അലസതയെ വെറുക്കുന്നവരും സംഗീതപ്രിയരുമാണ് ഡിസംബര്‍ ജന്മങ്ങള്‍

അലസതയെ വെറുക്കുന്നവരും സംഗീതപ്രിയരുമാണ് ഡിസംബര്‍ ജന്മങ്ങള്‍

HIGHLIGHTS

ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.

പൊതുസ്വഭാവം

ഡിസംബറില്‍ ജനിച്ചവര്‍ നിര്‍ഭയരായി ചുമതലകള്‍ നിറവേറ്റും. കൃത്യനിര്‍വ്വഹണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയില്ല. അദ്ധ്വാനശേഷിയില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കുമാകില്ല. കാര്യങ്ങള്‍ ഗ്രഹിക്കാനും പ്രതികരിക്കാനും ഇവര്‍ക്ക് നല്ല സാമര്‍ത്ഥ്യമുണ്ട്. തികഞ്ഞ സത്യസന്ധത പുലര്‍ത്തുന്നവര്‍. വഞ്ചനയ്ക്കും തട്ടിപ്പിനുമെതിരെ ശക്തമായി പ്രതികരിക്കുന്നവര്‍. പ്രശസ്ത സംഗീതജ്ഞരില്‍ പലരും ഡിസംബറിന്‍റെ സന്തതികളാണ്. അലസത തീരെ ഇഷ്ടപ്പെടുകയില്ല. എന്തെങ്കിലും ജോലിയില്‍ എപ്പോഴും വ്യാപൃതരായിരിക്കും. പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണത ഇഷ്ടപ്പെടുന്നവര്‍. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങളില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരാതെ നോക്കണം. അധികാരത്തെ ഇഷ്ടപ്പെടുന്നവര്‍. പക്ഷേ ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് ബോധ്യമായാല്‍ ഏത് പദ്ധതിയും പാതിവഴിയില്‍ ഉപേക്ഷിക്കും. വളരെ വേഗമെടുക്കുന്ന തീരുമാനങ്ങള്‍ ഇരുവരുടെ ജീവിതത്തില്‍ വിവാദത്തിന് കാരണമാകും. അത് യഥാര്‍ത്ഥത്തില്‍ ദുഃഖത്തിന് ഹേതുവാകുമെങ്കിലും മാതൃകാദമ്പതികളെന്ന മട്ടില്‍ അതീവ സന്തുഷ്ടരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തും. നിയമത്തെ മാനിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കും. പതിവായി ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ പ്രഗത്ഭരാണ്. ഭര്‍ത്താവിനും കുട്ടികള്‍ക്കും നന്മയ്ക്കുവേണ്ടി സര്‍വ്വവും സഹിക്കും. വീടിനെയും കുടുംബത്തെയും സ്നേഹിക്കും. വിവാഹബന്ധം സന്തോഷകരമല്ലെങ്കില്‍പ്പോലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും തന്നാലാവും വിധം സന്തോഷിപ്പിക്കാനും ഇവര്‍ ശ്രമിക്കും.  ജീവിതവീക്ഷണമുള്ളവരാണ്. ഇവരില്‍ ചിലര്‍ ദ്വന്ദ സ്വഭാവമുള്ള വ്യക്തികളായിരിക്കും.   ആത്മവിശ്വാസത്തോടെയും സാഹസികതയോടെയും തന്നിഷ്ടത്തോടെ പെരുമാറുന്നവര്‍. സത്യം, നീതി, സമാധാനം എന്നിവയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍. അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടേയും പക്ഷത്തുനില്‍ക്കുന്നവര്‍.  സ്നേഹിതരുടെ പ്രശംസ പിടിച്ചുപറ്റുന്നവര്‍. തുറന്ന അന്തരീക്ഷവും ശുദ്ധമായ വായുവും ഇഷ്ടപ്പെടും. മറയില്ലാതെ അഭിപ്രായപ്രകടനം നടത്തുന്നവര്‍.  അങ്ങേയറ്റം സത്യസന്ധരായതുകൊണ്ട് എളുപ്പം വഞ്ചനയില്‍പ്പെടാന്‍ സാധ്യതയുള്ളവര്‍. ശുഭാപ്തിവിശ്വാസം, ദുഃഖിതരോടുള്ള സഹതാപം, ആര്‍ദ്രത എന്നിവ സ്വഭാവ സവിശേഷതകളാണ്. കഠിനാദ്ധ്വാനം ശരീരത്തിനും മനസ്സിനും തളര്‍ച്ച സൃഷ്ടിക്കാതെ നോക്കണം. ബുദ്ധിപരമായ പ്രവര്‍ത്തനത്തിലൂടെ ആദായമുണ്ടാക്കും.

