കോപം  നിയന്ത്രിക്കാനുള്ള ജ്യോതിഷമാര്‍ഗ്ഗങ്ങള്‍

കോപം നിയന്ത്രിക്കാനുള്ള ജ്യോതിഷമാര്‍ഗ്ഗങ്ങള്‍

HIGHLIGHTS

ചെറിയ കാര്യങ്ങള്‍ക്കുപോലും അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവം പലരിലും കാണാറുണ്ട്. വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുകയും ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം പെരുമാറ്റം പലപ്പോഴും ചുറ്റുമുള്ളവരെ അകറ്റും. തന്‍റെ കോപപ്രശ്നം തിരിച്ചറിഞ്ഞാലും അത് മാറ്റാന്‍ പലര്‍ക്കും കഴിയാറില്ല. ജ്യോതിഷപ്രകാരം, ഒരാളുടെ ജനനസമയത്തെ ഗ്രഹസ്ഥിതികള്‍ ഈ സ്വഭാവരീതിയെ സാരമായി സ്വാധീനിക്കാം. അനിയന്ത്രിതമായ കോപം എത്രയോ കുടുംബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ത്തിട്ടുണ്ട് എന്നത് ചരിത്രവും അനുഭവവും സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണ്. അതുകൊണ്ടുതന്നെ കോപത്തിന്‍റെ മൂലകാരണം കണ്ടെത്തി അതിന് അനുയോജ്യമായ പരിഹാരം തേടേണ്ടത് പ്രധാനമാണ്.

 


കോപത്തെ സ്വാധീനിക്കുന്ന ഗ്രഹങ്ങള്‍

ജ്യോതിഷത്തില്‍ സൂര്യന്‍, ചൊവ്വ, ശനി, രാഹു, കേതു, ചന്ദ്രന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ക്ക് ഒരാളുടെ കോപസ്വഭാവവുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.

* സൂര്യന്‍- അഹങ്കാരവും സ്വാഭിമാനവും സൂചിപ്പിക്കുന്നു.
* ചൊവ്വ- ആക്രമണോത്സുകതയുടെയും ശാരീരിക ഊര്‍ജ്ജത്തിന്‍റെയും കാരകന്‍.
* ചന്ദ്രന്‍- മാനസികാവസ്ഥയെയും വികാരങ്ങളെയും നിയന്ത്രിക്കുന്നു.
* രാഹു- ഭയവും തെറ്റായ ധാരണകളും ഉളവാക്കുന്നു.
* കേതു- ഉള്ളിലടക്കി വയ്ക്കുന്ന കോപത്തിന്‍റെയും പെട്ടെന്നുള്ള പൊട്ടിത്തെറികളുടെയും കാരകന്‍.
* ശനി- മാനസിക സമ്മര്‍ദ്ദവും അമിതചിന്തയും കൊണ്ടുവരുന്നു.
* ശുക്രന്‍- ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന, സൂക്ഷ്മമായി ആസൂത്രണം ചെയ്യുന്ന കോപത്തിന്‍റെ കാരകന്‍.

ജനനജാതകത്തില്‍ ഈ ഗ്രഹങ്ങള്‍ പ്രതികൂലമായി സ്ഥിതി ചെയ്യുമ്പോള്‍ കോപപ്രശ്നങ്ങള്‍ ഉടലെടുക്കാമെന്നാണ് വിശ്വാസം. ലഗ്നത്തില്‍ സൂര്യനും ചൊവ്വയും ചേര്‍ന്ന് സ്വാധീനിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പെട്ടെന്ന് പ്രകോപിതരാകുന്ന പ്രവണത കാണാറുണ്ട്. ചന്ദ്രനെ ശനിയും രാഹുവും ബാധിക്കുമ്പോള്‍ ചിന്താരീതി കൂടുതല്‍ നിഷേധാത്മകമാകുകയും കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്ന ശീലം ഉണ്ടാവുകയും ചെയ്യാം. ചൊവ്വയും ശനിയും ജാതകത്തില്‍ ഒരുമിച്ചോ പരസ്പരം ദൃഷ്ടി ചെയ്തോ ഇരിക്കുന്ന അവസ്ഥയെയാണ് ചിലര്‍ 'കടക യോഗം'എന്ന് വിളിക്കുന്നത്. ഇത് അനിയന്ത്രിതമായ കോപത്തിനും വൈകാരിക അസ്ഥിരതയ്ക്കും കാരണമാകാമെന്ന് പറയപ്പെടുന്നു. ജാതകത്തില്‍ ചൊവ്വ ദുര്‍ബലമായിരിക്കുന്നത് മനസ്സമാധാനം കിട്ടാന്‍ പ്രയാസമുണ്ടാക്കുകയും രക്തസമ്മര്‍ദ്ദപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യാമെന്നും വിശ്വസിക്കപ്പെടുന്നു.

