ലില്ലിപ്പൂവിന്റെ ജീവിതസുഗന്ധമുള്ള ഏപ്രില്‍ മാസക്കാര്‍
ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.
പൊതുസ്വഭാവം
എതിര്‍പ്പുകളെ സധൈര്യം നേരിട്ട് മുന്നേറുന്ന ഇവര്‍ എല്ലാ അര്‍ത്ഥത്തിലും സമരവീര്യമുള്ളവരാണ്. സംഘടനാപാടവം കൂടുതല്‍ ഉള്ളവര്‍. വന്‍കിട പദ്ധതികള്‍ക്കും വ്യവസായ സംരംഭങ്ങള്‍ക്കും രൂപം കൊടുക്കാന്‍ കഴിവുള്ളവര്‍. വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പ്രാഗത്ഭ്യമുള്ളവര്‍. വിമര്‍ശനങ്ങളോട് ഒട്ടും താല്‍പ്പര്യം പ്രകടിപ്പിക്കാത്തവര്‍. മറ്റുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ലാതെ തികച്ചും സ്വതന്ത്രമായി പ്രവൃത്തിയില്‍ മുഴുകുന്നവര്‍. മനസ്സിനിണങ്ങാത്ത ഇണയെ ലഭിക്കാത്തതിനാല്‍ ഏപ്രില്ക്കാര് സഹാനുഭൂതി ആവശ്യപ്പെടുന്നവരാണ്. അധികാരസോപാനത്തില്‍ ഇവര്‍ക്ക് ചവിട്ടിക്കയറാന്‍ പറ്റാത്ത പടവുകളില്ല. കയ്യെത്തിപ്പിടിക്കാന്‍ കഴിയാത്ത പദവികള്‍ ദുര്‍ലഭമാണ്. മുഖസ്തുതിയും പ്രശംസയും തലക്കനം വര്‍ദ്ധിപ്പിക്കാതെ നോക്കണം. ആരുടെയും മുഖം നോക്കാതെ അഭിപ്രായം വെട്ടിത്തുറന്നുപറയും. ഇതുതന്നെ ശത്രുക്കളെ സൃഷ്ടിക്കാന്‍ കാരണമാവുകയും ചെയ്യും. ജന്മം കൊണ്ടുതന്നെ നൈമിഷികപ്രേരണകള്ക്ക് വശംവദരാകും. പദവിയും പണവും ലഭ്യമാകും. ജീവിതത്തിന്റെ ഏത് ഉന്നതങ്ങളില്‍ കഴിഞ്ഞാലും അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയില്ല. പുരുഷന്മാര് സ്നേഹത്തിന്റെ പേരില്‍ വളരെയധികം ക്ലേശങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്ക് സ്ത്രീകളുടെ മനസ്സറിയാനുള്ള ബുദ്ധിമുട്ടാണ് പ്രധാനകാരണം. അപകടങ്ങളുടെയോ ആക്രമണങ്ങളുടെയോ ഫലമായി തലയ്ക്ക് മുറിവുപറ്റാനുള്ള സാഹചര്യം ഒഴിവാക്കണം. ഉറച്ച മനക്കരുത്തും ശുഭാപ്തിവിശ്വാസവും ഉള്ളവരാണ്. ശരിയും തെറ്റും നോക്കാതെ എടുത്തുചാടുന്നതുമൂലം പലപ്പോഴും നീതിക്കെതിരായി വാദിക്കാന്‍ നിര്‍ബന്ധിതരാകും. സാമ്പത്തിക കാര്യങ്ങളില്‍ ധാരാളിത്തം പുലര്‍ത്തും. ധനം സമ്പാദിക്കണമെന്ന ദൃഢനിശ്ചയം ഇവര്‍ക്കുണ്ട്. ഭാഗ്യത്തെക്കാളുപരി ബുദ്ധിപൂര്‍വ്വകമായ നിക്ഷേപങ്ങളാണ് ഇവരെ പലപ്പോഴും സഹായിക്കുന്നത്. തര്‍ക്കങ്ങളിലും നിയമനടപടികളിലും വ്യാപൃതരാകാതെ നോക്കണം. ബുദ്ധികൊണ്ട് ഉപജീവനം നടത്തുന്നതുകൊണ്ട് വിശ്രമം ഇവര്‍ക്ക് ധാരാളം ആവശ്യമുണ്ട്. തലവേദന, നേത്രരോഗം, മൂത്രാശയ സംബന്ധ രോഗങ്ങള്‍ എന്നിവ കരുതിയിരിക്കണം. ഭാഗ്യനിറങ്ങള്‍ കടുംചുവപ്പ്, റോസ്, പിങ്ക് എന്നിവയാണ്. നീലയും വയലറ്റും ആശ്വാസനിറങ്ങളാണ്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, ചുവന്ന കല്ലുകള്‍.
