ആറ്റുകാല്‍ പൊങ്കാല വ്രതവും അനുഷ്ഠാനങ്ങളും
പൊങ്കാലയ്ക്ക് ഒന്‍പത് ദിവസം മുന്‍പ് വ്രതം തുടങ്ങണം. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച് ബ്രഹ്മചര്യവ്രതം എടുത്ത് രാവിലെ കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി വേണം വ്രതമെടുക്കാന്‍. കഴിയുമെങ്കില്‍ 2 നേരം കുളിക്കണം. പൊങ്കാലയുടെ തലേദിവസം ഒരിക്കലെടുക്കണം. പച്ചരിച്ചോറോ, ക്ഷേത്രത്തിലെ നിവേദ്യമോ കഴിക്കാം. സന്ധ്യകഴിഞ്ഞാല്‍ ആഹാരം കഴിക്കരുത്. പിറ്റേദിവസം പൊങ്കാല തിളച്ച ശേഷമേ ഭക്ഷണം കഴിക്കാവൂ.
* പുരുഷന്മാരും പൊങ്കാലയിടുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ പൊങ്കാല ഇടാറില്ല.
* സുഖമില്ലാത്തവര്‍ക്കും മറ്റ് കാരണങ്ങളാല്‍ പൊങ്കാല ഇടാന്‍ കഴിയാത്തവര്‍ക്കും വേണ്ടി മറ്റുള്ളവര്‍ പൊങ്കാലയിടുന്നതില്‍ കുഴപ്പമില്ല.
* ഒരാളുടെ പൊങ്കാല കഴിവതും അവര്‍ തന്നെ നേദിക്കണം. എന്തെങ്കിലും കാരണത്താല്‍ പൊങ്കാലയിട്ടയാള്‍ക്ക് നേദിക്കാന്‍ പറ്റിയില്ലെങ്കില്‍ ഏറ്റവും അടുത്തബന്ധുക്കള്‍ക്ക് നേദിപ്പിക്കാം.
* പൊങ്കാലയിടുമ്പോള്‍ കോടിവസ്ത്രം ധരിക്കുന്നതാണ് ഉത്തമം. കോടിയില്ലെങ്കില്‍ അലക്കിത്തേച്ചത് ധരിച്ചാലും മതി.
* ഉണക്കലരി, വാഴയില, നാളികേരം, ശര്‍ക്കര, ചെറുപഴം, നെയ്യ്, പഞ്ചസാര, തേന്‍, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് പൊങ്കാലയ്ക്ക് വേണ്ടത്.
* മൂന്ന് ചുടുകട്ട കൊണ്ടാണ് അടുപ്പ് കൂട്ടേണ്ടത്. പുതിയ മണ്‍കലം അലങ്കരിച്ചുവേണം പൊങ്കാല ഇടാന്‍. അടുപ്പ് തീര്‍ത്ഥം തളിച്ച് ശുദ്ധമാക്കണം.
* അടുപ്പിന് മുന്നില്‍ വിളക്കും നിറപറയും വയ്ക്കുന്നത് ഐശ്വര്യപ്രദമാണ്. നിറപറയിലും നിലവിളക്കിലും ദേവീസാന്നിദ്ധ്യം ഉണ്ടായിരിക്കും. ഇത് ഐശ്വര്യം പ്രദാനം ചെയ്യും.
* ചൂട്ടും കൊതുമ്പും വച്ചുവേണം പൊങ്കാലയിടാന്‍. ഇത് നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കണം. ശുദ്ധമായ വിറക് ഉപയോഗിക്കുന്നതുകൊണ്ടും കുഴപ്പമില്ല.
* ക്ഷേത്രത്തിലെ പണ്ടാര അടുപ്പ് കത്തിച്ച് അതിലെ തീയ് ഭക്തരുടെ അടുപ്പിലേക്ക് പകര്‍ന്ന് മറ്റ് അടുപ്പുകളിലും കത്തിക്കണം.
* വീട്ടില്‍ ശുദ്ധമായൊരിടത്ത് തൂത്ത് തളിച്ച് നിറപറയും നിലവിളക്കും വച്ച് ദേവിസാന്നിധ്യം വരുത്തി പൊങ്കാലയിടുന്നതും ഐശ്വര്യകരമാണ്.