സൂര്യന്‍, ചൊവ്വ, ശനി, രാഹു, കേതു എന്നീ പാപഗ്രഹങ്ങളും മേടം, ചിങ്ങം, ധനു തുടങ്ങിയ അഗ്നിരാശികളും ചേര്‍ന്നാല്‍ പരുഷസ്വഭാവത്തിനും ആക്രമണോത്സുകതയ്ക്കും കാരണമാകും. ചൊവ്വ പ്രധാനമായും ശാരീരികമായ കോപത്തെ സൂചിപ്പിക്കുമ്പോള്‍ ശനിയുമായുള്ള ചൊവ്വയുടെ ബന്ധം ആ കോപത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കാം. രാഹുവും കേതുവും എന്തിനെയും വര്‍ദ്ധിപ്പിക്കുന്ന ഗ്രഹങ്ങളായതിനാല്‍, ചൊവ്വയുമായി ഇവ ചേരുമ്പോള്‍ കോപം കൂടുതല്‍ ശക്തമാകാം. അമിതമായ ആഗ്രഹമോ ആര്‍ത്തിയോ ആണ് പലപ്പോഴും, കോപത്തിന്‍റെ അടിസ്ഥാനമെന്നും, ഇത് ശുക്രനും (ഭൗതികമോഹങ്ങള്‍) ചന്ദ്രനുമായി (മാനസികമായ പറ്റിപ്പിടിത്തം) ബന്ധപ്പെട്ടിരിക്കുന്നു എന്നും ജ്യോതിഷം പറയുന്നു.

ഗ്രഹങ്ങളും വ്യത്യസ്ത കോപഭാവങ്ങളും

ചൊവ്വ, ശുക്രന്‍, കേതു, സൂര്യന്‍ എന്നീ നാല് ഗ്രഹങ്ങള്‍ക്ക് ഓരോന്നിനും വ്യത്യസ്തമായ ഒരു കോപസ്വഭാവമുണ്ടെന്നും അതനുസരിച്ച് പരിഹാരവും വ്യത്യാസപ്പെടണമെന്നും ചില ജ്യോതിഷ വീക്ഷണങ്ങള്‍ പറയുന്നു.

ചൊവ്വയുടെ കോപം- തല്‍ക്ഷണവും പ്രതികരണാത്മകവുമാണ് ഒരു വാക്ക്. അത് കേള്‍ക്കുമ്പോള്‍ തിരിച്ചൊരു വാക്ക് പറയാന്‍ ചിലര്‍ക്ക് തോന്നും. എന്നാല്‍ സാഹചര്യം കൈവിട്ടുപോയാല്‍ അതൊരു ചെറിയ വഴക്കായി മാറാം. അതിന് ചൊവ്വ കാരണക്കാരനാണ്. എന്നാല്‍ പ്രശ്നം കഴിഞ്ഞാല്‍ വികാരം പെട്ടെന്ന് ശമിക്കും. ആലോചിക്കാതെയുള്ള ഒരു റിഫ്ളെക്സ് പ്രതികരണമാണിത്. പ്രകോപനം തുടര്‍ന്നാല്‍ അത് ക്രമേണ വളരും.

കേതുവിന്‍റെ കോപം- സ്ഫോടനാത്മകമാണ് പല തവണ അവഗണിച്ചു സഹിക്കുകയും ഒടുവില്‍ ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയും ചെയ്യുന്ന രീതി. ഉള്ളില്‍ അടക്കിവയ്ക്കുന്ന കോപം ഒരു പരിധി കഴിയുമ്പോള്‍ പെട്ടെന്ന് പുറത്തുവരും.
സൂര്യന്‍റെ കോപം- കൂടുതല്‍ നിയന്ത്രിതവും യുക്തിസഹവുമാണ്. തന്‍റെ വാക്കിന് വിലയും അംഗീകാരവും വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഇത് ഉടലെടുക്കുന്നത്.