ഇനി ഏപ്രില്‍ മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകള്‍ അറിയാം
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
ജീവിതത്തിന്റെ എല്ലാ സല്‍ഗുണങ്ങളും പ്രാപ്തമാകും. സൃഷ്ടിപരമായ ഭാവനയും പദ്ധതികള്‍ പ്രാപ്തമാക്കാനുള്ള ശേഷിയുമുണ്ട്.കുടുംബാംഗങ്ങള്‍ക്കിടയിലും ബന്ധുക്കള്‍ക്കിടയിലും പ്രമുഖസ്ഥാനം ലഭിക്കും. ഒറ്റയ്ക്കുള്ള പരിശ്രമം കൊണ്ട് ജീവിതവിജയം കരസ്ഥമാക്കും. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. സ്നേഹവും വാത്സല്യവും സഹതാപവും ആഗ്രഹിക്കുന്നവര്‍. ഗൃഹാന്തരീക്ഷം കലുഷിതമായിരിക്കും. കായികവിനോദങ്ങള്‍ ഇഷ്ടപ്പെടും. അപകടങ്ങള്‍ കരുതിയിരിക്കണം. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കും. സ്വന്തം കഴിവ് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ മേല്‍ സ്വാധീനം ചെലുത്താനുള്ള അപാരമായ കഴിവുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നീ രോഗങ്ങള്‍ സൂക്ഷിക്കണം.
ഇഷ്ടതീയതികള്‍ 1, 9, 10, 18, 19, 27, 28. ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട തീയതികള്‍- 4, 8, 13, 17, 22, 26, 31. ഭാഗ്യനിറങ്ങള്‍- സ്വര്ണ്ണനിറം, മഞ്ഞ, ഓറഞ്ച്, ഗോള്‍ഡന്‍ ബ്രൗണ്‍, ചൊവ്വയുടെ നിറങ്ങളായ ചുവപ്പ്, റോസ്, കടുംചുവപ്പ് നല്ലതാണ്. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, മാണിക്യം, വൈഡൂര്യം. സുപ്രധാനസംഭവ വയസ്സുകള്‍-9, 10, 18, 19, 27, 28, 36, 37, 45, 46, 54, 64, 72, 73
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ, വ്യക്തിത്വമുള്ള സ്വഭാവത്തിനുടമ. ഇച്ഛാശക്തിയും നിശ്ചയദാര്ഢ്യവുമുണ്ടെങ്കിലും കാല്‍പ്പനിക പ്രകൃതം നയിക്കുന്നവര്‍. പുതുമയുള്ള സിദ്ധാന്തങ്ങള്‍, ആശയങ്ങള്‍, സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഉള്ളവര്‍. സ്വഭാവത്തിലെ വൈകാരികഭാവം നിയന്ത്രിക്കണം. ഏത് തൊഴിലിലും അത്യുത്സാഹത്തോടെ വ്യാപരിക്കും. ഏത് സ്ഥാനം ലഭിച്ചാലും തൃപ്തി വരാത്ത സ്വഭാവം. അധികാരത്തിലിരിക്കുമ്പോള്‍ കരുത്തും സ്വാശ്രയശീലവും പ്രകടമാക്കും. രാഷ്ട്രീയത്തിലും സേനാവിഭാഗത്തിലും ശോഭിക്കും. പ്രസംഗത്തിലും എഴുത്തിലും ശ്രദ്ധേയമാവും. സാമ്പത്തികമായി മോശാവസ്ഥ കൈവരിക്കുകയില്ല.
