മാര്‍ച്ചുമാസത്തില്‍ ജനിച്ചവര്‍

മാര്‍ച്ചുമാസത്തില്‍ ജനിച്ചവര്‍

HIGHLIGHTS

മാര്‍ച്ചുമാസത്തില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഓരോ മാസത്തില്‍ ജനിച്ചവര്‍ക്കും ഒന്നില്‍ നിന്ന് വേറിട്ട അനുഗ്രഹശീലങ്ങളും വിപരീത പെരുമാറ്റങ്ങളും നിറഞ്ഞ ജീവിതമാണുള്ളത്. അത് മാര്‍ച്ചില്‍ ജനിച്ചവര്‍ക്ക് എപ്രകാരമാണെന്ന് നോക്കാം.

ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത വിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.

പൊതുസ്വഭാവം

വിജ്ഞാനസമ്പാദനത്തിന് കഴിവുള്ളവരാണ്. പ്രത്യേകിച്ച് ചരിത്രപഠനത്തോടും ഗവേഷണത്തോടും താല്‍പ്പര്യം കാണിക്കും. വിശ്വസ്തരായ സ്നേഹിതര്‍ക്കുവേണ്ടി എന്തുചെയ്യാനും മടിക്കില്ല. ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ വിജയം വരിക്കും. നിയമത്തെയും കീഴ്വഴക്കങ്ങളെയും വിലമതിക്കും. ആഡംബരവും ധാരാളിത്തവുമുള്ള ജീവിതരീതി സ്വീകരിക്കും. ലഹരിക്ക് അടിമയാകാതെ ശ്രദ്ധിക്കണം. ഇവരില്‍ ചിലര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ അക്ഷീണം പരിശ്രമിക്കും. മറ്റുചിലര്‍ മോശമായ ജീവിതശൈലി മാറ്റിവച്ച് ആത്മസമര്‍പ്പണത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിച്ച് വിസ്മയിപ്പിക്കും. ഇങ്ങനെ ദ്വന്ദഭാവം പ്രകടിപ്പിക്കുന്നവരാണ് മാര്‍ച്ചുകാര്‍. അങ്ങേയറ്റം വികാരജീവികള്‍. പൊതുവേ ജലയാത്ര ഇഷ്ടപ്പെടുന്നവര്‍. ജലാശയങ്ങളുടെ തീരത്ത് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. നിഗൂഢശാസ്ത്രങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യമുണ്ട്. അജ്ഞാതമായതിനെ അന്വേഷിച്ചറിയാന്‍ ശ്രമിക്കുന്നവര്‍. ദാരിദ്ര്യത്തെ വല്ലാതെ ഭയപ്പെടുന്നവര്‍. മറ്റുള്ളവരെ ആശ്രയിച്ചു കഴിയാന്‍ ഇഷ്ടപ്പെടില്ല. പണം നിയന്ത്രിച്ച് ചെലവാക്കുന്നത് പലപ്പോഴും ലുബ്ധന്‍ എന്ന പേരുകേള്‍പ്പിക്കും. ഏത് വിഷയത്തില്‍ പ്രാഗത്ഭ്യം നേടിയാലും അത് പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടില്ല. സ്വന്തം വ്യക്തിത്വത്തെ വിലകുറച്ചുകാണും. എപ്പോഴും ചിന്താമഗ്നരും വിഷാദചിത്തരുമായി കാണപ്പെടും. ആത്മാര്‍ത്ഥതയും വിശ്വസ്തതയുമാണ് മുതല്‍ക്കൂട്ട്. അതിനാല്‍ ഏറ്റെടുക്കുന്ന ജോലി കൃത്യനിഷ്ഠയോടെ ചെയ്യും. പലപ്പോഴും ഭാഗ്യം നിര്‍ഭാഗ്യമാകാത്ത വിധം കരുതല്‍ ഇവര്‍ക്ക് വേണം. അവസരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ജൂണ്‍ 21 മുതല്‍ ജൂലൈ 20 വരെയും ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 22 വരെ ജനിച്ചവരുമായുള്ള സൗഹൃദ-വിവാഹ ബന്ധങ്ങള്‍ നല്ലതാണ്. നാഡിരോഗങ്ങള്‍, രക്തക്കുറവ് കുടല്‍സംബന്ധരോഗങ്ങള്‍ വരാതെ നോക്കുക. -വയലറ്റ്, ചെഞ്ചായം. ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, വൈഡൂര്യം, മരതകം.

ഇനി മാര്‍ച്ചുമാസത്തില്‍ ഓരോ തീയതിയും ജനിച്ചവരെ പരിചയപ്പെടാം.

