ആയില്യം നക്ഷത്രത്തിന്‍റെ  ദേവതകള്‍

ആയില്യം നക്ഷത്രത്തിന്‍റെ ദേവതകള്‍

HIGHLIGHTS

സര്‍പ്പക്കാവുള്ള തറവാടുകളില്‍ വര്‍ഷത്തിലൊരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുമൂലം തറവാട്ടിലെ എല്ലാ അംഗങ്ങള്‍ക്കും സന്തതിപരമ്പരകള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വാസം. ഇനി ഈ പാലു നിവേദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഈ നൂറിന്‍റെ പ്രാധാന്യം എന്താണ്

ഭൗതികവും ആത്മീയവുമായി ശാന്തി തേടി ജീവിതാവസ്ഥകളെ അവരവര്‍ക്ക് അനുകൂലമായി പരിവര്‍ത്തിപ്പിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ആരാധന. ഭയവും ദുരിതങ്ങളും ഭാസുരമായ ഭാവിജീവിതവുമാണ് ആരാധനയ്ക്കടിസ്ഥാനം. സാങ്കേതികജ്ഞാനവും യുക്തിവിശ്വാസവും ഉദിക്കുന്നതിന് മുമ്പ് തങ്ങളെ ഭയവിഹ്വലരാക്കുന്ന എല്ലാത്തിനേയും ആരാധിച്ച് അനുനയിപ്പിക്കുക എന്ന ആഗ്രഹം ആരാധനയുടെ പിന്നിലുണ്ട്. സര്‍പ്പാരാധനയുടെ പിന്നിലും ഇത് കാണാം.

നാഗപ്രീതിക്കായി ഒട്ടേറെ അനുഷ്ഠാനങ്ങള്‍ ആവിഷ്ക്കരിക്കുകയും താന്ത്രിക വിധി പ്രകാരം അവ അനുഷ്ഠിക്കുകയും  ചെയ്യുന്നവര്‍ കേരളത്തിലെപ്പോലെ മറ്റെങ്ങുമില്ല. ഒരു കാലത്ത് സമൂഹത്തിന്‍റെ തന്നെ ഭാഗമായിരുന്ന സര്‍പ്പക്കാവുകള്‍ മിക്ക തറവാടുകളുടേയും ഐശ്വര്യമായിരുന്നു. സര്‍പ്പങ്ങള്‍ എന്നുകേള്‍ക്കുമ്പോള്‍ നമ്മുടെയുള്ളില്‍ ഭയം നിറയുമെങ്കിലും സര്‍പ്പക്കാവുകള്‍ എന്നുകേള്‍ക്കുമ്പോള്‍ മനസ്സില്‍ ഭക്തിയും ഐശ്വര്യവും നിറഞ്ഞാടുന്നു.
 

സര്‍പ്പക്കാവുള്ള തറവാടുകളില്‍ വര്‍ഷത്തിലൊരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്. ഇതുമൂലം തറവാട്ടിലെ എല്ലാ അംഗങ്ങള്‍ക്കും സന്തതിപരമ്പരകള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന് വിശ്വാസം. ഇനി ഈ പാലു നിവേദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഈ നൂറിന്‍റെ പ്രാധാന്യം എന്താണെന്നും അതിന്‍റെ പിന്നിലെ കഥ എന്താണെന്നും നോക്കാം.
 