ഇനി ഡിസംബര്‍ മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരെ പരിചയപ്പെടാം.

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍

ഉന്മേഷവും ഉത്സാഹവും പ്രത്യാശയും ഇവര്‍ക്കുണ്ട്. പ്രതിബന്ധങ്ങള്‍ നിരാശപ്പെടുത്തുകയില്ല. ശരിയായ അര്‍ത്ഥത്തില്‍ ഉദാരമതികളാണ്. ശുഭാപ്തി വിശ്വാസമുള്ളവര്‍. അദ്ധ്വാനശീലവും ധൈര്യവും വേണ്ടുവോളമുള്ളവര്‍. കഷ്ടപ്പെടുന്നവരെ സഹായിക്കാനും വഞ്ചന മുന്‍കൂട്ടി അറിയുകയും ചെയ്യുന്നവര്‍. ആരോടും വിരോധം വച്ചുപുലര്‍ത്തുകയില്ല. സത്യസന്ധതയാണ് മുതല്‍ക്കൂട്ട്. അസാധ്യമായതിന് വാശിപിടിക്കുകയില്ല. തിരിച്ചുകൊടുക്കാന്‍ കഴിവുണ്ടെങ്കിലേ കടം വാങ്ങുകയുള്ളൂ. കീഴ്വഴക്കങ്ങളെ മാനിക്കുന്ന മനസ്സാണിവര്‍ക്ക്. ഭരണാധികാരികളെ കൃത്യനിര്‍വ്വഹണത്തില്‍ സഹായിക്കും. ഏത് തൊഴിലിലേര്‍പ്പെട്ടാലും പണം സമ്പാദിക്കും.  നഷ്ടം വന്നാല്‍ ഇച്ഛാഭംഗമുണ്ടാവുകയില്ല. അത്രവേഗം അസുഖം പിടിപെടാത്തവര്‍. 
 

ഇഷ്ടതീയതികള്‍- 1, 3, 10, 12, 19, 21, 27, 30. ഭാഗ്യനിറങ്ങള്‍- സ്വര്‍ണ്ണനിറം, മഞ്ഞ, ചുവപ്പ്, വയലറ്റ്, ഭാഗ്യരത്നങ്ങള്‍- വൈരം, പുഷ്യരാഗം, വൈഡൂര്യം. ദശാസന്ധികള്‍-1, 3, 10, 12, 19, 21, 28, 30, 37, 39, 46, 48, 54, 57, 64, 66, 73, 75. സംഹൃദം- എല്ലാമാസത്തിലെയും 1, 3, 10, 12, 19, 21, 28, 30 തീയതികളില്‍ ജനിച്ചവര്‍.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍

സൗമ്യഭാവമുള്ള, ശുഭാപ്തി വിശ്വാസം കുറഞ്ഞ, വേണ്ടത്ര ആത്മവിശ്വാസമില്ലാത്ത വ്യക്തികളായിരിക്കും. ഭൗതിക താല്‍പ്പര്യങ്ങളെക്കാള്‍ ആത്മീയ ചിന്തയാണ് ഇവരെ നിയന്ത്രിക്കുന്നത്. തത്വശാസ്ത്രം, അതീന്ദ്രിയ ജ്ഞാനം, മിസ്റ്റിസിസം എന്നിവ ഇഷ്ടപ്പെടുന്നവര്‍. ദീര്‍ഘദര്‍ശിത്വവും ഭാവിപ്രവചിക്കാനുള്ള കഴിവും ഇവര്‍ക്കുണ്ട്. തന്നെ ഇഷ്ടപ്പെടുന്നവരോടുമാത്രമേ ഉള്ളുതുറന്ന് സംസാരിക്കുകയുള്ളൂ. അല്ലാത്തവരോട് സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കുകയില്ല. പഠിപ്പിക്കാനുള്ള കഴിവ് ജന്മനാതന്നെ ഉള്ളതുകൊണ്ട് അധ്യാപകവൃത്തിയില്‍ വിജയിക്കും. പ്രകൃതിസ്നേഹികളാണ്. യാത്രചെയ്യാനും വിദൂരദേശങ്ങളിലെ അത്ഭുതദൃശ്യങ്ങള്‍ നേരില്‍ക്കാണാനും ഇഷ്ടമാണ്. ഭക്ഷണക്കാര്യത്തില്‍ സ്വന്തമായ അഭിരുചികളും പിടിവാശികളുമുണ്ട്. പിരിമുറുക്കമുള്ള മനസ്സും കലാവാസനയുള്ള ഹൃദയവും ഇവര്‍ക്ക് സ്വന്തമാണ്. സമ്പത്തിനെക്കുറിച്ച് വേവലാതികളില്ല. വലിയ ശരീരമുണ്ടെങ്കിലും ശക്തി കുറവായിരിക്കും. 

