ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് വേണ്ടി മാത്രം

ഫെബ്രുവരിയില്‍ ജനിച്ചവര്‍ക്ക് വേണ്ടി മാത്രം

HIGHLIGHTS

ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത വിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്.  ഫെബ്രുവരി മാസത്തില്‍ ജനിച്ചവരുടെ പൊതുസ്വഭാവവും ഓരോ തീയതിയിലും ജനിച്ചവരുടെ പ്രത്യേക വ്യക്തിത്വസവിശേഷതകളുമാണ് ഇവിടെ പറയുന്നത്. 

ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത വിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.

ഫെബ്രുവരി മാസത്തില്‍ ജനിച്ചവരുടെ പൊതുസ്വഭാവവും ഓരോ തീയതിയിലും ജനിച്ചവരുടെ പ്രത്യേക വ്യക്തിത്വസവിശേഷതകളുമാണ് ഇവിടെ പറയുന്നത്. ആദ്യം ഫെബ്രുവരി മാസക്കാരുടെ പൊതുസ്വഭാവത്തെക്കുറിച്ച് പറയാം.

പൊതുസ്വഭാവം

ഇവര്‍ വളരെയധികം പേരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ  എന്നപോലെ ഏകാന്തത അനുഭവിക്കുന്നവരുമാണ്. ആരെങ്കിലും എതിരഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അത് ഇവരുടെ മനസ്സിനെ വ്രണപ്പെടുത്തും. മറ്റുള്ളവരുടെ മനസ്സറിയാന്‍ ജന്മസിദ്ധമായ കഴിവുള്ളവരാണ്. ഒറ്റനോട്ടത്തില്‍ ഒരാളെ ശരിക്കും പഠിച്ചിരിക്കും. സ്നേഹസമ്പന്നരാണെങ്കിലും കപടസ്നേഹം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിവുള്ളവരാണ്. എന്നാല്‍ നല്ല സ്നേഹിതര്‍ക്ക് എന്ത് ത്യാഗവും ഇവര്‍ സഹിക്കും. വെറുപ്പ് തോന്നിയാല്‍ കഠിനമായി വെറുക്കും. നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞെന്നുമിരിക്കും. പിന്നെ അതേക്കുറിച്ച് പശ്ചാത്തപിക്കും. ജനനന്മയ്ക്കുവേണ്ടി സജീവമായി രംഗത്തിറങ്ങും. സഹജീവികളുടെ ദുഃഖമകറ്റാന്‍ പരമാവധി ശ്രമിക്കും. കാര്യകാരണ ബന്ധത്തെക്കുറിച്ച് യുക്തിയോടെ ചിന്തിച്ച് തീരുമാനമെടുക്കാന്‍ മനസ്സുള്ളവര്‍.

വ്യവസായ സംരംഭങ്ങളെക്കുറിച്ച് വലിയ ആശയങ്ങള്‍ സ്വന്തമായുള്ളവര്‍. പക്ഷേ സ്വന്തമായി പ്രയോജനകരമായ തീരുമാനത്തിലെത്താന്‍ ഇവര്‍ക്കാകില്ല. പണം സമ്പാദിക്കുന്നതുതന്നെ മറ്റുള്ളവര്‍ക്കുവേണ്ടിയായിരിക്കും. കര്‍ത്തവ്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായി ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം കഴിവുകള്‍ വേണ്ട രീതിയില്‍ പ്രകടിപ്പിച്ച് എല്ലാവരെയും വിസ്മയിപ്പിക്കുകയും ചെയ്യും. ആത്മവിശ്വാസം നഷ്ടപ്പെടാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഇവര്‍ ഏറ്റവും ഉയര്‍ന്ന മണ്ഡലത്തില്‍ എത്തിച്ചേരും. ഏതു നാട്ടില്‍ താമസിച്ചാലും അവിടെ ശ്രദ്ധേയരാകും.തന്നില്‍തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതമാണെങ്കിലും ആള്‍ക്കൂട്ടത്തെ ഇഷ്ടപ്പെടും.

