ഓം മാസാനിതായേ  പോട്രി പോട്രി (നമോ നമഃ) -അരുള്‍മികു മാസാനിയമ്മന്‍ കോവില്‍

ഓം മാസാനിതായേ പോട്രി പോട്രി (നമോ നമഃ) -അരുള്‍മികു മാസാനിയമ്മന്‍ കോവില്‍

HIGHLIGHTS

ജീവിതത്തില്‍ നീതിക്കുവേണ്ടി പോരാടി തോറ്റ് അവസാന ആശ്രയമായി നീതിക്കല്ലില്‍ മുളകരച്ച് തേച്ച് മനസ്സുരുകി നീതിവേണം എന്ന് അലമുറയിടുന്നവര്‍ക്ക് അവരുടെ ആവശ്യം ന്യായമായിരുന്നാല്‍ തെറ്റ് ചെയ്യുന്നവര്‍ക്ക് തക്കശിക്ഷ കൊടുത്ത് നീതി നടപ്പാക്കുന്ന ഒരു ദേവീ ക്ഷേത്രമാണ് കോയമ്പത്തൂര്‍ ജില്ലയിലെ അരുള്‍മികു മാസാനിയമ്മന്‍ കോവില്‍. ശ്രീകോവിലിന് നേരെ മുന്നിലായി ഒരു തൂണുണ്ട്. അതിനുസമീപം ചെറുനാരങ്ങ മുറിച്ച് നാരങ്ങാ വിളക്ക് തെളിക്കാം. കൂടാതെ ഭസ്മമിട്ട് കര്‍പ്പൂരം കത്തിക്കുന്നതും അവിടെ പതിവാണ്. പകലെന്നോ രാത്രിയെന്നോ ഭേദമില്ല ഈ കത്തിക്കുന്നതിന്. ഭക്തര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷം ഉപ്പ്, മഞ്ഞള്‍, കുരുമുളക് എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.

ജീവിതത്തില്‍ നീതിക്കുവേണ്ടി പോരാടി തോറ്റ് അവസാന ആശ്രയമായി നീതിക്കല്ലില്‍ മുളകരച്ച് തേച്ച് മനസ്സുരുകി നീതിവേണം എന്ന് അലമുറയിടുന്നവര്‍ക്ക് അവരുടെ ആവശ്യം ന്യായമായിരുന്നാല്‍ തെറ്റ് ചെയ്യുന്നവര്‍ക്ക് തക്കശിക്ഷ കൊടുത്ത് നീതി നടപ്പാക്കുന്ന ഒരു ദേവീ ക്ഷേത്രമാണ് കോയമ്പത്തൂര്‍ ജില്ലയിലെ അരുള്‍മികു മാസാനിയമ്മന്‍ കോവില്‍. തൃശൂര്‍ ഗോവിന്ദാപുരം പൊള്ളാച്ചി റോഡില്‍(പൊള്ളാച്ചി എത്തുന്നതിന് 8 കി.മീ മുമ്പ്) നിന്നും ഏഴ് കിലോമീറ്റര്‍ വലത്തോട്ട് പോയാല്‍ ആനമല ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാര്‍വ്വതിദേവിയുടെ അംശമായ ഇവിടത്തെ ദേവിക്ക് മാസാനിയമ്മന്‍ എന്നാണ് പേര്. ഏകദേശം 2000 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം അഞ്ചുനില ഗോപുരത്തോടും ഒരു പ്രാകാരത്തോടും കൂടിയതാണ്.

ക്ഷേത്രകവാടം കഴിഞ്ഞാല്‍ ഇരുഭാഗത്തും നിറയെ കച്ചവട സ്ഥാപനങ്ങളാണ്. ദേവിക്കുള്ള സാരിയും പൂമാലകളും നാളീകേരങ്ങളും മറ്റും വില്‍ക്കുന്ന കടകള്‍. കൂട്ടത്തില്‍ പാക്കറ്റുകളിലായി ചുവന്ന മുളകും കാണാം. മറ്റൊരു ക്ഷേത്രത്തിലും കാണാത്തതാണ് ഈ മുളക് വില്‍പ്പന. നിറയെ കച്ചവടക്കാരായതുകൊണ്ട് ക്ഷേത്രത്തിന്‍റെ ഒരു മുഴുനീള ചിത്രം ലഭിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് മാത്രം.

