പരിശ്രമവും വ്യക്തിത്വവും ജനുവരിക്കാരെ ഉന്നതിയിലെത്തിക്കും
ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത വിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.
പൊതുസ്വഭാവം
ഉന്മേഷവും അനുദിനജീവിത പുരോഗതിയും ആഗ്രഹിക്കുന്നവരാണ് ജനുവരിമാസത്തില്‍ ജനിച്ചവര്‍. ലക്ഷ്യം നേടുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവര്‍. മുന്‍കരുതലിന്‍റെയും പ്രതീകമായ മകരം രാശിയുടെ അധിപനായ ശനിയാണ് ജനുവരിയെ നിയന്ത്രിക്കുന്നത്. വെറുതെ എടുത്തുചാടാതെ നല്ലതുപോലെ ആലോചിച്ചുമാത്രം വിജയം ഉറപ്പാക്കുന്നവരാണ് ഇവര്‍. കാര്യങ്ങള്‍ യുക്തിപൂര്‍വ്വം അപഗ്രഥിച്ച് പഠിക്കും. ഇവരില്‍ ചിലര്‍ ദൃഢമായ മതവിശ്വാസികളോ മതനിഷേധികളോ ആയിക്കാണാറുണ്ട്. പെട്ടെന്ന് നിരാശയ്ക്കടിപ്പെടുന്ന സ്വഭാവം. ഇവരുടെ പ്രണയം, കര്‍ത്തവ്യം, സമ്പദ്വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് പുതുമയുള്ളതും മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നാവുന്നതുമാണ്. അഭിമാനവും സ്വാതന്ത്ര്യബോധവും കൂടെപ്പിറപ്പാണ്. യാതൊരു നിയന്ത്രണങ്ങളും ഇഷ്ടപ്പെടുകയില്ല. വിശ്രമമെന്തെന്നറിയാതെ അദ്ധ്വാനിക്കുന്ന സ്വഭാവം. സ്വന്തം പരിശ്രമവും വ്യക്തിത്വവും കൊണ്ട് ഉയര്‍ന്ന നിലയില്‍ എത്തിച്ചേരുന്നവര്‍. പലപ്പോഴും വിഷാദരോഗത്തിന് അടിപ്പെടുന്നവര്‍. ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധരിക്കാനിടയുണ്ട്. തദ്ദേശീയ ഭരണരംഗത്തോ, ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളിലോ പ്രവേശിക്കുന്നത് നല്ലതാണ്.
ജീവിതത്തിന്‍റെ ആദ്യകാലഘട്ടങ്ങളില്‍ സാമ്പത്തിക പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവിക്കാന്‍ ഇവര്‍ക്ക് സാധ്യതയുണ്ട്. ഭാഗ്യം കൊണ്ടല്ല, സ്വന്തം കഴിവുകള്‍ കൊണ്ടുമാത്രമേ ഇവര്‍ ധനം സമ്പാദിക്കുകയുള്ളൂ. സ്വന്തം രാശിയില്‍(മകരത്തില്‍-ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെയുള്ള തീയതികളില്‍) ജനിച്ചവരുമായുള്ള സൗഹൃദം നീണ്ടുനില്‍ക്കും. ഏപ്രില്‍ 20 മുതല്‍ മെയ് അവസാനം വരെയും ജൂണ്‍ 21 മുതല്‍ ജൂലൈ അവസാനം വരെയും ആഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ അവസാനം വരെയുള്ള തീയതികളില്‍ ജനിച്ചവരുമായും കൂട്ടുകൂടുകയോ ബന്ധപ്പെടുകയോ ചെയ്യാം. ദഹനക്കേട്, വാതം, കാലുവേദന എന്നീ രോഗങ്ങള്‍ ഇവരെ ബാധിക്കാനിടയുണ്ട്. വയലറ്റ്, ചാരനിറം, കറുപ്പ് എന്നിവയാണ് അനുകൂല നിറങ്ങള്‍. ചന്ദ്രകാന്തം, മുത്ത്, വൈഡൂര്യം ഇവ ജനുവരിക്കാരുടെ പ്രിയരത്നങ്ങളാണ്.
ഇനി ജനുവരിയിലെ ഓരോ തീയതിയിലും ജനിച്ചവരെക്കുറിച്ച് പറയാം.
