കര്‍ക്കിടകത്തിലെ ദേവീപ്രീതി ആരോഗ്യത്തിനും ഐശ്വര്യത്തിനും

കര്‍ക്കിടകത്തിലെ ദേവീപ്രീതി ആരോഗ്യത്തിനും ഐശ്വര്യത്തിനും

HIGHLIGHTS

കര്‍ക്കിടകം പ്രകൃതിക്കും ജീവരാശികള്‍ക്കും പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന മാസമാണ്. ആരോഗ്യ സമ്പത്ത് പ്രദാനം ചെയ്യുന്ന ശ്രേഷ്ഠത മറ്റൊരു മാസത്തിനും അവകാശമില്ല. ജീവന്‍റെ നിലനില്‍പ്പായി നിലകൊള്ളുന്ന കര്‍ക്കിടകത്തെ മാസപ്രധാനിയായി വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തിന്‍റെ ദേവത ഭഗവതിയാണ്. സാക്ഷാല്‍ ശക്തിസ്വരൂപിണിയായ ഭഗവതി തന്നെയാണ്. കര്‍ക്കിടകത്തിലെ ദേവീപ്രീതി വരുംവര്‍ഷത്തെ ഐശ്വര്യത്തിനും ആരോഗ്യത്തിനും ഉത്തമമായി കരുതുന്നു.

മാസങ്ങളില്‍ ഏറെ ശ്രേഷ്ഠം ഏതാണെന്ന് ചോദിച്ചാല്‍ ശാക്തേയ ഉപാസകര്‍ നിസ്സംശയം പറയും, കര്‍ക്കിടകം. കേരളത്തെ സംബന്ധിച്ചിടത്തോളം ഹിന്ദുമതത്തിലെ എല്ലാ വിഭാഗക്കാരുടേയും പരദേവത ഭദ്രകാളി സങ്കല്‍പ്പത്തിലുള്ള ഭഗവതിയാണ്. ദേശദേവതയോ, ഇഷ്ടദേവതയോ മറ്റാരെങ്കിലുമാവാം. എന്നാല്‍ പരദേവത ഭഗവതി തന്നെയാണ്. കര്‍ക്കിടക മാസത്തില്‍ ഭഗവതിയുടെ സാന്നിധ്യം ഭൂമിയില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നതാണ് വിശ്വാസം. അത്യുഷ്ണത്തില്‍ ഭൂമി കരിഞ്ഞുണങ്ങി ദാഹജലം കിട്ടാതെ മൃഗങ്ങളും മനുഷ്യരും മരിച്ചു. ഭൂമി ജനവാസ യോഗ്യമല്ലാതെ ആയി മാറി. ജഗദ്കാരണിയായ ഭഗവതിയെ ജനങ്ങള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഭക്തന്‍റെ നിലവിളി അമ്മയ്ക്ക് താങ്ങാനാവില്ലല്ലോ. കാരണകാരിണിയായ ജഗദ്മാതാവ് മഴയായി അവതരിച്ചു. ഭൂമിയില്‍ പുതുമുകുളങ്ങള്‍ മൊട്ടിട്ടു. 'ശാകംഭരി' എന്ന പര്യായം ദേവിക്ക് ലഭിക്കാനുള്ള കാരണം ഇപ്രകാരമാണെന്ന് വിശ്വസിക്കുന്നു.

കര്‍ക്കിടകം പ്രകൃതിക്കും ജീവരാശികള്‍ക്കും പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന മാസമാണ്. ആരോഗ്യ സമ്പത്ത് പ്രദാനം ചെയ്യുന്ന ശ്രേഷ്ഠത മറ്റൊരു മാസത്തിനും അവകാശമില്ല. ജീവന്‍റെ നിലനില്‍പ്പായി നിലകൊള്ളുന്ന കര്‍ക്കിടകത്തെ മാസപ്രധാനിയായി വിശ്വസിക്കപ്പെടുന്നു. കര്‍ക്കിടകത്തിന്‍റെ ദേവത ഭഗവതിയാണ്. സാക്ഷാല്‍ ശക്തിസ്വരൂപിണിയായ ഭഗവതി തന്നെയാണ്.
 

