ദിവ്യം ആറുപടൈ വീട്

ദിവ്യം ആറുപടൈ വീട്

HIGHLIGHTS

ദേവസേനാധിപനായ ശ്രീ സുബ്രഹ്മണ്യദേവന്‍റെ തമിഴകത്തെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന ദിവ്യക്ഷേത്ര സന്നിധികളാണ് ആറുപൈട വീടുകളായി അറിയപ്പെടുന്നത്. അസുര നിഗ്രഹത്തിനായി ഭഗവാന്‍റെ സേനകള്‍ കൂടിച്ചേര്‍ന്ന 6 ഇടങ്ങള്‍ 6 മുഖങ്ങളായും ഷാഡാധാരങ്ങളായും ബന്ധപ്പെട്ടിരിക്കുന്നു. പതിനെട്ട് സിദ്ധന്മാരും ആറുമുഖ അരസനും ചേര്‍ന്നാണ് സിദ്ധമാര്‍ഗ്ഗം ഉരുവാക്കിയത്. അതിന്‍പ്രകാരമാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മിതികള്‍. അതിനാല്‍ തന്നെ പല നിഗൂഢമായ പല വിഷയങ്ങളും ക്ഷേത്രത്തില്‍ കാണുവാന്‍ കഴിയും. ഈ ആറുവീടുകളിലും ഭഗവാന്‍ വസിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ പ്രാധാന്യങ്ങള്‍ ഉണ്ട്. 

 

തിരുപ്പറങ്കുന്ദ്രം

മധുരയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരം ഉണ്ട് ക്ഷേത്രത്തിലേക്ക്. മലയുടെ ഉച്ചിയിലുമല്ല, അടിവാരത്തുമല്ല, മധ്യഭാഗത്താണ് ഈ ഗുഹാക്ഷേത്രം. ഇവിടേക്ക് പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആര്യപുത്രിയായ ദേവസേനയെ(ദേവയാനി)മുരുകന്‍ വിവാഹം കഴിച്ചത് ഇവിടെവച്ചാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ ക്ഷേത്രസന്നിധിയില്‍ വെച്ച് വിവാഹം കഴിക്കുന്നത് വിശേഷമായി ഭക്തര്‍ കരുതുന്നു. ശൂരപത്മാസുരനെ വധിച്ചശേഷം വേല്‍ കുത്തിയ ഇടമെന്നു പുരാണം. വേലിലാണ് അഭിഷേകവും, പൂജയും. ചരിത്രപരമായ പല ലിഖിതങ്ങളും, കല്‍ശില്‍പ്പങ്ങളും ഇവിടെയുണ്ട്. ഗുഹാക്ഷേത്രമായതിനാല്‍ ശാന്തവും ചൈതന്യവത്തുമായ ഇടമാണിത്. സംഘകാല കൃതികളായ "മുരുകാട്രൂപടയ്" എന്ന കൃതി നക്കീരന്‍ രചിച്ചത് ഇവിടെ വച്ചാണെന്നും വീരബാഹു മുതലായ നവവീരന്മാര്‍ ഇവിടെ ഉണ്ടെന്നുളളതും ക്ഷേത്രത്തിന്‍റെ പ്രാധാന്യം കൂടുന്നു. മൂലധാര ചക്രമാണ് സങ്കല്പം. അഗസ്ത്യരും, ദേവയാനിയും നമസ്കരിക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠ വൈശിഷ്ട്യം.