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
ജ്യോതിഷശാസ്ത്രപ്രകാരവും കാന്‍ഡിയന്‍ സംഖ്യാശാസ്ത്രപ്രകാരവും സൂര്യന്‍, യുറാനസ്, ശനി എന്നീ ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങള്‍ക്കുണ്ട്. പുതുമയുള്ള, സ്വതന്ത്രമായ, അഭിപ്രായ പ്രകടനമാണ് ഇവരുടേത്. ജീവിതത്തില്‍ വിജയം നേടുന്നതിന് അല്‍പ്പകാലതാമസം നേരിടും. വാര്‍ദ്ധക്യത്തില്‍ നേട്ടമുണ്ടാകുമെന്ന് ഇവര്‍ സംശയിക്കേണ്ടതില്ല. ചിന്താമഗ്നരും ഗൗരവസ്വഭാവമുള്ളവരും നിര്‍ബന്ധ ബുദ്ധിയുള്ളവരുമാണ്. സ്ഥിരബുദ്ധിയും പ്രായോഗിക കാഴ്ചപ്പാടുള്ളവരാണ്. ഔദാര്യ ശീലമുള്ളവരും ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത വിധം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവരുമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കര്‍ശനനിയന്ത്രണം പാലിക്കുന്നവര്‍. ആദായം കിട്ടുന്ന വ്യവസായത്തിലോ, തൊഴിലിലോ മാത്രം പണം നിക്ഷേപിക്കും. പൊതുരംഗത്ത് നേതൃപദവി നേടും. മയക്കുമരുന്ന്, ലഹരി പദാര്‍ത്ഥങ്ങള്‍ ഇവ ഉപയോഗിക്കാതിരുന്നാല്‍ നല്ല ആരോഗ്യമുണ്ടാകും. ഇടയ്ക്കിടെ കടുത്ത ജലദോഷം വരാം. 1, 4 ഇഷ്ടസംഖ്യയാണ്. 1, 4, 10, 13, 19, 22, 28, 31 തീയതികള്‍ ശുഭകാര്യങ്ങള്‍ക്ക് നല്ലത്. സ്വര്‍ണ്ണനിറം, മഞ്ഞ, സ്വര്‍ണ്ണം കലര്‍ന്ന തവിട്ടുനിറം, ഇളം നീല നിറം, ചാരനിറം ഇവ ഭാഗ്യദായകമാണ്. വൈരം, ഇന്ദ്രനീലം ഭാഗ്യരത്നങ്ങളാണ്.
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
ജനുവരിയുടെ പൊതുസ്വഭാവം ഇവര്‍ക്കും ബാധകമാണ്. പക്ഷേ ചന്ദ്രന്‍റെയും നെപ്ട്യൂണിന്‍റെയും സ്വാധീനം ഇവരെ കൂടുതല്‍ സൗമ്യവും ഭാവനാസമ്പന്നവും സഹജാവബോധവുമുള്ളവരാക്കും. ആഗ്രഹങ്ങള്‍ സമയത്തിന് നടന്നില്ലെങ്കില്‍ പെട്ടെന്ന് നിരാശരാകുന്നവര്‍. തൊട്ടാവാടി പ്രകൃതമുള്ളവരാണെങ്കിലും ചിലപ്പോള്‍ പെട്ടെന്ന് ക്ഷോഭിച്ചെന്നും വരാം. സര്‍ഗ്ഗപരമായ കഴിവുകള്‍ ഇവര്‍ക്കുണ്ട്. അതിന് മറ്റുള്ളവരുടെ പ്രേരണയും പ്രോത്സാഹനവും ആവശ്യമാണ്. പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കില്‍ ലക്ഷ്യം നേടും. പണത്തിന്‍റെ പ്രലോഭനത്തിന് അതീതരാണ്. ചിന്തിച്ച് കാടുകയറുന്നവരാണ്. കണ്ണിനും നട്ടെല്ലിനും അസുഖം വരാതെ സൂക്ഷിക്കണം. 2, 7 ആണ് ഇഷ്ട സംഖ്യകള്‍. 2, 7, 11, 16, 20, 25, 29 തീയതികളില്‍ ശുഭകാര്യങ്ങള്‍ നടത്തുക, വെള്ള, ക്രീം, ഇളംപച്ച, ചാരനിറം ഇവ വസ്ത്രത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്. പവിഴം, ചന്ദ്രകാന്തം ഇവ ഭാഗ്യരത്നങ്ങളാണ്.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
