വ്രതശുദ്ധി; ശരീരശുദ്ധി; മനഃശുദ്ധി -ആറ്റുകാല്‍ മേല്‍ശാന്തി കണ്ണന്‍ ഏരൂര്‍
പൊങ്കാലവ്രതം എത്ര ദിവസം?, വ്രതമെടുക്കുമ്പോള്‍ കര്‍ശനമായി പാലിക്കേണ്ടുന്ന കാര്യങ്ങള്‍, പൊങ്കാലയിടുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?, പൊങ്കാലയിടുമ്പോള്‍ കത്തിക്കുന്ന നിലവിളക്ക് എപ്പോള്‍ അണയ്ക്കാം?, പുരുഷന്മാര്‍ പൊങ്കാലയിടുന്നത് തെറ്റാണോ? പൊങ്കാലയിട്ട കലങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമോ? പൊങ്കാലദിവസം അല്ലാതെ പൊങ്കാലയിടാമോ? പൊങ്കാല കഴിഞ്ഞ് ചെയ്യേണ്ട ആചാരങ്ങള്‍? ഇതേപ്പറ്റി ആറ്റുകാല്‍ മേല്‍ശാന്തി കണ്ണന്‍ ഏരൂര്‍ വിശദീകരിക്കുന്നു...
പൊങ്കാലവ്രതം എത്ര ദിവസം?
പൊങ്കാലയിടാന്‍ തയ്യാറെടുക്കുന്നവര്‍ മൂന്ന്, ഏഴ്, ഒന്‍പത് എന്നിങ്ങനെദിവസങ്ങളില്‍ ഇഷ്ടംപോലെ വ്രതമെടുക്കാം. സസ്യാഹാരം മാത്രം കഴിക്കണം. ദിവസവും രണ്ടുനേരം വീട്ടില്‍ വിളക്ക് വെച്ച് തൊഴണം. ദിവസവും അടുത്തുള്ള ദേവി ക്ഷേത്രദര്‍ശനം നടത്തണം. പ്രാര്‍ത്ഥനാ സമയത്ത് ആറ്റുകാല്‍ അമ്മയെ മനസ്സില്‍ ധ്യാനിക്കണം. പൊങ്കാലയ്ക്ക് മുമ്പ് എത്ര ദിവസം വേണമെങ്കിലും വ്രതമെടുക്കുന്നതില്‍ തെറ്റില്ല. കഠിനമായ വ്രതനിഷ്ഠ ആത്മാവ് ദേവിക്ക് സമര്‍പ്പിക്കുന്ന പൊങ്കാലയെ കൂടുതല്‍ ദീപ്തമാക്കും.
വ്രതമെടുക്കുമ്പോള്‍ കര്‍ശനമായി പാലിക്കേണ്ടുന്ന കാര്യങ്ങള്‍
മത്സ്യവും ലഹരിപദാര്‍ത്ഥങ്ങളും ശാരീരിക ബന്ധവും ഒഴിവാക്കണം. പൊങ്കാലയിടുമ്പോഴും പൊങ്കാലയ്ക്കായി ഒരുങ്ങുമ്പോഴും ദേവിയെ മാത്രം മനസ്സില്‍ ധ്യാനിക്കണം. കാരണം പൊങ്കാല ആത്മാവിന്‍റെ പ്രതിരൂപമാണ്. എല്ലാ ചിന്തകളും ഉപേക്ഷിച്ച് ദേവിയുടെ സന്നിധിയില്‍ മനസ്സര്‍പ്പിച്ച് നടത്തേണ്ട കര്‍മ്മമാണിത്. വ്രതദിനങ്ങളില്‍ രണ്ടുനേരം കുളിക്കണം. ദേവിയുടെ സ്തോത്രനാമാദികള്‍ ചൊല്ലണം ക്ഷേത്രദര്‍ശനം നടത്തുന്നത് കൂടുതല്‍ നല്ലത്.