ഉച്ചസ്ഥായിയിലും സ്വയം നിയന്ത്രിക്കാനുള്ള പക്വത ഈ കോപത്തിനുണ്ട്.
ശുക്രന്‍റെ കോപം- പുറമേ  പ്രകടമാകാതെ ഉള്ളില്‍ സൂക്ഷിക്കുന്ന തരമാണ് അപമാനമോ വേദനയോ വളരെക്കാലം ഓര്‍ത്തുവയ്ക്കുകയും, സാവകാശം ആസൂത്രണം ചെയ്ത് പ്രതികരിക്കുകയും ചെയ്യുന്ന പ്രകൃതം. പുറമേ ശാന്തമായി തോന്നിയാലും ഉള്ളില്‍ ഒരു നീരസം സൂക്ഷിക്കുന്നത് ഈ കോപത്തിന്‍റെ പ്രത്യേകതയാണ്.

അനുയോജ്യമായ പരിഹാരം

* ചൊവ്വയുടെ കോപത്തിന്- ശരീരത്തിലെ അധിക ഊര്‍ജ്ജം പുറന്തള്ളാന്‍ പതിവായി വ്യായാമം ചെയ്യുകയോ ശാരീരികാധ്വാനം വേണ്ട ഹോബി വളര്‍ത്തിയെടുക്കുകയോ ചെയ്യുക.
* കേതുവിന്‍റെ കോപത്തിന്- ധ്യാനത്തിലൂടെയും ബോധപൂര്‍വ്വമായ ശ്രദ്ധയിലൂടെയും (ാശിറളൗഹിലൈ) ആത്മനിയന്ത്രണം വളര്‍ത്തുക. നിയന്ത്രണം നഷ്ടപ്പെട്ടെന്ന് തോന്നിയാല്‍ ശാന്തമായി ദീര്‍ഘശ്വാസമെടുത്ത് ക്ഷമചോദിക്കുന്ന ശീലം വളര്‍ത്തുക.

* സൂര്യന്‍റെ കോപത്തിന്- കൂടുതല്‍ വിനയവും സൗഹൃദഭാവവും വളര്‍ത്തുക. മാപ്പുനല്‍കാനും ചോദിക്കാനും തയ്യാറാവുക. അതേസമയം സ്വന്തം അഭിമാനം കാത്തുസൂക്ഷിക്കുക.

* ശുക്രന്‍റെ കോപത്തിന്- പ്രാര്‍ത്ഥനയും ആത്മീയ അര്‍പ്പണവും ശീലമാക്കുക. കൂടുതല്‍ കരുണയും വിനയും ഉള്ളവരാകാന്‍ ശ്രമിക്കുക.

രാശിചക്രവും കോപസ്വഭാവവും

പന്ത്രണ്ട് രാശികള്‍ക്കും കോപം പ്രകടിപ്പിക്കുന്ന രീതിയില്‍ വ്യത്യാസങ്ങളുണ്ടെന്ന് ജ്യോതിഷം പറയുന്നു.

* മേടം- പെട്ടെന്ന് ജ്വലിക്കുകയും തുറന്നടിക്കുകയും ചെയ്യുന്ന സ്വഭാവം.
* ഇടവം- ക്ഷമാശീലന്‍. എന്നാല്‍ പരിധി കടന്നാല്‍ ദീര്‍ഘകാലം ദേഷ്യം സൂക്ഷിക്കും.
* മിഥുനം- ശാരീരികമായതിനേക്കാള്‍ വാക്കുകളില്‍ അമര്‍ഷം പ്രകടിപ്പിക്കും.
* കര്‍ക്കടകം- വൈകാരികമായി പ്രതികരിക്കുകയും ഉള്ളിലേക്ക് ഒരുങ്ങുകയും ചെയ്യും.
* ചിങ്ങം- അംഗീകാരക്കുറവില്‍ പ്രകോപിതരാകും. ശക്തമായി പ്രതികരിക്കും.
* കന്നി- ആദ്യം സംയമനം പാലിക്കും. അതിര് കടന്നാല്‍ വിമര്‍ശനാത്മകമാകും.
* തുലാം- സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കും. അനീതി തോന്നിയാല്‍ പ്രകോപിതരാകും.
* വൃശ്ചികം- തീവ്രമായ വികാരങ്ങള്‍. പ്രകോപിപ്പിച്ചാല്‍ കടുത്ത പ്രതികരണം.
* ധനു- കോപം അപൂര്‍വ്വം, വന്നാല്‍ പെട്ടെന്ന് പൊട്ടിത്തെറിച്ച് വേഗം കെട്ടടങ്ങും.
* മകരം- ശാന്തഭാവം സൂക്ഷിക്കും. കോപം വന്നാല്‍ ലക്ഷ്യബോധത്തോടെ ചാനലൈസ് ചെയ്യും.
* കുംഭം- വൈകാരികമായി അകലം പാലിക്കും. സാമൂഹിക അനീതിയോട് പ്രതികരിക്കും.
* മീനം- സഹാനുഭൂതിയുള്ളവര്‍, വേദനയോ വഞ്ചനയോ തോന്നുമ്പോള്‍ ഉള്ളിലേക്ക് ഒതുങ്ങും.

