ഭക്തി ഒരു നിമിത്തം
പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ പാടില്ല എന്നാണല്ലോ പറയാറുള്ളത്. അതേസമയം സ്ത്രീകള്‍ക്ക് ബ്ലൗസ് ധരിക്കുകയും ചെയ്യാം. ഇതിലൊരു വൈരുദ്ധ്യമില്ലേ എന്നുചോദിച്ചാല്‍ മേല്‍പ്പറഞ്ഞതുപോലെ ഒറ്റനോട്ടത്തില്‍ വൈരുദ്ധ്യം ഉണ്ട്. എന്നാല്‍ എന്തിനാണ് അങ്ങനൊരു ആചാരം വച്ചിരിക്കുന്നതെന്നുള്ളത് ശാസ്ത്രീയമായി അപഗ്രഥിച്ചാല്‍ ആ ആചാരം അപ്പാടെ ശരിയാണെന്ന് കാണാം. അതിന് ക്ഷേത്രത്തെപ്പറ്റി അല്‍പ്പം വിശദീകരണവും ആവശ്യമാണ്.
നമ്മുടെ ക്ഷേത്രങ്ങളില്‍ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയില്‍ പലതും ഒറ്റനോട്ടത്തില്‍ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നില്‍ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
പുരുഷന്മാര്‍ മേല്‍വസ്ത്രം ധരിച്ച് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുവാന്‍ പാടില്ല എന്നാണല്ലോ പറയാറുള്ളത്. അതേസമയം സ്ത്രീകള്‍ക്ക് ബ്ലൗസ് ധരിക്കുകയും ചെയ്യാം. ഇതിലൊരു വൈരുദ്ധ്യമില്ലേ എന്നുചോദിച്ചാല്‍ മേല്‍പ്പറഞ്ഞതുപോലെ ഒറ്റനോട്ടത്തില്‍ വൈരുദ്ധ്യം ഉണ്ട്. എന്നാല്‍ എന്തിനാണ് അങ്ങനൊരു ആചാരം വച്ചിരിക്കുന്നതെന്നുള്ളത് ശാസ്ത്രീയമായി അപഗ്രഥിച്ചാല്‍ ആ ആചാരം അപ്പാടെ ശരിയാണെന്ന് കാണാം. അതിന് ക്ഷേത്രത്തെപ്പറ്റി അല്‍പ്പം വിശദീകരണവും ആവശ്യമാണ്.
'ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭീധയതെ'
എന്നാണ് ഭഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത്. അതായത് ശരീരം ആത്മചൈതന്യം വഹിക്കുന്ന ക്ഷേത്രവിഗ്രഹം പോലെയും, ആത്മാവ് ഈശ്വരവിഗ്രഹത്തിലെ ചൈതന്യം പോലെയുമാണ്. മറ്റ് മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനാലയങ്ങള്‍ പ്രാര്‍ത്ഥിക്കാനോ സ്തുതിക്കാനോ അപേക്ഷിക്കുവാനോ ഉള്ള ആലയങ്ങള്‍ മാത്രമാകുമ്പോള്‍, ഹിന്ദുക്കള്‍ക്ക് ക്ഷേത്രദര്‍ശനം ഈശ്വര വിഗ്രഹത്തില്‍ നിന്ന് പ്രവഹിക്കുന്ന ചൈതന്യം ഉള്‍ക്കൊള്ളാനുള്ളതാണ്. ജീവചൈതന്യം പ്രസരിക്കുന്ന മനുഷ്യശരീരം പോലെയാണ് ക്ഷേത്രങ്ങള്‍.
ഈ പ്രപഞ്ചം മുഴുവന്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കും അതീതമായ ചില ഊര്‍ജ്ജസ്രോതസ്സുകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അനുഭവത്തില്‍ നിന്നുമാത്രമേ അത് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
ഉദാഹരണമായി ഒരു സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ഫാന്‍ കറങ്ങുകയോ ബള്‍ബ് കത്തുകയോ ഒക്കെ ചെയ്യുന്നു. അവിടെ നാം വൈദ്യുതിയുടെ സാന്നിധ്യം മനസ്സിലാക്കുന്നു. എന്നാല്‍ നമ്മളാരും വൈദ്യുതി കണ്ടിട്ടുമില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്.
