അനന്തരഫലത്തെപ്പറ്റി ചിന്തിക്കാതെ ഇറങ്ങിത്തിരിക്കുന്ന ആഗസ്റ്റ് ജന്മങ്ങള്‍

അനന്തരഫലത്തെപ്പറ്റി ചിന്തിക്കാതെ ഇറങ്ങിത്തിരിക്കുന്ന ആഗസ്റ്റ് ജന്മങ്ങള്‍

HIGHLIGHTS

ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.

പൊതുസ്വഭാവം

എപ്പോഴും മഹത്വം ആഗ്രഹിക്കുന്നവരാണ് ആഗസ്റ്റുകാര്‍. ആ ചിന്ത അവരെ പ്രവര്‍ത്തനനിരതരാക്കുന്നു. ആ ഇച്ഛാശക്തി ഏത് രംഗത്തും ഉന്നതനിലയിലെത്തിക്കും. വ്യക്തിമാഹാത്മ്യമുള്ളവരുമായി സഹവസിക്കാന്‍ ഇഷ്ടപ്പെടും. ഹൃദയവിശാലതയും ഔദാര്യവും മുഖമുദ്രയാണ്. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ നിയന്ത്രങ്ങളെ വെറുക്കും. ലക്ഷ്യബോധവും മനക്കരുത്തും വേണ്ടുവോളമുള്ളവര്‍. ഒരു ലക്ഷ്യം മനസ്സിലുറപ്പിച്ചാല്‍ ഏത് പ്രതിബന്ധങ്ങളെയും തട്ടിനീക്കി അത് നേടിയെടുക്കും. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന ശക്തി, ആകര്‍ഷകമായ വ്യക്തിത്വം ഇവര്‍ക്കുണ്ട്. ഏത് പ്രതികൂലാവസ്ഥയിലും തന്നെ സ്നേഹിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരെ കൂടെ നിര്‍ത്താന്‍ കഴിവുള്ളവര്‍. ആഗസ്റ്റ് 15 ന് ജനിച്ച നെപ്പോളിയന്‍ അതിന് ഉദാഹരണമാണ്. സദാസമയവും ഏതെങ്കിലും പ്രവൃത്തിയില്‍ മുഴുകിയിരിക്കുന്നവര്‍. അലസത ഇവര്‍ക്ക് രോഗങ്ങള്‍ സൃഷ്ടിക്കും. അങ്ങേയറ്റം ക്ഷമയും സഹനശക്തിയും ഉള്ളവര്‍. പക്ഷേ അഹിതമായി എന്തെങ്കിലും സംഭവിച്ചാല്‍ സിംഹത്തെപ്പോലെ അനന്തരഫലത്തെപ്പോലും ചിന്തിക്കാതെ പോരാടും. തുറന്ന അഭിപ്രായപ്രകടനം ശത്രുക്കളെ സൃഷ്ടിക്കും. അണിയറ നീക്കങ്ങള്‍ ഒട്ടും ഇഷ്ടപ്പെടുകയില്ല. വിശ്വാസവഞ്ചനയും കാപട്യവും ഇഷ്ടപ്പെടുകയില്ല. ആദര്‍ശസമ്പന്നരാണിവര്‍. ഉന്നമായ മോഹങ്ങള്‍ ഉള്ളവര്‍, സ്വയം സത്യസന്ധരും തനിക്ക് ചുറ്റിലുമുള്ളവരും അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നവര്‍. സ്നേഹവും കരുണയും വാത്സല്യവും മറ്റുള്ളവരെ തന്നിലേയ്ക്കടുപ്പിക്കുന്ന ഘടകങ്ങളാണ്. ഏത് സാഹചര്യങ്ങളോടും ഇണങ്ങിച്ചേരും. ആവശ്യത്തിലേറെ ഉത്തരവാദിത്തങ്ങള്‍ ചുമക്കാന്‍ സന്നദ്ധരാകും. അധിക ആത്മവിശ്വാസം സ്വേച്ഛാധിപത്യ പ്രവണതയിലേക്ക് നീങ്ങാതെ ശ്രദ്ധിക്കണം. സാധാരണ ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്നവരാണിവര്‍. തുറന്ന മനസ്സും അഭിമാനവും ക്ഷിപ്രവികാരമുള്ളവര്‍. ഇഷ്ടപ്പെട്ട തൊഴിലിനോട് കൂടുതല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍. പ്രതീക്ഷിച്ച സ്ഥാനം നേടാന്‍ കഴിയാതെ വന്നാല്‍ അതിന് കാരണം സ്വന്തം കുറവുകളാണെന്നു കണ്ടെത്തി സമാധാനിക്കുന്നവര്‍. ആവശ്യത്തിന് ഊര്‍ജ്ജവും രോഗപ്രതിരോധശക്തിയുമുള്ള ഇവര്‍ ശ്രദ്ധിക്കേണ്ടത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനവൈകല്യങ്ങളെയാണ്. ശക്തിയായ പനിയും വാതരോഗവും വരാന്‍ സാധ്യതയുണ്ട്. ന്യായമായ ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും വിജയിക്കുന്ന ആഗസ്റ്റുകാര്‍ ഊഹക്കച്ചവടത്തിലും ബുദ്ധിപൂര്‍വ്വമായ നിക്ഷേപത്തിലും നിന്ന് ആദായമുണ്ടാക്കും. ജൂലൈ 21 മുതല്‍ ആഗസ്റ്റ് 21 വരെയും നവംബര്‍ 23 മുതല്‍ ഡിസംബര്‍ 20 വരെയും മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 20 വരെയുമുള്ള കാലയളവില്‍ ജനിച്ചവരുമായി വിവാഹം, സൗഹൃദം ഇവ നടക്കാന്‍ സാദ്ധ്യതയുണ്ട്.

