ആയുർ പരിമാണം

ആയുർ പരിമാണം

HIGHLIGHTS

 1,000 ചതുർയുഗങ്ങളുടെ കാലം ബ്രഹ്മാവിന്റെ ഒരു പകലാണ്. പിന്നെ അദ്ദേഹം നിദ്രയ്‌ക്കൊരുങ്ങുന്നു. പകലിന്റെ അന്ത്യത്തിൽ നിദ്രയ്ക്കാരംഭിക്കുന്ന കാലത്തിന് കൽപമെന്ന് പറയപ്പെടുന്നു.

ഒരു നേരിയ സൂചിമുനകൊണ്ട് ഒരു തളിരിലയിൽ കുത്തിയാൽ അത് തുളഞ്ഞ് മറുപുറത്തെത്തുന്ന സമയത്തിന് ക്ഷണനേരമെന്ന് പറയുന്നു. മുപ്പതുക്ഷണത്തിന് ഒരു ത്രുടി. മുപ്പതു ത്രുടിക്ക് ഒരു കല. മുപ്പത് കലയ്ക്ക് ഒരു നിമിഷം അല്ലെങ്കിൽ 240 മാത്ര, ഒരു വിനാഴിക. 60 വിനാഴിക ഒരു നാഴിക. 60 നാഴിക ഒരു മനുഷ്യദിവസം അല്ലെങ്കിൽ ഒരു അഹോരാത്രം. പതിനഞ്ച് അഹോരാത്രം (ദിവസം) ഒരു പക്ഷം. രണ്ടു പക്ഷം(30 ദിവസം) ഒരുമാസം. പിതൃക്കളുടെ ഒരു ദിവസമാണത്. കറുത്തപക്ഷം അവരുടെ രാത്രിയും വെളുത്തപക്ഷം അവരുടെ പകലുമാണ്.

365 അഹോരാത്രങ്ങൾ(ദിവസങ്ങൾ) കൂടുമ്പോൾ മനുഷ്യർക്ക് ഒരു വർഷമാകുന്നു. മേഷാദി 12 മാസങ്ങൾ അതിൽ ഉൾപ്പെടുന്നു. അതിൽ ഉത്തരായനം(മകരം മുതൽ ആറുമാസം) പകലും ദക്ഷിണായനം രാത്രിയുമാണ്. മനുഷ്യരുടെ ഒരു വർഷം ദേവകൾക്ക് ഒരു ദിവസമാണ്. 360 ദിവ്യവർഷമെന്നും പറയുന്നു. അങ്ങനെയുള്ള 4,8000 ദിവ്യവർഷങ്ങൾ അല്ലെങ്കിൽ 17,28,000(പതിനേഴുലക്ഷത്തി ഇരുപത്തെണ്ണായിരം) മനുഷ്യസംവത്സരമാണ് കൃതയുഗകാലദൈർഘ്യം.

3,600 ദിവ്യവർഷം(12,96,000- പന്ത്രണ്ടുലക്ഷത്തി തൊണ്ണൂറ്റി ആറായിരം മനുഷ്യവത്സരം) ത്രേതായുഗത്തിന്റെ കാലമാണ്.

2,400 ദിവ്യവർഷം(8,64,000- എട്ടുലക്ഷത്തി അറുപത്തിനാലായിരം മനുഷ്യവർഷങ്ങൾ) ദ്വാപരയുഗത്തിന്റെ കാലദൈർഘ്യമാണ്.

1,200 ദിവ്യവർഷങ്ങൾ(4,32,000- നാലുലക്ഷത്തി മുപ്പത്തിരണ്ടായിരം മനുഷ്യവർഷങ്ങൾ) കലിയുഗത്തിന്റെ കാലദൈർഘ്യമാണ്.

അങ്ങനെയുള്ള നാലുയുഗങ്ങൾക്കുംകൂടി ആകെ 12,000 ദിവ്യവർഷങ്ങൾ-അല്ലെങ്കിൽ 43,20,000 മനുഷ്യവർഷങ്ങൾ-ഉണ്ട്. ഈ നാലുയുഗങ്ങൾക്കും കൂടി ഒരു 'ചതുർയുഗം' എന്ന് പേർ പറയപ്പെടുന്നു.

അപ്രകാരമുള്ള 1,000 ചതുർയുഗങ്ങളുടെ കാലം ബ്രഹ്മാവിന്റെ ഒരു പകലാണ്. പിന്നെ അദ്ദേഹം നിദ്രയ്‌ക്കൊരുങ്ങുന്നു. പകലിന്റെ അന്ത്യത്തിൽ നിദ്രയ്ക്കാരംഭിക്കുന്ന കാലത്തിന് കൽപമെന്ന് പറയപ്പെടുന്നു.

അന്നുമുതൽ പിന്നെ പ്രളയമാണ്. അതായത്, ബ്രഹ്മദേവൻ സുഷുപ്തിയിൽ ലയിച്ചിരിക്കുന്ന രാത്രികാലമാണ് പ്രളയം. പകലുപോലെ 1,000 ചതുർയുഗങ്ങളുടെ കാലദൈർഘ്യം വിരിഞ്ചന്റെ രാത്രിക്കുമുണ്ട്.

അങ്ങനെ പകലും രാത്രിയും കൂടിയുള്ള 2,000 ചതുർയുഗങ്ങളുടെ കാലമാണ് ബ്രഹ്മാവിന്റെ ഒരു അഹോരാത്രം-ദിവസം(ബ്രഹ്മദിനം)

360 ബ്രഹ്മദിനം ഒരു ബ്രഹ്മവർഷം. അങ്ങനെയുള്ള 100 ബ്രഹ്മവർഷം കൂടുന്നതാണ് ബ്രഹ്മാവിന്റെ ആയുസ്സ്(ബ്രഹ്മായുസ്സ്).

ഒരു ബ്രഹ്മായുസ്സ് വിഷ്ണുഭഗവാന്റെ ഒരു നിമിഷനേരം മാത്രമാണ്.

ബ്രഹ്മദേവന്റെ രാത്രി അവസാനിക്കുമ്പോൾ പ്രളയവും അവസാനിക്കുന്നു. പിന്നെയും സൃഷ്ടി തുടരുകയും അതിനിടയിൽ യുഗങ്ങൾ ഉണ്ടാകുകയും 1,000 ചതുർയുഗങ്ങൾ കഴിയുമ്പോൾ വീണ്ടും പ്രളയം ഉണ്ടാകുകയും പ്രളയം തീരുമ്പോൾ വീണ്ടും സൃഷ്ടി ആരംഭിക്കുകയും അങ്ങനെ ബ്രഹ്മദിനങ്ങളും ബ്രഹ്മായുസ്സുകളും ഒന്നിനുപുറകെ ഒന്നായി അത്ഭുത പ്രതിഭാസങ്ങളോടെ കടന്നുപോകുകയും ചെയ്യുന്നു.

ബ്രഹ്മാവിന്റെ ഒരു പകലിൽ 14 മനുക്കളുടെ കാലം(മന്വന്തരങ്ങൾ) ഉത്ഭൂതമാകുന്നു. അതായത് ഒരു മനുവിന് 71 8/7ചതുർയുഗങ്ങളാണ്. (43,20,000- 71 8/7 മനുഷ്യവർഗ്ഗങ്ങൾ).