എന്തെങ്കിലും വിധത്തില്‍ നമ്മുടെ കൈത്തണ്ടയിലെ എല്ല് പൊട്ടിയെന്നിരിക്കട്ടെ. അത് ചേര്‍ത്തുവച്ച് ബാന്‍ഡേജ് ഇടുകമാത്രമേ വൈദ്യശാസ്ത്രത്തിന് ചെയ്യാനാകൂ. ഒരു ഡോക്ടര്‍ക്കും പൊട്ടിയ എല്ലുകള്‍ കൂട്ടിയോജിപ്പിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ക്രമേണ പൊട്ടിയ എല്ലുകള്‍ സ്വയം യോജിച്ച് പൂര്‍വ്വസ്ഥിതി പ്രാപിക്കുന്നത് കാണാം. ഈ മാന്ത്രിക ശക്തി എവിടെ നിന്ന് കിട്ടി? സൂര്യന്‍ കൃത്യമായി കിഴക്കുദിക്കുന്നു. പടിഞ്ഞാറ് അസ്തമിക്കുന്നു. സൗരയൂഥങ്ങള്‍ അവയുടെ നിശ്ചിത പരിധിക്കുള്ളില്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഏത് ശക്തിയാണ് ഇത്രയും കൃത്യമായി ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്?
ഉത്തരം മുട്ടുമ്പോള്‍ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്.
'പ്രകൃതിനിയമം.' ആരാണ് ഈ നിയമം ഉണ്ടാക്കിയത്? അതിനുള്ള ഉത്തരം തേടുമ്പോള്‍ ഏതൊ ഒരു അദൃശ്യശക്തി എവിടെയും എപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട് എന്ന വസ്തുത നാം അംഗീകരിക്കേണ്ടി വരും. ആ ശക്തിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. പുല്ലിലും പുഴുവിലും മണ്ണിലും മരത്തിലും മനുഷ്യരിലും മൃഗങ്ങളിലും സര്‍വ്വ ചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഋഷിവര്യന്മാര്‍ ബ്രഹ്മം എന്നും, നാം ഈശ്വരന്‍ എന്നും, ശാസ്ത്രജ്ഞന്മാര്‍ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ- പരമാണുവിനെ- അഭിസംബോധന ചെയ്യുന്നു.
അനുകൂലോര്‍ജ്ജം (positive energy), പ്രതികൂലോര്‍ജ്ജം (negative energy)എന്നിങ്ങനെ ഈ ചൈതന്യപ്രവാഹത്തെ നിയന്ത്രിക്കുന്ന രണ്ട് ഊര്‍ജ്ജസ്രോതസ്സുകള്‍ പ്രപഞ്ചത്തിലുണ്ട്. അവ മൂലമാണ് ആകര്‍ഷണ- വികര്‍ഷണങ്ങള്‍ എവിടെയും നടക്കുന്നതും പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും നിലനില്‍ക്കുന്നതും. ഇതില്‍ അനുകൂലോര്‍ജ്ജം നമുക്ക് ഗുണം പ്രദാനം ചെയ്യുന്നു. ഇനി ക്ഷേത്രങ്ങളിലേക്ക് വരാം.
ക്ഷേത്രദര്‍ശനം വഴി നമുക്ക് ആവശ്യമുള്ള അളവില്‍ അനുകൂലോര്‍ജ്ജം ലഭിക്കുവാന്‍ സാധ്യമാകുന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെ അപേക്ഷിച്ച് ഹൈന്ദവ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചുകാണാം. ശിലയിലോ ലോഹങ്ങളിലോ നിര്‍മ്മിച്ചിട്ടുള്ള ഇത്തരം വിഗ്രഹങ്ങള്‍ വെറും പ്രതിമകളല്ല. സാത്വികനായ, വേദമന്ത്രങ്ങളിലും പൂജാവിധികളിലും, അഗാധമായ പാണ്ഡിത്യം നേടിയ, ശ്രേഷ്ഠനും തേജസ്വിയുമായ, വരേണ്യനായ പൂജാരിയുടെ ആത്മചൈതന്യം പൂജാകര്‍മ്മങ്ങളിലൂടെ വിഗ്രഹത്തിലേക്ക് ആവാഹനം ചെയ്യപ്പെടുന്നു. അപ്പോള്‍ ഈ വിഗ്രഹങ്ങള്‍ക്ക് ഊര്‍ജ്ജം ആഗിരണം ചെയ്യുവാനും വികിരണം ചെയ്യുവാനും സാധിക്കുമത്രെ.