അമിതോത്സാഹമുള്ളവര്.കുടല്‍രോഗം, പല്ല്, ഇ.എന്‍.ടി അസുഖങ്ങള്‍ സൂക്ഷിക്കുക. അപകടങ്ങള്‍ കരുതിയിരിക്കുക.
ഇഷ്ടതീയതികള്‍ 2, 7, 9, 11, 16, 18, 20, 25, 27, 29. ഭാഗ്യനിറങ്ങള്‍- പച്ച, വെളുപ്പ്, ചാരനിറം, ചുവപ്പ്. ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, മുത്ത്, മാണിക്യം, പ്രധാന സംഭവവയസ്സുകള്‍-2, 7, 11, 16, 20, 25, 29, 34, 43, 57, 61, 65, 70, 75.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
തൊട്ടതെല്ലാം പൊന്നാക്കാനുള്ള ഉല്ക്കര്ഷേച്ഛ നിങ്ങള്‍ക്കുണ്ട്. സ്വേച്ഛാധിപത്യ പ്രവണതയുള്ളവര്‍. സംഘടനാശേഷി, ഭരണശേഷി എന്നിവ പ്രകടമാക്കും. ശത്രുക്കളെ സൂക്ഷിക്കണം. ആരോടും കടപ്പാടില്ലാത്ത ജീവിതം ഇഷ്ടപ്പെടുന്നവര്‍. കുടുംബത്തില്‍ ഗൃഹനാഥന്റെ അവകാശം കരസ്ഥമാക്കും. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. പുരോഗമനപരവും ആക്രമണോത്സുകവുമായ ജീവിതശൈലി സ്വീകരിക്കുന്നവര്‍. ആദര്ശശുദ്ധിയെ ആയുധമാക്കുന്നവര്‍. സമൂഹത്തില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ പരിശ്രമിക്കും. സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാന്‍ സാധ്യതയുള്ളവര്‍. ഒന്നിലേറെ ചുമതലകള്‍ വഹിക്കാന്‍ സാധ്യതയുള്ളവര്‍. സാമ്പത്തികമായി ഭാഗ്യശാലികള്‍. ആരോഗ്യവും കരുത്തുമുള്ളവര്‍. ദഹനക്കേടും ഉദരരോഗവും വിഷമിപ്പിക്കും.
ഇഷ്ടതീയതികള്‍-3, 6, 9,12, 15, 18, 21, 24, 27, 30. ഭാഗ്യനിറങ്ങള്‍- വയലറ്റ്, നീല, ചുവപ്പ്. പ്രധാന സംഭവവയസ്സുകള്‍-3, 6, 9, 12, 15, 18, 21, 24, 27, 30, 33, 36, 39, 42, 45, 48, 51, 54, 57, 60, 63, 69, 72, 75, 81.
4, 13, 22 തീയതികളില്‍ ജനിച്ചവര്‍
ജീവിതത്തില്‍ അസാധാരണമായ പരസ്പരവിരുദ്ധമായ അനുഭവങ്ങളുള്ളവര്‍. ജയവും പരാജയവും ഇടകലര്ന്നുവരുന്നവര്. അപ്രതീക്ഷിത സംഭവങ്ങള്‍ കൂടുതല്‍ അഭിമുഖീകരിക്കേണ്ടിവരും. തൊഴിലും പദ്ധതികളും പലതവണ മാറേണ്ടിവരും. യഥാര്‍ത്ഥ സ്നേഹിതന്മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടും. പ്രശംസനീയമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും. ഇണയെ അകറ്റാതെ ചേര്‍ത്തുനിര്‍ത്തുക. ഏത് വിവാദത്തിലും ന്യൂനപക്ഷത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. വളരെയധികം തെറ്റിദ്ധരിക്കുന്ന വ്യക്തിത്വം. വിമര്‍ശനങ്ങളെ വകവയ്ക്കാത്ത പ്രകൃതം. പരന്ന വായനയും ഉത്തമസാഹിത്യസൃഷ്ടിയോടുള്ള ഇഷ്ടവും പ്രത്യേകതയാണ്. ജാഗ്രതയോടുള്ള പണം ചെലവഴിക്കല്‍ ലുബ്ധനെന്ന പേരുകേള്പ്പിക്കും. ഭാവിയെക്കുറിച്ചുള്ള അമിത ഉത്ക്കണ്ഠയാണ് അതിന് കാരണം. ലഘുവായ ആഹാരരീതിയാണ് ആരോഗ്യത്തിന് നല്ലത്.
