ബാധോപദ്രവം
മനുഷ്യരെ രോഗം ബാധിക്കുന്നത് രണ്ടുവിധത്തിലാണ്. ഒന്ന് ത്രിദോഷങ്ങള്‍ കോപിച്ച്. അതായത് വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലിതാവസ്ഥ. രണ്ടാമത് ബാധോപദ്രവം. ആദ്യത്തേതില്‍ നിന്ന് രക്ഷ നേടാന്‍ ഔഷധം തന്നെ ശരണം. പക്ഷേ രണ്ടാമത്തേതിന് ഔഷധം ഉപയോഗിക്കുന്നതോടൊപ്പം ബാധകളെ ആവാഹിച്ചുമാറ്റുകയും വേണം. ബാധ ശരീരത്തില്‍ ഉള്ളപ്പോള്‍ ഔഷധങ്ങള്‍ വേണ്ടത്ര ഫലിക്കില്ല.
പ്രശ്നത്തില്‍ ഉദയരാശിക്ക് ബലം കൂടുതല്‍ ഉണ്ടെങ്കില്‍ രോഗം ത്രിദോഷം കൊണ്ടുണ്ടായതാണെന്നും അല്ല ആരൂഢരാശിക്കാണ് ബലം കൂടുതല്‍ കാണുന്നതെങ്കില്‍ രോഗം ബാധ നിമിത്തമാണെന്നും ഊഹിക്കണം. ഭാവാധിപനെ പരിഗണിക്കുമ്പോള്‍ 8-ാം ഭാവാധിപനാണ് ബലം കൂടുതലെങ്കില്‍ ത്രിദോഷം കൊണ്ടും അതല്ല ആറാം ഭാവാധിപനാണ് ബലം കൂടുതലെങ്കില്‍ രോഗം ബാധനിമിത്തമാണെന്നും തീരുമാനിക്കണം.
ബാധകളെ സാമാന്യ ബാധയെന്നും മഹാബാധയെന്നും രണ്ടായി തരം തിരിക്കാം. സാമാന്യബാധയില്‍ ചരരാശികള്‍ക്ക് 11-ാം ഭാവവും സ്ഥിരരാശികള്‍ക്ക് 9-ാം ഭാവവും ഉഭയരാശികള്‍ക്ക് 7-ാം ഭാവവും ബാധകസ്ഥാനങ്ങള്‍ ആകുന്നു. മഹാബാധയില്‍ ചരരാശികള്‍ക്ക് കുംഭവും ഇടവത്തിന് മകരവും മീനത്തിന് ധനുവും കുംഭത്തിന് കര്‍ക്കിടകവും ചിങ്ങം, വൃശ്ചികം, കന്നി, ധനു, മകരം ഇവയ്ക്ക് വൃശ്ചികവും- ബാധാസ്ഥാനങ്ങള്‍ ആകുന്നു. ബലാബലം നോക്കി സാമാന്യബാധകളേയും ബാധകളേയും തിരിച്ചറിയണം.
രോഗങ്ങള്‍ പലവിധത്തില്‍ ഉള്ളതുപോലെ ബാധകളും പലവിധത്തില്‍ ഉണ്ട്. ധര്‍മ്മദൈവകോപം, സര്‍പ്പശാപം ഇവയൊക്കെ ബാധകളായി കരുതാവുന്നതാണ്.
ധര്‍മ്മദൈവകോപം- ബാധാധിപന്‍ 4 ല്‍ നില്‍ക്കുക അഥവാ 4-ാം ഭാവാധിപന്‍ ബാധകസ്ഥാനത്ത് നില്‍ക്കുക, ബാധകാധിപനും 4-ാം ഭാവാധിപനും പരസ്പരം രാശി മാറിനില്‍ക്കുക. പരസ്പരം ദൃഷ്ടി ചെയ്യുക ഇതെല്ലാം ധര്‍മ്മദൈവകോപത്തെ കാണിക്കുന്നു.
സര്‍പ്പബാധ- രാഹുബാധക സ്ഥാനത്തുനില്‍ക്കുക, വ്യാഴം ബാധകാധിപനായി 6 ലോ 8 ലോ രാഹുവിന്‍റെ കേന്ദ്രത്തില്‍ നില്‍ക്കുക, ബാധകാധിപനായ വ്യാഴം ഗുളികകേന്ദ്രത്തില്‍ നില്‍ക്കുക ഇതെല്ലാം സര്‍പ്പബാധയെ കാണിക്കുന്നു.