തിരുച്ചെന്തൂര്‍

തിരുനെല്‍വേലിയില്‍ നിന്ന് 62 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. കടല്‍ത്തീരത്തുളള ഭഗവാന്‍റെ ഏക ക്ഷേത്രമെന്ന ഖ്യാതിയും തിരുച്ചെന്തൂരിനുണ്ട്. ശൂരപത്മാസുരനെയും, സിംഹ ശൂരനേയും നിഗ്രഹം ചെയ്തത് ഈ കടല്‍ക്കരയില്‍ വച്ചാണ്. കുളിര്‍മയുളള മണല്‍നിറഞ്ഞ കടല്‍ക്കരയുടെ തീരത്താണ് ക്ഷേത്രം. 'ജയന്തിപൂരി'എന്നുകൂടി പേരുളള ക്ഷേത്രത്തെക്കുറിച്ച് സംഘകാല സാഹിത്യങ്ങളില്‍ ഏറെ പരാമര്‍ശിച്ചിട്ടുണ്ട്. പഞ്ചലോഹ വിഗ്രഹത്തിന്‍റെ തേജസ് കണ്ട് കനകമാണെന്ന് കരുതി ഡച്ചുകാര്‍ അപഹരിക്കുകയും പിന്നീട് നടുക്കടലില്‍ വെച്ച് വിഗ്രഹം ഉപേക്ഷിക്കുകയും ചെയ്തു. കാലങ്ങള്‍ക്കു ശേഷം പുതിയ പഞ്ചലോഹവിഗ്രഹം നിര്‍മ്മിക്കാന്‍ ഒരുങ്ങിയപ്പോള്‍ സ്വപ്നദര്‍ശനത്തില്‍ വന്ന് കടലില്‍ മുങ്ങിത്താണു കിടക്കുന്ന വിഗ്രഹം ഭഗവാന്‍ കാണിച്ചു കൊടുക്കുകയും തുടര്‍ന്ന് വിഗ്രഹം കണ്ടെടുക്കുകയും ചെയ്തു. ലിംഗാഭിഷേകത്തിനായി ഭഗവാന്‍ നിര്‍മ്മിച്ച "ചന്ദ്രപുഷ്കരിണി" തീര്‍ത്ഥക്കുളവും ഇവിടുണ്ട്. 

പഴനിമല

ബാല സുബ്രഹ്മണ്യദേവന്‍ ജടാമുടിയോടെ ആണ്ടിപണ്ടാര മൂര്‍ത്തിയായി കുടികൊളളുന്ന ക്ഷേത്രമാണ് പഴനിമല. ശൂരപത്മന്‍റെ സൈന്യാധിപന്‍ ഹിഡുംബന്‍ അസുരന്‍റെ ക്രൂരത സഹിക്കാനാവാതെ ഒളിച്ചോടി അഗസ്ത്യ ശിഷ്യനായി മാറുകയുമായിരുന്നു. അഗസ്ത്യ നിര്‍ദ്ദേശ പ്രകാരം കൈലാസാദ്രിയിലെ സ്കന്ദമലയില്‍ നിന്നും ശിവശക്തി മലകളെക്കൊണ്ടുവരാന്‍ ഹിഡുംബനും പത്നി ഹിഡുംബിയും യാത്രയാവുന്നു. ഇരുമലകളെയും കാവടിരൂപത്തിലാക്കി വഹിച്ചു കൊണ്ടുവരുമ്പോള്‍ പാതിവഴിയില്‍ സുബ്രഹ്മണ്യന്‍ മായയാല്‍ ഹിഡുംബന്‍റെ സമീപത്തെത്തി തിരുനാവിനന്‍കുടിയില്‍ വിശ്രമിക്കാന്‍ ഇടം നല്‍കി.

വിശ്രമത്തിനുശേഷം ഹിഡുംബന്‍ കാവടികള്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാവടികള്‍ ഉയരുന്നില്ല. ഇതിനുളള കാരണം അന്വേഷിക്കവേ ഒരു മലയുടെ മുകളില്‍ കൗപീനധാരിയായി നില്‍ക്കുന്ന ബാലനെ ഹിഡുംബന്‍ കാണുകയും ഇത് തന്‍റെ മലയാണെന്നുളള ബാലന്‍റെ വാഗ്വാദത്തില്‍ കുപിതനായി ഹിഡുംബന്‍ യുദ്ധത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി.