ആരോഗ്യപരമായി ചിന്തിക്കുമ്പോള്‍ നാഡിഞരമ്പുകള്‍ക്കുണ്ടാകുന്ന ക്ഷീണം, ഉദരം, കരള്‍, പിത്താശയ രോഗങ്ങല്‍ ഇവ ശ്രദ്ധിക്കണം, ചികിത്സിക്കണം. രക്തക്കുറവ്, കഴുത്തുവേദന, ഹൃദയദൗര്‍ബല്യം, മൂത്രാശയത്തകരാറ് ഇവയും കരുതിയിരിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അവിചാരിത തിരിച്ചടികള്‍ സൂക്ഷിക്കണം. ട്രസ്റ്റുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ധനനേട്ടമുണ്ടാകാനിടയുണ്ട്. സ്ഥിരമായ വരുമാനമുണ്ടാകാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം. അപ്രതീക്ഷിതമായി വലിയതുകകള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ഭാഗ്യനിറങ്ങള്‍ നീലയും ചാരനിറവുമാണ്. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, പുഷ്യരാഗം, ചന്ദ്രകാന്തം.

ഇനി ഫെബ്രുവരിയിലെ ഓരോ തീയതിയിലും ജനിച്ചവരെ പരിചയപ്പെടാം.

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍

ഫെബ്രുവരിയില്‍ ജനിച്ചവരുടെ അടിസ്ഥാനസ്വഭാവം നിങ്ങള്‍ക്കും ബാധകമാണ്. ഈ തീയതിയില്‍ ജനിച്ചവരുടെ ആദ്യഘട്ടം സുഖസമ്പൂര്‍ണ്ണമായിരിക്കും. പക്ഷേ ചില കുടുംബ പ്രശ്നങ്ങള്‍ എല്ലാം മാറ്റിമറിക്കും. നന്നേ ചെറുപ്പത്തില്‍ തന്നെ സ്വന്തമായൊരു പാത കണ്ടെത്താന്‍ നിര്‍ബന്ധിതനാകും. ഉല്‍ക്കര്‍ഷേച്ഛ, നിശ്ചയദാര്‍ഢ്യം, മനോവീര്യം തുടങ്ങിയ ഗുണങ്ങളില്‍ അനുഗൃഹീതരായതുകൊണ്ട് ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗത്തില്‍ വിജയത്തിലെത്തും. അസൂയാലുക്കളുടെ ഗൂഢാലോചനകരുതിയിരിക്കണം. സഹപ്രവര്‍ത്തകരോടും പങ്കാളികളോടുമുള്ള ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. എപ്പോഴും വലിയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുക. ബാങ്കിംഗ് മേഖലകള്‍, ഇതര ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ആരോഗ്യപരമായി ചിന്തിക്കുമ്പോള്‍ ആഹാരനിയന്ത്രണം, കൂടുതല്‍ ഉറക്കം ഇവ നല്ലതാണ്. അമിതാദ്ധ്വാനം ക്ഷീണത്തിന് കാരണമാകാതെ നോക്കുക.

ഭാഗ്യസംഖ്യകള്‍- 1,4. അതിനാല്‍ ശുഭകാര്യങ്ങള്‍ 1, 4, 10, 13, 19, 22 എന്നീ തീയതികളില്‍ നടത്തുക. ഭാഗ്യനിറങ്ങള്‍- സ്വര്‍ണ്ണനിറം, മഞ്ഞ, ഗോള്‍ഡന്‍ നിറം, കടുംനീല, ചാരനിറം, വയലറ്റ്. സുപ്രധാനസംഭവങ്ങള്‍ നടക്കുന്ന വയസ്സ്-10, 13, 19, 22, 28, 31, 37, 40, 46, 49, 55, 64, 67, 73. നല്ല സുഹൃത് ബന്ധത്തിന് ഏത് മാസത്തിലെയും 1, 3, 4, 10, 12, 19, 21, 22, 28, 30, 31 തീയതികളില്‍ ജനിച്ചവര്‍.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍

ആദര്‍ശപ്രേമവും കാല്‍പ്പനിക സ്വഭാവവുമുള്ളവരാണ് നിങ്ങള്‍. അതുകൊണ്ട് അസാധാരണ പ്രണയബന്ധത്തിലേര്‍പ്പെടും. ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ അവസരമുണ്ടാകും. അമിതദേഷ്യം നിയന്ത്രിച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണം. തൊഴിലില്‍ പലമാറ്റങ്ങളുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ ബഹുമുഖമാണ്. ഭാവനാലോകത്ത് വിഹരിക്കാന്‍ താല്‍പ്പര്യമേറും. കല, സാഹിത്യം, സംഗീതം, നാടകാഭിനയം എന്നിവയില്‍ താല്‍പ്പര്യമുണ്ടാകും. കുടുംബസ്വത്തായി ഭൂസ്വത്തോ പണമോ ലഭിക്കും. സ്ഥാനമാനങ്ങളും ഉപഹാരങ്ങളും ബഹുമതികളും ഉണ്ടാകും. ആരോഗ്യപരമായി മോശാവസ്ഥ ഉണ്ടാകാനിടയില്ല. ലഘുജീവിതത്തിനാവശ്യമായ ചിട്ടകളാല്‍ ദീര്‍ഘായുസ്സുള്ളവരാകും. നീലയും ചാരനിറവും നല്ലതാണ്. 

ഇഷ്ടസംഖ്യകള്‍ 2, 7 എന്നിവയാണ്. 8, 4 സംഖ്യകള്‍ ഒഴിവാക്കുക. സുപ്രധാനസംഭവങ്ങള്‍ 2, 7, 11, 16, 20, 25, 29, 38, 43, 47, 52, 56, 61, 65, 70 വയസ്സുകളില്‍ നടക്കും. സൗഹൃദം 2, 7, 11, 16, 20, 25, 29 എന്നീ തീയതികളില്‍ ജനിച്ചവരുമായി നല്ലതാണ്.

3, 12, 21 തീയതികളില്‍ ജനിച്ചവര്‍

ലക്ഷ്യബോധം, ഇച്ഛാശക്തി, സംഘടനാപാടവം ഇവ നിങ്ങള്‍ക്കുണ്ടാകും. രാഷ്ട്രീയത്തില്‍ ശോഭിക്കാനിടയുണ്ട്. മാനസിക കഴിവുകള്‍ക്കാവശ്യമായ പ്രവൃത്തികള്‍ നല്ലതാണ്. ഭൗതികതലത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കും. അധികാരവും ഉത്തരവാദിത്തവും സ്വായത്തമാക്കും. ഏറ്റെടുത്ത ഏത് പ്രവൃത്തിയും ഫലപ്രദമായി പൂര്‍ത്തിയാക്കും. ബൃഹത്തായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുകയില്ല. ഏത് കാര്യത്തിലും ഇച്ഛാശക്തി പ്രകടമാക്കും. മനക്ഷോഭം കഴിവതും ഒഴിവാക്കണം. സാമ്പത്തികരംഗത്ത് അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടാക്കും. അമിതമായ അദ്ധ്വാനം നിയന്ത്രിക്കണം. നടുവേദന, കരള്‍ രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ സൂക്ഷിക്കുക. 

3, 8, 12, 17, 21, 30 തീയതികള്‍ ശുഭകാര്യങ്ങള്‍ക്ക് നല്ലതാണ്. ഭാഗ്യരത്നമായി വൈഡൂര്യം നല്ലതാണ്. വയലറ്റ്, ചെഞ്ചായം എന്നിവ നല്ല നിറങ്ങളാണ്. ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ 3, 12, 30, 39, 48, 57, 66, 75 വയസ്സുകളില്‍ നടക്കാം. 