താന്ത്രിക വിദ്യകളാല്‍ സ്ഥാപിതമായ വിഗ്രഹങ്ങള്‍ക്ക് ആകിരണവും വികിരണവും ചെയ്യാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി ഉപകരണങ്ങളുടെ സഹായത്തോടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിനകത്തുള്ള മുഴങ്ങുന്ന ശംഖനാദം, ചെണ്ട, ചേങ്ങില, മദ്ദളം, ഇടയ്ക്ക, നാദസ്വരം, മന്ത്രധ്വനി, മണിനാദം എന്നിവയുടെ ശബ്ദഘോഷങ്ങളിലൂടെ ശബ്ദ ഊര്‍ജ്ജവും, നിറയെ കത്തിച്ചുവച്ച ദീപങ്ങളിലൂടെ പ്രകാശ-താപസ്രോതസ്സായ പ്രകാശോര്‍ജ്ജവും, ചന്ദനത്തിരി, ചന്ദനം, കളഭം, കര്‍പ്പൂരം, പനിനീര്‍ എന്നീ സുഗന്ധദ്രവ്യങ്ങള്‍, ചെത്തി, ചെമ്പരത്തി, പിച്ചകം, മന്ദാരം, തുളസി എന്നീ പുഷ്പലതാദികള്‍ കൊണ്ടുള്ള അര്‍ച്ചനയിലൂടെ കെമിക്കല്‍ ഊര്‍ജ്ജവും പൂജാകര്‍മ്മങ്ങങ്ങളിലൂടെ വിഗ്രഹത്തിലേക്ക് നിറയ്ക്കപ്പെടുന്നു. ഈ വിഗ്രഹത്തില്‍ ആഗിരണം ചെയ്യപ്പെടുന്ന ഊര്‍ജ്ജം ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ വികിരണം ചെയ്യപ്പെടുമ്പോള്‍ സ്വാഭാവികമായും നഷ്ടപ്പെടുന്ന ഊര്‍ജ്ജം, ദിവസവും മുടങ്ങാതെ നടത്തുന്ന പൂജാകര്‍മ്മങ്ങളിലൂടെ പൂജാരി വിഗ്രഹത്തിലേക്ക് വീണ്ടും നിറയ്ക്കുകയാണ് ചെയ്യുന്നത്.
പെട്രോള്‍ പമ്പിലെ പെട്രോള്‍ തീരുമ്പോള്‍ ടാങ്കര്‍ ലോറിയില്‍ പെട്രോള്‍ കൊണ്ടുവന്ന് നിറയ്ക്കുന്നതുപോലെ. നിതാന്തമായ സാധനയിലൂടെ ആത്മചൈതന്യം പൂജാരിയിലേക്കും, പൂജാരിയില്‍ നിന്ന് വിഗ്രഹത്തിലേക്കും പ്രവഹിക്കുന്നു.
പൂജാകര്‍മ്മങ്ങള്‍ യഥാവിധി നടക്കാത്ത ക്ഷേത്രങ്ങളും അതുപോലെ ഭൗതിക സുഖലോലുപരായ അജ്ഞരായ പൂജാരിമാര്‍ പൂജയെന്ന നാമമാത്രച്ചടങ്ങ് നടത്തുന്ന ക്ഷേത്രങ്ങളും ചൈതന്യശൂന്യമാണ്.
പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനം കൃത്യമായ അളവില്‍ ക്ഷേത്രദര്‍ശനത്തിലൂടെ നമുക്ക് സാധിക്കുന്നു.
കണ്ണുകളെ ശ്രീകോവിലിലെ വിഗ്രഹത്തിന്‍റെ പ്രഭാമണ്ഡലം, ചാര്‍ത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍, തിളങ്ങുന്ന ഓട് പിത്തള വിളക്കുകള്‍, ജ്വലിക്കുന്ന ദീപനാളങ്ങള്‍, വര്‍ണ്ണപുഷ്പങ്ങള്‍ എന്നിവ ചൈതന്യവത്താക്കും.
ചെവിയെ മന്ത്രധ്വനി, വാദ്യമേളങ്ങള്‍, മണിനാദം, ശംഖധ്വനി, സോപാനസംഗീതം, കീര്‍ത്തനാലയം എന്ന് ഉത്തേജിപ്പിക്കുന്നു.
ത്വക്കിനെ പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം, കുങ്കുമം, കളഭം, ചെവിയിലും മുടിയിലും ചൂടുന്ന ഔഷധപുഷ്പങ്ങള്‍, ഇലകള്‍ എന്നിവ ചൈതന്യവത്താക്കും.