ബ്രാഹ്മണശാപം- ഗുരുക്ഷേത്രം ബാധകസ്ഥാനമായി അവിടെ പാപഗ്രഹം നില്‍ക്കുക, പാപക്ഷേത്രം ബാധകസ്ഥാനമായി അവിടെ ഗുരു നില്‍ക്കുക ഇങ്ങനെ കണ്ടാല്‍ ബ്രാഹ്മണ ശാപം/ ഗുരുശാപം പറയണം.
പിതൃശാപം- ആദിത്യന്‍ കുജക്ഷേത്രത്തിലോ കുജനവാംശകത്തിലോ ബാധകസ്ഥാനത്തുനിന്നാല്‍ പിതൃശാപം പറയണം. ഏതെങ്കിലും പാപന്‍ അനിഷ്ടഭാവത്തില്‍ ചിങ്ങംരാശിയില്‍ നിന്നാലും പിതൃശാപം പറയാം.
മാതൃശാപം- ചന്ദ്രന്‍ കുജക്ഷേത്രത്തിലോ കുജനവാംശകത്തിലോ ബാധാസ്ഥാനത്തുനിന്നാല്‍ മാതൃശാപം പറയണം. ഏതെങ്കിലും പാപന്‍ കര്‍ക്കിടകം രാശിയില്‍ അനിഷ്ടഭാവത്തില്‍ നിന്നാലും മാതൃശാപം പറയാവുന്നതാണ്.
നാവിന്‍ദോഷം- രണ്ടാം ഭാവാധിപതിക്ക് ബാധകാധിപതിയുടെ യോഗദൃഷ്ടികള്‍ ഉണ്ടായാല്‍ നാവിന്‍ദോഷം പറയണം. വ്യാഴത്തിനുമേല്‍ പറഞ്ഞപ്രകാരം യോഗദൃഷ്ടികള്‍ ഉണ്ടാകുന്നതും ദോഷത്തെ കാണിക്കുന്നു.
ഒടിദോഷം- ലഗ്നത്തിനെയോ ലഗ്നാധിപനെയോ ഗുളികാഷ്ടമാധിപന്മാര്‍ ദൃഷ്ടി ചെയ്താല്‍ ഒടിദോഷം പറയണം.
പ്രേതബാധ- ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയുടെ ശേഷക്രിയകള്‍ ചെയ്യാത്ത പക്ഷം ആ ആത്മാവിന് ഗതികിട്ടാതെ പൈശാചികത്വം കൈവരിച്ച് സ്വന്തപ്പെട്ടവരേയും മറ്റുള്ളവരേയും ഉപദ്രവിക്കും. ഗുളികനോ ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപനോ ബാധാസ്ഥാനത്തോ അനിഷ്ടസ്ഥാനത്തോ നിന്നാല്‍ പ്രേതകോപം പറയണം. ഇപ്രകാരം നില്‍ക്കുന്ന ഗുളികന്‍ കുജന്‍റെ ക്ഷേത്രനവാംശകകങ്ങളില്‍ നില്‍ക്കുകയോ പ്രസ്തുത ഗുളികന് കുജന്‍റെ യോഗദൃഷ്ടികള്‍ ഉണ്ടാവുകയോ ചെയ്താല്‍ ആ പ്രേതം അഗ്നിയില്‍ വീണോ ആയുധത്താലോ മരിച്ചതാണെന്ന് നിശ്ചയിക്കണം. രാഹുവിന്‍റെ യോഗദൃഷ്ടികളുണ്ടെങ്കില്‍ പ്രേതം പാമ്പുകടിയേറ്റ് മരിച്ചതാണെന്നും പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ ഉണ്ടെങ്കില്‍ പ്രേതം ദുര്‍മരണപ്പെട്ടതാണെന്നും ഗുളികന് ജലരാശി ബന്ധം ഉണ്ടായാല്‍ പ്രേതം വെള്ളത്തില്‍ വീണ് മരിച്ചതാണെന്നും അനുമാനിക്കാം.