4, 13, 22 തീയതികളില്‍ ജനിച്ചവര്‍

പുത്തന്‍ ആശയങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റും. പുതുമയെ അംഗീകരിക്കുന്ന മനസ്സാണ് നിങ്ങള്‍ക്ക്. അതുകൊണ്ട് സഹപ്രവര്‍ത്തകര്‍ ഒരു വിചിത്രജീവിയായി നിങ്ങളെ കരുതും. വിഷാദാത്മവും തത്വചിന്താപരമായ ദര്‍ശനവും സ്വാധീനിക്കും. ഏകാകിയായി സഞ്ചരിക്കാന്‍ ആഗ്രഹിക്കും. വികാരങ്ങള്‍ ഉള്ളിലൊതുക്കുന്ന സ്വഭാവത്തിനുടമയാണ്. അത് പല തെറ്റിദ്ധാരണയ്ക്കും ഇടയാക്കും. നിങ്ങളുടെ പല പദ്ധതികളും ശക്തമായ എതിര്‍പ്പിന് കാരണമാകും. പ്രസംഗത്തിലുപരി പ്രവൃത്തിയില്‍ താല്‍പ്പര്യമുള്ളവര്‍. കീഴ്വഴക്കങ്ങളെ അതിലംഘിക്കുന്നവരുമാണ്.  സാമ്പത്തിക തട്ടിപ്പുകാരെ അകറ്റണം. മനക്കരുത്താണ് നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനം. നാഡീതളര്‍ച്ച, ദഹനക്കേട് ഇവ സൂക്ഷിക്കുക.

1, 4, 8, 10, 13, 17, 22, 26, 28, 31 തീയതികള്‍ നല്ല കാര്യങ്ങള്‍ക്ക് സ്വീകരിക്കരുത്. 1,2,10,11,19,20,28 തീയതികള്‍ നല്ലതാണ്. ഇന്ദ്രനീലം, പുഷ്യരാഗം, ചന്ദ്രകാന്തം എന്നിവയാണ് ഭാഗ്യരത്നങ്ങള്‍. നീല- ചാരനിറങ്ങള്‍ ഭാഗ്യദായകം. പ്രധാന സംഭവങ്ങളുണ്ടാകുന്നത് 1, 4, 10, 13, 19, 22, 28, 31, 37, 40, 46, 55, 58, 64, 67, 73, 76 വയസ്സുകളിലാണ്. 

5, 14, 23 തീയതികളില്‍ ജനിച്ചവര്‍

വിമര്‍ശനബുദ്ധ്യാ കാര്യങ്ങളെ നോക്കിക്കാണുന്നവര്‍. മറ്റുള്ളവരുമായി ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍. ഇവര്‍ ഡോക്ടറായാല്‍ രോഗനിര്‍ണ്ണയം കൃത്യമായിരിക്കും. ധാരാളം വായിക്കുന്നവര്‍. ഓര്‍മ്മശക്തിയുള്ളവര്‍. സയന്‍സ് ഇഷ്ടപ്പെടുന്നവര്‍. സങ്കല്‍പ്പങ്ങളെയല്ല, വസ്തുതകളെ ഇഷ്ടപ്പെടുന്നവര്‍. മനസ്സുകൊണ്ട് ഇവര്‍ ആത്മീയവാദികളാണ്. പണത്തിന്‍റെയോ പദവികളുടെയോ പിന്നാലെ പോകാത്തവര്‍. തന്‍പോരിമയുണ്ടെങ്കിലും മറ്റുള്ളവരുടെ പ്രോത്സാഹനത്തെ വിലമതിക്കണം. നിരാശ ബാധിച്ചാല്‍ വിഷാദരോഗത്തിന് അടിപ്പെടും. സ്വന്തം ബുദ്ധി ഉപയോഗിച്ച് ധനം സമ്പാദിക്കുമെങ്കിലും അവസാനകാലത്ത് നഷ്ടപ്പെടാതെ നോക്കണം. ആഡംബര ജീവിതം നയിച്ച് ആരോഗ്യം നശിപ്പിക്കാതെ ശ്രദ്ധിക്കണം. ഊഹക്കച്ചവടത്തിന് മുതിരാതെ നോക്കണം. കരള്‍, മൂത്രാശയരോഗങ്ങള്‍ ശ്രദ്ധിക്കണം. ലക്ഷ്യമില്ലാത്ത ജീവിതം ഉപേക്ഷിക്കണം.