* പൊങ്കാല തിളച്ചുതൂവണം. ഓരോ ദിക്കിലേക്കു തൂവുന്നതിനും ഓരോ ഫലങ്ങളുണ്ട്. കിഴക്കോട്ടാണ് തൂകുന്നതെങ്കില്‍ ഇഷ്ടകാര്യം വൈകാതെ നടക്കും. പടിഞ്ഞാറോട്ടായാലും ഐശ്വര്യമാണ്. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ അല്‍പ്പം വൈകും. തെക്കോട്ട് തൂകിയാല്‍ ഇനിയും ഈശ്വരഭജനം വേണമെന്നര്‍ത്ഥം.
* പൊങ്കാല തിളക്കുന്നതുവരെ ഭക്ഷണം കഴിക്കരുത്. പൊങ്കാല നേദിച്ചശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
* അശുദ്ധിയുള്ള സ്ത്രീകള്‍ക്ക് മാസമുറ തുടങ്ങി ഏഴാം ദിവസത്തിനുശേഷം ശുദ്ധമായെന്ന് ബോധ്യമായാല്‍ പൊങ്കാല അര്‍പ്പിക്കാം.
* സാധാരണ പൊങ്കാല കൂടാതെ വെള്ളനിവേദ്യം ദേവിക്ക് സമര്‍പ്പിക്കാം. ഇഷ്ടകാര്യ സാദ്ധ്യത്തിനാണ് വെള്ളനിവേദ്യം നടത്തുന്നത്.
* ഭക്തന്‍റെ ആത്മാവ് സമര്‍പ്പിക്കുന്നുയെന്ന സങ്കല്‍പ്പത്തിലായിരിക്കണം പായസനിവേദ്യം ദേവിക്ക് സമര്‍പ്പിക്കാന്‍.
* പാല്‍പ്പായസമായാലും വെള്ളനിവേദ്യമായാലും കട്ടിപ്പായസമായാലും മനസ്സിലെ അഹങ്കാരം കളഞ്ഞ് ഭയഭക്തി ബഹുമാനത്തോടെ ചെയ്താലേ ഫലം ലഭിക്കൂ.
* ശിരോരോഗങ്ങള്‍ മാറുന്നതിന് നടത്തുന്ന വഴിപാടാണ് മണ്ടപ്പുറ്റ്. ദേവിയുടെ ഇഷ്ടനിവേദ്യം എന്ന നിലയിലും ഇതിന് പ്രാധാന്യമുണ്ട്. ദേവിപ്രീതിയാണ് ഫലം.
* തെരളിയാണ് ദേവിയുടെ മറ്റൊരു നിവേദ്യം. ധാന്യസമ്പദ്സമൃദ്ധിയാണ് തെരളി നേദിക്കുന്നതിന്‍റെ ഫലം.
* നേര്‍ച്ചയായിട്ടാണ് 101 കലം പൊങ്കാല ഇടുന്നത്. ഇത് ഒരേ സമയത്ത് ഇടണമെന്നില്ല. എന്നാല്‍ നേദ്യസമയത്ത് 101 കലം പൊങ്കാലയും അടുത്തടുത്ത് വയ്ക്കണം.
* പൊങ്കാല ഇട്ട ശേഷം നേദ്യം കഴിഞ്ഞ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്താവുന്നതാണ്.
* പൊങ്കാലയ്ക്കുശേഷം ആ ദിവസം മുഴുവന്‍ പൂര്‍ണ്ണ വ്രതശുദ്ധിയോടെ ഇരിക്കണം. പിറ്റേദിവസം വ്രതം ആവശ്യമില്ല.
* ക്ഷേത്രത്തില്‍ നിന്ന് നേദിച്ച പ്രസാദം കഴിച്ച് വ്രതം അവസാനിപ്പിക്കാം. കുളികഴിഞ്ഞേ കഴിക്കാവൂ.
* പൊങ്കാല അരി തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുമ്പോള്‍ ആറ്റുകാലമ്മയെ സ്മരിച്ച് ദേവീമന്ത്രം ജപിക്കണം. അമ്മേ നാരായണാ ജപിച്ചാലും മതി. ദേവീപ്രസീദ ദേവീപ്രസീദ സര്‍വ്വമംഗളമംഗല്യേ എന്നോ ജപിക്കാം.
