ബലിയിടൽ; അധർമ്മത്തിന്റെ പാപപരിഹാരാർത്ഥം

ബലിയിടൽ; അധർമ്മത്തിന്റെ പാപപരിഹാരാർത്ഥം

HIGHLIGHTS

മഹാഭാരത യുദ്ധത്തിനുശേഷം പശ്ചാത്താപ വിവശരായ പാണ്ഡവന്മാർ, മോക്ഷപ്രാപ്തിക്കായി വിവിധ പ്രായശ്ചിത്തങ്ങൾ ചെയ്യുകയും, തുടർന്ന് പ്രതിഷ്ഠ നടത്തുകയും ചെയ്ത അപൂർവ്വ സന്നിധാനമാണ് തിരുമിറ്റക്കോട് ശ്രീ അഞ്ചുമൂർത്തി ക്ഷേത്രം.

പാണ്ഡവർ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ പലയിടത്തായി ഉണ്ടെങ്കിലും, ഒരു മതിൽക്കെട്ടിനകത്ത്, അഞ്ചുപേരും, നാല് വിഷ്ണുഭഗവാനെ പ്രതിഷ്ഠിച്ചു എന്നതാണ് ഇവിടുത്തെ സവിശേഷത. ഭാരതയുദ്ധവേളയിൽ പാണ്ഡവർക്ക് ഒട്ടേറെ അധർമ്മങ്ങൾ ചെയ്യേണ്ടി വന്നു. ധർമ്മം നിലനിർത്താനായാണ് ആവിധം അധർമ്മങ്ങൾ ചെയ്യേണ്ടി വന്നതെങ്കിലും, പാണ്ഡവർ യുദ്ധവിജയശേഷവും മാനസികവേദനയിലായിരുന്നു. ഒട്ടേറെ സമയങ്ങളിൽ അസത്യം പറയേണ്ടി വന്നു, ഗുരുവിനേയും സഹോദരനേയും വധിക്കേണ്ടി വന്നു. ധർമ്മപ്രകാരമല്ലാതെ യുദ്ധം ചെയ്യേണ്ടിവന്നു, ഈ വിധം വീഴ്ചകൾ മനസ്സിനെ നീറ്റിയപ്പോഴാണ് പ്രായശ്ചിത്തലക്ഷ്യത്തോടെ തീർത്ഥാടനം നടത്തുകയും, ഭാരതപ്പുഴയോരത്തെ, ഗംഗാസാമീപ്യത്തിനരികിലെത്തി. അധർമ്മത്തിന്റെ പാപപരിഹാരാർത്ഥം, ബലിയിട്ടത് എന്നാണ് വിശ്വാസം.

ബലികർമ്മാനുഷ്ഠാനങ്ങൾക്ക് ശേഷം, അവിടെ ദൃശ്യമായ ചൈതന്യത്തെ ആവാഹിച്ച് തിരുമിറ്റക്കോട്ട് പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഇന്നും, ഗംഗാനദിയുടെ സാമീപ്യമുള്ളയിവിടം, പിതൃമോക്ഷകാര്യങ്ങൾക്ക് ഏറെ വിശിഷ്ടമായയിടമായി കരുതുകയും സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെപ്പേർ, ദിവസവും, നിത്യബലിക്കായി ഇവിടെ എത്തിച്ചേരുകയും ചെയ്യുന്നു. പാലക്കാട്ട് ജില്ലയിൽ പട്ടാമ്പിക്കടുത്താണ് ഏറെ പേരുകേട്ട തിരുമിറ്റക്കോട് ശ്രീ അഞ്ചുമൂർത്തി ക്ഷേത്രം കുടികൊള്ളുന്നത്. കിഴക്കുനിന്നുമെത്തുന്ന ഭാരതപ്പുഴ ക്ഷേത്രത്തിന്റെ കടൽപ്പടവുകളിൽ വന്ദിച്ച് വടക്ക് ദിശയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.