ഇഷ്ടതീയതികള്‍- 2, 3, 7, 11, 12,16, 21, 23, 29. ഭാഗ്യനിറങ്ങള്‍- പച്ച, വെള്ള, ചാരനിറം, വയലറ്റ്. ഭാഗ്യരത്നങ്ങള്‍- മരതകം, പവിഴം, ചന്ദ്രകാന്തം. പ്രധാന സംഭവവയസ്സുകള്‍- 2, 3, 7, 11, 12, 16, 21, 25, 29, 30, 34, 38, 43, 47, 48, 52, 57, 61, 70. സൗഹൃദം- ഏത് മാസത്തിലെയും 2, 3, 7, 11, 12, 16, 21, 25, 29, 30 തീയതികളില്‍ ജനിച്ചവര്‍.

3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍

ഏത് രംഗത്തും വിജയിക്കുന്നവര്‍. സമൂഹത്തിന്‍റെ നേതൃസ്ഥാനത്തെത്താന്‍ കഴിവുള്ളവര്‍. സംഘടനാപാടവമുള്ളവര്‍. രാഷ്ട്രീയരംഗത്ത് വിജയം നേടും. ബഹുമതികളും സ്ഥാനമാനങ്ങളും തേടിയെത്തും. ഉയര്‍ന്നപദവികളില്‍ ഉപവിഷ്ടരാകും. കെട്ടിടനിര്‍മ്മാണം, വാഹനമേഖല, ഫാക്ടറികള്‍ എന്നീ രംഗങ്ങളില്‍ കരാറുകാരായി പേരെടുക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ അധികാരസ്ഥാനത്തെത്തും. ആത്മീയരംഗത്ത് പ്രശസ്തിനേടും. തൂലികയുടെ ശക്തി മാധ്യമരംഗത്ത് പ്രശസ്തമാക്കും. ഇത്രയേറെ കഴിവുകളുണ്ടെങ്കിലും വാര്‍ദ്ധക്യകാലത്ത് ഇവയെല്ലാം ഒന്നൊന്നായി അപ്രത്യക്ഷമാകാതെ നോക്കണം. സാമ്പത്തികമായി അന്‍പത് വയസ്സിനുശേഷം കൂടുതല്‍ ശ്രദ്ധ വേണം. അറുപത് വയസ്സിന് ശേഷം രോഗങ്ങള്‍ പിടിമുറുക്കാതെ നോക്കുക. പക്ഷാഘാതം വരാതെ നോക്കണം. 

ഇഷ്ടതീയതികള്‍- 3, 6, 9, 12, 15, 18, 21, 24, 27, 30. ഭാഗ്യനിറങ്ങള്‍- നീല, വയലറ്റ്, ചുവപ്പ്, റോസ്, ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, ചുവന്നപവിഴം, മാണിക്യം,(30 ന് ജനിച്ചവര്‍ക്ക് ഇന്ദ്രനീലം നല്ലതാണ്) പ്രധാന സംഭവവയസ്സുകള്‍- 3, 12, 21, 30, 39, 48, 57, 66, 75. സൗഹൃദം- ഏത് മാസത്തിലെയും 3, 6, 9, 12, 15, 18, 21, 24, 27, 30 തീയതികളില്‍ ജനിച്ചവര്‍. ഡിസംബര്‍ 30 ന് ജനിച്ചവര്‍ 8, 26 തീയതിക്കാരുമായും അടുപ്പമുണ്ടാകും.