കോപം കുറയ്ക്കാനുള്ള ജ്യോതിഷ മാര്‍ഗ്ഗങ്ങള്‍

സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. എല്ലാദിവസവും രാവിലെ കുളിച്ചതിനുശേഷം സൂര്യദേവന് ജലം അര്‍പ്പിക്കുന്നത് ശീലമാക്കുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍(പുലര്‍ച്ചെ 4.30 മുതല്‍ 6.00 വരെ) ഇത് ചെയ്യുന്നത് കൂടുതല്‍ ഗുണകരമായി കണക്കാക്കപ്പെടുന്നു.

ദിവസത്തില്‍ രണ്ടുനേരം- രാവിലെയും ഉറങ്ങുന്നതിന് മുമ്പും-ധ്യാനം ചെയ്യുന്നത് ശീലമാക്കുക. 'ഓം ക്രോധഹരായ നമഃ' പോലുള്ള മന്ത്രങ്ങള്‍ ഈ അഭ്യാസത്തിന് ഉപയോഗിക്കാം.

സ്നേഹത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും കാരകനായ ശുക്രന്‍ ബലവാനാകുമ്പോള്‍ മനസ്സ് കൂടുതല്‍ സന്തുലിതമാകുമെന്ന് വിശ്വാസം. വെള്ള, റോസ്, ഇളംനീല നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെള്ളിയാഴ്ചകളില്‍ ശുക്രപൂജ നടത്തുക. ചന്ദനക്കുറി അണിയുന്നതും ചന്ദനസുഗന്ധം ഉപയോഗിക്കുന്നതും രാഹുദോഷം മൂലമുള്ള മാനസിക അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.

പ്രാണായാമവും യോഗയും മനസ്സിനെ ശാന്തമാക്കാന്‍ ഉപകരിക്കും.

ജാതകത്തില്‍ ചൊവ്വയും ചന്ദ്രനും യോജിക്കാത്ത അവസ്ഥയിലാണെങ്കില്‍ ചുവന്ന പവിഴം പോലുള്ള രത്നങ്ങള്‍ ധരിക്കുന്നത് നല്ലതാണ്.

രത്നങ്ങളും ക്രിസ്റ്റലുകളും ധരിക്കുന്നത് മനസ്സിനെ ശാന്തമാക്കാനും വൈകാരിക സന്തുലനം നിലനിര്‍ത്താനും സഹായിക്കും.

ജ്യോതിഷപരമായ കലഹസ്വഭാവം ചിലപ്പോള്‍ മാതാപിതാക്കളില്‍ നിന്ന് ഭാഗികമായി പാരമ്പര്യമായി ലഭിക്കുന്നതാകാം. അതിനാല്‍ കോപത്തിന്‍റെ യഥാര്‍ത്ഥ കാരണം- ആരോഗ്യപ്രശ്നം, ബന്ധങ്ങളിലെ പ്രശ്നം, സാമ്പത്തികനഷ്ടം, അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളില്‍ നിന്നുള്ള വിഷമം എന്നിവയാകാം. ആദ്യം കണ്ടെത്തി അതിന് പരിഹാരം തേടേണ്ടതാണ്. ചെറിയ കാര്യങ്ങളില്‍ ദേഷ്യം തോന്നുമ്പോള്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക. വേഗത്തില്‍ നടക്കാന്‍ പോവുക. പൂജാമുറിയില്‍ ഇരുന്ന് കണ്ണടച്ച് ധ്യാനിക്കുക. ശാന്തമായ സംഗീതം കേള്‍ക്കുക അല്ലെങ്കില്‍ ഒരു അടുത്ത സുഹൃത്തിനോട് മനസ്സുതുറന്ന് സംസാരിക്കുക എന്നിവ സഹായകമാകും.

 

പാടൂര്‍ ജ്യോത്സ്യര്‍ ബ്രഹ്മശ്രീ ഡോ. സുബ്രഹ്മണ്യശാസ്ത്രികള്‍,
 ഫോണ്‍: 08943340423