1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍

പ്രശസ്തി നേടത്തക്കവിധം ജീവിതത്തെ സംഭവബഹുലമാക്കും. പലപല മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നുഭവിക്കും. പുതുമയും വികസനസാധ്യതയുമുള്ള പ്രവൃത്തികള്‍ ഇഷ്ടപ്പെടും. അഹംഭാവമുള്ളവര്‍. ശുഭാപ്തിവിശ്വാസം കൂടുതല്‍ പ്രകടിപ്പിക്കും. ക്ഷമയോടെ ആലോചിച്ചുവേണം പുതിയ സംരംഭങ്ങള്‍ തുടങ്ങേണ്ടത്. വീടിനെയും കുടുംബബന്ധങ്ങളെയും സ്നേഹിക്കും. ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും വിജയം വരിക്കും. മറ്റുള്ളവരുടെ താളത്തിന് തുള്ളാന്‍ ആഗ്രഹിക്കുകയില്ല. സാമ്പത്തികമായി ഭാഗ്യശാലികളാണ്. മാനസികമായ അദ്ധ്വാനഭാരം കുറയ്ക്കണം.

ഇഷ്ടതീയതികള്‍-1, 3, 4, 10, 12, 13, 19, 21, 22, 28, 30, 31

ഭാഗ്യനിറങ്ങള്‍- സ്വര്‍ണ്ണനിറം, മഞ്ഞ, നീല, ചാരനിറം, വയലറ്റ്, ചെഞ്ചായം. ഇത് വസ്ത്രമായി സ്വീകരിക്കുക.

ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, വൈരം, ഇന്ദ്രനീലം, മഞ്ഞരാശിയുള്ള കല്ലുകള്‍.
പ്രധാന സംഭവവയസ്സുകള്‍- 1, 3, 4, 10, 12, 13, 19, 21, 22, 28, 30, 31, 37, 39, 40, 48, 
49, 50, 57, 58, 64, 66, 67, 73, 75, 76

സൗഹൃദം- ഏത് മാസത്തിലെയും 1, 4, 10, 19, 22, 28, 31 തീയതിയില്‍ ജനിച്ചവരുമായി സൗഹൃദമുണ്ടാകും.

2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍

ഇച്ഛാശക്തിയോടെ ഒരൊറ്റ ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചാല്‍ മഹത്തായ ലക്ഷ്യം നേടുന്നവര്‍. കലാരംഗത്തെ വിജയത്തിന് ഇത് അത്യാവശ്യം. മാളികയില്‍ താമസിക്കുന്നതിനേക്കാള്‍ മനസ്സിനിണങ്ങിയ കൊച്ചുകുടിലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. വിവിധ കലാരംഗങ്ങളില്‍ കഴിവ് തെളിയിക്കും. ആത്മീയ കാഴ്ചപ്പാടുള്ളവര്‍, അസ്വാഭാവിക സ്വപ്നം കാണുന്നവര്‍. ഭൗതിക താല്‍പ്പര്യങ്ങള്‍ക്ക് വലിയ പ്രധാന്യം കല്‍പ്പിക്കാത്തവര്‍. സാമ്പത്തിക സ്ഥി നിലനിര്‍ത്താന്‍ മുന്‍കരുതലെടുക്കണം. പോഷകാഹാരക്കുറവ്, രക്തദൂഷ്യം, നട്ടെല്ലിന്‍റെ ബലക്ഷയം ഇവയില്‍ ശ്രദ്ധ വേണം.

ഇഷ്ടതീയതികള്‍-2, 3, 7, 11, 12, 16, 20, 21, 25, 29, 30(മാര്‍ച്ച് 29 ന് ജനിച്ചവര്‍ക്ക് 9, 18, 27 തീയതികള്‍ നല്ലതാണ്. ഇവര്‍ 3, 12, 21 തീയതികള്‍ ഒഴിവാക്കണം)

ഭാഗ്യനിറങ്ങള്‍- ഇളംപച്ച, ചാരനിറം, വയലറ്റ്,(മാര്‍ച്ച് 29 കാര്‍ക്ക് ചുവപ്പ്, റോസ് നല്ലതാണ്)

ഭാഗ്യരത്നങ്ങള്‍- മുത്ത്, ചന്ദ്രകാന്തം, വൈരം(മാര്‍ച്ച് 29 കാര്‍ക്ക് മാണിക്യം രത്നമായി ധരിക്കാം)

പ്രധാന സംഭവവയസ്സുകള്‍-2, 11, 20, 29, 38, 47, 56, 65, 74

സൗഹൃദം-2, 4, 7, 10, 11, 13, 16, 19, 20, 22, 25, 28, 29, 31 തീയതികളില്‍ ജനിച്ച ഏത് മാസക്കാരുമായും കൂട്ടുകൂടും.