ഇനി ആഗസ്റ്റ് മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരെ പരിചയപ്പെടാം.

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍

മേല്‍വിവരിച്ച പൊതുസ്വഭാവത്തിനുപുറമെ സജീവവും പ്രവര്‍ത്തനക്ഷമവുമായ ബുദ്ധിക്കുടമയാണ് നിങ്ങള്‍. ഉറച്ചതീരുമാനവും മനസ്സും ലക്ഷ്യബോധവും പ്രത്യേകതയാണ്. അദ്ധ്വാനശീലം, മനക്കരുത്ത്, പ്രസന്നഭാവം, ആകര്‍ഷകമായ വ്യക്തിത്വം ഇവ ഏത് രംഗത്തും ശ്രദ്ധേയരാക്കും. സ്വതന്ത്ര വീക്ഷണവും നൂതനാശയങ്ങളും ഊര്‍ജ്ജസ്വലതയും പ്രകടിപ്പിക്കുന്നവര്‍. പെട്ടെന്ന് ക്ഷോഭിക്കും. അതേപോലെ ശാന്തമാവുകയും ചെയ്യുന്ന പ്രകൃതം. മറ്റുള്ളവരുടെ അംഗീകാരവും ബഹുമതിയും നേടാനാഗ്രഹിക്കും. ജീവിതത്തിന്‍റെ ആദ്യകാലം ബുദ്ധിമുട്ടുകളുടേതാണ്. 37 വയസ്സുകഴിഞ്ഞാല്‍ ജീവിതാവസാനം വരെ പുരോഗതി നേടിക്കൊണ്ടിരിക്കും. ബാലാരിഷ്ടതകള്‍ കഷ്ടപ്പെടുത്തും. 28 വയസ്സിനുശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെടും. 

ഇഷ്ടതീയതികള്‍- 1, 4, 10, 13, 19, 22, 28, 31. ഭാഗ്യനിറങ്ങള്‍- സ്വര്‍ണ്ണനിറം, മഞ്ഞ, ഓറഞ്ച്, ചാരനിറം. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പുഷ്യരാഗം. നിര്‍ണ്ണായകസംഭവവയസ്സുകള്‍- 1, 4, 10, 13, 19, 22, 28, 31, 37, 40, 46, 49, 55, 64, 73, 76. സൗഹൃദം- ഏത് മാസത്തിലേയും 1, 4, 10, 13, 19, 22, 28, 31 തീയതികളില്‍ ജനിച്ചവരുമായി.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍

ജീവിതത്തില്‍ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവര്‍. ബന്ധപ്പെടുന്നവരുടെയെല്ലാം ആദരവ് പിടിച്ചുപറ്റുന്നവര്‍. ഏത് തൊഴിലിലും മുന്നേറാന്‍ അവസരങ്ങള്‍ ധാരാളം ഇവര്‍ക്ക് ലഭിക്കും. എതിര്‍ലിംഗത്തില്‍പെട്ടവരുമായി ആദര്‍ശപ്രണയത്തില്‍ ഏര്‍പ്പെടുന്നവര്‍. കല, സാഹിത്യം, സംഗീതം ഇവയില്‍ അസാമാന്യകഴിവ് പ്രകടിപ്പിക്കും. ഏത് രംഗത്ത് പ്രവര്‍ത്തിച്ചാലും മുന്‍പന്തിയിലെത്തും. നയചാതുരിയും നേതൃഗുണവും മറ്റുള്ളവരുടെ വിശ്വസ്തതയ്ക്ക് കാരണമാകും. ശത്രുക്കള്‍ കുറവായിരിക്കും. മറ്റുള്ളവരില്‍ സ്നേഹം മാത്രം കാണുന്നവര്‍. പ്രഭാഷണത്തിലും ലേഖനമെഴുത്തിലും പ്രാഗത്ഭ്യം നേടും. പ്രാസംഗികന്‍, ജഡ്ജി, അധ്യാപകര്‍ തുടങ്ങിയ രംഗത്ത് ശോഭിക്കും. വ്യക്തിയെ മനസ്സിലാക്കാനുള്ള കഴിവുണ്ട്. സാമ്പത്തികമായി ഭാഗ്യവാനാണ്. എങ്കിലും പണത്തിനോട് കൂടുതല്‍ താല്‍പ്പര്യം കാണില്ല. ശ്വാസകോശരോഗം, കണ്ഠരോഗം, ഹൃദയ-രക്തചംക്രമണരോഗം ഇവ  സൂക്ഷിക്കുക. 

ഇഷ്ടതീയതികള്‍- 2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- പച്ച, വെളുപ്പ്, ചാരനിറം, മഞ്ഞ, ഓറഞ്ച്, നീല. ഭാഗ്യരത്നങ്ങള്‍- മുത്ത്, ചന്ദ്രകാന്തം, പുഷ്യരാഗം. നിര്‍ണ്ണായകവയസ്സുകള്‍- 2, 7, 11, 16, 20, 25, 29, 34, 38, 43, 47, 52, 56, 61, 65, 70. സൗഹൃദം- ഏത് മാസത്തിലും ജനിച്ച 1, 2, 4, 7, 10, 11, 13, 16, 19, 20, 22, 25, 28, 29, 31 തീയതിക്കാര്‍.

3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍

ഉയര്‍ന്ന നിലയില്‍ എത്തണമെന്ന ആഗ്രഹം നിങ്ങളുടെ അടിസ്ഥാനസ്വഭാവമാണ്. സാധാരണനേട്ടങ്ങള്‍ തൃപ്തിപ്പെടുത്തുകയില്ല. ഏത് സമുദായത്തിലും സമൂഹത്തിലും ജീവിച്ചാലും അധികാരവും ഉത്തരവാദിത്തവുമുള്ള പദവിയിലെത്താന്‍ പരിശ്രമിക്കും. ഏത് തൊഴിലിനോടും ആത്മാര്‍ത്ഥതയുള്ളവര്‍. ആദര്‍ശനിഷ്ഠയുള്ള മനസ്സിനുടമ. പ്രണയഭംഗങ്ങള്‍ നിരാശയ്ക്ക് കാരണമാകാതെ നോക്കണം. പൊതുജനങ്ങളുമായി ബന്ധപ്പെടാനുള്ള തൊഴിലുകളില്‍ ശോഭിക്കും. അത് സര്‍ക്കാരുദ്യോഗമോ, രാഷ്ട്രീയമോ, മുനിസിപ്പല്‍ ഭരണമോ അങ്ങനെ എന്തുമാകാം. കുടുംബജീവിതം ഇഷ്ടപ്പെടുന്ന സ്നേഹമസൃണമായ ഹൃദയം നിങ്ങള്‍ക്കുണ്ട്. ചെറ്റക്കുടിലില്‍ ജനിച്ചാലും ഉന്നതകുലജാതന്‍ സംസ്ക്കാര വൈശിഷ്ട്യം ഇവ പ്രകടിപ്പിക്കും. മുഖസ്തുതിക്കാരെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം. പണം പൂഴ്ത്തിവയ്ക്കുന്ന സ്വഭാവം നിങ്ങള്‍ക്കില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം ഇവയെ സൂക്ഷിക്കുക. 