അര്‍ജ്ജുനപുത്രനായ അഭിമന്യുവിന് ഉത്തരയില്‍ ജനിച്ച മകനാണ് പരീക്ഷിത്ത്. ഉജ്ജ്വലനായ ഒരു രാജാവായിരുന്നു അദ്ദേഹം. ഒരിക്കല്‍ വനത്തില്‍ വേട്ടയാടി ക്ഷീണിച്ച രാജാവ് ശമീകന്‍ എന്ന മുനിയുടെ ആശ്രമത്തിനടുത്തെത്തി. ധ്യാനനിമഗ്നനായിരുന്ന മുനി പരീക്ഷിത്ത് രാജാവ് അടുത്തുവന്നതോ എന്തൊക്കെയോ ചോദിച്ചതോ അറിഞ്ഞില്ല. മുനി തന്നെ ധിക്കരിച്ചതാണെന്ന് തെറ്റിദ്ധരിച്ച രാജാവ് അടുത്ത് ചത്തുകിടന്ന ഒരു പാമ്പിനെയെടുത്ത് മുനിയുടെ കഴുത്തിലിട്ട് കൊടുത്തിട്ടു നടന്നുപോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ മുനിയുടെ പുത്രനായ ഗവിജാതന്‍ അവിടെയെത്തി. പിതാവിന്‍റെ കഴുത്തില്‍ പാമ്പിന്‍ശവമെടുത്തിട്ട് അവഹേളിച്ചവനോട് ഗവിജാതന് കടുത്ത കോപമുണ്ടായി. അയാള്‍ രാജാവിനെ ശപിച്ചു.
'ഈ നീചകൃത്യം ചെയ്തവന്‍ ഇന്ന് മുതല്‍ ഏഴുദിവസത്തിനകം തക്ഷകന്‍റെ കടിയേറ്റ് മരിക്കാനിടയാവട്ടെ.'

 

ശാപം പുറപ്പെടുവിച്ച് കഴിഞ്ഞശേഷമാണ് ഉത്തമനായ പരീക്ഷിത്ത് രാജാവാണ് ആ കൃത്യം ചെയ്തതെന്നറിഞ്ഞത.് അദ്ദേഹത്തെ ശപിച്ചതില്‍ ദുഃഖിതനായ ഗവിജാതന്‍ ഒരു മുനികുമാരനെ അയച്ച് രാജാവിനെ ശാപവിവരമറിയിച്ചു.
 

രാജാവ് പരിഭ്രാന്തനായി. മന്ത്രിമാരുടേയും മറ്റും ഉപദേശപ്രകാരം പുതുതായി ഒരു ഏഴുനില മാളിക പണിതു. കനത്ത സുരക്ഷാസൗകര്യങ്ങളോടെ പുതിയ മാളികയിലായി താമസം. മദയാനകളും സൈന്യവും സദാ കൊട്ടാരത്തിന് കാവല്‍ നിന്നു. ദേവപ്രീതിക്ക് പ്രാര്‍ത്ഥിക്കുന്നതിനായി ബ്രാഹ്മണനെ ഏര്‍പ്പാട് ചെയ്തു. മന്ത്രൗഷധങ്ങളില്‍ പ്രാവീണ്യം തേടിയവരെ നിയമിച്ച രാജാവ് ഒരു കാര്യത്തിനും കൊട്ടാരത്തില്‍ നിന്നും വെളിയിലേക്ക് വരികയോ കൊട്ടാരത്തിനകത്തേയ്ക്ക് അനധികൃതമായി ഒരീച്ചപോലും കടക്കുകയോ ചെയ്യാത്തവിധം ഏര്‍പ്പാടുകളുണ്ടാക്കി. സര്‍വ്വം ഭദ്രം സുരക്ഷിതം.
 

