വിശ്വം ജയിക്കാന്‍ അശ്വാരൂഢമന്ത്രം

വിശ്വം ജയിക്കാന്‍ അശ്വാരൂഢമന്ത്രം

HIGHLIGHTS

അശ്വാരൂഢയന്ത്രം മന്ത്രസഹിതം യഥാവിധി പൂജിക്കുന്നവര്‍ക്ക് സര്‍വ്വവശ്യം ഫലം. സര്‍വ്വകാര്യത്തിലും വിജയിക്കാനുള്ള സൂക്ഷ്മവിദ്യയാണ് അശ്വാരൂഢം. ദേവീഉപാസകര്‍ ഒറ്റയടിക്ക് അശ്വാരൂഢമന്ത്രം ജപിച്ച് സിദ്ധിവരുത്താന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമാണ്. അശ്വാരൂഢം ഉപാസകരെ കാണാന്‍ കഴിയുന്നതുതന്നെ ജീവിതത്തില്‍ രക്ഷപ്പെടാന്‍ സമയമാകുമ്പോള്‍ മാത്രമാണെന്ന് കുലാര്‍ണ്ണവ തന്ത്രത്തില്‍ പറയുന്നു.

അശ്വാരൂഢയെന്നാല്‍ കുതിരപ്പടയുടെ നായികയായ ശ്രീരാജരാജേശ്വരിയാണ്. ദേവിയുടെ കൈവശം എല്ലാവിധ ആയുധങ്ങളും ഉണ്ടാവും. ദേവിയുടെ ചുറ്റിനും ആയിരക്കണക്കിന് കുതിരപ്പട അണിനിരന്നിരിക്കും. എപ്പോഴും അശ്വത്തിന്റെ മുകളില്‍ സര്‍വ്വായുധകരയായി സ്ഥിതി ചെയ്യുന്നതിനാലാണ് അശ്വാരൂഢ എന്ന് വിളിക്കപ്പെടുന്നത്. സര്‍വ്വസമ്മോഹിനിയും യുദ്ധപ്രിയയുമായ ദേവിയെക്കാള്‍ ശത്രുക്കളെ ജയിക്കാന്‍ മറ്റാരും ഇല്ല.

'അപരാജിത' എന്ന കുതിരയിലാണ് ദേവി ഇരിക്കുന്നത്. അതിനാല്‍ ദേവിയുടെ ഭക്തന്റെ പരാജയപ്പെടാന്‍ ദേവി അനുവദിക്കില്ല. കാര്യവിജയം, വ്യക്തിവിജയം, ശത്രുവിജയം, ലോകവിജയം എന്നിവയ്ക്ക് മുഖ്യശക്തി അശ്വാരൂഢം തന്നെ. ശ്രീപരമേശ്വരന്‍ തപസ്സിന് പോയപ്പോള്‍ ലോകരക്ഷയ്ക്കായും ഭക്തസംരക്ഷണത്തിനുമായും ശ്രീപരമേശ്വരി രാജരാജേശ്വരി ഭാവം എടുത്തു എന്നാണ് സങ്കല്‍പ്പം.

വിദ്യാശക്തി, കാമേശ്വരി, ശൂലിനി തുടങ്ങി പാണ്ഡിത്യം, കുടുംബസൗഖ്യം, ശത്രുജന്മം എന്നിവയ്ക്ക് സഹായകമാകുന്ന ശക്തികള്‍ അശ്വാരൂഢയെ സഹായിക്കാനായി ഇരുവശങ്ങളിലും പിന്നിലുമായി നിലകൊള്ളുന്നു.