വ്യാഴത്തിന്‍റെ അപഹാരവും ശനിയുടെ സ്വാധീനവും ഇവര്‍ക്കുണ്ട്. ഉയര്‍ന്ന സ്ഥാനത്തെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍. ഏത് സ്ഥാനത്തെത്തിയാലും ധാരാളം ശത്രുക്കള്‍ ഇവര്‍ക്കുണ്ടാകും. പൊതുരംഗത്ത് ശ്രദ്ധ നേടും. സ്വന്തം അഭിപ്രായം തന്നെയാണ് ഇവരുടെ നിയമം. അധികാരത്തിലൂടെ മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കും. സൃഷ്ടിപരമായ ആശയങ്ങളുള്ളവര്‍. വലിയ പദ്ധതികളില്‍ വന്‍തുക ചെലവഴിക്കും. പക്ഷാഘാതമോ, ഹൃദ്രോഗമോ ശ്രദ്ധിക്കണം. 3, 8 ഇവയാണ് ഭാഗ്യസംഖ്യകള്‍. 3, 12, 21, 30 തീയതികളില്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. വയലറ്റ്, മഞ്ഞ ഭാഗ്യനിറങ്ങളാണ്. പുഷ്യരാഗം, ഇന്ദ്രനീലം ഭാഗ്യരത്നങ്ങളാണ്.
4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍
പൊതുസ്വഭാവം നിങ്ങള്‍ക്കും ബാധകമാണ്. തികച്ചും മൗലികമായ കാഴ്ചപ്പാടുള്ളവരാണ്. നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളുമായി പലര്‍ക്കു ഒത്തുപോകാന്‍ പ്രയാസമായിരിക്കും. കുടുംബബന്ധങ്ങളിലും ദാമ്പത്യബന്ധങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നല്ലതാണ്. പുതുമയുള്ള ആശയങ്ങള്‍ ഉള്ളവര്‍. ജീവിതയുദ്ധഭൂമിയില്‍ വിജയം വരിക്കാന്‍ സ്വന്തം പാത വെട്ടിത്തെളിക്കുന്നവര്‍. ഗൗരവസ്വഭാവം വെച്ചുപുലര്‍ത്തുന്നവര്‍. സാമ്പത്തിക വില ഇവര്‍ നല്ല പോലെ അറിയണം. അത് വാര്‍ദ്ധക്യകാലത്ത് സ്വരൂക്കൂട്ടുകയും വേണം. അപകടങ്ങളാണ് ഇവര്‍ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നം. മുറിവുകള്‍ ശ്രദ്ധിക്കുക. 1, 4 ആണ് ഭാഗ്യസംഖ്യകള്‍. 1, 4, 10, 13, 19, 22, 28, 31 തീയതികളില്‍ നല്ല കാര്യങ്ങള്‍ തുടങ്ങുക. 8, 17, 26 തീയതികള്‍ ഒഴിവാക്കുക. മഞ്ഞ, സ്വര്‍ണ്ണനിറം, ഗോള്‍ഡന്‍ ബ്രൗണ്‍, ചാരനിറം ഇവയാണ് ഭാഗ്യനിറങ്ങള്‍. വൈരം, പുഷ്യരാഗം, ഇന്ദ്രനീലം, കറുത്തമുത്ത് ഇവ ഭാഗ്യരത്നങ്ങള്‍.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
മകരം രാശിയില്‍ ബുധന്‍, ശനി എന്നീ ഗ്രഹങ്ങളെ അപഹാരവും ശനിയുടെ സ്വാധീനമുള്ളവരാണിവര്‍. ഒരു ബഹുമുഖ പ്രതിഭയാണ് നിങ്ങള്‍. കഴിവിനും താല്‍പ്പര്യത്തിനനുസരിച്ചുള്ള ജോലി കണ്ടെത്തും. ഏത് ആളുകളുമായി ഇണങ്ങിച്ചേരും. എല്ലാവിഷയത്തിലും സമര്‍ത്ഥരാണ്. അപ്രതീക്ഷിതമായി അവസരം നിങ്ങളെ തേടിവരും. ഭാഗ്യം പടിവാതിലില്‍ മുട്ടിവിളിക്കും. സാഹിത്യത്തില്‍ തല്‍പ്പരരാണ്. ശാസ്ത്ര വിഷയങ്ങളും ഇഷ്ടപ്പെടും. പ്രായോഗിക കാഴ്ചപ്പാടുള്ളവര്‍. പ്രായത്തില്‍ കവിഞ്ഞ പക്വത ഉള്ളവര്‍. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പ്രകടിപ്പിക്കും. ദഹനേന്ദ്രിയ പ്രവര്‍ത്തനവും കാല്‍മുട്ടുകളിലെ വേദനയും ശ്രദ്ധിക്കണം. 5, 14, 23 ഇവ അനുകൂല സംഖ്യകള്‍. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ഭാഗ്യദായകം. വൈരക്കല്ല് രത്നങ്ങളില്‍ നല്ലതാണ്.
