് രാഹുവിനേയും കേതുവിനേയും ഉള്‍പ്പെടുത്തിയത്. ചില ജ്യോതിഷഗ്രന്ഥങ്ങള്‍, 'ശനിയെപ്പോലെ രാഹു ചൊവ്വയെപ്പോലെ കേതു' എന്ന് ഉപമിച്ചിട്ടുണ്ട്. ശനി, ചൊവ്വ എന്ന ഗ്രഹങ്ങള്‍ ദീര്‍ഘ(നീള) വൃത്തപാതയില്‍ ചുറ്റുന്നു. അങ്ങനെ ചുറ്റുമ്പോള്‍, ശനി ശനിഗ്രഹത്താല്‍ പുറപ്പെടുവിക്കപ്പെടുന്ന പൊടിപടലക്കാറ്റിനെ'രാഹു' എന്നും ചൊവ്വാഗ്രഹത്തിന് ചുറ്റുമുണ്ടാവുന്ന പൊടിപടല കാറ്റിനെ'കേതു' എന്നും പറയുന്നു. ഇവയെ നിഴല്‍ഗ്രഹങ്ങള്‍, ഛായാഗ്രഹങ്ങള്‍ എന്നിങ്ങനേയും പറയാറുണ്ട്. ഈ നിഴല്‍ഗ്രഹങ്ങള്‍ നിജ(യഥാര്‍ത്ഥ) ഗ്രഹങ്ങളായ സൂര്യന്‍, ചന്ദ്രന്‍, ഗുരു(വ്യാഴം), ശുക്രന്‍, ചൊവ്വ, ബുധന്‍, ശനി എന്നീ ഗ്രഹങ്ങളുടെ നന്മയേയും വേഗതയേയും കുറയ്ക്കുന്നു. അല്ലെങ്കില്‍ കുറയ്ക്കുവാന്‍ ഈ ഏഴുഗ്രഹങ്ങളും പ്രേരിതരാവുന്നു. അതുകൊണ്ട് രാഹു- കേതുദോഷം വലിയ രീതിയില്‍ ചര്‍ച്ചാവിഷയമാവുന്നു.

രാഹു, കേതു നമ്മുടെ മുത്തച്ഛന്‍, മുത്തശ്ശിമാരുടെ ഗ്രഹമാണ്. അവര്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില്‍, അത് മൂലമുള്ള ദോഷങ്ങള്‍ നമ്മളെ പിന്തുടരുന്നു. ഭാര്യാഭര്‍ത്താക്കന്മാരുടെ ദാമ്പത്യജീവിതത്തില്‍, താനേ ഗര്‍ഭം അലസിപ്പോകുന്നത് പാപമല്ല. എന്നാല്‍ ഇടയ്ക്കിടെ നമ്മള്‍ തന്നെ ഗര്‍ഭച്ഛിദ്രം നടത്തുന്നതും ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് പരിശോധിച്ച് ഗര്‍ഭഛിദ്രം നടത്തുന്നതും മഹാപാപമാണ്. ഈ പാപം അടുത്ത സന്തതികളിലും തുടരും. പിന്‍തലമുറയ്ക്കും രാഹു, കേതുദോഷമുണ്ടാവും. രാഹു സ്ത്രീകളുടെ ആധിപത്യമുള്ള ഗ്രഹമാണ്. അതുകൊണ്ട് സ്ത്രീകള്‍ക്ക് ദോഷം ചെയ്താലും ദോഷം പിന്തുടരും. 'വിവാഹം ചെയ്യാം' എന്നുപറഞ്ഞ് പ്രേമിച്ച ശേഷം അവരെ കൈവെടിയുക, കുറച്ചുദിവസം ഒന്നിച്ച് താമസിച്ചു ജീവിച്ച് പിന്മാറുക എന്നിവയെല്ലാം മഹാപാപമാണ്. ഈ പാപങ്ങള്‍ ചെയ്യുന്നവരുടെ മക്കള്‍ക്ക് രാഹുവിനാല്‍ ദോഷമുണ്ടാവും. കേതുവിനെ ആത്മീയഗ്രന്ഥം, ജ്ഞാനകാരകന്‍ എന്നൊക്കെയാണ് പറയാറ്. ഗുരുവിനെ നിന്ദിക്കുന്നവര്‍, നമുക്ക് ആശാനായിട്ടുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്നവര്‍, ക്ഷേത്രങ്ങളെ ശിഥിലമാക്കുന്നവര്‍, പൂജിക്കേണ്ടവരെ അസഭ്യം പറയുന്നവര്‍ ഇവരുടെ സന്തതികള്‍ക്ക് കേതുദോഷം ഉണ്ടാവുന്നു.

