ഭൈരവപ്രീതിക്ക്
രാവിലെ ഭൈരവനെ പ്രാര്‍ത്ഥിച്ചാല്‍ രോഗമുക്തി, പകല്‍ ഭൈരവനെ പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസഫലീകരണം
ശിവഭഗവാന്‍റെ അംശാവതാരമാണ് ഭൈരവന്‍. സംഹാരമൂര്‍ത്തിയായ ഭൈരവന്‍ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ്. ഭൈരവനെന്നാല്‍ ഭയമില്ലാത്തവനെന്നും, ഭക്തരുടെ പാപത്തെ ഇല്ലാതാക്കുന്നവെന്നുമാണ് അര്‍ത്ഥം. കാലഭൈരവനായി ശിവഭഗവാന്‍ ലോകത്തെ സംരക്ഷിക്കുന്നു.
ശിവക്ഷേത്രങ്ങളിലും, മുരുകക്ഷേത്രസന്നിധികളിലുമാണ് ഭൈരവപ്രതിഷ്ഠകള്‍ സാധാരണയായി ഉള്ളത്. ഭൈരവ വഴിപാടുകള്‍ ശക്തിയുള്ളതാണ്. വഴിപാടുകള്‍ക്ക് ഉടനടി ഫലം നല്‍കുന്ന ഈശ്വരനായി വിളങ്ങുന്നു ഭൈരവന്‍. ജനനജാതകത്തിലെ സര്‍വ്വദോഷങ്ങള്‍ക്കും പരിഹാരമായി ഭൈരവ വഴിപാടുകള്‍ കാരണമാകും. ഭൈരവരൂപത്തിലാണ് എല്ലാ രാശികളും അടങ്ങിയിരിക്കുന്നത്.
ഭൈരവന്‍റെ ശിരസ്സില്‍ മേടരാശിയും വായയുടെ ഭാഗത്ത് ഇടവരാശിയും, കൈകളില്‍ മിഥുനരാശിയും, മാറില്‍ കര്‍ക്കിടരാശിയും, ഉദരഭാഗത്ത് ചിങ്ങരാശിയും, തുടയില്‍ കന്നിരാശിയും തുടങ്ങി ശരീരമാസകലം ഓരോ രാശികള്‍ സ്ഥിതി ചെയ്യുന്നത്രേ.
ഭഗവാന്‍ പരമശിവന്‍ തന്‍റെ വീരപ്രവൃത്തികള്‍ ചെയ്യുന്ന കാലത്ത് സൃഷ്ടിച്ചതാണത്രേ ഭൈരവരൂപമെന്നാണ് പുരാണങ്ങള്‍ പറയുന്നത്. അതിനാല്‍ ഭൈരവനില്‍ രുദ്രാംശം അടങ്ങിയിരിക്കുന്നു. ഒപ്പം ശനീശ്വരന്‍റെ ഗുരുവും ഭൈരവനാണത്രേ. പ്രത്യേകിച്ച് എട്ട് വകകളിലും ആകെ 64 വകകളിലായി ഭൈരവന്‍ അനുഗ്രഹം നല്‍കും. ഭൈരവപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദുഷ്ടശക്തികളില്‍ നിന്നും ക്ഷുദ്രമൂര്‍ത്തികളില്‍ നിന്നും ക്ഷേത്രത്തെ കാത്തുപരിപാലിക്കുന്നതും ഭൈരവനാണ്.
കാലത്തിന്‍റേയും(സമയത്തിന്‍റേയും) ഈശ്വരന്‍ ഭൈരവനായതിനാല്‍ കാലചക്രം തിരിയുന്നതിന് അനുസരിച്ച് നവഗ്രഹങ്ങള്‍ നമുക്ക് സുഖദുഃഖങ്ങള്‍ നല്‍കുന്നു. ആ കാലചക്രം സൃഷ്ടിച്ച് നവഗ്രഹങ്ങളെ ഭരിക്കുന്നവനാണത്രേ ഭൈരവന്‍. ഭൈരവനെ'യോഗഭൈരവന്‍' എന്നും അറിയപ്പെടുന്നുണ്ട്. സ്വര്‍ണ്ണാകര്‍ഷണ ഭൈരവന്‍ ശിവന്‍റെ പ്രതിബിംബമായാണ് പുരാണം പറയുന്നത്. രാജാവായ ഭൈരവന്‍റെ ആജ്ഞകള്‍ അനുസരിക്കുന്നവരാണ് ഗ്രഹങ്ങള്‍. ഭൈരവന്‍റെ ആജ്ഞയ്ക്കനുസരിച്ചാണത്രേ കാലചക്രം ചുറ്റുന്നത്. അതിനാല്‍ ഭൈരവനെ ശരണം പ്രാപിച്ച് മനമുരുകി ദൃഢനിശ്ചയത്തോടെ പ്രാര്‍ത്ഥിച്ചാല്‍ കാലത്തിന്‍റെ അതിര്‍വരമ്പുകള്‍ കടന്ന് ഭഗവാന്‍ ഗ്രഹദോഷങ്ങള്‍ക്ക് അറുതി വരുത്തുമത്രേ.