* പൊങ്കാലദിവസം കഴിയുന്നതും ആറ്റുകാല്‍ അമ്മയെ കണ്ട് തൊഴണം. ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണത്. ഈ ദിവസം തൊഴാന്‍ കഴിഞ്ഞാല്‍ സര്‍വ അഭീഷ്ടങ്ങളും നടക്കും. തൊഴാന്‍ പറ്റിയില്ലെന്ന് കരുതി വിഷമിക്കരുത്.
* പൊങ്കാലസ്ഥലത്തുവെച്ച് തേങ്ങ തിരുമ്മുകയും ശര്‍ക്കര ചുരുണ്ടുകയും ചെയ്യുന്നതാണ് നല്ലത്. അതിലൂടെ ദേവീ സന്നിധിയില്‍ ചെയ്യുന്ന ഫലം ലഭിക്കും. വീട്ടില്‍ നിന്ന് ഇവ ശുദ്ധമായി തയ്യാറാക്കി കൊണ്ടുവന്നാലും കുഴപ്പമില്ല.
* പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന വിളക്ക് നേദിച്ചുകഴിഞ്ഞാല്‍ പൂവുകൊണ്ട് കെടുത്താം. പടുക്കയും ഇളക്കണം. അത് പ്രസാദമായി മറ്റുള്ളവര്‍ക്ക് കൊടുക്കണം.
* പൊങ്കാല തയ്യാറാക്കിക്കഴിഞ്ഞാല്‍ നാമജപത്തോടെ പൊങ്കാലയ്ക്കടുത്തു തന്നെ ഇരിക്കണം. ആ സമയത്ത് ആറ്റുകാലമ്മയെ തൊഴാന്‍ പോകുന്നതും നല്ലതാണ്. എന്നാല്‍ മറ്റുക്ഷേത്രദര്‍ശനം അപ്പോള്‍ വേണ്ട.
* പൊങ്കാലയ്ക്ക് പുത്തന്‍ മണ്‍കലം ഉപയോഗിക്കണം. ദേവിക്ക് സ്വയം സമര്‍പ്പിക്കുന്നതിന് തുല്യമാണ് പൊങ്കാല സമര്‍പ്പണം.
* മണ്‍കലത്തിനും പ്രത്യേകതയുണ്ട്. മണ്ണ് ശരീരമാണ്. കലം താഴികക്കുടവും. ശരീരമാകുന്ന കലത്തിലാണ് നമ്മുടെ ആത്മാവായ നിവേദ്യം തയ്യാറാക്കി ദേവിക്ക് സമര്‍പ്പിക്കേണ്ടത്.
* ഞാനെന്ന ഭാവം കളഞ്ഞ് ദേവിക്ക് സ്വയം സമര്‍പ്പിക്കുന്നതിന്‍റെ പ്രതീകമായാണ് മണ്‍കലത്തിനടിയില്‍ കൊതുമ്പുകൊണ്ട് തീ കൂട്ടുന്നത്.
* ഒരിക്കല്‍ ഉപയോഗിച്ച പാത്രം വീണ്ടും പൊങ്കാലയിടാന്‍ ഉപയോഗിക്കരുത്.
* പൊങ്കാലയിട്ട കലം വീട്ടിലെ ആവശ്യത്തിന് ഉപയോഗിക്കരുത്. ആ കലത്തില്‍ ദേവപുഷ്പങ്ങള്‍ നട്ടുവളര്‍ത്താം. അല്ലെങ്കില്‍ അരി ഇട്ടുവയ്ക്കുകയും ദിവസവും ചോറിന് അരിയിടുമ്പോള്‍ അതില്‍ നിന്ന് ഒരുപിടി അരികൂടി ഇടുകയും ചെയ്യാം.
വിവരങ്ങള്‍ക്ക് കടപ്പാട്: ആറ്റുകാല്‍ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി
'വരിക്കം ഇല്ലം. ജന്മംകുളം.' ഫോണ്‍: 9447419100
തയ്യാറാക്കിയത്:
ജ്യോതിഷരത്നം വേണു മഹാദേവ്
ഫോണ്‍: 9847575559