ഏകദേശം 17 അടി നീളത്തില്‍ നാലുകരങ്ങളോടെ, രണ്ട് കരങ്ങളില്‍ കപാലം, ശൂലം, ഡമരു, സര്‍പ്പം മുതലായവയോടെയും രണ്ട് കരങ്ങള്‍ മുകളിലേക്കുയര്‍ത്തിപ്പിടിച്ച് ഒരു രൂപ നാണയത്തോടെ നെറ്റിയില്‍ വലിയ വട്ടപ്പൊട്ടുതൊട്ട് കണ്ണുതുറന്ന് ആകാശത്തേയ്ക്ക് നോക്കി കാലില്‍ മിഞ്ചിയോടെ മകുടാശരനെ കാലടിയില്‍ അമര്‍ത്തിവെച്ച് ശയിക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠയാണ്. ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തിക്ക് ചുറ്റുമായാണ് ഉപദേവതാ പ്രതിഷ്ഠകള്‍. ദേവിയുടെ ഇടതുഭാഗത്ത് ഉത്സവമൂര്‍ത്തിയും കാല്‍ക്കല്‍ ശിവലിംഗത്തില്‍ പാര്‍വ്വതിദേവിയുടേയും ദേവിനടയ്ക്ക് നേരെ മുന്നില്‍ കയ്യില്‍ തീച്ചട്ടിയോടെ കാവല്‍ ദൈവമായ മുനിയപ്പന്‍ പ്രതിഷ്ഠയും കാണാം.

ത്രേതായുഗത്തില്‍ കനകമലയില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സിന് ഭംഗം വരുത്തിക്കൊണ്ടിരുന്ന താടക എന്ന രാക്ഷസിയെ വധിക്കാന്‍ വിശ്വാമിത്രന്‍ അയോദ്ധ്യയിലെത്തി. ദശരഥ മഹാരാജാവിന്‍റെ അനുമതിയോടെ ഭഗവാന്‍ ശ്രീരാമചന്ദ്രനേയും ലക്ഷ്മണനേയും കൂട്ടി പുറപ്പെട്ടു. താടകയെ വധിക്കുന്നതിന് മുമ്പ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ പാര്‍വ്വതി ദേവിയെ പൂജിച്ചു. ദേവി പ്രത്യക്ഷയായി. ശ്രീരാമചന്ദ്രനോട് അടുത്തുള്ള ശ്മശാനത്തില്‍ നിന്നും മണ്ണെടുത്ത് ഒരു രൂപമുണ്ടാക്കുവാനും ചില സൂക്ഷ്മ വിധികളോട പൂജിക്കാനും പിന്നീട് ആ മണ്‍വിഗ്രഹം നശിപ്പിച്ചുകളഞ്ഞ് താടകയെ വധിക്കുവാനും ഉപദേശിച്ചു.

ഭഗവാന്‍ അപ്രകാരം മണ്‍വിഗ്രഹമുണ്ടാക്കി പൂജിച്ച് താടകയെ വധിച്ചു. പക്ഷേ ആ മണ്‍വിഗ്രഹം നശിപ്പിക്കാന്‍ മറന്നു. മണ്‍വിഗ്രഹം  നശിപ്പിക്കാന്‍ വീണ്ടും അവിടെയെത്തിയപ്പോള്‍ പാര്‍വ്വതിദേവി ഭഗവാന് ദര്‍ശനം കൊടുത്തു. തുടര്‍ന്ന് ഇങ്ങനെ അരുളി ചെയ്തു. മണ്‍പ്രതിമ നശിപ്പിക്കേണ്ടതില്ലെന്നും അതിവിടെ ഇരിക്കട്ടെയെന്നും നിര്‍ദ്ദേശിച്ചു. അതാണ് മയാനയമ്മന്‍ തമിഴില്‍ മയാനം എന്നാല്‍ ശ്മശാനം. ശ്മശാനത്തില്‍ നിന്നും മണ്ണെടുത്ത് നിര്‍മ്മിക്കയാല്‍ മയാനശൈനി, മയാനയമ്മന്‍. മാസാനിയമ്മന്‍ എന്നിങ്ങനെ പേരുണ്ടായി.

ശ്രീകോവിലിന് നേരെ മുന്നിലായി ഒരു തൂണുണ്ട്. അതിനുസമീപം ചെറുനാരങ്ങ മുറിച്ച് നാരങ്ങാ വിളക്ക് തെളിക്കാം. കൂടാതെ ഭസ്മമിട്ട് കര്‍പ്പൂരം കത്തിക്കുന്നതും അവിടെ പതിവാണ്. പകലെന്നോ രാത്രിയെന്നോ ഭേദമില്ല ഈ കത്തിക്കുന്നതിന്. ഭക്തര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷം ഉപ്പ്, മഞ്ഞള്‍, കുരുമുളക് എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു.