ഭൈരവനെ രാവിലെ പ്രാര്‍ത്ഥിച്ചാല്‍ ഫലം രോഗസൗഖ്യം. പകല്‍നേരങ്ങളില്‍ ഭൈരവ ഭഗവാനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ആഗ്രഹിച്ചത് ലഭിക്കും. വൈകുന്നേരം ഭൈരവനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കും. രാത്രിയില്‍ പ്രാര്‍ത്ഥിച്ചാല്‍ മോക്ഷഫലം ഉണ്ടാകുമത്രേ. ധനുമാസത്തിലെ അഷ്ടമിതിഥി ഭൈരവരുടെ ജന്മാഷ്ടമിയായിരുന്നു. ഇതിനെ രുദ്രാഷ്ടമിയെന്നും, കാലഭൈരവാഷ്ടമിയെന്നും വിളിക്കുന്നുണ്ട്. അന്നേദിനം നടത്തുന്ന ഭൈരവവഴിപാട് ഏറെ ശക്തിയുള്ളതാണ്.
മകരമാസം മുതല്‍ ചൊവ്വാഴ്ച ആരംഭിച്ച്, ഓരോ ചൊവ്വാഴ്ചയും ഭൈരവനെ തൊഴുത് 'കാലഭൈരവ അഷ്ടകം' പാരായണം ചെയ്താല്‍ ശത്രുക്കള്‍ വഴിമാറിപ്പോകുമെന്നും കടബാധ്യതകള്‍ മാറുമെന്നും വിശ്വാസമുണ്ട്. യമഭയം വിട്ടൊഴിയും. ആരേയും ഭയപ്പെടാതെ ജീവിക്കാനാകുമത്രേ. ചൊവ്വാഴ്ചയും, ഭരണി നക്ഷത്രവും ചേര്‍ന്നനാള്‍ ഭൈരവന് വളരെ യോജിച്ച നാളായി കരുതപ്പെടുന്നു.
ഭൈരവന് രാഹുകാലപൂജ ചെയ്ത് പ്രാര്‍ത്ഥിക്കുന്നത് അത്യുത്തമം. ഞായറാഴ്ചയിലെ രാഹുകാല പൂജ പിതൃദോഷം, ബ്രഹ്മഹത്യാദോഷം എന്നിവയ്ക്ക് അന്ത്യമാകും. ചൊവ്വാഴ്ചയിലെ രാഹുകാല പൂജ, കുടുംബത്തില്‍ ഒത്തൊരുമ വര്‍ദ്ധിപ്പിക്കും. ബുധനാഴ്ചയിലെ രാഹുകാല പൂജ പഠനത്തില്‍ മികവ് നല്‍കും. വ്യാഴാഴ്ചയിലെ രാഹുകാല പൂജ ധനത്തെ എത്തിക്കും. ശനിയാഴ്ചയിലെ രാഹുകാല പൂജ സര്‍വ്വദുഃഖങ്ങള്‍ക്കും അറുതി വരുത്തും.
ശിവക്ഷേത്രങ്ങളിലെ ഭൈരവപ്രതിഷ്ഠയെ സേവിച്ചാല്‍ ശനിയുടെ അപഹാര ദോഷങ്ങള്‍ക്ക് പരിഹാരമാകും. വെള്ളിയാഴ്ച കൂവളത്തിലകൊണ്ട് അര്‍ച്ചനനടത്തിയാല്‍ ദാരിദ്ര്യം അകലും. വാരാണസി കാലഭൈരവ ക്ഷേത്രം ലോകപ്രശസ്തം. കേരളത്തില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍, കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ 'ക്ഷേത്രപാലകന്‍' എന്നിവ കാലഭൈരവ സങ്കല്‍പ്പമാണത്രേ.
Photo Courtesy - Google