കശ്യപനായിരുന്നു പ്രമുഖനായ വിഷഹാരി. രാജാവിനെ രക്ഷിക്കാനുള്ള താല്‍പ്പര്യത്തോടെ അദ്ദേഹം പരീക്ഷിത്തിന്‍റെ രാജധാനിയിലേക്ക് യാത്രയായി. ശാപവിവരമറിഞ്ഞ തക്ഷകനും ഹസ്തിനപുരിയിലേക്ക് യാത്ര തിരിച്ചുകഴിഞ്ഞിരുന്നു. പിതാവായ കശ്യപനെ വഴിയില്‍ വെച്ചുകണ്ടു മുട്ടിയ തക്ഷകന്‍ പെട്ടെന്ന് വേഷപ്രച്ഛന്നനായി. ഒരു വൃദ്ധബ്രാഹ്മണവേഷം ധരിച്ച് തക്ഷകന്‍ കശ്യപനെ സമീപിച്ചു. അദ്ദേഹത്തെ വേഗം  മടങ്ങിയയച്ചില്ലെങ്കില്‍ ശാപം ഫലിക്കുമോ ഇല്ലയോ എന്നു വാതുവെച്ചു. സംസാരത്തിനിടയില്‍ തക്ഷകന്‍ സ്വന്തം പേര്‍ വെളിപ്പെടുത്തി. ഒരു വന്‍വൃക്ഷത്തില്‍ തക്ഷകന്‍ ആഞ്ഞുകടിച്ചു.  തക്ഷകന്‍റെ ഉഗ്രവിഷത്താല്‍ മരം ക്ഷണനേരംകൊണ്ട് കരിഞ്ഞു ചാമ്പലായി. കശ്യപന്‍ കുറച്ചുവെള്ളം മന്ത്രം ജപിച്ച് ആ ചാമ്പലില്‍ ഒഴിച്ചു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ മരം പഴയതുപോലെ തഴച്ചുവളര്‍ന്നു. തക്ഷകന്‍ അത്ഭുതപ്പെട്ടുപോയി.
 

'അവിടുന്നു തന്നെയാണ് ശ്രേഷ്ഠന്‍, അങ്ങെന്‍റെ പിതാവാണെന്നത് എനിക്കഭിമാനം നല്‍കുന്നു. അങ്ങ് പരീക്ഷിത്തിന്‍റെ അടത്തുണ്ടായാല്‍ ഏത് വിഷത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയും. പക്ഷേ എനിക്കൊരു അപേക്ഷയുണ്ട്. ഒരുപുത്രന്‍റെ ദീനമായ അപേക്ഷ. ഈ ശാപം പൂര്‍ണ്ണമാകാന്‍ അങ്ങെന്നെ അനുവദിക്കണം. അങ്ങ് തിരിച്ചുപോകണം.
 

തക്ഷകന്‍റെ അപേക്ഷ കേട്ട് കശ്യപനിലെ പിതൃത്വം ഉണര്‍ന്നു. സ്വപുത്രന് അപമാനം സംഭവിക്കുന്നത് ഒരു പിതാവും ചെയ്തുകൂടല്ലോ. തക്ഷകന്‍റെ ധര്‍മ്മനിഷ്ഠ തന്നെ നടക്കട്ടെ. കശ്യപന്‍ പുത്രനെ അനുഗ്രഹിച്ചിട്ട് മടങ്ങിപ്പോയി.
 

പരീക്ഷിത്തിന് ശാപമേറ്റിട്ട് ആറുദിവസം കഴിഞ്ഞു. കൊട്ടാരത്തിനുള്ളില്‍ സുരക്ഷിതനായി കഴിഞ്ഞ പരീക്ഷിത്തിന് തക്ഷകനില്‍ നിന്നും ഒരാപത്തും സംഭവിച്ചില്ല. ഏഴാം ദിവസം രാവിലെയാണ് തക്ഷകന്‍ കൊട്ടാരത്തിന് പുറത്തെത്തിയത്. അകത്തുകടക്കാന്‍ ഒരു സുഷിരം പോലും കാണാതെ അയാള്‍ വിഷമിച്ചു. ഒടുവില്‍ തക്ഷകന്‍ ഒരു തന്ത്രം പ്രയോഗിക്കാന്‍ നിശ്ചയിച്ചു. തന്‍റെ കിങ്കരന്മാരെ സ്മരിച്ചുവരുത്തി. അവരെയെല്ലാം ബ്രാഹ്മണരുടെ വേഷം കെട്ടിച്ചു. രാജാവിന് സമ്മാനിക്കാനുള്ള ഫലമൂലാദികളുമായി ബ്രാഹ്മണരെ തക്ഷകന്‍ കൊട്ടാരത്തിലേക്കയച്ചു. തക്ഷകന്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്‍റെ രൂപം ഉള്‍ക്കൊണ്ട് ഒരു പഴത്തിനുള്ളില്‍ കടന്നിരുന്നു.
 