ആദ്യം ദേവിയുടെ അശ്വത്തെ സങ്കല്‍പ്പപൂജയാല്‍ തൃപ്തിയാക്കിയാലേ ദേവി പ്രസാദിക്കൂ. ഈ ദേവിയുടെ മന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനും മന്ത്രദീക്ഷ നല്‍കാനും അശ്വാരൂഢയുടെ ഉപാസകരായിട്ടുള്ളവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ എന്ന് കാര്‍ത്ത്യായനി തന്ത്രത്തില്‍ പറയുന്നു.  ഒരു യോഗിയില്‍ നിന്നും ദേവിയുടെ മന്ത്രം, ചരട്, യന്ത്രം എന്നിങ്ങനെ എന്തെങ്കിലും സ്വീകരിക്കുന്നവരെ ദേവി സര്‍വ്വവിധരക്ഷയും നല്‍കി സംരക്ഷിക്കുന്നു.

ജപമാല

നല്ല പവിഴം, ചുവപ്പുകല്ലുമാല, രുദ്രാക്ഷം, തങ്കമണി മാല എന്നിവ ഉപയോഗിച്ചാണ് അശ്വാരൂഢമന്ത്രം സിദ്ധിവരുത്താന്‍ ആഗ്രഹിക്കുന്നവര്‍ ജപിക്കേണ്ടത്.
ചെന്താമര, മല്ലികപ്പൂ, കുടമുല്ല എന്നീ പൂക്കള്‍മാത്രമേ ദേവിയെ പൂജിക്കാന്‍ ഉപയോഗിക്കാവൂ.

ഹോമം

അത്തി, അരശ്, ആല്‍ എന്നീ കമ്പുകള്‍, താമര, ചുവന്ന അരളി, തേന്‍, ശുദ്ധമായ കള്ള്, നെയ്യ് എന്നിവയാണ് അശ്വാരൂഢ പരമേശ്വരിയുടെ ഹോമത്തിന് ദ്രവ്യങ്ങളായി ഉപയോഗിക്കേണ്ടത്.

വസ്ത്രം

ചുവന്നപട്ട്, വെള്ളപ്പട്ട്, ചിത്രങ്ങള്‍ തുന്നിയ പട്ട് എന്നിവ ദേവിക്ക് പ്രിയമാണ്.

ജപം

സിദ്ധിയാര്‍ജ്ജിച്ച ഒരു അശ്വാരൂഢ ഉപാസകനില്‍ നിന്നും വസ്ത്രം, വെറ്റില, അടയ്ക്ക, ദക്ഷിണ ഇവ നല്‍കി യമനിയമാദികള്‍ സഹിതം മഹാഅശ്വാരൂഢ ദിവ്യമന്ത്രം വാങ്ങുന്നവന്‍ ഭാവിയില്‍ ഏത് തുറയിലും രാജകീയമായി വിജയിക്കും. അശ്വാരൂഢം ജപിച്ചീടില്‍ വിശ്വം തന്നെ ജയിച്ചീടാം എന്നാണ് താളിയോല പ്രമാണം. അതേ സമയം അശ്വാരൂഢം പിഴച്ചാലോ ആയുധം കൊണ്ടുതന്നെ മരണവും സംഭവിക്കും. അത്ര സൂക്ഷ്മമാണ് അശ്വാരൂഢ വിദ്യ. അശ്വാരൂഢ ഉപാസകകരില്‍ നിന്നും അശ്വാരൂഢ മഹാമന്ത്രസഹിതം ഒരു നൂല്‍ ജപിച്ച് വാങ്ങുന്നവനുപോലും ദേവി ശത്രുരക്ഷ നല്‍കി അഭീഷ്ടം സാധിച്ചുനല്‍കും. അപ്പോള്‍ പിന്നെ ദേവിയുടെ പരമരഹസ്യമായ മന്ത്രം ജപിക്കുന്നവരുടെ കാര്യം പറയാനുണ്ടോ?

ജപസംഖ്യ 18 ല്‍ തുടങ്ങി 18 മാസമോ വര്‍ഷമോ കൊണ്ട് കുറേശ്ശെ ശക്തികൂട്ടി കൊണ്ടുവരാവുന്നതാണ്.