ഇഷ്ടതീയതികള്‍- 1, 3, 4, 10, 12, 13, 19, 21, 22, 28, 30, 31. ഭാഗ്യനിറങ്ങള്‍- വയലറ്റ്, മഞ്ഞ, ഓറഞ്ച്, സ്വര്‍ണ്ണനിറം, നീല. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, ഇന്ദ്രനീലം, പുഷ്യരാഗം. നിര്‍ണ്ണായക സംഭവവയസ്സുകള്‍- 1, 3, 10, 12, 19, 21, 28, 30, 37, 39, 46, 48, 55, 57, 64, 66. സൗഹൃദം- ഏത് മാസത്തിലേയും 1, 3, 12, 19, 21, 28, 30 തീയതികളില്‍ ജനിച്ചവര്‍.

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍

സ്വാതന്ത്ര്യം തന്നെയാണ് ജീവിതം എന്ന് വിശ്വസിക്കുന്നവര്‍. അത് ചിന്തയിലും പ്രവൃത്തിയിലും ഇവര്‍ക്കുണ്ട്. യാഥാസ്ഥിതിക മനോഭാവക്കാരെ ഇവര്‍ വെറുക്കും. പുതുമയെ പുല്‍കും. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരെ അമ്പരപ്പിക്കും. മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്ക് വിയോജിപ്പുള്ള ചിന്തയാണിവര്‍ക്ക്. സ്വന്തം ആള്‍ക്കാരും ബന്ധുക്കളുമായി ഒത്തുപോകാന്‍ പ്രയാസമാകും. വീടുമായുള്ള ബന്ധം ഉപേക്ഷിച്ച് ദേശാടനതാല്‍പ്പര്യമുള്ളവര്‍. സ്വന്തമായ ജീവിതപ്പാത തെരഞ്ഞെടുക്കാന്‍ കഴിവുള്ളവര്‍. മതത്തെയും ജീവിതത്തെയും കുറിച്ചുള്ള ഇവരുടെ വീക്ഷണം ഭിന്നമാണ്. ജീവിതം ആകസ്മികസംഭവങ്ങളും സാഹസികതയും നിറഞ്ഞതായിരിക്കും. പ്രണയബന്ധം കുടുംബത്തില്‍ അസ്വാരസ്യം സൃഷ്ടിക്കും. ആഗസ്റ്റ് 31 ന് ജനിച്ചവര്‍ക്ക് ഇത്തരം ആകുലതകള്‍ കുറവായിരിക്കും. പണം സമ്പാദിക്കണമെന്നതില്‍ യാതൊരു താല്‍പ്പര്യവുമില്ലാത്തവര്‍. ബാങ്കിംഗ് മേഖലകളില്‍ തൊഴില്‍ ചെയ്ത് വിജയിക്കും. മനസ്സിന്‍റെ അവസ്ഥയാണ് നിങ്ങളുടെ ആരോഗ്യസ്ഥിതി തീരുമാനിക്കുന്നത്. 

ഇഷ്ടതീയതികള്‍- 4, 8, 13, 17, 22, 26, 31. ഭാഗ്യനിറങ്ങള്‍- നീല, സ്വര്‍ണ്ണനിറം, ഓറഞ്ച്, മഞ്ഞ. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, മാണിക്യം, പുഷ്യരാഗം. നിര്‍ണ്ണായക സംഭവവയസ്സുകള്‍- 4, 8, 13, 17, 22, 26, 33, 35, 40, 44, 49, 53, 58, 62, 67, 71. സൗഹൃദം- ഏത് മാസത്തിലെയും 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.