കാരണകാരിണിയായ ദേവിയെ ഭജിക്കാത്ത ദേവതകളില്ല. എന്ത് നന്മയ്ക്കും എന്ത് കാര്യസാധ്യത്തിനും ദേവിയല്ലാതെ മറ്റാരും ആശ്രയമില്ല എന്നതാണ് ജഗദ്സത്യം. ഭഗവതിയെ പൂജിക്കാന്‍ ഏറ്റവും ഉചിതമായ മാസം കര്‍ക്കിടകമായിട്ടാണ് കരുതപ്പെടുന്നത്. കേരളത്തിലെ ഒട്ടുമുക്കാല്‍ ക്ഷേത്രങ്ങളിലും കര്‍ക്കിടകമാസമാസത്തില്‍ 'ത്രികാലപൂജ'യായി ഭഗവതിസേവ നടത്തിപ്പോരുന്നുണ്ട്. ക്ഷേത്രത്തിലെ ദേവന്‍റെ ശക്തി വര്‍ദ്ധിക്കാനും, ദേശത്തിന്‍റെ അഭിവൃദ്ധിക്കും വേണ്ടിയാണ് കര്‍ക്കിടകത്തില്‍ പന്ത്രണ്ട് നാള്‍ ഭഗവതിസേവ നടത്തിപ്പോരുന്നത്.
 

കര്‍ക്കിടകത്തിലെ ആചാരരീതികള്‍

കര്‍ക്കിടകത്തിലെ ദേവീപ്രീതി വരുംവര്‍ഷത്തെ ഐശ്വര്യത്തിനും ആരോഗ്യത്തിനും ഉത്തമമായി കരുതുന്നു. കര്‍ക്കിടകത്തില്‍ ഒന്നാം തീയതി മുതല്‍ പന്ത്രണ്ട് ദിവസം ദേവീക്ഷേത്രത്തില്‍ വലം വെച്ച് തൊഴണം. കര്‍ക്കിടകം വ്രതമാസമായിട്ട് ആചരിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്ന ഭഗവതിസേവയില്‍ പങ്കാളിയാവുന്നതും പൂജാസമയത്ത് ദേവിയെ തൊഴുത് നമസ്ക്കരിക്കുന്നതും സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമാണ്. കര്‍ക്കിടകത്തില്‍ ദശപുഷ്പം പൂജാമുറിയില വയ്ക്കുന്നത് ശ്രേയസ്ക്കരമാണ്. ദശപുഷ്പം മുഴുവനും ലഭ്യമല്ലെങ്കില്‍ മുക്കുറ്റി, കറുക, തുളസി എന്നിവ ചേര്‍ത്ത് വെച്ചാലും ഉത്തമമായി കരുതുന്നു. കര്‍ക്കിടകത്തിലെ ആദ്യത്തെ ഞായറാഴ്ച ആദിത്യന് പൊങ്കാലയിടുന്നത്(സ്വന്തം വീട്ടില്‍) സന്തതികള്‍ക്ക് ഐശ്വര്യം നല്‍കുന്നു. ദേവീമാഹാത്മ്യം, സൗന്ദര്യലഹരി, ദേവീഭാഗവതം എന്നിവ ലേശമായിട്ടെങ്കിലും ജപിക്കാന്‍ ശ്രമിക്കുന്നത് അഭീഷ്ടസാധ്യം തന്നെയാണ്.
 

സാമ്പത്തികം അനുവദിക്കുമെങ്കില്‍ കര്‍ക്കിടകമാസത്തില്‍ ഒരു ദിവസമെങ്കിലും സ്വന്തം ഗൃഹത്തില്‍ ഭഗവതിസേവ നടത്തുന്നത് ഉത്തമം തന്നെയാണ്. വ്യവസായ സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും കര്‍ക്കിടകത്തില്‍ ഭഗവതിസേവ ചെയ്യുന്നത് അഭിവൃദ്ധിക്ക് കാരണമായി കരുതപ്പെടുന്നു. ഇന്നും കേരളത്തിലെ പല ഗൃഹങ്ങളിലും കര്‍ക്കിടകത്തില്‍ പന്ത്രണ്ട് ദിവസം ഗണപതിസേവയും ഭഗവതിസേവയും നടത്തിപ്പോരുന്നത്.
 

ദേവിയുടെ കരിമുടി ഇഴകള്‍ കാര്‍മേഘമായി മാറുന്നു. കനല്‍മിഴികള്‍ മിന്നല്‍പ്പിണറുകളായി മാറുന്നു. കുളിര്‍മഴയില്‍ അനാദിയില്‍ ജീവന്‍റെ ആദ്യമുകുളം ഭൂമിയില്‍ മുളപൊട്ടുന്നു. ജീവിതത്തിന്‍റെ രണഭൂമിയില്‍ പടവെട്ടി മുന്നോട്ട് നീങ്ങാന്‍ ദേവിയെ ഭജിക്കാം, ദേവിയില്‍ അഭയം തേടാം.
 

യാ ദേവി സര്‍വ്വ ഭൂതേഷു..

Photo Courtesy - Google