ആറ്റുകാല്‍ പൊങ്കാലനിഷ്ഠകള്‍ എന്തെല്ലാം
പൊങ്കാലയ്ക്ക് ഒന്‍പതുദിവസം മുന്‍പ് വ്രതം തുടങ്ങണം. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് ബ്രഹ്മചര്യവ്രതം എടുത്ത് രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വേണം വ്രതമെടുക്കാന്‍. കഴിയുമെങ്കില്‍ 2 നേരം കുളിക്കണം. പൊങ്കാലയുടെ തലേദിവസം ഒരിക്കലെടുക്കണം. പച്ചരിച്ചോറോ, ക്ഷേത്രത്തിലെ നിവേദ്യമോ കഴിക്കാം. സന്ധ്യ കഴിഞ്ഞാല്‍ ആഹാരം കഴിക്കരുത്. പിറ്റേദിവസം പൊങ്കാല തിളച്ച ശേഷമേ ഭക്ഷണം കഴിക്കാവൂ.
പുരുഷന്മാര്‍ക്കും പൊങ്കാലയിടുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് പൊങ്കാല ഇടാറില്ല.
സുഖമില്ലാത്തവര്‍ക്കും മറ്റ് കാരണങ്ങളാല്‍ പൊങ്കാല ഇടാന്‍ കഴിയാത്തവര്‍ക്കും വേണ്ടി മറ്റുള്ളവര്‍ പൊങ്കാലയിടുന്നത് കുഴപ്പമില്ല.
ഒരാളുടെ പൊങ്കാല കഴിവതും അവര്‍തന്നെ നേദിക്കണം. എന്തെങ്കിലും കാരണത്താല്‍ പൊങ്കാലയിട്ടയാള്‍ക്ക് നേദിക്കാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് നേദിപ്പിക്കാം.
പൊങ്കാലയിടുമ്പോള്‍ കോടിവസ്ത്രം ധരിക്കുന്നതാണ് ഉത്തമം. കോടിയില്ലെങ്കില്‍ അലക്കി ത്തേച്ചത് ധരിച്ചാലും മതി.
ഉണക്കലരി, വാഴയില, നാളികേരം, ശര്‍ക്കര, ചെറുപഴം, നെയ്യ്, പഞ്ചസാര, തേന്‍, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് പൊങ്കാലയ്ക്ക് വേണ്ടത്.
മൂന്ന് ചുടുകട്ടകൊണ്ടാണ് അടുപ്പുകൂട്ടേണ്ടത്. പുതിയ മണ്‍കലം അലങ്കരിച്ചുവേണം പൊങ്കാല ഇടാന്‍. അടുപ്പ് തീര്‍ത്ഥം തളിച്ച് ശുദ്ധമാക്കണം.
അടുപ്പിന് മുന്നില്‍ വിളക്കും നിറപറയും വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്. നിറപറയിലും നിലവിളക്കിലും ദേവിസാന്നിദ്ധ്യം ഉണ്ടായിരിക്കും. ഇത് ഐശ്വര്യം പ്രദാനം ചെയ്യും.
ചൂട്ടും കൊതുമ്പും വച്ചുവേണം പൊങ്കാലയിടാന്‍. ഇത് നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം. ശുദ്ധമായ വിറക് ഉപയോഗിക്കുന്നതുകൊണ്ടും കുഴപ്പമില്ല.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പ് കത്തിച്ച് അതിലെ തീയ് ഭക്തരുടെ അടുപ്പിലേക്ക് പകര്‍ന്ന് മറ്റ് അടുപ്പുകളിലും കത്തിക്കണം.
വീട്ടില്‍ ശുദ്ധമായൊരിടത്ത് തൂത്ത് തളിച്ച് നിറപറയും നിലവിളക്കും വച്ച് ദേവിസാന്നിദ്ധ്യം വരുത്തി പൊങ്കാലയിടുന്നതും ഐശ്വര്യകരമാണ്.