ഹിഡുംബാസുരനെ ദണ്ഡായുധത്താല്‍ ഭഗവാന്‍ നിഗ്രഹിച്ചു. ഹിഡുംബിയുടെ പ്രാര്‍ത്ഥനകേട്ട് പ്രത്യക്ഷനായ അഗസ്ത്യന്‍ മുരുകനോട് അപേക്ഷിച്ചതിന്‍ പ്രകാരം ഹിഡുംബന് ജീവന്‍ തിരികെ കിട്ടി. ഹിഡുംബനെപ്പോലെ ദ്രവ്യക്കൂട്ടുകളുമായി കാവടിമലകളെപ്പോലെ കൊണ്ടുവരുന്ന ഭക്തരെ അനുഗ്രഹിക്കുമെന്നും ഭഗവാന്‍ അരുള്‍ ചെയ്തത് വഴിയാണ് കാവടി എന്ന ആചാരം വന്നത്. ഹിഡുംബന്‍ കൊണ്ടുവന്ന മലകളില്‍ ഒന്ന് പഴനിയും മറ്റൊന്ന് പഴനിമലയില്‍ നിന്നും കാണാവുന്ന ഹിഡുംബന്‍ മലയുമാണ്. ഹിഡുംബന്‍ മല സന്ദര്‍ശിച്ചതിനു ശേഷമാണ് പഴനിമല കയറേണ്ടത്. സിദ്ധ മലയാണ് പഴനിമല. സോമതീര്‍ത്ഥങ്കരന്‍മാര്‍ എന്നറിയപ്പെടുന്ന നവനാഥന്‍മാരാല്‍ നിര്‍മ്മിതമായ കൈലാസദ്രിയിലെ സോമസ്കന്ദമലയാണ് പഴനി. 

ബാല ദണ്ഡായുധപാണിയായാണ് ഇവിടെ ദേവസങ്കല്പം. നവപാഷാണ വിഗ്രഹത്തില്‍ ആണ് ഭഗവത്ചൈതന്യം കുടികൊളളുന്നത.് ആധാരങ്ങളില്‍ മണിപൂരകം രസവിദ്യയുടെ മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ പൂരണം ചെയ്തത് ഇവിടെ വച്ചാണെന്നു പറയപ്പെടുന്നു. തല മുണ്ഡനം ചെയ്യുന്നത് പ്രധാന വഴിപാട്. ഊരുതെണ്ടി ഭിക്ഷയെടുത്താലും, തലമുണ്ഡനംചെയ്തു കാവടി എടുത്താലും ഭഗവാന്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം.

സ്വാമിമല

ക്ഷേത്രനഗരമായ കുംഭകോണത്ത് നിന്ന് 7 കിലോമീറ്റര്‍ ദൂരമുണ്ട് സ്വാമിമലയിലേക്ക്. ഭഗവാന്‍ ഇവിടെ കാര്‍ത്തികേയനായിട്ടല്ല സ്കന്ദനായിട്ടാണ് പരിലസിക്കുന്നത്.സ്കന്ദനെ വണങ്ങാതെ കൈലാസത്തിലേക്ക് ഗമിച്ച ബ്രഹ്മദേവന്‍റെ അഹങ്കാരം കണ്ട് പ്രണവാര്‍ത്ഥം എന്താണെന്ന് ചോദിച്ച സ്കന്ദന് മുമ്പില്‍ ബ്രഹ്മാവ് നിശബ്ദനാവുകയും പൊരുള്‍ അറിയാത്തവന്‍ പൊരുള്‍ ചെയ്യരുത് എന്ന് കല്‍പ്പിച്ച് തുറുങ്കലില്‍ അടച്ചശേഷം ബ്രഹ്മാവിന്‍റെ സൃഷ്ടി  കര്‍മ്മം മുരുകന്‍ തുടങ്ങുകയും ചെയ്തു. കാര്യങ്ങള്‍ അറിഞ്ഞ് മഹാദേവന്‍ മുരുകനോട് ലോകത്തിനായി പ്രണവാര്‍ത്ഥം ചൊല്ലണമെന്ന് അപേക്ഷിച്ചു. പിതാവാണെങ്കിലും ഉപദേശം ചെയ്യാന്‍ ശിഷ്യനാകണമെന്നും തന്‍റെ കീഴില്‍ നിന്നാല്‍ ഉപദേശിക്കാം എന്നും പറഞ്ഞതില്‍ പ്രകാരം ശിവഭഗവാന്‍റെ ഗുരുവായി നിന്ന് സ്കന്ദന്‍ പ്രണവാര്‍ത്ഥം മൊഴിഞ്ഞ ഇടമാണിത്. ശിവഭഗവാന് ഗുരുവായതിനാല്‍ ഗുരുഗുഹനെന്നും, ഗുരുനാഥന്‍, ശിവഗുരുവെന്നും, സ്വാമിനാഥന്‍ എന്നും അറിയപ്പെടുന്നുണ്ട്. മലയുടെ അടിവാരത്തില്‍ ശിവക്ഷേത്രവും ഉച്ചിയില്‍ ശരവണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