5, 14, 23 തീയതികള്‍ ഭാഗ്യദായകം. വെള്ള, തിളക്കമുള്ള നിറങ്ങള്‍ നല്ലതാണ്. വൈരക്കല്ല് രത്നമായുപയോഗിക്കാം. 5, 14, 23, 32, 41, 50, 59, 68, 77 വയസ്സുകള്‍ നിങ്ങള്‍ക്ക് പ്രധാനമാണ്.

6, 15, 24 തീയതികളില്‍ ജനിച്ചവര്‍

ഏകപക്ഷീയമായും ആത്മാര്‍ത്ഥവുമായും സ്നേഹിക്കുന്നവര്‍. എന്ത് ത്യാഗത്തിനും സന്നദ്ധമാകുന്നവര്‍. പ്രതീക്ഷിക്കുന്ന സംതൃപ്തി സ്നേഹിക്കുന്നവരില്‍ നിന്നും ഇവര്‍ക്ക് ലഭിക്കുകയില്ല. സാമൂഹികമായോ ബുദ്ധിപരമായോ തങ്ങളെക്കാള്‍ താഴ്ന്ന നിലയിലുള്ളവരെയായിരിക്കും ഇക്കൂട്ടര്‍ വിവാഹം കഴിക്കാന്‍ സാധ്യത. പ്രണയത്തിന്‍റെ പേരില്‍ ആത്മത്യാഗത്തിന്‍റെ അത്ഭുതങ്ങള്‍ ഇവര്‍ കാട്ടാറുണ്ട്. കലാപരമായി ധാരാളം കഴിവുള്ളവരാണ്. പോകുന്നിടത്തെല്ലാം സുഹൃത്തുക്കളുണ്ടാകും. സമൂഹത്തില്‍ എല്ലാ വിഭാഗക്കാരുമായും നല്ല ബന്ധം പുലര്‍ത്തും. സ്വയം ഒരു വീരനായകന്‍റെ പരിവേഷം സൃഷ്ടിക്കാന്‍ യത്നിക്കുന്നവര്‍. ആഡംബരഭ്രമവും ധാരാളിത്തവും ചിലപ്പോള്‍ ഇവരെ കടക്കെണിയില്‍പ്പെടുത്തിയേക്കാം. കൊക്കിലൊതുങ്ങുന്നതുമാത്രം കൊത്താന്‍ ശ്രമിച്ചില്ലെങ്കില്‍ വലിയ നഷ്ടം വന്നുഭവിച്ചേക്കാം. ശ്വാസകോശരോഗങ്ങള്‍, മാനസികസമ്മര്‍ദ്ദം, നാഡിക്ഷോഭം ഇവ കരുതിയിരിക്കുക.

6, 15, 24 തീയതികള്‍ നിങ്ങള്‍ക്ക് പ്രധാനമാണ്. നീലനിറം, വയലറ്റ്, ചെഞ്ചായം എന്നിവ ഭാഗ്യദായകം. 6, 15, 24, 33, 42, 51, 60, 78, 81 എന്നീ വയസ്സുകള്‍ ജീവിതത്തില്‍ ശ്രദ്ധേയം.