ഇഷ്ടതീയതികള്‍- 1, 4, 9, 10, 13, 18, 19, 27, 28. ഭാഗ്യനിറങ്ങള്‍- ചാരനിറം, സ്വര്ണ്ണനിറം, മഞ്ഞ, ഓറഞ്ച്, ചുവപ്പ്. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, ഓറഞ്ച്. പ്രധാന സംഭവവയസ്സുകള്‍-4, 8, 13, 17, 22, 26, 31, 35, 40, 44, 49, 53, 58, 62, 67, 71, 76, 80.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
മഹാഭാഗ്യവും നേര്വിപരീതാനുഭവങ്ങളും ജീവിതത്തില്‍ അനുഭവമാകുന്നവര്. പല വിഷയങ്ങളെയും കുറിച്ച് പഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. അതുകൊണ്ട് ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചാല്‍ ഇവര്‍ക്ക് ജീവിതവിജയം ഉറപ്പ്. പെട്ടെന്ന് ചിന്തിച്ച് തീരുമാനമെടുക്കാന്‍ കഴിവുള്ളവര്‍. പുതിയ ആശയങ്ങള്‍ സ്വീകരിച്ച് യാഥാസ്ഥിതിക ചിന്തകള്‍ക്കെതിരെ കലാപം കൂട്ടുന്നവര്‍. വായന ഇഷ്ടമാണ്. വാക്കിന്റെ ശക്തികൊണ്ട് മറ്റുള്ളവരെ കീഴടക്കും. മറ്റുള്ളവരുടെ സ്നേഹബഹുമാനം നേടുമെങ്കിലും കുടുംബജീവിതം സംഘര്‍ഷമായിരിക്കും. ഒന്നിലേറെ വിവാഹിതനാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍തന്നെയാണ് പലപ്പോഴും നിങ്ങളുടെ വിധി തീരുമാനിക്കുന്നത്. ലഹരി വസ്തുക്കളോട് നിഷേധനിലപാട് സ്വീകരിക്കണം. ദഹനേന്ദ്രിയ, നേത്ര, നാഡീരോഗങ്ങള്‍ സൂക്ഷിക്കുക.
ഇഷ്ടതീയതികള്‍-5, 9, 14, 18, 23, 27. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, ഭാഗ്യരത്നങ്ങള്‍- മാണിക്യം, വൈരം. പ്രധാന സംഭവവയസ്സുകള്‍- 5, 9, 14, 18, 23, 27, 32, 36, 41, 45, 50, 54, 59, 63, 68, 72
6, 15, 24 തീയതികളില്‍ ജനിച്ചവര്‍
സമൂഹത്തില്‍ ജനപ്രീതി നേടാന്‍ സാധിക്കും. ധാരാളം സ്നേഹിതര്‍ ഉണ്ടാകും. ശരണാര്‍ത്ഥികളെ കയ്യയച്ചു സഹായിക്കും. ആഡംബരങ്ങള്‍ക്ക് പണം ചെലവഴിക്കും. വീടും പരിസരവും അലങ്കരിക്കും. ദാനശീലം അതിരുകവിയാതെ ശ്രദ്ധിക്കണം. പതിവിലും നേരത്തെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടും. പക്ഷേ രണ്ടാം വിവാഹമോ, വൈകിയുള്ള വിവാഹമോ മാത്രമേ വിജയിക്കുകയുള്ളൂ. ചിത്രകല, സംഗീതം, ശില്‍പ്പകല, സാഹിത്യം, നൃത്തം ഇവയില്‍ താല്‍പ്പര്യമുണ്ടാകും. യാത്ര ഇഷ്ടപ്പെടും. പണം സൂക്ഷിച്ച് ചെലവഴിക്കുക. ആരോഗ്യമുള്ള ശരീരമാണെങ്കിലും ഇ.എന്‍.ടി അസുഖങ്ങള്‍ കരുതിയിരിക്കുക.