നാല് വിഷ്ണുപ്രതിഷ്ഠകൾ

എല്ലാ പ്രതിഷ്ഠകളും ഭാരതപ്പുഴയ്ക്ക് അഭിമുഖമായി കിഴക്കോട്ടാണ് കുടികൊള്ളുന്നത്. പഞ്ചപാണ്ഡവരിൽ പ്രധാനിയായ, അർജ്ജുനൻ പ്രതിഷ്ഠിച്ച വിഗ്രഹമാണ് ശ്രീകോവിലിൽ പൂജ ചെയ്ത് വരുന്നത്. മഹാവിഷ്ണു, ശംഖ്, ഗദ, പത്മം എന്നിവ അണിഞ്ഞ രൂപത്തിലാണെങ്കിലും, 'പാർത്ഥസാരഥി' ഭാവത്തിലാണ് വിളങ്ങുന്നതെന്ന സവിശേഷതകൾ കൂടിയുണ്ട്.

ധർമ്മപുത്രർ പ്രതിഷ്ഠിച്ച മഹാവിഷ്ണു, ശങ്കരനാരായണ ഭാവത്തിലാണ് ഭീമൻ നരസിംഹ മൂർത്തിഭാവത്തിലും പ്രതിഷ്ഠ നടത്തി. നകുല സഹദേവൻമാരാകട്ടെ, ഗോശാലകൃഷ്ണന്റെ ഭാവത്തിലുമാണ് പ്രതിഷ്ഠ നടത്തിയത്.

നാല് മഹാവിഷ്ണു ക്ഷേത്രങ്ങൾക്ക് പുറമെ, ഏറെ പ്രസിദ്ധമായ പരമശിവ പ്രതിഷ്ഠ കൂടി ഇവിടെയുണ്ട്. നാലമ്പലത്തിന് പുറത്തുനിന്ന് നോക്കിയാൽ, ശിവക്ഷേത്രം അല്ലാതെ വിഷ്ണുക്ഷേത്രം കാണാൻ കഴിയുകയില്ല. ശിവക്ഷേത്രത്തിനരികിലെത്തി, ഭഗവാനെ വണങ്ങിയ ശേഷമാണ്, ശ്രീകോവിലിന് പിറകിലുള്ള വിഷ്ണുക്ഷേത്രത്തിലേക്ക് പ്രവേശിക്കുക. ഒരു ദേവന്റെ പിൻഭാഗത്തായി, മറ്റൊരു ശ്രീകോവിലിൽ വേറെ ഒരു ദേവൻ കുടികൊള്ളുന്ന കാഴ്ച അത്യധികം വേറിട്ടതാണ്.

പൗരാണികമായ ശിൽപ്പഭംഗികളാൽ, സമൃദ്ധമാണ് ഇരു ശ്രീകോവിലുകളും. കരിങ്കല്ലിലും, ദാരുവിലും മറ്റുമായി പണിതുയർത്തിയിരിക്കുന്ന വൈവിദ്ധ്യമാർന്ന ശിൽപ്പങ്ങളെക്കുറിച്ച്, പുരാവസ്തു വിഭാഗം, ശാസ്ത്രീയമായ ഒട്ടേറെ പഠനങ്ങൾ നടത്തിവരികയാണ്.

മഹാവിഷ്ണുവിന്റെ വിഗ്രഹത്തിലെ പത്മം ഏറെ സവിശേഷമായ പഠനത്തിന് വിധേയമായിട്ടുണ്ട്. ശംഖ്, ഗദ, പത്മങ്ങളിൽ, സാധാരണ കാണപ്പെടുന്നത് വിരിഞ്ഞ പുഷ്പമാണ്. എന്നാലിവിടെ, മുകുളാവസ്ഥയിലാണ്. ഈ വിധത്തിൽ താമര മൊട്ടോടെയുള്ള ശിൽപ്പങ്ങൾ എട്ടാം നൂറ്റാണ്ടിലെ ശിൽപ്പരീതിയാണെന്നാണ് ഔദ്യോഗിക വിശകലനം. അതിനാൽ ഈ വിഗ്രഹം 8-ാം നൂറ്റാണ്ടിലേതാണെന്ന വിധത്തിലുള്ള പഠനങ്ങളും നടന്നുവരുന്നുണ്ട്. കൊത്തുപണികളിലെ വൈവിധ്യങ്ങൾ കാലപ്പഴക്കത്തെ നിർണ്ണയിക്കുമെന്നുതന്നെയാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. തിടപ്പള്ളിയിലെ കരിങ്കൽകട്ടിളയിൽ, കുലശേഖര കോതരവിയുടെ കൽപ്പനപ്രകാരം ക്ഷേത്രത്തിൽ സ്വർണ്ണം സമർപ്പിച്ചതിന്റെ രേഖകൾ ആലേഖനം ചെയ്തിട്ടുണ്ട്.