ദേവീഉപാസകര്‍ ഒറ്റയടിക്ക് അശ്വാരൂഢമന്ത്രം ജപിച്ച് സിദ്ധിവരുത്താന്‍ ശ്രമിക്കുന്നത് ആപല്‍ക്കരമാണ്. അശ്വാരൂഢം ഉപാസകരെ കാണാന്‍ കഴിയുന്നതുതന്നെ ജീവിതത്തില്‍ രക്ഷപ്പെടാന്‍ സമയമാകുമ്പോള്‍ മാത്രമാണെന്ന് കുലാര്‍ണ്ണവ തന്ത്രത്തില്‍ പറയുന്നു.

രക്താമശ്വാധിരൂഢാം 
ശശികലശകലാം
ബദ്ധമൌലിം ത്രിനേത്രാം
പാശേനാബദ്ധസാദ്ധ്യം 
സുരശരവിവശാം
ദക്ഷിണേനാനയന്തിം
ഹസ്‌തേനാന്യേനവേത്രം വരകനകമയം
ധാരയന്തിം മനോജ്ഞാം
ദേവീധ്യായേ ഭജസ്സാം കുചഭരതനമിതാം
ദിവ്യനാരാഭിരാമാം

ഇങ്ങനെയാണ് ധ്യാനിക്കേണ്ടത്. അശ്വാരൂഢയന്ത്രം മന്ത്രസഹിതം യഥാവിധി പൂജിക്കുന്നവര്‍ക്ക് സര്‍വ്വവശ്യം ഫലം. സര്‍വ്വകാര്യത്തിലും വിജയിക്കാനുള്ള സൂക്ഷ്മവിദ്യയാണ് അശ്വാരൂഢം. സ്വര്‍ണ്ണം, വെള്ളി മുതലായ തകിടിലെ യന്ത്രം ആലേഖനം ചെയ്യാവൂ.

സ്ത്രീവശ്യത്തിന് മാത്രമാണ് ചെമ്പുതകിട്. ചെമ്പുതകിടില്‍ പ്രത്യേകമായി കാമബീജസഹിതം അശ്വാരൂഢം എഴുതി നടുക്കണ്ണികയില്‍ ഹംസ; സോഹം എന്നെഴുതി ഇഷ്ടപുരുഷന്റെ അല്ലെങ്കില്‍ സ്ത്രീയുടെ ചവിട്ടടി മണ്ണും പുറ്റും കൂടി വെറ്റില നീരില്‍ അരച്ച് മഷിതടവി പഞ്ചാലങ്കാര പൂജ ചെയ്ത് യന്ത്രം തൊട്ടുകൊണ്ട് ഉത്തുംഗശതുരഗാരൂഢേ! കര്യോദല്‍ പാദദണ്ഡിനി നാരീലോകമശേഷം മേ വശമാനയ പാര്‍വ്വതീ! എന്ന ധ്യാനസഹിതം അശ്വാരൂഢ മഹാമന്ത്രം ആയിരം ഉരു ജപിച്ച് പൂജിച്ച തകിട് ആവണക്കിന്‍കമ്പ് പിളര്‍ന്ന് അതിനുള്ളില്‍ വച്ച് നല്ലെണ്ണവിളക്കില്‍ ചൂടാക്കി ആയിരം വീതം ഉരുവേറ്റിയാല്‍ എത്ര ഇണങ്ങാത്തവരും വശീകരിക്കപ്പെടുമെന്ന് മന്ത്രമഹാസാഗരം പറയുന്നു. സ്ത്രീവശ്യം, ധനവശ്യം, കീര്‍ത്തി, ലോകവശ്യം, രാജവശ്യം എന്നിവയ്ക്ക് പുരാതന ആചാര്യന്മാര്‍ അശ്വാരൂഢം സിദ്ധി ചെയ്തു നല്‍കിയിരുന്നുവെന്ന് കാണാം.

സ്വാമി ദേവീദാസന്‍
തിരുവനന്തപുരം