6, 15, 24 തീയതികളില്‍ ജനിച്ചവര്‍
മകരം രാശിയില്‍ ശുക്രന്‍റെയും ശനിയുടെയും സ്വാധീനമുള്ളവര്‍. പ്രേമം, വിവാഹം, സ്നേഹവാത്സല്യങ്ങള്‍ ഇവരുടെ ജീവിതത്തെ സ്വാധീനിക്കും. അത്തരം സ്വാധീനങ്ങള്‍ അതിരുകടക്കാതെ ശ്രദ്ധിക്കുക. കാന്തിക ശക്തിയുള്ള വ്യക്തിത്വം ജീവിതവിജയത്തിന് സഹായകരമാകും. തൊഴില്‍രംഗത്ത് വിജയിക്കും. സംഗീതം, സാഹിത്യം, നാടകരംഗങ്ങളില്‍ ശോഭിക്കും. ജീവിതത്തിന്‍റെ ആദ്യകാലങ്ങളില്‍ കുടുംബപ്രാരാബ്ധം അനുഭവിക്കും. ഒടുവില്‍ എല്ലാ വിജയകരമാകും. കരുതിവയ്ക്കാനുള്ള വ്യഗ്രത ധനവാന്മാരാക്കും. ഇവര്‍ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടത് അപകടസാധ്യതകളാണ്. 6, 15, 24 എന്നിവ ഭാഗ്യസംഖ്യകള്‍. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതേ തീയതികളില്‍ തന്നെ നടത്തുക. നീലയും അതിന്‍റെ വകഭേദങ്ങളും വസ്ത്രത്തിന്‍റെ ഭാഗമാക്കുക. വൈഡൂര്യം, ഇന്ദ്രനീലം ഇവയാണ് ഭാഗ്യരത്നങ്ങള്‍.
7, 16, 25 തീയതികലില്‍ ജനിച്ചവര്‍
നെപ്ട്യൂണിന്‍റെയും ചന്ദ്രന്‍റെയും ശനിയുടെയും സ്വാധീനമുള്ളവര്‍. ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും ഭക്തിമാര്‍ഗ്ഗം കളയാത്തവര്‍. മതവിശ്വാസമുള്ള മനസ്സാണിവര്‍ക്ക്. ആദര്‍ശപരവും കാല്‍പ്പനികവുമായ സാങ്കല്‍പ്പികലോകത്ത് ജീവിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. യാത്രകള്‍, പ്രത്യേകിച്ചും ജലയാത്രകളോട് ഇഷ്ടമുള്ളവര്‍. ഇവരുടെ ആദര്‍ശം പ്രായോഗിക ജീവിതവുമായി പൊരുത്തപ്പെടുകയില്ല. ജനിച്ച സ്ഥലത്തുനിന്ന് വിദൂരദേശത്ത് സുഖകരമായ ജീവിതം നയിക്കുന്നവരുമാണിവര്‍. പേരും പെരുമയും നേടുമെങ്കിലും കയ്യിലെ പണം ചോരുന്നത് ഇവര്‍ അറിയുകയില്ല. വൈവാഹിക ജീവിതത്തില്‍ നിരവധി പരീക്ഷണഘട്ടങ്ങളെ അഭിമുഖീകരിക്കും. ചെറുപ്പത്തില്‍ ആരോഗ്യം മോശമായിരിക്കും. കണ്ഠം, ശ്വാസകോശം, ഹൃദയരോഗങ്ങള്‍ ശ്രദ്ധിക്കുക. ഭാഗ്യസംഖ്യകള്‍ 7, 2, 11, 16, 20, 25, 29 ഈ തീയതികളില്‍ നല്ല കാര്യങ്ങള്‍ ചെയ്യുക. ചാരനിറം, പച്ചനിറം ഇവ ഭാഗ്യം നല്‍കും. ചന്ദ്രകാന്തം, മുത്ത് എന്നിവ ഭാഗ്യരത്നങ്ങളാണ്.