7, 16, 25 തീയതികളില്‍ ജനിച്ചവര്‍

ചുറ്റുപാടും അയല്‍ക്കാരും സഹപ്രവര്‍ത്തകരും സ്വഭാവത്തെ സ്വാധീനിക്കും. അതുകൊണ്ട് സുഹൃത്തുക്കളെ സ്വീകരിക്കുമ്പോള്‍ ശ്രദ്ധ അത്യാവശ്യമാണ്. ആദര്‍ശത്തെയും പ്രണയത്തെയും സംബന്ധിച്ച് അസാധാരണ അഭിപ്രായങ്ങള്‍ ഉള്ളവര്‍. ഇവര്‍ ജീവിതത്തില്‍ ആത്മവിശ്വാസം വളര്‍ത്തണം. കര്‍ത്തവ്യങ്ങള്‍ക്കുവേണ്ടി എന്ത് ത്യാഗവും സഹിക്കും. കലാസാഹിത്യരംഗങ്ങളില്‍ വ്യക്തിപരമായ നേട്ടം നോക്കാതെ പ്രവര്‍ത്തിക്കും. ടെലിപ്പതി, ജ്യോതിഷം, ആത്മീയത എന്നിവയില്‍ ഗവേഷണം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കും. മനുഷ്യസ്വഭാവത്തെക്കുറിച്ചറിയാന്‍ ജന്മസിദ്ധമായ കഴിവുള്ളവരാണ്. മതവിശ്വാസത്തിലും പ്രത്യേകത നിലനിര്‍ത്തുന്നവര്‍. സാമ്പത്തിക നേട്ടത്തെക്കുറിച്ച് അമിതചിന്തയില്ലാത്തവരാണ്. ഉറപ്പുള്ള പദ്ധതികളില്‍ മാത്രം ഇവര്‍ പണം നിക്ഷേപിക്കാന്‍ ശ്രമിക്കുക. ഉദരരോഗം ശല്യപ്പെടുത്താനിടയുണ്ട്.

പച്ച, ക്രീം, ചാരനിറങ്ങള്‍ ഭാഗ്യം തരുന്നവയാണ്. ഇവ വസ്ത്രമായി ഉപയോഗിക്കുക. 2, 7, 11, 16, 20, 25, 29 എന്നീ തീയതികള്‍ ശുഭകാര്യങ്ങള്‍ക്ക് നല്ലതാണ്. 8,13, 17, 22, 26, 30 തീയതികള്‍ ഒഴിവാക്കുക. 2, 7, 11, 16, 20, 25, 34, 38, 43, 47, 52, 61, 65, 70 എന്നീ വയസ്സുകള്‍ സുപ്രധാനങ്ങളാണ്.

8, 17, 26 തീയതികളില്‍ ജനിച്ചവര്‍

സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങള്‍ക്ക് പ്രത്യേകസ്ഥാനം ലഭിക്കും. തൊഴിലെന്തായിരുന്നാലും അഗാധമായി ചിന്തിക്കുന്ന തത്ത്വചിന്താപരമായ മനസ്സിനുടമയാണ്. അന്വേഷിച്ചുനടക്കാതെ അവസരങ്ങള്‍ നിങ്ങളെ വരും. മിത്രഭാവേന വര്‍ത്തിക്കുന്ന ശത്രുക്കളുടെ ഗൂഢനീക്കം കരുതിയിരിക്കണം. ഉറ്റ ബന്ധുക്കളുടെ വേര്‍പാട് ജീവിതത്തെ ബാധിക്കും. വിവാഹം സമ്മാനിക്കുക വ്യത്യസ്തമായ അനുഭവങ്ങള്‍ ആയിരിക്കും. ഭൗതികമെന്നതിനെക്കാള്‍ മാനസിക സംതൃപ്തിക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുക. സാഹചര്യങ്ങളുടെയോ കുടുംബബന്ധങ്ങളുടെയോ തടവുകാരായിരിക്കാന്‍ ശ്രമിക്കുകയില്ല. സ്വന്തം ഇച്ഛയ്ക്കനുസരിച്ചാകും തൊഴിലും ജീവിതവും തെരഞ്ഞെടുക്കുക. സമുദായ മധ്യത്തില്‍ അംഗീകരിക്കുന്ന വ്യക്തിത്വമായിരിക്കും. ധനപരമായ നിയമനടപടികള്‍ക്കോ, തട്ടിപ്പിനോ ഇരയാകാതെ ശ്രദ്ധിക്കുക. സമ്പാദിക്കുന്ന ധനം വഴിവിട്ട് ചെലവഴിക്കാതെ നോക്കുക. പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള രോഗ- അപകടങ്ങള്‍ കരുതിയിരിക്കുക.