സദാശിവന്‍റെ കാതില്‍ സര്‍വതിന്‍റെയും മൂലമായ പ്രണവം ഉപദേശം ചെയ്ത് സ്കന്ദഭഗവാന്‍ ശിവപുത്രനല്ല. മറിച്ച് ശിവഗുരുവാണ്. ഇദ്ദേഹം തന്നെയാണ് പിന്‍കാലത്ത് ശിവപുത്രനായ സുബ്രഹ്മണ്യന്‍ ആയി അവതരിച്ചത്.  സ്കന്ദ ഗുരുനാഥന്‍റെ ആലയമാണ് സ്വാമിമല. 

ഇവിടെയുളള ചന്ദ്രപുഷ്കരണി തീര്‍ത്ഥത്തില്‍ മുരുകന്‍ പൂജിക്കുന്ന ശിവലിംഗം ഉണ്ടെന്നാണ് വിശ്വാസം. കാര്‍ത്ത വീരാര്‍ജ്ജുനനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. താന്ത്രികസപര്യയിലെ സുബ്രമണ്യോപാസന യില്‍ കാര്‍ത്തവീര്യയന്ത്രത്തില്‍ മുരുകനെ പൂജിക്കാറുണ്ട്. ആധാരങ്ങളില്‍ അനാഹതമാണ് ഈ ക്ഷേത്രം. 

തിരുത്തണി

ശൂരസംഹാരത്തിനു ശേഷം കോപം ശമിച്ച് ഭഗവാന്‍ ശാന്തമായി ഇരുന്ന ഇടം. അഗസ്ത്യന് പ്രത്യക്ഷദര്‍ശനം നല്‍കിയ ഇടം കൂടിയാണിത്. ഭഗവാന് വജ്രവേലാണ് ആയുധം. ഇതിന് വ്യത്യസ്തതയുമുണ്ട്. അരികുകള്‍ ഉളളിലേക്കും, പുറമേക്കുമായി നില്‍ക്കുന്ന നില്‍ക്കുന്ന വിധത്തിലുളളതാണ് വേല്‍. ഐരാവതം എന്ന ആനപ്രതിഷ്ഠ ഉളളതു കൊണ്ട് 'ഐരാവതേശ്വരന്‍' എന്ന നാമത്തിലും ഭഗവാന്‍ ഇവിടെ അറിയപ്പെടുന്നു. ചെന്നൈയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്ക്. 

തിരുത്തണിയില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരമാണ് പ്രശസ്തമായ വളളിമല. ഇവിടെ നിന്നും ഭഗവാന്‍ വളളിയെ പരിണയിച്ചതിനുശേഷം തനിച്ചു വന്നിരുന്ന സ്ഥലമാണ് തിരുത്തണി. ആധാരങ്ങളില്‍ വിശുദ്ധ ചക്രമാണിവിടം. മുത്തുസ്വാമി ദീക്ഷിതര്‍ക്ക് മധുരനാദം ഭഗവാന്‍ നല്‍കിയത് ഇവിടെ വച്ചാണ്. സംഗീത പ്രേമികളുമായി ഏറെ ബന്ധമുളളതാണ് ഈ മുരുക ക്ഷേത്രസന്നിധി. തനിത്തിരുത്തു വാഴും വേലവര്‍ ഏകഛത്രാധിപതിയായും വജ്രകിരീടി എന്ന പേരിലും അറിയപ്പെടുന്നു. 365 പടികളുളള ഇവിടെ ദര്‍ശനം നടത്തുന്ന മിക്കവരും സിദ്ധമല എന്നറിയപ്പെടുന്ന വളളിമല ക്ഷേത്രത്തിലും ദര്‍ശനം നടത്താറുണ്ട്. നിരവധി മൂലികകള്‍ നിറഞ്ഞ ഇവിടെ ഇരുന്നാണ് അഗസ്ത്യര്‍ മൂലികകള്‍ നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. 