തമിഴ് മഹാകവി കുലശേഖര ആഴ്‌വാർ, 108 വിഷ്ണുക്ഷേത്രങ്ങളെക്കുറിച്ചെഴുതിയ 'നാലായിരത്തെട്ട് ദിവ്യപ്രബന്ധം' എന്ന കൃതിയിൽ 10 ശ്ലോകങ്ങൾ ഈ പൗരാണികക്ഷേത്രത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ജന്മത്തിങ്കൽ, ഭഗവാന്റെ തൃപ്പടിയിലൊന്നായി ജനിക്കണമെന്നും, ദിനേന ഭഗവാന്റെ ദർശനപുണ്യം ലഭിക്കണമെന്നും ആഴ്‌വാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഈവിധത്തിൽ ഒട്ടേറെ ചരിത്രപരമായ പ്രാധാന്യം കൂടിയുള്ള ഈ ക്ഷേത്രസമുച്ചയം പുരാവസ്തു വിഭാഗത്തിന്റെ സംരക്ഷണത്തിലുമാണ്.

ശ്രീകോവിലിന് പിന്നിൽ മറ്റൊരു ശ്രീകോവിൽ

ഒരു ശ്രീകോവിലിന് പിറകിലായി മറ്റൊരു ശ്രീകോവിൽ കാണുന്നുവെന്ന സവിശേഷതയ്ക്ക് പുറമെ, മറ്റ് ക്ഷേത്രങ്ങളിലില്ലാത്ത ഒട്ടേറെ അപൂർവ്വതകൾ കൂടി തിരുമിറ്റക്കോട് ക്ഷേത്രത്തിനുണ്ട്. സാധാരണഗതിയിൽ ഏത് ക്ഷേത്രത്തിലും ഗണപതി ഭഗവാനെ പ്രതിഷ്ഠിക്കുക കന്നിമൂലയിലായിരിക്കും, ഇവിടെ വിഘ്‌നേശ്വരൻ കുടികൊള്ളുന്നത് കയറിവരുന്ന വഴിയിൽ, തെക്കോട്ട് തിരിഞ്ഞിരിക്കുന്ന വിധത്തിലാണ്.

സാധാരണഗതിയിൽ മറ്റ് ക്ഷേത്രങ്ങളിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും നടകൾ തുറക്കാൻ കഴിയും. എന്നാലിവിടെ കിഴക്കോട്ട് മാത്രമേ വാതിൽ ഉള്ളൂ. പടിഞ്ഞാറ് ഭാഗത്ത്, ഗോപുരമോ, മറ്റ് നടകളോ കൊടിമരമോ ഇല്ല എന്ന അപൂർവ്വതയും ഈ ക്ഷേത്രത്തിനുണ്ട്.

ദേവസ്വം ഉദ്യോഗസ്ഥനായ ജയപ്രകാശ് 'ജ്യോതിഷരത്‌ന'ത്തോട് പറഞ്ഞു.

വിദ്യാനുഗ്രഹമേകി വേദവ്യാസ സന്നിധാനം

കേരളത്തിൽ മറ്റൊരിടത്തും ഇല്ലാത്തവിധത്തിൽ, വേദവ്യാസ പ്രതിഷ്ഠ ഇവിടെയുണ്ട്. അയ്യപ്പന്റെ കോവിലിൽ, ഒപ്പം തന്നെയാണ് വേദവ്യാസനും കുടികൊള്ളുന്നത്. വിദ്യാഭ്യാസ സമൃദ്ധിക്കും, സംഗീത- സാഹിത്യാദികലകളുടെ ഉന്നമനത്തിനുമായി ഒട്ടേറെപ്പേരാണ് വേദവ്യാസസ്വാമിക്ക് മുന്നിൽ പ്രാർത്ഥനകളുമായി എത്തുന്നത്. പഞ്ചസാര പായസവും, അപ്പവുമാണിവിടുത്തെ വഴിപാട്.