5, 14, 23 തീയതികളില്‍ ജനിച്ചവര്‍

വേണ്ടത്ര ആലോചനയില്ലാതെ ധൃതിപിടിച്ച് തീരുമാനമെടുക്കുന്ന ദോഷം നിങ്ങള്‍ക്കുണ്ട്. അത് മുന്‍കോപം, അക്ഷമ ഇവയ്ക്ക് കാരണമാകും. അതിശക്തമായ മഹത്വകാംക്ഷയാണ്. ഗ്രന്ഥകാരന്മാര്‍, കലാകാരന്മാര്‍, അഭിനേതാക്കള്‍ എന്നീ നിലയില്‍ ശ്രദ്ധിക്കപ്പെടാം. ആത്മവിശ്വാസം, പ്രത്യാശ, സാമ്പത്തികശേഷി ഇവ ജീവിതത്തില്‍ നിര്‍ണ്ണായക ഘടകമാണ്. ജീവിതത്തിലും തൊഴില്‍രംഗത്തും ആകസ്മികമാറ്റങ്ങള്‍ക്ക് വിധേയനാകും. പുതിയ സ്ഥലങ്ങളില്‍ താമസിക്കാനും ധാരാളം യാത്ര ചെയ്യാനും ഇഷ്ടമാണ്. നീണ്ടുനില്‍ക്കുന്ന മുഷിപ്പന്‍ പണി ഇഷ്ടപ്പെടില്ല. സ്വയം ഇഷ്ടപ്പെടുന്ന, അടിയന്തിര സ്വഭാവമുള്ള ജോലിയില്‍ ഉത്സാഹത്തോടെ പങ്കെടുക്കും. പുതിയ പ്രണയബന്ധങ്ങള്‍ നിങ്ങള്‍ക്ക് ഹരമാണ്. ജീവിതത്തില്‍ വേഗതയ്ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍. സ്വന്തം തീരുമാനങ്ങളാണ് ശരിയെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍. സാമ്പത്തികസ്ഥിതി ആസൂത്രണത്തില്‍ പാടവം പ്രകടമാക്കും.ലഹരിപദാര്‍ത്ഥങ്ങളെ അകറ്റി നിര്‍ത്തണം. 

ഇഷ്ടതീയതികള്‍- 5, 14, 23. മധ്യമതീയതികള്‍- 1, 10, 19, 28. ഭാഗ്യനിറങ്ങള്‍- എല്ലാ ഇളം നിറങ്ങള്‍. ഭാഗ്യരത്നങ്ങള്‍- മുത്ത്, പവിഴം. നിര്‍ണ്ണായക സംഭവവയസ്സുകള്‍- 5, 14, 23, 32, 41, 50, 59, 68. സൗഹൃദം- എല്ലാ മാസത്തിലെയും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍.

6, 15, 24 തീയതികളില്‍ ജനിച്ചവര്‍

എല്ലാവരോടും അനുഭാവത്തോടെ, ഔദാര്യത്തോടെ പെരുമാറുന്നവര്‍. എതിര്‍ലിംഗത്തില്‍പ്പെട്ടവരെ പെട്ടെന്ന് ആകര്‍ഷിക്കും. സ്നേഹം നിങ്ങള്‍ക്ക് ജീവിതത്തിന്‍റെ ഇന്ധനമാണ്. അത് കേവലം വികാരപരമോ, ലൈംഗികാകര്‍ഷണമോ അല്ല. കുടുംബസ്നേഹമുള്ളവര്‍. എവിടെച്ചെന്നാലും ധാരാളം സുഹൃത്തുക്കളുള്ളവര്‍. അവര്‍ക്കുവേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാവും. സംഗീതം, സാഹിത്യം, നൃത്തം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍. യുവത്വത്തോട് ഏറെ മമതയുള്ളവര്‍. വിചിത്രസ്വഭാവമുള്ള, അസാധാരണ വ്യക്തികള്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ടായിരിക്കും. സ്നേഹിതരുടെ കുറവുകള്‍ യഥാസമയം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അപവാദത്തിന് പാത്രമാകേണ്ടി വന്നേക്കാം. ആഡംബര ജീവിതം സാമ്പത്തികനില തകര്‍ക്കാതെ നോക്കണം. ഇവര്‍ പണം സമ്പാദിക്കുമെന്നത് തീര്‍ച്ചയാണ്. അത് കലാപ്രവര്‍ത്തനങ്ങള്‍ വഴിയുമാകാം. ആരോഗ്യസ്ഥിതി അനുകൂലമാണ്. വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അപകടം വരാതെ നോക്കണം.

ഇഷ്ടതീയതികള്‍- 1, 4, 6, 10, 13, 15, 19, 22, 24, 28, 31. ഭാഗ്യനിറങ്ങള്‍- നീല, സ്വര്‍ണ്ണനിറം, മഞ്ഞ, ഓറഞ്ച്. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, പുഷ്യരാഗം, ഇന്ദ്രനീലം. നിര്‍ണ്ണായക സംഭവവയസ്സുകള്‍- 1, 6, 10, 15, 19, 24, 28, 33, 37, 42, 46, 51, 55, 60, 64, 69. സൗഹൃദം- ഏത് മാസത്തിലെയും 1, 4, 6, 10, 13, 15, 19, 22, 24, 28, 31 തീയതികളില്‍ ജനിച്ചവര്‍.

