അനന്തപുരവാസിനീ ആറ്റുകാലഭിരാമിനീ...

അനന്തപുരവാസിനീ ആറ്റുകാലഭിരാമിനീ...

HIGHLIGHTS

കുംഭമാസത്തില്‍ കാര്‍ത്തികനാളില്‍ ആരംഭിച്ച് പത്തുദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേദിവസം ക്ഷേത്രപരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ടുതന്നെ ലോകത്ത്  ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവില്‍ മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റില്‍ അല്ലെങ്കില്‍ അതിന്‍റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാല്‍ എന്ന് പരിണയിച്ചത്. 

 

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്‍റെയും കിള്ളിയാറിന്‍റെയും സംഗമസ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് 'ആറ്റുകാലമ്മ' എന്നറിയപ്പെടുന്നത്. കണ്ണകി, അന്നപൂര്‍ണ്ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം 'സ്ത്രീകളുടെ ശബരിമല' എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് 'പൊങ്കാല മഹോത്സവം.'

കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തികനാളില്‍ ആരംഭിച്ച് പത്തുദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേദിവസം ക്ഷേത്രപരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ടുതന്നെ ലോകത്ത്  ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.

പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവില്‍ മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്ന് വിളിച്ചിരുന്നു. ആറ്റില്‍ അല്ലെങ്കില്‍ അതിന്‍റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിന് ആറ്റുകല്ല് എന്ന് വിളിച്ചുപോന്നു. ഇതാണ് ആറ്റുകാല്‍ എന്ന് പരിണയിച്ചത്. 

ആറ്റുകാല്‍ പ്രദേശത്തെ മുഖ്യതറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരുദിവസം കിള്ളിയാറില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്ന് എത്തിക്കാമോയെന്ന് ചോദിച്ചു.. നല്ല ഒഴുക്കുണ്ടെങ്കിലും തന്‍റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്‍റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി. 'നിന്‍റെ മുന്നില്‍ ബാലികാരൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല, ഞാന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. 

അങ്ങനെയെങ്കില്‍ ഈ സ്ഥലത്തിന് മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും.' പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്ന് രേഖകള്‍ കണ്ടു. പിറ്റേന്ന് കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന സര്‍വ്വേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.

കൂടാതെ സ്ത്രീകളുടെ പൊങ്കാല സമര്‍പ്പണം തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കാന്‍ ദാക്ഷായണി നടത്തിയ തപസ്സിനോടും താരതമ്യം ചെയ്യാം. സൂര്യന് അഭിമുഖമായി നിന്ന് സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷിച്ച് ഒറ്റക്കാലില്‍ പഞ്ചാഗ്നി മധ്യത്തില്‍ തപസ് അനുഷ്ഠിച്ച ശ്രീപാര്‍വ്വതി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതുവരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്കുശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ 'ശൂലം, അസി, ഫലകം, കങ്കാളം' എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീഭദ്രകാളിയെ വടക്ക് ദര്‍ശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിനുശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനുശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാളിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് കരുതുന്നവരുമുണ്ട്. നിരപരാധിയായ സ്വന്തം ഭര്‍ത്താവിനെ വധിച്ചതില്‍ പ്രതിഷേധിച്ച് മുല പറിച്ചെടുത്തു തന്‍റെ നേത്രാഗ്നിയില്‍ മധുരനഗരത്തെ ചുട്ടെരിച്ച വീരനായിക കണ്ണകി കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു എന്നാണ് ഐതിഹ്യം. കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്‍പ്പമാണ്.

അന്നപൂര്‍ണ്ണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ ആഗ്രഹസാഫല്യം കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നതെന്നാണ് മറ്റൊരു സങ്കല്‍പ്പം. ആറ്റുകാലമ്മ പുരാതന ദ്രാവിഡദേവതയായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും അമ്മദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതല്‍ അതിന് തെളിവുകള്‍ ഉണ്ട്. ഭഗവാനെ മഹാവിഷ്ണുവുമായി ലയിപ്പിച്ചതിന് തുല്യമായി ഇത്തരം അമ്മദൈവങ്ങളെ ഭഗവതിയുമാക്കിത്തീര്‍ക്കുകയും ഈ പുരാതന ദ്രാവിഡദേവത പല പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു.

പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശാക്തേയര്‍ പ്രകൃതീശ്വരിയായ കാളിയെ ആരാധിച്ചതെങ്കിലും പിന്നീട് ഭഗവതിയുടെ പര്യായമായി തീരുകയായിരുന്നു. ദക്ഷയാഗത്തിലും ദാരികവധത്തിലും പറയുന്ന ശിവപുത്രിയും ബാലത്രിപുരയും, സപ്തമാതാക്കളില്‍ ചാമുണ്ഡിയും, മഹാകാളിയും, പ്രകൃതിയും, കുണ്ഡലിനീ ശക്തിയുമെല്ലാം ഈ പരാശക്തിയാണ്. തമിഴ്നാടന്‍ശൈലിയും കേരള വാസ്തുശില്‍പ്പശൈലിയും ചേര്‍ന്ന ഒരു രീതിയാണ് ഈ ക്ഷേത്രത്തില്‍ കാണുന്നത്. മനോഹരമായ അലങ്കാരഗോപുരവും കമനീയമായ ധാരാളം ശില്‍പ്പങ്ങളും ഇവിടെ കാണാം. വിവിധ കാളീരൂപങ്ങള്‍ മുതല്‍ മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങള്‍ വരെ ഇതില്‍പ്പെടുന്നു. മഴ പെയ്താലും വെള്ളം വീഴാത്ത തരത്തില്‍ സൗകര്യപ്രദമായ ആധുനികരീതിയിലാണ് നിര്‍മ്മാണം. പ്രധാനപ്രതിഷ്ഠ 'ശ്രീഭദ്രകാളി(പരാശക്തി)'. 

വേതാളപ്പുറത്തിരിക്കുന്ന ചതുര്‍ബാഹുരൂപം. ദാരുവിഗ്രഹമാണ്. വടക്കോട്ട് ദര്‍ശനം. നാലുപൂജയും മൂന്ന് ശീവേലിയുമുണ്ട്. തന്ത്രം കുഴിക്കാട്ട് ഇല്ലത്തിന്. 'ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, കണ്ണകി, അന്നപൂര്‍ണ്ണേശ്വരി' തുടങ്ങിയ ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളിലും ആരാധിക്കുന്നു.

* ഉപദേവതകള്‍: ശിവന്‍, ഗണപതി, നാഗര്‍, മാടന്‍തമ്പുരാന്‍.

* കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. 

പൊങ്കാലയ്ക്ക് എട്ട് ദിവസം മുമ്പ്, അതായത് കാര്‍ത്തികനാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. ഉത്സവകാലങ്ങളില്‍ എല്ലാദിവസവും പകല്‍ ദേവീകീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത് ഭദ്രകാളിപ്പാട്ടും കണ്ണകീ ചരിതവും തോറ്റം പാടി. കാപ്പുകെട്ടി കൊടുങ്ങല്ലൂരില്‍ നിന്നും വരുന്ന പരാശക്തിയെ കുടിയിരുത്തുന്നതോടെയാണ്. ശിവനേത്രത്തില്‍ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ അവതാരവും ദാരികനിഗ്രഹവും തുടര്‍ന്ന് ഭഗവതിയുടെ മനുഷ്യരൂപത്തിലുള്ള കണ്ണകിയുടെ ജനനത്തില്‍ തുടങ്ങി മധുരദഹനം വരെയുള്ള ഭാഗങ്ങളാണ് തോറ്റംപാട്ടായി പൊങ്കാലയ്ക്ക് മുമ്പ് പാടിത്തീര്‍ക്കുന്നത്.

അതിനുശേഷമാണ് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ് ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. ദാരികനുമായുള്ള യുദ്ധത്തില്‍ പങ്കെടുത്ത ദേവീഭടന്മാരെയാണ് കുത്തിയോട്ട ബാലന്മാരായി സങ്കല്‍പ്പിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നെള്ളത്ത്, പാടി കാപ്പഴിക്കല്‍, ഗുരുതിയോടുകൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു. തുലാമാസത്തിലെ 'നവരാത്രി'യും 'വിദ്യാരംഭവും' വൃശ്ചികത്തിലെ ڇതൃക്കാര്‍ത്തിക'യുമാണ് മറ്റ് വിശേഷ ദിവസം.

ജ്യോതിഷരത്നം 
ആറ്റുകാല്‍ ദേവീദാസന്‍
(9847575559)