പൊങ്കാല തിളച്ചുതൂവണം. ഓരോ ദിക്കിലേക്ക് തൂവുന്നതിനും ഓരോ ഫലങ്ങളുണ്ട്. കിഴക്കോട്ടാണ് തൂകുന്നതെങ്കില്‍ ഇഷ്ടകാര്യം വൈകാതെ നടക്കും. പടിഞ്ഞാറോട്ടായാലും ഐശ്വര്യമാണ്. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ അല്‍പ്പം വൈകും. തെക്കോട്ട് തൂക്കിയാല്‍ ഇനിയും ഈശ്വരഭജനം വേണമെന്നര്‍ത്ഥം.
പൊങ്കാല തിളയ്ക്കുന്നതുവരെ ഭക്ഷണം കഴിക്കരുത്. പൊങ്കാല നേദിച്ച ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
അശുദ്ധിയുള്ള സ്ത്രീകള്‍ക്ക് മാസമുറ തുടങ്ങി ഏഴാം ദിവസത്തിനുശേഷം ശുദ്ധമായെന്ന് ബോധ്യമായാല്‍ പൊങ്കാല അര്‍പ്പിക്കാം.
സാധാരണ പൊങ്കാല കൂടാതെ വെള്ളനിവേദ്യം ദേവിക്ക് സമര്‍പ്പിക്കാം. ഇഷ്ടകാര്യസാദ്ധ്യത്തിനാണ് വെള്ളനിവേദ്യം നടത്തുന്നത്.
ഭക്തന്‍റെ ആത്മാവ് സമര്‍പ്പിക്കുന്നുയെന്ന സങ്കല്‍പ്പത്തിലായിരിക്കണം പായസനിവേദ്യം ദേവിക്ക് സമര്‍പ്പിക്കാന്‍.
പാല്‍പ്പായസമായാലും, വെള്ളനിവേദ്യമായാലും കട്ടിപ്പായസമായാലും മനസ്സിലെ അഹങ്കാരം കളഞ്ഞ് ഭയഭക്തി ബഹുമാനത്തോടെ ചെയ്താലേ ഫലം ലഭിക്കൂ.
ശിരോരോഗങ്ങള്‍ മാറുന്നതിന് നടത്തുന്ന വഴിപാടാണ് മണ്ടപ്പുറ്റ്. ദേവിയുടെ ഇഷ്ടനിവേദ്യം എന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്. ദേവി പ്രീതിയാണ് ഫലം.
തെരളിയാണ് ദേവിയുടെ മറ്റൊരു നിവേദ്യം. ധാന്യസമ്പദ്സമൃദ്ധിയാണ് തെരളി നേദിക്കുന്നതിന്‍റെ ഫലം.
നേര്‍ച്ചയായിട്ടാണ് 101 കലം പൊങ്കാല ഇടുന്നത്. ഇത് ഒരേ സമയത്ത് ഇടണമെന്നില്ല. എന്നാല്‍ നേദ്യസമയത്ത് 101 കലം പൊങ്കാലയും അടുത്തടുത്ത് വയ്ക്കണം.
പൊങ്കാല ഇട്ടശേഷം നേദ്യം കഴിഞ്ഞ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്താവുന്നതാണ്.
പൊങ്കാലയ്ക്കുശേഷം ആ ദിവസം മുഴുവന്‍ പൂര്‍ണ്ണവ്രതശുദ്ധിയോടെ ഇരിക്കണം. പിറ്റേദിവസം വ്രതം ആവശ്യമില്ല.
ക്ഷേത്രത്തില്‍ നിന്ന് നേദിച്ച പ്രസാദം കഴിച്ച് വ്രതം അവസാനിപ്പിക്കാം. കുളി കഴിഞ്ഞേ പ്രസാദം കഴിക്കാവൂ.