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍

വിധിയുടെ കയ്യിലെ കളിപ്പാവകളാണ് ഇവര്‍. അപ്രതീക്ഷിത ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ജീവിതത്തില്‍ കരുതിയിരിക്കുക. ജീവിതത്തില്‍ ഇവ രണ്ടിന്‍റെയും സ്വാധീനം ഒട്ടനവധി സംഭവങ്ങള്‍ക്ക് കാരണമാകും. ബുദ്ധിസാമര്‍ത്ഥ്യം, വിവേചനാശീലം, ചിന്താശക്തി എന്നിവയാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍. ഭാവനാസമ്പന്നരാണ്. പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവര്‍. ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും പാത്രമാകുന്നവര്‍. വിചിത്രമായ സ്വപ്നങ്ങള്‍ക്കുടമയായവര്‍. ഗൂഢശാസ്ത്രങ്ങള്‍ പഠിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. സ്വതന്ത്രമായ ജീവിതം ആഗ്രഹിക്കുന്നവര്‍. നിയന്ത്രണങ്ങള്‍ ഇഷ്ടപ്പെടുകയില്ല. അതുകൊണ്ടുതന്നെ ഭാര്യയുമായി സഹകരിച്ചുപോകാന്‍ ബുദ്ധിമുട്ടാകും. ജീവിതത്തില്‍ അപകടസാധ്യത കരുതിയിരിക്കുക. സാഹിത്യരചനപോലുള്ള ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളില്‍ ക്ഷണമുണ്ടാകും. സംഗീതവും ചിത്രകലയും ഇഷ്ടപ്പെടും. വിശാലമനസ്കരും ഔദാര്യശീലവും ഉള്ളവര്‍. അനിശ്ചിതമായ സാമ്പത്തികനിലയുള്ളവര്‍. ചിലപ്പോള്‍ അപ്രതീക്ഷിതമായി ധനം കൈവന്നിരിക്കും. പക്ഷേ അത് ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കുകയില്ല. പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍ സൂക്ഷിക്കുക. 

ഇഷ്ടതീയതികള്‍- 1, 3, 10, 12, 19, 21, 28, 30. ഭാഗ്യനിറങ്ങള്‍- മഞ്ഞ, ബ്രൗണ്‍, വയലറ്റ്. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, വൈരം, വൈഡൂര്യം, പുഷ്യരാഗം. പ്രധാന സംഭവവയസ്സുകള്‍- 4, 8, 9, 13, 17, 18, 22, 26, 27, 31, 35, 40, 44, 45, 49, 53, 54, 58, 62, 63, 67, 71. സൗഹൃദം- ഏത് മാസത്തിലെയും 1, 3, 4, 8, 10, 12, 13, 17, 19, 21, 22, 26, 28, 30, 31 തീയതികളില്‍ ജനിച്ചവര്‍.

5, 14, 23 തീയതികളില്‍ ജനിച്ചവര്‍

അസാധാരണ പ്രവര്‍ത്തനശേഷിയും ബുദ്ധിശക്തിയുമുള്ളവര്‍. എന്നാല്‍ മനസ്സും ശരീരവും എപ്പോഴും അസ്വസ്ഥമായിരിക്കും. സ്വതന്ത്രവും സൃഷ്ടിപരവുമായ കാഴ്ചപ്പാട് ഇവര്‍ക്കുണ്ട്. കായികവിനോദങ്ങളില്‍ അഭിരുചിയുണ്ട്. വേഗതയോടുള്ള ഭ്രമം അപകടത്തിന് കാരണമാകും. അതുകൊണ്ട് വാഹനയാത്രകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. സ്വസ്ഥമായ മനസ്സുണ്ടെങ്കില്‍ സാഹിത്യം, ശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നീ മേഖലകളില്‍ ശ്രദ്ധിക്കപ്പെടും. പ്രതിസന്ധിഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിവാദങ്ങള്‍ ഇഷ്ടപ്പെടും. എതിരാളികളെ പരിഹാസശരങ്ങളാല്‍ നിഷ്പ്രഭരാക്കും. എതിര്‍ലിംഗത്തില്‍പ്പെട്ടവരെ വേഗം ആകര്‍ഷിക്കാനുള്ള കഴിവുണ്ടാകും. ദാമ്പത്യജീവിതം പൊതുവെ സന്തുഷ്ടമായിരിക്കും. എങ്കിലും വൈകി വിവാഹം കഴിക്കുന്നത് നല്ലതാണ്. പണം സമ്പാദിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ഉദരസംബന്ധമായ അസുഖങ്ങള്‍, നാഡീരോഗങ്ങള്‍ ഇവ സൂക്ഷിക്കുക. 

