ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരി; മാളികപ്പുറത്ത് വാസുദേവൻ നമ്പൂതിരി
ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശബരിമലയിലെ പുതിയ മേൽശാന്തി. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് ഒളവണ്ണ സ്വദേശി ടി. വാസുദേവൻ നമ്പൂതിരിയേയും തെരഞ്ഞെടുത്തു. സന്നിധാനത്ത് ഇന്നു രാവിലെ നടന്ന നറുക്കെടുപ്പിൽ പന്തളം രാജകുടുംബാംഗങ്ങളായ ഋഷികേശ് വർമ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്. ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു അരുൺകുമാർ നമ്പൂതിരി. നിലവിൽ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ശബരിമല മേൽശാന്തി പട്ടികയിൽ ആറ് തവണ അദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. 24 പേരുടെ പട്ടികയിൽ നിന്നാണ് അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. 15 അംഗ പട്ടികയിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷ കാലത്തേക്കാണ് ഇരുവരെയും മേൽശാന്തിമാരായി നിയോഗിച്ചിരിക്കുന്നത്. മണ്ഡലകാല പൂജയ്‌ക്കായി നട തുറക്കുന്ന നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേറ്റ് പൂജകൾ നടത്തും.