മൂക്കിനെ കര്‍പ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങള്‍, തൈലം, പനിനീര്‍ എന്നിവ ഉത്തേജിപ്പിക്കുന്നു.
നാക്കിനെ തീര്‍ത്ഥം, ത്രിമധുരം, നിവേദ്യം, പായസം എന്നിവയും ചൈതന്യവത്താക്കുന്നു.
ചുരുക്കത്തില്‍ ക്ഷേത്രങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളുടെ ആഗിരണ കേന്ദ്രങ്ങളാണ്.'യയാത് ത്രായതേ ഇതി ക്ഷേത്ര.' നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതാണോ അതത്രേ ക്ഷേത്രം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന വ്യക്തിയെ വിഗ്രഹം വികിരണം ചെയ്യുന്ന ഊര്‍ജ്ജം സ്വീകരിക്കാന്‍ പാകത്തില്‍ തയ്യാറാക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷേത്രങ്ങള്‍ ക്ഷേത്ര സങ്കല്‍പ്പത്തിലും, പൂജാവിധികളിലും അനുഷ്ഠാനകര്‍മ്മങ്ങളിലും എപ്പോഴും ഉന്നതനിലവാരം പുലര്‍ത്തിപ്പോരുന്നവയാണ്. അതുകൊണ്ടുതന്നെ ക്ഷേത്രനിയമങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി തോന്നിയേക്കാം.
കുളത്തിലോ പുഴയിലോ മുങ്ങിക്കുളിച്ച് ഈറന്‍വസ്ത്രത്തോടെ നില്‍ക്കുന്ന വ്യക്തിക്ക് ശരിയായ ഊര്‍ജ്ജപ്രവാഹം വിഗ്രഹത്തില്‍ നിന്ന് സ്വീകരിക്കുവാന്‍ സാധിക്കും.
ഈറന്‍വസ്ത്രമല്ലെങ്കില്‍ തന്നെയും മേല്‍വസ്ത്രം ഇല്ലാതിരുന്നാലും വിഗ്രഹത്തില്‍ നിന്ന് വികിരണം ചെയ്യുന്ന ഊര്‍ജ്ജം ശരീരത്തില്‍ ഏല്‍ക്കാന്‍ പുരുഷന്മാര്‍ക്ക് സാധിക്കും. പുരുഷന്മാര്‍ ഷര്‍ട്ട്, ബനിയന്‍ എന്നിവ ധരിക്കരുത് എന്നുപറയുന്നത് അതുകൊണ്ടാണ്.
പുരുഷന്മാര്‍ നെഞ്ചില്‍ക്കൂടി ഈശ്വരചൈതന്യം ആഗിരണം ചെയ്യുമ്പോള്‍ സ്ത്രീകള്‍ കണ്ഠം, നെറ്റി(പുരികമധ്യം) എന്നീ ഭാഗങ്ങളിലൂടെയാണ് വലിച്ചെടുക്കുന്നത്.
സ്ത്രീകളുടെ നെഞ്ചിലൂടെ 'ലവ് ഹോര്‍മോണ്‍' എന്നറിയപ്പെടുന്ന 'ഒക്സിടോസിന്‍' പ്രവഹിക്കുന്നതിനാല്‍ ആ ഭാഗം നിഷിദ്ധമായതിനാലാണ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ മാറുമറയ്ക്കുന്നത്. നെഞ്ചില്‍ ചന്ദനം ധരിക്കുന്നില്ല. മാറ് നിലത്ത് സ്പര്‍ശിക്കാത്ത വിധം നമസ്ക്കരിക്കുന്നു. കൈകള്‍ കൂപ്പുന്നത് നെഞ്ചിന് മേലെ കണ്ഠഭാഗത്താണ്.
വിഗ്രഹത്തില്‍ നിന്നുള്ള ഊര്‍ജ്ജപ്രവാഹം ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ലഭിക്കുവാന്‍ വേണ്ടിയാണ് പ്രദക്ഷിണ കര്‍മ്മം ചെയ്യുന്നത്. സ്ഥിരമായി പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ചുറ്റും നാം പ്രദക്ഷിണം ചെയ്യുമ്പോള്‍ ശരീരത്തിന്‍റെ എല്ലാ വശങ്ങളിലും ഊര്‍ജ്ജം പതിക്കുവാന്‍ ഇടവരുന്നു.
ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യമാണ് ക്ഷേത്രദര്‍ശനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഭക്തി അതിനുള്ള നിമിത്തം മാത്രം.