ഇഷ്ടതീയതികള്‍- 3, 5, 12, 14, 21, 23, 30. ഭാഗ്യനിറങ്ങള്‍- ഇളം നിറങ്ങള്‍, വയലറ്റ്, ചുവപ്പ്. ഭാഗ്യരത്നം- വൈഡൂര്യം. പ്രധാന സംഭവവയസ്സുകള്‍. 5, 14, 23, 32, 41, 50, 59, 68, 77. സൗഹൃദം- ഏത് മാസത്തിലെയും 3, 5, 12, 14, 21, 30 തീയതികളില്‍ ജനിച്ചവര്‍.

6, 15, 24 തീയതികളില്‍ ജനിച്ചവര്‍

ഈ തീയതികളില്‍ ജനിച്ചവര്‍ പൊതുവെ സന്തുഷ്ടരാണ്. സൗന്ദര്യാരാധകരാണ്. പ്രകൃതിയിലെ എല്ലാ നല്ല വസ്തുക്കളും ഇവര്‍ക്കിഷ്ടമാണ്. സങ്കുചിത മനഃസ്ഥിതിയോ, പിശുക്കോ ഇല്ലാത്തവര്‍. നല്ല ആതിഥേയരും സല്‍ക്കാരപ്രിയരുമാണ്. കായികവിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍. വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നവര്‍. ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷമാണ് ഇവര്‍ക്ക് വേണ്ടത്. അപസ്വരങ്ങള്‍ ഇഷ്ടപ്പെടുകയില്ല. സ്ത്രീകള്‍ക്കാണെങ്കില്‍ എന്തും ഇരട്ടയായി ഭവിക്കാനുള്ള യോഗമുണ്ട്. രണ്ട് വരുമാനമാര്‍ഗ്ഗം, രണ്ട് കുട്ടികള്‍, ചിലപ്പോള്‍ രണ്ട് ഭര്‍ത്താക്കന്മാര്‍ വരെയാകാം. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ആകര്‍ഷണം ഇവര്‍ക്ക് ശക്തമായിരിക്കും. സത്യസന്ധരാണ്. സ്നേഹബന്ധങ്ങളില്‍ തികഞ്ഞ വിശ്വസ്തത പുലര്‍ത്തും. പൊങ്ങച്ചവും നാട്യവും ഉള്ളവര്‍. യാത്ര ചെയ്യാന്‍ ഉത്സുകരാണ്. മഹത്തായ ആശയങ്ങള്‍ ഉള്ളവരുമാണ്. സംഗീതം, സാഹിത്യം, ചിത്രകലാരംഗങ്ങളില്‍ മികവ് തെളിയിച്ചവരെ ക്ഷണിച്ചുവരുത്തി സല്‍ക്കരിക്കും. സാമ്പത്തികമായി ഭാഗ്യം കടാക്ഷിക്കും. പക്ഷേ അവസാനകാലം വരെ അത് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. 

ഇഷ്ടതീയതികള്‍- 3, 6, 9, 12, 15, 18, 21, 24, 27, 30. ഭാഗ്യനിറങ്ങള്‍- വയലറ്റ്, ചുവപ്പ്, ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, മാണിക്യം, ചുവന്ന പവിഴം. പ്രധാന സംഭവവയസ്സുകള്‍- 3, 6, 12, 21, 24, 30, 33, 39, 42, 48, 51, 57, 60. സൗഹൃദം- ഏത് മാസത്തിലെയും 3, 6, 9, 12, 15, 18, 21, 24, 27, 30 തീയതികളില്‍ ജനിച്ചവര്‍.