7, 16, 25 തീയതികളില്‍ ജനിച്ചവര്‍

ഉല്‍ക്കര്‍ഷേച്ഛ ഇവര്‍ക്ക് പ്രധാനമാണ്. എങ്കിലും മറ്റുള്ളവരെ അടക്കി ഭരിക്കാന്‍ ഇവര്‍ ആഗ്രഹിക്കുകയില്ല. സ്വന്തം തൊഴിലില്‍ മാത്രം ശ്രദ്ധിക്കും. വ്യക്തിഗതമായ ഉന്നതിയാണ് ലക്ഷ്യം. സംഗീതം, കല, ചിത്രമെഴുത്ത്, നാടകം, തത്ത്വശാസ്ത്രം തുടങ്ങി ഏത് വിഷയത്തിലും താല്‍പ്പര്യം പ്രകടിപ്പിക്കും. അന്തസ്സുള്ള പെരുമാറ്റവും സഹജീവികളോട് കാരുണ്യവും ആത്മീയതയിലൂന്നിയ സ്നേഹഭാവവും നിങ്ങള്‍ക്കുണ്ടാകും. സ്നേഹിക്കപ്പെടുന്നവര്‍ വഴി നിരാശയ്ക്കും കാരണമുണ്ടാകും. വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങള്‍ നിങ്ങളെ സാഹസകൃത്യങ്ങളുടെ ഭാഗമാക്കും. സ്വന്തം കഴിവിലാണ് നിങ്ങളുടെ ജീവിതവും വിശ്വാസവും. യാത്രകള്‍ ഇഷ്ടപ്പെടും. പുതിയ സ്ഥലങ്ങളില്‍ താമസിക്കാനാഗ്രഹിക്കും. നിഗൂഢശാസ്ത്രങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. പണത്തെയും സാധാരണരീതിയിലുള്ള ധനസമ്പാദനങ്ങളെയും ഇഷ്ടപ്പെടാത്ത പ്രകൃതമാണ്. മനഃസ്ഥിതിയാണ് ആരോഗ്യത്തെ നിയന്ത്രിക്കുന്നത്. 

ഇഷ്ടതീയതികള്‍- 2, 7, 11, 16, 20, 25. ഭാഗ്യനിറങ്ങള്‍- പച്ച, ഓറഞ്ച്, മഞ്ഞ, സ്വര്‍ണ്ണനിറം, നീല, ചാരനിറം. കറുപ്പ് ഒഴിവാക്കുക. ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, പവിഴം, മുത്ത്. നിര്‍ണ്ണായക സംഭവവയസ്സുകള്‍- 2, 7, 11, 16, 20, 25, 29, 34,  43, 47, 52, 56, 61, 65, 70, 74, സൗഹൃദം- ഏത് മാസത്തിലും 2, 7, 11, 16, 20, 25, 29 തീയതികളില്‍ ജനിച്ചവര്‍.

8, 17, 26 തീയതികളില്‍ ജനിച്ചവര്‍

നിങ്ങള്‍ മനസ്സിരുത്തിയാല്‍ മാത്രം മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഉദാസീനത തീര്‍ത്തും ഒഴിവാക്കണം. നന്മയും ഔദാര്യവുമാണ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. ശക്തമായ മഹത്വകാംക്ഷയുള്ള വ്യക്തിയാണ് നിങ്ങള്‍. പക്ഷേ മറ്റുള്ളവരുടെ ആദര്‍ശങ്ങളുമായി ഒത്തുചേരില്ല. ആരുമായും കൂട്ടുചേരാതെ ഏകാകിയായ ജോലി ചെയ്യുന്നതാണ് ഇഷ്ടം. പരസ്പരവിരുദ്ധമായ രണ്ട് ചിന്താധാരകളുടെ സ്വാധീനം ജീവിതത്തിലുണ്ടാകാം. ഒന്നുകില്‍ തികഞ്ഞ അവിശ്വാസിയായി മതവിശ്വാസങ്ങളെയും പ്രസ്ഥാനങ്ങളെയും ചോദ്യം ചെയ്യും. അല്ലെങ്കില്‍ മൗലികവാദിയായി വിശ്വാസത്തെ മുറുകെപ്പിടിക്കും. മറ്റുള്ളവര്‍ പിന്തുടരാത്ത പ്രയാസമുള്ള വിചിത്രാനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ട്. വിവാഹവും കുടുംബജീവിതവും സാധാരണയില്‍ നിന്ന് ഭിന്നമായിരിക്കും. വഞ്ചനയില്‍പ്പെടാത്തവിധം പണമിടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. രോഗങ്ങള്‍ കരുതിയിരിക്കുക. 