നിധിദ്രവ്യങ്ങള്‍, മറ്റുള്ളവരുടെ വസ്തുക്കള്‍, സ്വത്തുക്കള്‍, ക്ഷേത്രസമ്പത്ത് എന്നിവ എടുക്കുമ്പോള്‍, അപഹരിക്കുമ്പോള്‍, രാഹു-കേതുദോഷം ഉണ്ടാവുന്നു. അതുപോലെ മറ്റുള്ളവരെ വഞ്ചിച്ചാലും അവര്‍ക്ക് ദ്രോഹം ചെയ്താലും രാഹു-കേതുദോഷം പിടിപെടും. ആവശ്യമില്ലാതെ നാഗങ്ങളെ കൊല്ലുന്നതിനാലും രാഹു- കേതുദോഷം ഉണ്ടാവും. അതുപോലെതന്നെ യാതൊരു കാരണവശാലും പാമ്പിന്‍പുറ്റുകളെ തകര്‍ക്കാനോ നശിപ്പിക്കുവാനോ പാടില്ല. ആയിരക്കണക്കിന് കണ്ണിന് കാണാനാവാത്തതും കാണാനാവുന്നതുമായ ജീവികള്‍ വസിക്കുന്ന സ്ഥലമാണ് പുറ്റുകള്‍. അവയെ ശിഥിലമാക്കരുത്.

രാഹു-കേതു ദോഷപരിഹാരങ്ങള്‍

വൃദ്ധജനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ആശ്രയമില്ലാത്തവര്‍ എന്നിവര്‍ക്ക് അന്നദാനവും, അവര്‍ക്ക് ആവശ്യമുള്ള വസ്തുക്കളും സാധനങ്ങളും നല്‍കിയാല്‍ ദോഷത്തിന്‍റെ കാഠിന്യം കുറയും. ബന്ധുക്കളോ ആശ്രിതരോ ഇല്ലാതെ അനാഥരായി മരിക്കുന്നവരുടെ ജഡം മറവുചെയ്യുവാന്‍ സഹായിക്കുന്നതിലൂടെയും ഈ ദോഷത്തിന് പരിഹാരം തേടാം. കേതുദോഷം മാറാന്‍ ക്ഷേത്രപുനരുദ്ധാരണത്തിന് സഹായം നല്‍കാം. ആഴ്ചതോറും നടക്കുന്ന പൊതുജനസേവനങ്ങളില്‍ പങ്കാളികളായാലും കേതുദോഷത്തിന്‍റെ കാഠിന്യം കുറയും. ആശ്രയമില്ലാത്ത സ്ത്രീകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിലൂടെയും രാഹുദോഷത്തിന് പരിഹാരം നേടാം. 

അംഗവൈകല്യമുള്ളവര്‍, സംസാരശേഷിയില്ലാത്തവര്‍, കാഴ്ചശക്തിയില്ലാത്തവര്‍ ഇവര്‍ക്കും ആവശ്യാനുസരണം സഹായങ്ങള്‍ ചെയ്തുകൊടുക്കണം. രാഹു- കേതുക്കളെ ആണും പെണ്ണുമല്ലാത്ത ഗ്രഹങ്ങളെന്ന് പറയാറുണ്ട്. അതുകൊണ്ട് മൂന്നാം ലിംഗ(ഹിജഡ)ക്കാര്‍ക്ക് സഹായം ചെയ്താല്‍ ദോഷനിവൃത്തി ലഭിക്കും. ഇത്തരം പരിഹാരങ്ങള്‍ ചെയ്തുപോന്നാല്‍ രാഹു- കേതുദോഷങ്ങള്‍ മാറി, തടസം കൂടാതെ വിവാഹം നടക്കുന്നതോടൊപ്പം സുഖജീവിതവും ലഭിക്കും.