7, 16, 25 തീയതികളില്‍ജനിച്ചവര്‍

വിരുദ്ധസ്വഭാവങ്ങള്‍ ജീവിതത്തിലുടനീളം പുലര്‍ത്തുന്നവര്‍. സൗമ്യവും വിട്ടുവീഴ്ചാമനോഭാവവും പ്രകടമാക്കുന്നതോടെ സ്വേച്ഛാധിപത്യഭാവവും കരുത്തും ഇവര്‍ പ്രകടമാക്കിയെന്നിരിക്കും. സ്വപ്നങ്ങളും പ്രചോദനങ്ങളും പ്രേരണകളും ഇവരുടെ മനസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഉപബോധമനസ്സിന്‍റെ പ്രവര്‍ത്തനങ്ങളെ അത് നിയന്ത്രിക്കുന്നു. ഭക്തിമാര്‍ഗ്ഗത്തിലുള്ള സാഹിത്യകൃതികളുടെയും സംഗീതത്തിന്‍റെയും മാര്‍ഗ്ഗം ഇവര്‍ പിന്തുടര്‍ന്നെന്നിരിക്കും. ചിത്രരചനയും ഇവര്‍ ഏറെ ഇഷ്ടപ്പെടുന്നു. പുതിയ സന്ദേശങ്ങള്‍ ജനമനസ്സുകളിലെത്തിക്കാന്‍ ഇവര്‍ക്ക് വല്ലാത്ത ആവേശമാണ്. എന്നാല്‍ അതോടൊപ്പം അധികാരമോഹവും കൂടി ഇടകലര്‍ന്നാല്‍ അത് സ്വന്തം നാശത്തിന് കാരണമാകും. ആത്മീയതലത്തില്‍ ഔന്നത്യം നേടി സഹജീവികള്‍ക്ക് സദുപദേശം പകരാന്‍ ഇവര്‍ക്ക് കഴിയും. ഈ തീയതികളില്‍ ജനിച്ചവരില്‍ പലരും കവികളും ഗായകരും എഴുത്തുകാരും നേതാക്കളുമായുണ്ട്. അസാധാരണ സാമ്പത്തിക നിലയാണ് ഇവര്‍ക്ക്. സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കുക. 

ഇഷ്ടതീയതികള്‍- 2, 7, 11, 16, 20, 25, 29. ഭാഗ്യനിറങ്ങള്‍- പച്ച, വെള്ള, ക്രീം, ചാരനിറം. ഭാഗ്യരത്നങ്ങള്‍- മരതകം, പവിഴം, ചന്ദ്രകാന്തം, വൈഡൂര്യം. പ്രധാന സംഭവവയസ്സുകള്‍- 2, 7, 11, 16, 20, 25, 29, 34, 43, 52, 56, 70. സൗഹൃദം- ഏത് മാസത്തിലെയും 2, 7, 11, 16, 20, 25, 29 തീയതിയില്‍ ജനിച്ചവര്‍.

8, 17, 26 തീയതികളില്‍ജനിച്ചവര്‍

ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കരുത്തുള്ളവര്‍. ആദ്യകാലത്ത് ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും. ആസൂയാവഹമായ സഹനശേഷിയുള്ളവര്‍. ക്ഷമയോടെയുള്ള നിരന്തരമായ കഠിനപ്രയത്നം കൊണ്ട് സാവധാനം ജീവിതത്തെ മുന്നോട്ടുനയിക്കുന്നവര്‍. ന്യായാധിപന്മാര്‍, അഭിഭാഷകര്‍, വ്യവസായികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇവര്‍ ഉന്നതസ്ഥാനം കരസ്ഥമാക്കും. അതീവജാഗ്രതയോടെയാണ് ഇവര്‍ ഓരോ ചുവടും വയ്ക്കുന്നത്. കുറച്ചുസാഹസികതയും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഭൗതികനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിവുള്ളവര്‍. അധികം ഉള്ളുതുറക്കാത്ത, രഹസ്യം സൂക്ഷിക്കുന്ന സ്വഭാവം ഇവര്‍ക്കുണ്ട്. വിമര്‍ശനങ്ങളെ വെറുക്കും. അനീതിക്കെതിരെ നിര്‍ഭയം പ്രതികരിക്കും. അത് കൂടുതല്‍ ശത്രുതയ്ക്ക് കാരണമാകും. ആക്ഷേപഹാസ്യത്തില്‍ പ്രത്യേക വാസനയുണ്ട്. വളരെ ക്രമമായി, സാവധാനം ധനം സമ്പാദിക്കുന്നവരാണ്. ഭാഗ്യപരീക്ഷണത്തിന് തയ്യാറാകില്ല. അരോഗദൃഢഗാത്രരാണിവര്‍. ഏതെങ്കിലും തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ സാധ്യതയുണ്ട്.