ബ്രാഹ്മണരെ ദ്വാരപാലകര്‍ തടഞ്ഞു. അവര്‍ നിര്‍ബന്ധിച്ച വിവരം പരീക്ഷിത്ത് രാജാവിനെ അറിയിച്ചു.
 

അവര്‍ കാഴ്ചദ്രവ്യങ്ങളായി കൊണ്ടുവന്ന ഫലമൂലാദികള്‍ ഇവിടെ കൊണ്ടുവരിക, നാളെ ഞാനവരെ സന്ദര്‍ശിച്ചുകൊള്ളാമെന്നും അറിയിക്കുക.' പരീക്ഷിത്ത് കല്‍പ്പിച്ചു.
ബ്രാഹ്മണര്‍ തങ്ങള്‍ കൊണ്ടുവന്ന പഴങ്ങളും മറ്റും ഭടന്മാരെയേല്‍പ്പിച്ചു. അവരത് രാജാവിന്‍റെ മുന്നില്‍ കൊണ്ടുവെച്ചു. ഏഴാംദിവസം അവസാനിക്കാറായ സമയമായിരുന്നു അത്. രാജാവിന്  എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷം. മന്ത്രിമാരും സേനാനായകന്മാരുമൊക്കെ അടുത്തുണ്ട്. പഴങ്ങളോരോന്നെടുത്ത് രാജാവ് തന്നെ അവര്‍ക്ക് സമ്മാനിച്ചു. നല്ലൊരു പഴം രാജാവുമെടുത്തു. കൃത്യമായും അതില്‍ തന്നെയായിരുന്നു തക്ഷകന്‍ പുഴുവായി ഒളിച്ചിരുന്നത്. രാജാവ് പഴം മുറിച്ചു തിന്നാനൊരുങ്ങിയപ്പോള്‍ അതില്‍ വളരെ ചെറിയൊരു പുഴുവിനെ കണ്ടു. ഉടല്‍ ചുവന്ന കണ്ണുകള്‍ കറുത്തുമുള്ള ഒരു പുഴു. അതിനെ കയ്യിലെടുത്തു കൊണ്ട്  തെല്ലഹങ്കാരത്തോടെ പരീക്ഷിത്ത് രാജാവ് മന്ത്രിമാരോട് പറഞ്ഞു.

 

'ഇതുകണ്ടോ. ഒരു കൃമി! ശാപത്തിന്‍റെ സമയം അവസാനിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ശാപം നിഷ്ഫലമായെന്നറിഞ്ഞാല്‍ ആ മുനിക്ക് ദുഃഖമുണ്ടാകും. അതിനാല്‍ ഈ കൃമി എന്നെയൊന്നു കടിച്ചുകൊള്ളട്ടെ.'
 

രാജാവ് പുഴുവിനെ കഴുത്തില്‍ വച്ചു. തല്‍ക്ഷണം പുഴു വളര്‍ന്നു തക്ഷകനായി. രാജാവിന്‍റെ കഴുത്തില്‍ ഒറ്റക്കൊത്ത് സര്‍പ്പദംശമേറ്റയുടന്‍ രാജാവ് ചത്തുനിലത്തു വീഴുകയും ചെയ്തു. അങ്ങനെ തക്ഷകന്‍ മുനിശാപം നിറവേറ്റി.
 