ദൃഷ്ടിബാധ- ലഗ്നത്തിനേയോ ലഗ്നാധിപനേയോ ബാധകാധിപതി ദൃഷ്ടി ചെയ്താല്‍ ദൃഷ്ടിബാധ പറയാം. ഏഴാം ഭാവാധിപനും ബാധകാധിപനും പരസ്പരം ദൃഷ്ടി ചെയ്യുക, ഒരുമിച്ചു നില്‍ക്കുക, 7-ാം ഭാവാധിപന് ബാധകാധിപന്‍റെ യോഗമോ ദൃഷ്ടിയോ ലഭിക്കുക ഇതെല്ലാം ദൃഷ്ടിബാധയെ കാണിക്കുന്നു. അസമയത്ത് ഇറങ്ങിനടക്കുമ്പോഴോ, രാത്രിയിലോ പെട്ടെന്ന് എന്തിനെയെങ്കിലും കണ്ട് ഭയപ്പെടുമ്പോഴാണ് ബാധോപദ്രവം ഉണ്ടാവുക.
ശത്രുബാധ- ശത്രുക്കള്‍ ചെയ്യുന്ന ക്ഷുദ്രപ്രവൃത്തികള്‍ കൊണ്ടും ബാധോപദ്രവം ഉണ്ടാകും. ബാധകാധിപന്‍ ആറാമിടത്തുനില്‍ക്കുകയോ നോക്കുകയോ ചെയ്യുക, 6-ാം ഭാവാധിപന്‍ ബാധകസ്ഥാനത്തുനില്‍ക്കുകയോ നോക്കുകയോ ചെയ്യുക, ബാധകാധിപനും 6-ാം ഭാവാധിപനും ഒരുമിച്ചുനില്‍ക്കുകയോ നോക്കുകയോ ചെയ്യുക, പരസ്പരം പരിവര്‍ത്തനം ചെയ്തുനില്‍ക്കുക ഇതെല്ലാം ശത്രുബാധോപദ്രവത്തെ സൂചിപ്പിക്കുന്നു.
ഗര്‍ഭപ്രേതം- ബാധകസ്ഥാനത്ത് അര്‍ക്കന്‍, മാന്ദി, കേതു നില്‍ക്കുന്നത് ഗര്‍ഭപ്രേതത്തിന്‍റെ ഉപദ്രവത്തെ കാണിക്കുന്നു. പ്രസവത്തോടുകൂടി മരിക്കുന്ന സ്ത്രീയുടെ പ്രേതമാണ് ഗര്‍ഭപ്രേതം.
കൈവിഷം- പ്രശ്നത്തില്‍ 4, 6, 7, 8 എന്നീ ഭാവങ്ങളില്‍ ഒന്നില്‍ ഗുളികനോ രാഹുവോ നിന്നാല്‍ കൈവിഷം ഉണ്ടെന്നുപറയാം. 6-ാം ഭാവാധിപനും ഗുളികനും കൂടി ഈ ഭാവങ്ങളില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ശത്രുവാണ് വിഷം തന്നതെന്നും ലഗ്നാധിപനും ആറാം ഭാവാധിപനും തമ്മില്‍ യോഗദൃഷ്ടികള്‍ ഉണ്ടായാല്‍ വിഷം നല്‍കിയത് കൊല്ലാനാണെന്നും 7-ാം ഭാവാധിപനുമായിട്ടാണ് ബന്ധം കാണിക്കുന്നതെങ്കില്‍ വശീകരിക്കാനാണെന്നും അനുമാനിക്കാം.
വിഷം ഉള്ളില്‍ ചെന്നതു ചിങ്ങം ആരൂഢമായാല്‍ എരിവുള്ള വസ്തുക്കളില്‍ കൂടിയും കര്‍ക്കിടകമായാല്‍ ഉപ്പുരസമുള്ള പദാര്‍ത്ഥങ്ങളില്‍ കൂടിയും മേടം വൃശ്ചികം ആയാല്‍ നെയ്യില്‍ കൂടിയും ഇടവമോ തുലാമോ ആയാല്‍ തൈര്, മോര് എന്നിവയില്‍ കൂടിയും മിഥുനമോ കന്നിയോ ആയാല്‍ പാലിലോ പഴത്തിലോ ചേര്‍ത്തും മകരമോ കുംഭമോ ആയാല്‍ ആഹാരത്തില്‍ കൂടിയാണെന്നും നിശ്ചയിക്കാവുന്നതാണ്.
മനുഷ്യരില്‍ രോഗം ഉണ്ടാക്കുന്ന ചില പ്രേതങ്ങളെപ്പറ്റിയുള്ള വിവരണങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കിഴക്കേടം നാരായണന്‍,
(9400481576)