ക്ഷേത്രത്തെക്കുറിച്ച് മറ്റൊരൈതിഹ്യം കൂടിയുണ്ട്. ആനമലയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ അന്യോന്യം സ്നേഹത്തോടെ ഒരു ദമ്പതികള്‍ ജീവിച്ചുവന്നിരുന്നു. അങ്ങനെയിരിക്കെ ഭാര്യ ഗര്‍ഭിണിയാവുകയും, പിന്നീട് പ്രസവസമയമടുത്തിട്ടും ഭര്‍ത്താവിനെ പിരിയാന്‍ മടിച്ച് ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് പോകാതെയുമിരുന്നു. ദിവസങ്ങള്‍ കഴിയവെ പ്രസവവേദന കൂടുകയും കാര്യങ്ങള്‍ അവരുടെ കയ്യില്‍ നില്‍ക്കാതെയും വന്നപ്പോള്‍ ഇരുവരും ഭാര്യാഗൃഹം നോക്കി യാത്ര തിരിച്ചു.

രാത്രിയില്‍ നടന്നുപൊയ്ക്കൊണ്ടിരുന്നപ്പോള്‍ ഒരടിപോലും മുന്നോട്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയ ഭാര്യ ദൂരെ ഒരു ഗൃഹത്തില്‍ വിളക്കിന്‍റെ വെളിച്ചം കണ്ടു. അത് തങ്ങളുടെ നാട്ടിലെ ത്രികാലജ്ഞാനമുള്ള വയറ്റാട്ടിയുടെ വീടാണെന്നും അവിടെ പോയി അവരെ കൂട്ടിക്കൊണ്ടുവരാനും ഭര്‍ത്താവിനോട് നിര്‍ദ്ദേശിച്ചു. രാത്രിയില്‍ കാടിന് നടുവിലെ പെരുവഴിയില്‍ ഭാര്യയെ തനിച്ചിരുത്തി പോകാന്‍ മടിയുണ്ടായിരുന്നിട്ടും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭര്‍ത്താവ് ആ ഗൃഹം ലക്ഷ്യമാക്കി ഓടി.

വയറ്റാട്ടിയെയും പ്രസവ സാമഗ്രികളുമായി തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലായിരുന്നു. അപ്പോള്‍ വയറ്റാട്ടി താന്‍ കണ്ട സ്വപ്നം ഫലിച്ചിരിക്കുമോ എന്ന് ആശങ്കപ്പെട്ടു. അല്‍പ്പനേരത്തെ തിരച്ചിലിനൊടുവില്‍ ഭര്‍ത്താവും വയറ്റാട്ടിയും നാട്ടുകാരും കണ്ട നടുക്കുന്ന കാഴ്ച അവരെ ഭീതിയിലാഴ്ത്തി. ഭാര്യയും നവജാത ശിശുവും മരിച്ചുകിടക്കുന്നതായിരുന്നു ആ കാഴ്ച. അപ്പോള്‍ വയറ്റാട്ടി താന്‍ കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിച്ചു.

ഭര്‍ത്താവ് വയറ്റാട്ടിയെ വിളിക്കാന്‍ പോയനേരം കറുത്ത രൂപമുള്ള ഒരു സത്വം ഭാര്യയെ തുരത്തുകയും നിറവയറോടെ ഓടാന്‍ ശ്രമിച്ച ഭാര്യ പശുവിന്‍റെ ചാണകത്തില്‍ ചവുട്ടി വഴുതി വീണു മരിച്ചുവെന്നും അവരുടെ ശരീരത്തില്‍ നിന്നും സൂര്യകോടി പ്രഭയോടെ കയ്യില്‍ ആയുധങ്ങളോടെ ഒരു സ്ത്രീ ഉത്ഭവിച്ച് ആ സത്വത്തിന്‍റെ മാറുപിളര്‍ന്നുകൊണ്ട് മരിച്ച സ്ത്രീയുടെ കാല്‍ക്കല്‍ ഇട്ടു എന്നുമായിരുന്നു സ്വപ്നം.

പിന്നീട് അവര്‍ ഇങ്ങനെ പറഞ്ഞു, 'താങ്കളുടെ ഭാര്യ ഒരു സാധാരണ സ്ത്രീയല്ല, ദൈവാംശമുള്ളവളാണ്. കാമധേനുവിന്‍റെ ചാണകത്തില്‍ ചവുട്ടി വഴുതി വീണ് മരിച്ചാലും ലോകനന്മയ്ക്കായ് അവര്‍ ദേവിയായി ഇവിടെ കുടികൊള്ളും.'

അങ്ങനെ മാടിന്‍റെ ചാണകത്തില്‍ ചവുട്ടി വഴുതിവീണ് മരിച്ചവള്‍ എന്ന അര്‍ത്ഥത്തില്‍ മാസാനിയമ്മന്‍ എന്ന് പേരുവെച്ച് നാട്ടുകാര്‍ ഒരു ചെറിയ ക്ഷേത്രം വെച്ച് പൂജിച്ച് വരികയും പിന്നീട് കാലക്രമേണ ഇപ്പോള്‍ കാണുന്ന ക്ഷേത്രമായി രൂപാന്തരപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.

Photo Courtesy - jyothisharathnam