ഇഷ്ടതീയതികള്‍-3, 6, 9, 12, 15, 18, 21, 24, 27, 30. ഭാഗ്യരത്നങ്ങള്‍- വൈരം, പവിഴം, പുഷ്യരാഗം. ഭാഗ്യനിറങ്ങള്‍- നീല, ചുവപ്പ്, മഞ്ഞ, വയലറ്റ്. പ്രധാന സംഭവവയസ്സുകള്‍-6, 9, 15, 18, 24, 27, 33, 36, 42, 45, 51, 54, 60, 63, 69, 72
7, 16, 25 തീയതികളില്‍ ജനിച്ചവര്‍
ആത്മീയവിഷയങ്ങളിലും ഗൂഢതത്ത്വങ്ങളിലും ഇഷ്ടമുള്ളവര്‍. രഹസ്യസ്വഭാവമുള്ള സംഘടനകളുമായി ബന്ധപ്പെടും. സ്വപ്നങ്ങളും മിഥ്യാധാരണകളും നിറഞ്ഞ ലോകത്ത് ജീവിക്കുന്നവര്‍. എതിര്‍ലിംഗത്തിലുള്ളവരുമായി ജീവിതം നിശയായിരിക്കും. മതപരവും സാമൂഹികവുമായ പ്രശ്നങ്ങളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കും. വിദൂരയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍. കലാ- കാല്‍പ്പനിക രംഗങ്ങളില്‍ കഴിവ് തെളിയിക്കുന്നവര്‍. ഒരേ ജോലിയില്‍ മടുപ്പുള്ളവര്‍. ജനക്ഷേമകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവര്‍. സുസ്ഥിരമായ സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാന്‍ കഴിയില്ല. ശാരീരിക സ്ഥിതിയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇടപെട്ടുള്ള പനി പിടിക്കാന്‍ സാധ്യതയുണ്ട്.
ഇഷ്ടതീയതികള്‍-2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- ചാരനിറം, പച്ച, ക്രീം, വെള്ളി, ചുവപ്പ്. ഭാഗ്യരത്നങ്ങള്‍- മുത്ത്, പവിഴം. പ്രധാന സംഭവവയസ്സുകള്‍-7, 11, 16, 20, 25, 29, 34, 38, 43, 47, 52, 56, 61, 65, 70
8, 17, 26 തീയതികളില്‍ ജനിച്ചവര്‍
ആഗ്രഹനിവൃത്തിക്ക് ജീവിതത്തിന്റെ ആദ്യപകുതിയില്‍ തടസ്സം നേരിടും. ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗത്തില്‍ പ്രതിബന്ധങ്ങളുണ്ടാകും. ചില ബന്ധങ്ങള്‍ നിങ്ങള്‍ക്ക് വിലങ്ങുതടിയാകും. ജീവിതസാഹചര്യങ്ങളോട് പടപൊരുതി ലക്ഷ്യം നേടാനുള്ള കഴിവുള്ളവര്‍. തൊഴിലിലും ജീവിതത്തിലുമുള്ള പങ്കാളിത്തം സുഖകരമാവുകയില്ല. വിവാഹം ചിന്തിച്ചും അല്‍പ്പം താമസിച്ചുമാകുന്നത് നല്ലതാണ്. പണത്തെ അതിരറ്റ് സ്നേഹിക്കുന്ന വ്യക്തിയല്ല. ഉള്ളുതുറക്കാത്ത പ്രകൃതക്കാര്‍. പെട്ടെന്ന് ആരുടെയും സൗഹൃദവലയത്തില്പ്പെടാത്തവര്. എല്ലാം സ്വന്തമാക്കണമെന്ന ആഗ്രഹമുള്ളവര്‍. പെട്ടെന്ന് നിയന്ത്രണം വിടുന്ന പ്രകൃതക്കാര്‍. നിസ്സാരകാര്യത്തിലും മറ്റുള്ളവരോട് തട്ടിക്കയറുന്നവര്‍. കോടതിയും കേസ്സുകളും ജീവിതത്തിന്റെ ഭാഗമാക്കുന്നവര്‍. മനക്കരുത്തും പിടിവാശിയും സ്ഥിരോത്സാഹവും ജീവിതലക്ഷ്യ വിജയത്തിന് സ്വീകരിക്കുന്നവര്‍. ശസ്ത്രക്രിയകള്‍ക്ക് വിധേയനാകാതെ നോക്കുക.