ഏത് ദിശയില്‍ നോക്കി പൊങ്കാലയിടണം?
കിഴക്കുദിക്കില്‍ നോക്കി പൊങ്കാലയിടുന്നതാണ് ഉത്തമം. പടിഞ്ഞാറ് ദിശ നോക്കി ഇടുന്നത് കുഴപ്പമില്ല. തെക്കുനോക്കി പൊങ്കാല ഇടരുത്.
പൊങ്കാലയിടുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?
വ്രതശുദ്ധി, ശരീരശുദ്ധി, മനഃശുദ്ധി എന്നിവ പ്രധാനം. കഴിയുന്നതും പുതുവസ്ത്രം തന്നെ ധരിക്കണം. നിവൃത്തിയില്ലെങ്കില്‍ കഴുകിത്തേച്ചത് ഉപയോഗിക്കാം. വൃത്തിയും ശുദ്ധിയും വേണം. പുതിയ മണ്‍കലമാണ് ഉപയോഗിക്കേണ്ടത്. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മണ്ണ് പ്രകൃതിയിലെ അടിസ്ഥാനഘടകമാണ്. പുതിയ ചുവന്ന മണ്‍കലം സൂര്യതേജസ്സിനെ സൂചിപ്പിക്കുന്നു. സൂര്യനെ സാക്ഷിയാക്കി അമ്മയ്ക്ക് സമര്‍പ്പിക്കുന്നതാണ് പൊങ്കാല. തിരഞ്ഞെടുക്കുന്ന സ്ഥലം ഉള്‍പ്പെടെ അനുബന്ധ വസ്തുക്കളിലെല്ലാം വൃത്തിയും ശുദ്ധിയും ഉറപ്പുവരുത്തേണ്ടത് ഭക്തരുടെ കടമയാണ്.

പൊങ്കാലയിടാന്‍ എന്തൊക്കെ ദ്രവ്യങ്ങളാണ് വേണ്ടത്?
ഉണക്കലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരിങ്ങ, അണ്ടിപ്പരിപ്പ് എന്നിവയാണ് പൊങ്കാലപ്പായസത്തിന് വേണ്ടത്. പടുക്ക വച്ചു വേണം പൊങ്കാലയിടാന്‍. ദേവി സാന്നിധ്യമുള്ളതുകൊണ്ട് നിറനാഴിയും പറയും നിലവിളക്കും വയ്ക്കുന്നത് നല്ലതാണ്. അടുപ്പ് തീര്‍ത്ഥം തളിച്ച് ശുദ്ധമാക്കണം. നിറനാഴിയും നിലവിളക്കും വയ്ക്കുകയും തീര്‍ത്ഥം തളിക്കുകയും വേണം. ആ പരിസരത്ത് ഈശ്വരസാന്നിധ്യം ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്.
പൊങ്കാലയ്ക്ക് വിറക് ഉപയോഗിക്കാമോ?
ശുദ്ധിയുള്ള വിറകോ ചൂട്ടോ ഉപയോഗിക്കാം. എളുപ്പത്തില്‍ തീ പടരാനാണ് ഉണങ്ങിയ ചൂട്ടും കൊതുമ്പും ഉപയോഗിക്കുന്നത്. കൊതുമ്പ് വൃത്തിയാക്കി ഉണക്കിക്കെട്ടി ഉപയോഗിക്കണം.
അശുദ്ധിയുള്ള സ്ത്രീകള്‍ക്ക് എത്ര ദിവസം കഴിഞ്ഞ് പൊങ്കാലയിടാം
മാസമുറ തുടങ്ങി ഏഴുദിവസം കഴിഞ്ഞെന്നാണ് സാധാരണ പറയാറ്. ഏഴുദിവസത്തിനുശേഷം ശുദ്ധിയായി എന്ന് സ്വയം തൃപ്തി തോന്നിയാല്‍ പൊങ്കാലയിടാം.