ഇഷ്ടതീയതികള്‍- 4, 8, 13, 17, 22, 26, 31. ഭാഗ്യനിറങ്ങള്‍- കറുപ്പ്, നീല. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, കറുത്ത മുത്ത്. നിര്‍ണ്ണായക സംഭവവയസ്സുകള്‍- 4, 8, 13, 17, 22, 26, 31, 35, 40, 44, 49, 53 ,58, 62, 67, 71, 76. സൗഹൃദം- ഏത് മാസത്തിലെയും 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.

9, 18, 27 തീയതികളില്‍ ജനിച്ചവര്‍

നൈമിഷിക പ്രേരണയുടെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ജോലികള്‍. വെട്ടിത്തുറന്ന് അഭിപ്രായം പറയും. മുന്‍കോപമുണ്ടാകും. വേണ്ടവിധം ആലോചിക്കാതെ പ്രവര്‍ത്തിക്കും. ധാരാളം ശത്രുക്കളുണ്ടാകും. സ്വതന്ത്രജീവിതം ഇഷ്ടപ്പെടും. ആരുടേയും വിമര്‍ശനമോ, ഇടപെടലോ പൊറുക്കുകയില്ല. നീതിബോധത്തില്‍ അടിയുറച്ച സ്വഭാവം. മനഃസാക്ഷിയോട് കൂറുപുലര്‍ത്തി പീഡിതര്‍ക്കൊപ്പം നില്‍ക്കും. ഗൂഢതന്ത്രങ്ങളില്‍ താല്‍പ്പര്യമില്ല. സൈന്യസേവനം, ബിസിനസ്സ് തുടങ്ങിയ രംഗങ്ങളില്‍ വിജയം വരിക്കും. നിങ്ങളുടെ പ്രവൃത്തികള്‍ പലതും ശത്രുതയ്ക്ക് കാരണമാകും. അപകടങ്ങളെ ജീവിതത്തില്‍ കരുതിയിരിക്കണം. അക്രമം, അഗ്നിബാധ, സ്ഫോടനം ഇവ ജീവന് ഭീഷണിയാകും. നിരവധി പ്രണയബന്ധങ്ങളും രഹസ്യവേഴ്ചകളും നിങ്ങള്‍ക്കുണ്ടാകും. അത് പില്‍ക്കാലത്ത് ജീവിതത്തെ വേട്ടയാടാതെ നോക്കണം. സാഹസകൃത്യങ്ങളിലും കായികവിനോദങ്ങളിലും താല്‍പ്പര്യം പ്രകടിപ്പിക്കും. യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനം, കണ്ടുപിടിത്തം എന്നിവയില്‍ വൈദഗ്ദ്ധ്യം ഉണ്ടാകും. തൊഴില്‍രംഗത്ത് അഭിവൃദ്ധിപ്പെടും. പണം സമ്പാദിക്കും. നല്ല ആരോഗ്യമുള്ള ശരീരമാണ്. ഉളുക്ക്, സന്ധിവേദന ഇവ കരുതിയിരിക്കുക. 

ഇഷ്ടതീയതികള്‍- 1, 10, 18, 19, 27, 29. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, സ്വര്‍ണ്ണനിറം, ഓറഞ്ച്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, പുഷ്യരാഗം, നിര്‍ണ്ണായക സംഭവവയസ്സുകള്‍- 9, 18, 27, 36, 45, 54, 63, 72. സൗഹൃദം- ഏത് മാസത്തിലും 1, 9, 10, 18, 27, 28 തീയതികളില്‍ ജനിച്ചവര്‍. 

ആഗസ്റ്റ് മാസം ജനിച്ച ഇന്ത്യയിലെ മഹത്വ്യക്തികള്‍

വിജയലക്ഷ്മി പണ്ഡിറ്റ്, രാജീവ്ഗാന്ധി, മനേകാഗാന്ധി, കിഷോര്‍കുമാര്‍, സുഹാസിനി, ശ്രീദേവി 


അടുത്തലക്കം: സുന്ദരിയായ  സെപ്തംബറിനെക്കുറിച്ച്.