ഇഷ്ടതീയതികള്‍-1, 6, 10, 15, 19, 24, 28. ഭാഗ്യനിറങ്ങള്‍- സ്വര്ണ്ണനിറം, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, റോസ്, നീല. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, മാണിക്യം, പവിഴം, മരതകം. പ്രധാന സംഭവവയസ്സുകള്‍-4, 8, 13, 22, 26, 31, 35, 40, 44, 49, 53, 58, 62, 67, 71, 80.
9, 18, 27 തീയതികളില്‍ ജനിച്ചവര്‍
സര്‍വ്വസ്വാതന്ത്ര്യം ജീവിതത്തില്‍ ആഗ്രഹിക്കുന്നവര്‍. ക്ഷിപ്രകോപികളാണ് നിങ്ങള്‍. അതുകൊണ്ട് യാതൊരുവിധത്തിലും പ്രകോപിപ്പിക്കാതെ നോക്കുക. കായിക വിനോദത്തില്‍ അളവറ്റ താല്‍പ്പര്യമുള്ളവര്‍. സാഹസിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇഷ്ടപ്പെടും. അപകടങ്ങളെ പേടിയില്ലാത്തവര്‍. ഒരുതരം പോരാളി സ്വഭാവമുള്ളവര്‍. സൈന്യസേവനം ഇവര്‍ക്ക് നല്ലതാണ്. അപകടങ്ങളെ അഭിമുഖീകരിക്കുന്നവര്‍. എളുപ്പത്തില്‍ ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത സ്വഭാവമുള്ളവര്‍. എങ്കിലും ആകര്‍ഷകമായ വ്യക്തിത്വത്തിനുടമയാണ് നിങ്ങള്‍. സാധാരണയില്‍ കവിഞ്ഞ പ്രണയബന്ധമുണ്ടാകും. അമിത മദ്യപാനം കരുതിയിരിക്കുക. ഭാഗ്യദേവതയുടെ കടാക്ഷം പലപ്പോഴും ജീവിതത്തിലുണ്ടാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സന്നിപാതം ഇവ വരാതെ നോക്കണം.
ഇഷ്ടതീയതികള്‍-1, 9, 10, 18, 19, 27, 28. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, സ്വര്ണ്ണനിറം, മഞ്ഞ, ഓറഞ്ച്, നീല. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, വൈഡൂര്യം, ഇന്ദ്രനീലം, പ്രധാന സംഭവവയസ്സുകള്‍-9, 18, 27, 36, 45, 54, 63, 72.
ഏപ്രില്‍ മാസത്തില്‍ ജനിച്ച ഇന്ത്യയിലെ വിവിധ രംഗങ്ങളിലെ പ്രശസ്തര്‍.
രാജാ രവിവര്‍മ്മ, അംബേദ്ക്കര്‍, മുകേഷ് അംബാനി, പണ്ഡിറ്റ് രവിശങ്കര്‍, രാശ്മിക മന്താന, സച്ചിന്, ചന്ദ്രബാബുനായിഡു, അല്ലു അര്ജ്ജുന്
അടുത്തലക്കം: പൂവുകളുടെ പുണ്യകാലം ജീവിതത്തിലേറ്റുവാങ്ങിയ മെയ്മാസക്കാര്.