4, 8, 13, 17, 22, 26, 31 തീയതികള്‍ സുപ്രധാനമാണ്. ഫെബ്രുവരി 26 ല്‍ ജനിച്ചവര്‍ക്ക് 3, 12, 21, 30 തീയതികള്‍ ഭാഗ്യസൂചകങ്ങളാണ്. നീലയുടെ വകഭേദങ്ങളും ചുവപ്പ്  ഒഴിച്ചുള്ള കടുംനിറങ്ങളും ഭാഗ്യം തരും. കറുത്ത മുത്ത്, ഇന്ദ്രനീലം ഇവ ഭാഗ്യരത്നങ്ങളാണ്. 4, 8, 13, 17, 22, 26, 31, 35, 40, 44, 49, 53, 58, 62, 67, 71, 80 വയസ്സുകള്‍ സുപ്രധാനമാണ്.

9, 18, 27 തീയതികളില്‍ ജനിച്ചവര്‍

സ്വന്തം വിധി നിര്‍ണ്ണയിക്കാനുള്ള കരുത്ത് പ്രകടമാക്കുന്നവര്‍. എന്തിലും സ്വന്തം അടയാളപ്പെടുത്തലുകള്‍ കാട്ടുന്നവര്‍. വിവേചനാശക്തിയും വാക്സാമര്‍ത്ഥ്യവും പ്രകടിപ്പിക്കുന്നവര്‍. എതിരാളിയുടെ അഭിപ്രായങ്ങളെ യുക്തിപൂര്‍വ്വം ഖണ്ഡിക്കുന്നവര്‍. ആരെയും കൂസാതെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നവര്‍. സഹജീവികളുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നല്ലൊരു മനുഷ്യസ്നേഹിയാണ്. നിങ്ങളുടെ പ്രകൃതം ധാരാളം ശത്രുക്കളെ സൃഷ്ടിക്കും. നല്ലൊരു സംഘാടകന്‍. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കും. ഏത് തൊഴിലിലും വിജയിക്കും. സാമ്പത്തികമായി ഭാഗ്യവാനാണ്. ധനം നഷ്ടപ്പെടാതെ അവസാനകാലത്ത് ട്രസ്റ്റിലോ, ധര്‍മ്മസ്ഥാപനങ്ങളിലോ നല്‍കാന്‍ ഇഷ്ടപ്പെടുന്നവര്‍. ആരോഗ്യപരമായി ഹൃദയം, ശ്വാസകോശങ്ങള്‍ ഇവ ശ്രദ്ധിക്കണം.

ഇഷ്ടതീയതികള്‍ 9, 18, 27 എന്നിവയാണ്. ചുവപ്പ്, റോസ് നിറങ്ങള്‍ ഭാഗ്യം തരും. ഭാഗ്യരത്നങ്ങള്‍-മാണിക്യം, ചുവന്ന കല്ലുകള്‍, പളുങ്ക്. സുപ്രധാന സംഭവ വയസ്സുകള്‍- 9, 18, 27, 36, 45, 54, 63, 72, 81.

ഫെബ്രുവരിയില്‍ ജനിച്ച പ്രശസ്ത വ്യക്തികള്‍- 

അനുപമ പരമേശ്വരന്‍, ജയലളിത, സുഷമസ്വരാജ് , സരോജിനി നായിഡു, അഭിഷേക്
ബച്ചന്‍, ശിവകാര്‍ത്തികേയന്‍, സഞ്ജയ്ലീലാ ബെന്‍സാലി

അടുത്തലക്കം: മാര്‍ച്ചുമാസ വിശേഷങ്ങള്‍