പൊങ്കാല തിളച്ചുതൂകണോ?
അങ്ങനെയാണ് ശാസ്ത്രം. അത് കിഴക്കോട്ട് തന്നെയാകുന്നത് ശുഭസൂചന. തിളച്ചുമറിയുന്നത് വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയാണ്. കിഴക്ക് ദര്‍ശനമായി പൊങ്കാല ഇടുന്നവര്‍ക്ക് കിഴക്കോട്ട് തൂകുന്നത് സാഫല്യവും പടിഞ്ഞാറ് ദര്‍ശനമായി പൊങ്കാല ഇടുന്നവര്‍ക്ക് പടിഞ്ഞാറോട്ട് തൂകുന്നത് ഗുണകരവുമാണ്. വടക്കോട്ടായാല്‍ ഉദ്ദിഷ്ടകാര്യം നടക്കാന്‍ അല്‍പ്പം താമസിക്കും. ഏത് ദിശയിലായാലും തെക്കോട്ട് തൂവുന്നത് നല്ലതല്ല. അങ്ങനെ സംഭവിച്ചാല്‍ ഈശ്വരഭജനം കൂടുതല്‍ വേണമെന്നര്‍ത്ഥം.
പൊങ്കാലയിടുമ്പോള്‍ കത്തിക്കുന്ന നിലവിളക്ക് എപ്പോള്‍ അണയ്ക്കാം?
നിവേദ്യം കഴിഞ്ഞാലുടന്‍ അണയ്ക്കാം. പൂ കൊണ്ട് വേണം കെടുത്താന്‍.
ഹിന്ദുക്കളല്ലാത്തവര്‍ക്ക്
പൊങ്കാല ഇടാമോ?
തീര്‍ച്ചയായും ഇടാം. ഈശ്വരന് ജാതിയും മതവുമില്ല. ഭക്തിയാണ് പ്രധാനം. ജാതിമതചിന്ത മനുഷ്യനുണ്ടാക്കുന്നതാണ്.
പുത്തന്‍ മണ്‍കലത്തിന്‍റെ പ്രമാണം എന്താണ്?
മണ്ണ് ശരീരത്തേയും കലം താഴികക്കുടത്തെയും സൂചിപ്പിക്കുന്നു. ശരീരമാകുന്ന കലത്തില്‍ ദേവിക്ക് പൊങ്കാല സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം. അതിനാലാണ് മണ്‍കലം തന്നെ വേണമെന്ന് പറയുന്നത്. ഞാന്‍ എന്ന ഭാവം നിശ്ശേഷം കളഞ്ഞ് ആത്മസമര്‍പ്പണം നടത്തുന്നു എന്നതിന്‍റെ പ്രതീകമായാണ് കലത്തിനടിയില്‍ തീ കൂട്ടുന്നത്.
പൊങ്കാലയിട്ട കലങ്ങള്‍ പാചകത്തിന് ഉപയോഗിക്കാമോ?
പാടില്ല. വീട്ടില്‍ കൊണ്ടുപോയി തുളസിയോ പിച്ചിയോ നടണം. അല്ലെങ്കില്‍ പൊങ്കാലയ്ക്കുശേഷം കഴുകി വൃത്തിയാക്കി അതില്‍ അരിയിട്ടു വയ്ക്കണം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതില്‍നിന്ന് ഒരുപിടി അരികൂടി അതിലിടണം. അന്നത്തിന് മുട്ടുണ്ടാവില്ല.
പുരുഷന്മാര്‍ പൊങ്കാലയിടുന്നത് തെറ്റാണോ?
തെറ്റല്ല. പണ്ട് പുരുഷന്മാരും പൊങ്കാല സമര്‍പ്പിക്കുമായിരുന്നു. സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ലഭിച്ചതോടെ അതിപ്രധാനനേര്‍ച്ചയായ പൊങ്കാല സ്ത്രീകള്‍ക്ക് മാത്രമായി മാറുകയും ചെയ്തു.