8, 17, 26 തീയതികളില്‍ ജനിച്ചവര്‍
ശനിയുടെ അപഹാരവും ശനിയുടെ സ്വാധീനവും ഉള്ളവര്‍. ഇരട്ടശനി ഭാരിച്ച ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കും. ജീവിതത്തില്‍ വലിയ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടിവരും. ആരുടെയും സഹായം കൂടാതെ സ്വന്തം പരിശ്രമം കൊണ്ടുവേണം വിജയം നേടേണ്ടത്. ഗുരുതരമായ മൗനവും വിഷാദവും മാറ്റുക. സ്നേഹിക്കുന്നവരെ കൂട്ടുപിരിയും. വിവാഹം താമസിച്ചാകുന്നത് നല്ലതാണ്. സ്വതേ ഗൗരവപൂര്‍ണ്ണമായ പ്രകൃതം. വാദപ്രതിവാദങ്ങളില്‍ കരുത്തുകാട്ടും. ജീവിത പ്രതീക്ഷ പുലര്‍ത്തുന്നവര്‍. മറ്റുള്ളവരുടെ വീഴ്ചകള്‍ക്ക് നേരെ കണ്ണടയ്ക്കാത്തവര്‍. സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നവര്‍. ധനം സൂക്ഷിക്കുക. കാലിന് ബലക്ഷയം, അപകടഫലമായി നട്ടെല്ലിന് പരിക്ക് ഇവ കരുതിയിരിക്കുക. ഭാഗ്യസംഖ്യകള്‍ 4, 8. 4, 8, 13, 17, 22, 26, 31 തീയതികള്‍ നല്ലതാണ്. ഭാഗ്യനിറം- വയലറ്റ്, കറുപ്പ്, നീല. ഭാഗ്യരത്നം- കറുത്ത മുത്ത്, ഇന്ദ്രനീലം.
9, 18, 27 തീയതികളില്‍ ജനിച്ചവര്‍
ചൊവ്വയുടെയും ശനിയുടെയും സ്വാധീനമുള്ളവര്‍. സംഭവബഹുലവും സംഘര്‍ഷഭരിതവുമായിരിക്കും ഇവരുടെ ജീവിതം. ഏറ്റെടുക്കുന്ന കാര്യം നിറവേറ്റുന്നതിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കും. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമാറിപ്പുല്‍കും. 33-35 വയസ്സുവരെ പലവിധ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകും. ധൈര്യവും ആത്മവിശ്വാസവും വേണ്ടുവോളമുണ്ട്. ഗവണ്‍മെന്‍റില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കും. സാഹസികത ഇഷ്ടപ്പെടും. അദ്ധ്വാനശീലരും ആത്മാര്‍ത്ഥതയുള്ളവര്‍. അബോധപൂര്‍വ്വമായി ശത്രുക്കളെ സൃഷ്ടിക്കും. വിവാഹം മൂലം ചില മാറ്റങ്ങള്‍ കൈവരും. ക്ഷിപ്രകോപിയും തലക്കനവുമുള്ളവര്‍. വലിയ തുകകള്‍ കയ്യിലൂടെ ഒഴുകിപ്പോകുമ്പോള്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ശ്രദ്ധിക്കുക. ഭാഗ്യസംഖ്യ 9 ആണ്. ഭാഗ്യനിറം- റോസ്, ചുവപ്പ്, ഭാഗ്യരത്നം- മാണിക്യം, ചുവന്നകല്ലുകള്‍.
ജനുവരിയില്‍ ജനിച്ച പ്രശസ്തര്‍:
സ്വാമി വിവേകാനന്ദന്‍, യേശുദാസ്, പ്രിയദര്‍ശന്‍, ടൊവിനോതോമസ്, ശ്രുതിഹാസന്‍, യാഷ്
അടുത്തലക്കം: ഫെബ്രുവരി ജന്മവിശേഷങ്ങള്‍