ഇഷ്ടതീയതികള്‍- 4, 8, 13, 17, 22, 26, 31. ഭാഗ്യനിറങ്ങള്‍- കറുപ്പും, നീലയും നിറത്തിലുള്ള വസ്ത്രങ്ങള്‍ നല്ലതാണ്. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, കറുത്തമുത്ത്, പ്രധാന സംഭവവയസ്സുകള്‍- 8, 17, 26, 35, 44, 53, 62, 71, 80. സൗഹൃദം- ഏത് മാസത്തിലെയും 4, 8, 13, 17, 22, 26, 31 തീയതികളില്‍ ജനിച്ചവര്‍.

9, 18, 27 തീയതികളില്‍ ജനിച്ചവര്‍

മഹത്വകാംക്ഷയും നിശ്ചയദാര്‍ഢ്യവും വേണ്ടുവോളമുള്ളവര്‍. സുവ്യക്തവും സൃഷ്ടിപരവുമായ കാഴ്ചപ്പാട് ഇവര്‍ക്കുണ്ടെങ്കിലും അതിലെല്ലാം സേച്ഛാധിപത്യപ്രവണത പ്രകടമാക്കും. അടിയന്തിര ഘട്ടങ്ങളില്‍ അവസരത്തിനൊത്തുയരാനുള്ള കഴിവ് ഇവര്‍ക്കുണ്ട്. ഭയമെന്തെന്ന് അറിയാത്തവര്‍. കായികവിനോദങ്ങളും സാഹസിക പ്രവൃത്തികളും ഇഷ്ടമാണ്. എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് വല്ലാത്ത അഭിനിവേശമാണ്. സാമ്പത്തിക ജീവിതം സന്തോഷകരമാണെങ്കിലും ഒന്നിലധികം ബന്ധങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതാപത്തിനേയും നേരിടാന്‍ ഇവര്‍ സന്നദ്ധരാണ്. പണത്തെക്കുറിച്ച് ഒട്ടും ദുഃഖമില്ല. യന്ത്രോപകരണങ്ങള്‍, വാഹനങ്ങള്‍ ഇവ കൈകാര്യം ചെയ്യാന്‍ പ്രത്യേക കഴിവുണ്ട്. സാമ്പത്തികമായി നോക്കുമ്പോള്‍ ഭാഗ്യശാലികളാണ്. അപ്രതീക്ഷിതസ്വത്ത് കയ്യില്‍ വരും. പണം ദാനം ധര്‍മ്മിഷ്ടനെന്ന ഖ്യാതി നേടും. ആരോഗ്യകാര്യത്തില്‍ യാതൊരു ശ്രദ്ധയുമില്ലാത്തവരാണ്. ആരോഗ്യം ക്ഷയിക്കാന്‍ കാരണം മാനസികസംഘര്‍ഷമാണ്. അപകടങ്ങള്‍ ജീവിത്തിലുടനീളം സൂക്ഷിക്കുക.

ഇഷ്ടതീയതികള്‍- 9, 18, 17. ഈ തീയതികളില്‍ ശുഭകര്‍മ്മങ്ങള്‍ ചെയ്യുക. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, ചുവപ്പ് കല്ലുകള്‍. പ്രധാന സംഭവവയസ്സുകള്‍- 9, 18, 27, 36, 45, 54, 63, 72, 81. സൗഹൃദം 9,18 തീയതികളില്‍ ജനിച്ചവര്‍ക്ക് 3, 6, 9, 12, 18, 21, 24, 27 തീയതികള്‍ ശുഭകരമാണ്. 27 ന് ജനിച്ചവര്‍ക്ക് ഈ തീയതികള്‍ കൂടാതെ 8,26 തീയതികളും നല്ലതാണ്.

എന്‍.ടി. സതീഷ്
(ഇംഗ്ലീഷ് മാസങ്ങളെ അടിസ്ഥാനമാക്കിയുള്ള ജനനത്തീയതികള്‍ അവസാനിക്കുന്നു)