പൊങ്കാല അരി തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുമ്പോള്‍ ആറ്റുകാലമ്മയെ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം. അമ്മേ നാരായണ ജപിച്ചാലും മതി. ദേവീ പ്രസീദേ ദേവീ പ്രസീദേ സര്‍വ്വമംഗള മംഗല്യേ എന്നോ ജപിക്കാം.
പൊങ്കാല ദിവസം കഴിയുന്നതും ആറ്റുകാലമ്മയെ കണ്ട് തൊഴണം. ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണത്. ഈ ദിവസം തൊഴാന്‍ കഴിഞ്ഞാല്‍ സര്‍വ്വ അഭീഷ്ടങ്ങളും നടക്കും. തൊഴാന്‍ പറ്റിയില്ലെന്ന് കരുതി വിഷമിക്കരുത്.
പൊങ്കാലസ്ഥലത്ത് വച്ച് തേങ്ങ തിരുമ്മുകയും ശര്‍ക്കര ചുരുണ്ടുകയും ചെയ്യുന്നതാണ് നല്ലത്. അതിലൂടെ ദേവീസന്നിധിയില്‍ ചെയ്യുന്ന ഫലം ലഭിക്കും. വീട്ടില്‍ നിന്ന് ഇവ ശുദ്ധമായി തയ്യാറാക്കി കൊണ്ടുവന്നാലും കുഴപ്പമില്ല.
പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന വിളക്ക് നേദിച്ചുകഴിഞ്ഞാല്‍ പൂവുകൊണ്ട് കെടുത്താം. പടുക്കയും ഇളക്കണം. അത് പ്രസാദമായി മറ്റുള്ളവര്‍ക്ക് കൊടുക്കണം.
പൊങ്കാല തയ്യാറാക്കിക്കഴിഞ്ഞാല്‍ നാമജപത്തോടെ പൊങ്കാലയ്ക്കടുത്തുതന്നെ ഇരിക്കണം. ആ സമയത്ത് ആറ്റുകാലമ്മയെ തൊഴാന്‍ പോകുന്നതും നല്ലതാണ്. എന്നാല്‍ മറ്റുക്ഷേത്ര ദര്‍ശനം അപ്പോള്‍ വേണ്ട.
പൊങ്കാലയ്ക്ക് പുത്തന്‍ മണ്‍കലം ഉപയോഗിക്കണം. ദേവിക്ക് സ്വയം സമര്‍പ്പിക്കുന്നതിന് തുല്യമാണ് പൊങ്കാല സമര്‍പ്പണം.
മണ്‍കലത്തിനും പ്രത്യേകതയുണ്ട്. മണ്ണ് ശരീരമാണ്. കലം താഴികക്കുടവും ശരീരമാകുന്ന കലത്തിലാണ് നമ്മുടെ ആത്മാവായ നിവേദ്യം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിക്കേണ്ടത്.
ഞാനെന്ന ഭാവം കളഞ്ഞ് ദേവിക്ക് സ്വയം സമര്‍പ്പിക്കുന്നതിന്‍റെ പ്രതീകമായാണ് മണ്‍കലത്തിനടിയില്‍ കൊതുമ്പുകൊണ്ട് തീ കൂട്ടുന്നത്.
ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയിടാന്‍ ഉപയോഗിക്കരുത്.
പൊങ്കാലയിട്ട കലം വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കരുത്. ആ കലത്തില്‍ ദേവപുഷ്പങ്ങള്‍ നട്ടുവളര്‍ത്താം. അല്ലെങ്കില്‍ അരി ഇട്ടുവയ്ക്കുകയും ദിവസവും ചോറിന് അരിയിടുമ്പോള്‍ അതില്‍ നിന്ന് ഒരുപിടി അരികൂടി ഇടുകയും ചെയ്യാം.
ജ്യോതിഷരത്നം
ആറ്റുകാല്‍ ദേവീദാസന്‍
(9847575559)
Photo Courtesy - Google
