ആവണപ്പലകയില്‍ ഇരുന്ന് സല്‍ക്കാരങ്ങള്‍ ചെയ്താല്‍

ആവണപ്പലകയില്‍ ഇരുന്ന് സല്‍ക്കാരങ്ങള്‍ ചെയ്താല്‍

 

ഇന്ന് വീടുകളില്‍ വളരെ ദുര്‍ലഭമായിട്ടുമാത്രമേ ആവണപ്പലകകള്‍ കാണാറുള്ളൂ. പണ്ടുകാലത്ത് ധ്യാനത്തിനും നാമം ജപിക്കുന്നതും പൂജയ്ക്കും ആവണപ്പലക ഉപയോഗിച്ചിരുന്നു. കൂര്‍മ്മാകൃതിയിലുള്ളതാണ് ആവണപ്പലക. കൂര്‍മ്മാസനത്തില്‍ ഇരിക്കുകയാണെന്നതാണ് സങ്കല്‍പ്പം. ആമപ്പലകയെന്നും ഇതിന് പേരുണ്ട്.

ജ്യോതിഷശാസ്ത്രത്തില്‍ പറയപ്പെടുന്ന പൃഥ്വികൂര്‍മ്മചക്രമായും ഇതിന് ബന്ധമുണ്ട്. ലോകത്തെ മുഴുവന്‍ കൂര്‍മ്മമായി സങ്കല്‍പ്പിച്ച് അതിന്‍റെ ശരീരഭാഗങ്ങളെ ഒമ്പതായി വിഭജിച്ച് ഭാരതത്തിലെ ഓരോ പ്രദേശങ്ങളേയും തിട്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ 27 നക്ഷത്രങ്ങളേയും അതില്‍ വിന്യസിച്ചിട്ടുണ്ട്. നക്ഷത്രത്തിന് ഉണ്ടാകുന്ന ഗ്രഹയോഗമനുസരിച്ച് ആ നക്ഷത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. നക്ഷത്രത്തിന് ഉണ്ടാകുന്ന പാപഗ്രഹയോഗപ്രകാരം പാപഫലവും, ശുഭഗ്രഹയോഗഫലുണ്ടായാല്‍ ശുഭഫലവും അനുഭവപ്പെടും. 

വരാഹമിഹിരാചാര്യന്‍ നിര്‍വചിച്ച പേരുകള്‍ അടിസ്ഥാനമാക്കി ഭൂപ്രദേശങ്ങള്‍ കണ്ടെത്താന്‍ പ്രയാസമുണ്ട്. എങ്കിലും പല പണ്ഡിതന്മാരും അതിന് ശ്രമം നടത്തിയിട്ടുള്ളതായി ജ്യോതിഷഗ്രന്ഥങ്ങള്‍ പറയുന്നു.

ഭൂമിയെ സ്പര്‍ശിക്കാതെ ഇരുന്ന് ജപിച്ചാല്‍ എര്‍ത്തിംഗ് ഒഴിവാക്കാമെന്നതുകൊണ്ടാണ് പലകയില്‍ തന്നെ ഇരിക്കാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ മന്ത്രശാസ്ത്രപ്രതിപാദിതമായ കൂര്‍മ്മാകൃതിയിലുള്ള(ആമയുടെ ആകൃതിയിലുള്ള) ആവണപ്പലകയില്‍ ഇരിക്കണമെന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. പഴയകാലത്തെ ആവണപ്പലകകള്‍ പരിശോധിച്ചാല്‍ കൂര്‍മ്മത്തിന്‍റെ കാലുകളും ആകൃതിയുമൊക്കെ ഇതില്‍ ദൃശ്യമാകും. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ഇരിപ്പിനെ കൂര്‍മ്മാസനം എന്ന് വിളിച്ചിരുന്നതും.

ക്ഷേത്രശില്‍പ്പഘടനയുടെ വിവരണം പരിശോധിച്ചാല്‍ ഇതിന്‍റെ ആവശ്യകത ബോദ്ധ്യപ്പെടും. ഷഡാധാര പ്രതിഷ്ഠയില്‍ ദേവന്‍റെ താഴെയായി സങ്കല്‍പ്പിക്കുന്ന ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെയാണ് പ്രതിപാദിച്ചിട്ടുള്ളത്. മന്ത്രസാധന ചെയ്യുന്നതാകട്ടെ പ്രാണശക്തിയിലാണ്. ഇത് മനസ്സിലാക്കിയാല്‍ ഭൂമിദേവിയെന്ന്  സ്പര്‍ശിക്കാതെയിരിക്കുന്നതിന്‍റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കണമെന്ന സങ്കല്‍പ്പം ഉരുത്തിരിഞ്ഞതെന്ന് ബോധ്യമാകും. ശാസ്ത്രീയമായി പരിശോധിച്ചാല്‍  ആവണപ്പലക വളരെയധികം ഗുണം ചെയ്യുമെന്നും കാണാം.

ഏതാണ്ട്, വൃത്താകൃതിയിലൂള്ളതും, തടികൊണ്ട് നിര്‍മ്മിച്ചതുമായ ഈ പലകയുടെ ചുറ്റുപാടുമുള്ള അരിക് ലളിതമായ അലങ്കാരവേലകളോടൂകൂടിയതാണ്(പിടിക്കാന്‍ പാകത്തില്‍ മനോഹരമായ ഒരു കൈപ്പിടിയും, ചുമരില്‍ തൂക്കിയിടാനായി കൈപ്പിടിയുടെ അറ്റത്ത് ഒരു ചെറുദ്വാരവും ഉണ്ടാകാറുണ്ട്.) ആമയുടെ ആകൃതിയായതിനാല്‍ ഇതിനെ ആമപ്പലകയെന്നും കൂര്‍മ്മപീഠമെന്നുമൊക്കെ പറയാറുണ്ട്. ക്ഷേത്രങ്ങളിലും ബ്രാഹ്മണ ഭവനങ്ങളിലും കോവിലകങ്ങളിലും പഴയ തറവാടുകളിലും ഇത് ധാരാളമായി കണ്ടുവരുന്നു.

ആവണപ്പലകയില്‍ ഇരുന്ന് സല്‍ക്കാരങ്ങള്‍ ചെയ്താല്‍ നാടിന് ശ്രേയസ്സുണ്ടാകുമെന്നാണ് വിശ്വാസം!

ടി.എസ് 

Photo Courtesy - jyothisharathnam