നാഗരാജാവായ തക്ഷകന്‍ തന്‍റെ പിതാവായ പരീക്ഷിത്ത് രാജാവിനെ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സര്‍പ്പയജ്ഞം നടത്തി. പുരോഹിതന്മാര്‍ ഓരോരോ നാഗങ്ങളുടെ പേരു പറഞ്ഞ് വരുത്തി അവയെ യാഗാഗ്നിയില്‍ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദ്ദേശിച്ചായിരുന്നു യജ്ഞം എങ്കിലും ഒരു കുറ്റവും ചെയ്യാത്ത ഒരുപാട് നാഗങ്ങള്‍ അഗ്നിയില്‍ എരിഞ്ഞു തീര്‍ന്നു. തക്ഷകന്‍ തന്‍റെ ആത്മമിത്രമായ ദേവേന്ദ്രന്‍റെ സംരക്ഷണയിലാണെന്ന് മനസ്സിലാക്കിയ രാജാവ് യജ്ഞത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചു.
 

ഒരുപാട് പാവം നാഗങ്ങള്‍ പൊള്ളലും മുറിവും ഒക്കെയായി കഷ്ടപ്പെട്ടു. നിരവധി നാഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു. നാഗങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട ദേവന്മാര്‍ രാജാവിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം യജ്ഞം അവസാനിപ്പിച്ചു. യജ്ഞം ഫലപ്രാപ്തിയിലെത്താതെ അവസാനിച്ചുവെങ്കിലും ഒരുപാട് നാഗങ്ങള്‍ പൊള്ളലും മുറിവും വേദനയും ദാഹവും ചൂടും ഒക്കെയായി കഷ്ടപ്പെട്ടു.
 

നാഗങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട് മനസ്സലിഞ്ഞ ആദിശേഷനാഗം തന്‍റെ നാഥനായ മഹാവിഷ്ണുവിനോട് ഇതിന് എന്തെങ്കിലും പരിഹാരം ചെയ്യുവാന്‍ അപേക്ഷിച്ചു. ആദിശേഷന്‍റെ പ്രാര്‍ത്ഥന മാനിച്ച മഹാവിഷ്ണു നാഗങ്ങളെയെല്ലാം ഒരു സ്ഥലത്ത് വരുത്തി.  അവരുടെയെല്ലാം ദേഹത്ത് മഞ്ഞള്‍പ്പൊടി കരിക്കിന്‍ വെള്ളത്തില്‍ കലക്കി അടയ്ക്കാ മരത്തിന്‍റെ പൂങ്കുലയില്‍ മുക്കി തളിച്ചു. അതുകൊണ്ട് നാഗങ്ങളുടെ ദേഹാസ്വാസ്ഥ്യങ്ങള്‍ മാറുകയും ആരോഗ്യം തിരിച്ചുകിട്ടുകയും ചെയ്തു. ഇതൊരു ആയില്യം നാളിലായിരുന്നു അങ്ങനെ ആയില്യം നാള്‍ നാഗങ്ങളുടെ ഇഷ്ടനാള്‍ ആകുകയും ചെയ്തു.
 

കേരളക്കരയില്‍ മിക്ക തറവാട്ടിലും തെക്കുപടിഞ്ഞാറേ മൂലയില്‍ പാമ്പുകാവുകള്‍ കാണാം. വര്‍ഷത്തില്‍ ഒരു ദിവസം- അത് നാഗരാജാവിന്‍റെ പിറന്നാളായ കന്നിയിലെ ആയില്യത്തിന് ഒരു നൂറും പാലും, വെള്ളരി, കവുങ്ങിന്‍ പൂക്കല, ഒന്നുമില്ലെങ്കില്‍ കുറച്ച് മഞ്ഞള്‍പ്പൊടി തൂകുക. അതുമില്ലെങ്കില്‍ ഒരു കെട്ടുതിരി കത്തിച്ചുവച്ചാല്‍ അന്ന് പ്രസാദിക്കും നാഗങ്ങള്‍. പ്രത്യക്ഷദൈവം ആണ് നാഗങ്ങള്‍. വീടുകളില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്തുള്ള നാഗക്ഷേത്രങ്ങളില്‍ പോയി വഴിപാടുകള്‍ കഴിച്ചാലും മതി. നാഗങ്ങള്‍ അനുഗ്രഹിക്കും.

 

ബാബുരാജ് പൊറത്തിശ്ശേരി
9846025010

Photo Courtesy - Google