വെള്ളനിവേദ്യവും പായസവും നേദിക്കുന്നതിന്‍റെ ഫലം
പൊങ്കാലയ്ക്കൊപ്പം വെള്ളനിവേദ്യം നേദിച്ചാല്‍ ആഗ്രഹസാഫല്യം പാല്‍പ്പായസം, ശര്‍ക്കര പായസം എന്നിവയാണെങ്കില്‍ ഐശ്വര്യം, സുഖസമൃദ്ധി.
പൊങ്കാലദിവസം അല്ലാതെ പൊങ്കാലയിടാമോ?
ആവാം. പൊങ്കാല ദിവസം ഇടാന്‍ കഴിയാതെ വന്നാല്‍ സ്വന്തം വീട്ടില്‍ തന്നെ ആറ്റുകാല്‍ ഭഗവതിയെ സങ്കല്‍പ്പിച്ച് ചൊവ്വയോ വെള്ളിയോ ദിവസങ്ങളില്‍ പൊങ്കാല ഇടാം. ഒരു നിശ്ചിത സംഖ്യ മനസ്സില്‍ വിചാരിച്ച് മാറ്റിവച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ പ്രായശ്ചിത്തമായി സമര്‍പ്പിക്കുന്നത് നല്ലതാണ്. ജന്മനാളിലും മറ്റും ആറ്റുകാല്‍ ദേവിയെ സങ്കല്‍പ്പിച്ച് ഭദ്രകാളി ക്ഷേത്രങ്ങളിലോ ദുര്‍ഗ്ഗാക്ഷേത്രങ്ങളിലോ പൊങ്കാല ഇടുക. ആറ്റുകാലില്‍ തന്നെ ഇടണമെങ്കില്‍ അവിടെ വഴിപാടായി ചെയ്യാനെപറ്റൂ.
പുലവാലായ്മയുള്ളപ്പോള്‍?
പുലവാലായ്മ ഉള്ളപ്പോള്‍ പൊങ്കാലയിടരുത്. കഴിയുന്നതും ക്ഷേത്രപരിസരത്ത് വരരുത്. മരിച്ച് 16 വരെയും ജനിച്ച് 11 ദിവസം വരെയുമാണ് പുലവാലായ്മ ആചരിക്കേണ്ടത്. പ്രസവിച്ച സ്ത്രീക്ക് 6 മാസം കഴിഞ്ഞോ കുഞ്ഞിന്‍റെ ചോറൂണ് കഴിഞ്ഞോ പൊങ്കാലയിടാം.
പൊങ്കാല കഴിഞ്ഞ് ചെയ്യേണ്ട ആചാരങ്ങള്‍?
പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കണം. വിളക്ക് നേദിച്ച് കഴിഞ്ഞാല്‍ പൂവ് കൊണ്ട് കെടുത്താം. പടുക്കയും ആ സമയത്ത് ഇളക്കാം. അത് പ്രസാദമായി മറ്റുള്ളവര്‍ക്ക് കൊടുക്കണം. തളിച്ചശേഷം നിറമനസ്സോടെ സ്വന്തം ഗൃഹത്തിലേക്ക് പോകുക. അന്ന് നിവേദ്യം മാത്രം ഭക്ഷണമായി സ്വീകരിച്ച് വ്രതം തുടരുക. പിറ്റേദിവസം കുളിച്ച് ശരീരശുദ്ധി വരുത്തി ഏതെങ്കിലും ക്ഷേത്രത്തില്‍ പോയി തൊഴുത് വ്രതം മുറിക്കാം.
തയ്യാറാക്കിയത്, വേണുമഹാദേവ് (9847475559)
മേല്‍ശാന്തി കണ്ണന്‍ ഏരൂര്‍ (9847368661)