ക്ഷേത്രത്തിൽ തൃപ്പുകയും, വാരവുമാണ് മറ്റ് പ്രധാന വഴിപാട്. അത്താഴപൂജയ്ക്കുശേഷം, അപ്പം നിവേദിക്കുന്ന വഴിപാടാണ് തൃപ്പുക. ഋഗ്വേദ സൂക്തങ്ങൾ ഉരുവിട്ട് പ്രത്യേക പൂജ നടത്തുന്നതാണ് വാരം. വിദ്യാഭ്യാസ പുരോഗതിക്കും, ജോലി സംബന്ധമായ തടസ്സങ്ങൾ മാറുന്നതിനുമൊക്കെയാണ് വാരം വഴിപാട് കഴിക്കുന്നത്. നാഗദേവതമാർക്കുള്ള പ്രത്യേകപൂജകളും നടന്ന് വരുന്നുണ്ട്.

ഏത് പൂജകളും ഒരുപോലെ, മഹാവിഷ്ണു ക്ഷേത്രത്തിലും, പരമശിവക്ഷേത്രത്തിലും നടത്തുകയും ചെയ്യും. ശിവരാത്രി, അഷ്ടമിരോഹിണി എന്നിവ ഇവിടുത്തെ സവിശേഷ ഉത്സവകാലം കൂടിയാണ്. തന്ത്രിമാർ, മേൽശാന്തിമാർ, കഴകക്കാർ ഇവരെല്ലാം രണ്ടുപേർ വീതമാണ് ക്ഷേത്രത്തിനുള്ളതെന്ന സവിശേഷത കൂടിയുണ്ട്. ശ്രീധരൻ ചുമരത്ത് മന ദിവാകരൻ നമ്പൂതിരിപ്പാട്, കല്ലൂർമന ദേവദാസൻ നമ്പൂതിരിപ്പാട് എന്നിവരാണ് തന്ത്രിമാർ. സന്തോഷ് ശർമ്മയും, തത്താണത്ത് മന ശ്രീജിത്ത് നമ്പൂതിരിയുമാണ് മേൽശാന്തിമാർ. മലബാർ ദേവസ്വം ബോർഡിന്റെ ഭരണനിർവ്വഹണത്തിൻകീഴിലാണ് ഈ പ്രമുഖക്ഷേത്രമുള്ളത്.

പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്റ്റാന്റിൽ നിന്നും, തിരുമിറ്റക്കോട് ക്ഷേത്രത്തിലേക്ക് വാഹനസൗകര്യങ്ങൾ എപ്പോഴും ലഭ്യമാണ.്

വഴിവിളക്കാകുന്ന പിതൃസ്‌നേഹ സാമീപ്യം

ബലിതർപ്പണത്തിനായി ഭാരതപ്പുഴയോരത്തെ സ്‌നാനഘട്ടങ്ങൾക്ക് വളരെയധികം പ്രാധാന്യമാണുള്ളത്. തിരുമിറ്റക്കാട്, തിരുനാവായ, തിരുവില്വാമല, തിരുവേഗപ്പുറം ഇവയെല്ലാം ഈവിധത്തിൽ ഏറെ കീർത്തി കേട്ടവയാണല്ലോ. എന്നാൽ തിരുമിറ്റക്കോട് ഇതിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതിന് പ്രധാന കാരണം വനവാസക്കാലത്ത് പഞ്ചപാണ്ഡവർ, മോക്ഷപ്രാപ്തിക്കായി പിതൃതർപ്പണം നടത്തിയ ഇടം എന്നതുകൊണ്ടും, ഗംഗാനദിയുടേയും കാശിവിശ്വനാഥന്റേയും സാമീപ്യമുള്ള ദിവ്യസ്ഥാനം എന്ന നിലയിലുമാണ്. കർക്കിടകവാവ്, തുലാംവാവ്, വൈശാഖവാവ്, കുംഭവാവ് എന്നീ വിശേഷാവസരങ്ങൾക്ക് പുറമെ, എല്ലാ ദിവസവും നിളയുടെ തീരത്തെ മണൽപ്പരപ്പിൽ പിതൃതർപ്പണമർപ്പിക്കാനുള്ള സൗകര്യവും തിരുമിറ്റക്കാട് ശ്രീ അഞ്ചുമൂർത്തി ക്ഷേത്രത്തിനുണ്ട്.