പഴമുതിര്‍ച്ചോല

മധുരയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുളള സോളമലയിലാണ് പഴമുതിര്‍ച്ചോല. ഇച്ഛാക്രിയാ ശക്തികളായ വളളി ദേവസേനാ സമേതനായി ഇവിടെ ജ്ഞാനവേല്‍ വാഴുന്നു. അരുണ ഗിരി നാഥന്‍ എഴുതിയ മുരുകാട്പടയില്‍ വര്‍ണ്ണിച്ചതനുസരിച്ച് ഔവൈയാറിനോട് ഭഗവാന്‍ നടത്തിയ തിരുവിളയാടല്‍ നടന്ന ഇടമാണിത്. ജ്ഞാനപ്പഴം വീണ ഇടമെന്നും കേള്‍വിയുണ്ട്. ക്ഷേത്രത്തിന് അരികിലുളള 'നൂപുരഗംഗ' എന്നറിയപ്പെടുന്ന തീര്‍ത്ഥം വിശിഷ്ടമാണ്. ആധാരങ്ങളില്‍ ജ്ഞാനം വിടരുന്ന അജ്ഞാപത്മമായ ഇവിടം ജ്ഞാനഗംഗാതീര്‍ത്ഥത്തോടെ ചൈതന്യവത്താകുന്നു. മറ്റ് 5 ക്ഷേത്രങ്ങള്‍ ദര്‍ശിച്ച ശേഷം ഇവിടം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് 6 ക്ഷേത്രദര്‍ശനത്തിന് പൂര്‍ണ്ണ അനുഗ്രഹം ഭക്തന് ലഭിക്കുന്നത്. 

മുരുക ഭക്തന്മാര്‍ ഒരിക്കലെങ്കിലും ഈ ആറുപടൈ വീടുകള്‍ ദര്‍ശിച്ചിരിക്കണം ജ്ഞാനം ഒരിക്കലും പൂര്‍ണ്ണമാകുന്നില്ല. എപ്പോള്‍ അത് പൂര്‍ണ്ണമാകുന്നുവോ അത് അവിടെവച്ചു ലയിച്ച് ഇല്ലാതാവുന്നു. അതുപോലെയാണ് സുബ്രഹ്മണ്യസ്വാമിയും ജ്ഞാനാവതാരമായ ഭഗവാനെക്കുറിച്ച് എഴുതിയാല്‍ പൂര്‍ണ്ണമാവില്ല. അതുകൊണ്ടാണ് സ്കന്ദപുരാണം ബൃഹത്തായിരിക്കുന്നതും പൂര്‍ണമായി ലഭിച്ചിട്ടില്ലാത്തതും. പ്രപഞ്ചം ലയിക്കുമ്പോള്‍ സ്കന്ദനും പൂര്‍ണ്ണമാകും. മുരുകഭഗവാനോപ്പം ഭംഗിയുളള മറ്റൊരു ദേവനില്ല. 


മേല്‍പ്പറഞ്ഞ ആറ് ക്ഷേത്രങ്ങള്‍ യഥാക്രമം മനുഷ്യ ശരീരത്തിലെ ആറ് ചക്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ശരീരാന്തസ്ഥമായ ചക്രഭാഗത്ത് ബാധിക്കുന്ന രോഗങ്ങള്‍ അതാത് ചക്രത്തെ പ്രതിനിധാനം ചെയ്യുന്ന ക്ഷേത്രത്തിലെ മൂര്‍ത്തിയെ ആരാധിക്കുന്നത് കൊണ്ടും, അവിടുത്തെ അഭിഷേക ദ്രവ്യങ്ങള്‍ ഭുജിക്കുന്നതുകൊണ്ടും ശമിക്കുന്നതാണ്. 
ഈ ക്ഷേത്രങ്ങള്‍ യഥാക്രമം ദര്‍ശനം ചെയ്തു കഴിഞ്ഞാല്‍ ഏഴാമത്തെ മലയായ സപ്തഗിരിയിലെ തിരുപ്പതിക്ഷേത്രത്തിലും ദര്‍ശനം ചെയ്യണം എന്നാണ് വിധി.