3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍

അളവറ്റ ഉല്‍ക്കര്‍ഷേച്ഛയും ക്ഷീണിക്കാത്ത മനഃശക്തിയുംഉള്ളവര്‍. നിങ്ങള്‍ കഴിവുള്ള അധികാര സ്ഥാനത്ത് എത്തിച്ചേരും. തൊടുന്നതെല്ലാം പൊന്നാക്കാനുള്ള വൈഭവം ഇവര്‍ക്കുണ്ട്. ആദര്‍ശവും പ്രായോഗികനിലപാടും ഒത്തുചേര്‍ന്നവര്‍. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ധര്‍മ്മസ്ഥാപനങ്ങള്‍ ഇവയുമായി നിത്യബന്ധം പുലര്‍ത്തുന്നവര്‍. അശരണരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍. അലസത അടിച്ചേല്‍പ്പിക്കപ്പെടാതെ ശ്രദ്ധിക്കണം.

ഇഷ്ടസംഖ്യകള്‍-3, 12, 21, 30

ഭാഗ്യനിറം-3, 12, 21 തീയതികളില്‍ ജനിച്ചവര്‍ക്ക് വയലറ്റ്, ചെഞ്ചായം, 30 ന് ജനിച്ചവര്‍ക്ക് ചുവപ്പ്, റോസ്.

ഭാഗ്യരത്നം- വൈഡൂര്യം, 30 ന് ജനിച്ചവര്‍ക്ക് മാണിക്യം, പവിഴം.

പ്രധാന സംഭവവയസ്സുകള്‍-3, 12, 21, 30, 39, 48, 57, 66, 75

സൗഹൃദം- ഏത് മാസത്തിലെയും 3, 6, 9, 12, 15, 21, 24, 27, 30 തീയതിക്കാരുമായി നല്ലത്.

4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍

നിങ്ങളുടെ സ്വഭാവം പലപ്പോഴും വിചിത്രമോ സവിശേഷമോ ആയിരിക്കും. ആദ്യകാലത്ത് പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. ഗൃഹജീവിതത്തില്‍ കഷ്ടതവരാതെ ശ്രദ്ധിക്കണം. സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ നോക്കണം. ബന്ധുക്കളെ ആശ്രയിക്കരുത്. പുതുമയുള്ള ആശയങ്ങള്‍ ഉള്ളവരാണ് നിങ്ങള്‍. വ്യക്തികളെയും വസ്തുതകളെയും നിഗൂഢമായി മനസ്സിലാക്കാന്‍ കഴിവുണ്ട്. കുറച്ച് സുഹൃത്തുക്കള്‍ ഉള്ളവര്‍. കലാസാഹിത്യരംഗത്ത് കഴിവ് പ്രകടിപ്പിക്കാന്‍ യത്നിക്കുന്നവര്‍. പൂര്‍വ്വാര്‍ജ്ജിത സ്വത്ത് കൈവരും. അത് നഷ്ടപ്പെടാതെ നോക്കും. ആരോഗ്യത്തെ സംബന്ധിച്ച് നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഭിഷഗ്വരന്‍. അലസത അകറ്റണം.

ഇഷ്ടതീയതികള്‍- ഏത് മാസത്തിലെയും 1, 3, 4, 10, 12, 13, 19, 21, 22, 28, 30, 31 തീയതികള്‍.

ഭാഗ്യനിറം- നീല, ചാരനിറം, സ്വര്‍ണ്ണനിറം, മഞ്ഞ, വയലറ്റ്, ഗോള്‍ഡന്‍ ബ്രൗണ്‍, ചെഞ്ചായം.

ഭാഗ്യരത്നങ്ങള്‍- ഇന്ദ്രനീലം, വൈഡൂര്യം,  പുഷ്യരാഗം.

പ്രധാന സംഭവവയസ്സുകള്‍-13, 19, 22, 28, 31, 40, 49, 55, 58, 64, 67, 73

സൗഹൃദം- മാര്‍ച്ച് 4, 13 തീയതികളില്‍ ജനിച്ചവര്‍ ഏത് മാസത്തിലെയും 1, 4, 10, 13, 14, 22, 28, 31 തീയതികളില്‍ ജനിച്ചവരുമായും മാര്‍ച്ച് 31 ജനിച്ചവര്‍ 9, 18, 27 തീയതികളില്‍ ജനിച്ചവരുമായും കൂട്ടുകൂടും.

5, 14, 23 തീയതികള്‍ ജനിച്ചവര്‍

സ്വഭാവത്തിലെ അടിസ്ഥാനമായ നല്ല വശമോ ചീത്തവശമോ ആണ് നിങ്ങളുടെ ഭാവി നിശ്ചയിക്കുന്നത്. അതുകൊണ്ട് സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. പ്രതിസന്ധികളെ നര്‍മ്മബോധത്തോടെ പാടവത്തോടെ മെരുക്കിയെടുക്കും. അവസരങ്ങള്‍ ഒരിക്കലും ഒഴിവാക്കാതെ ജീവിതത്തെ വിജയമാക്കണം. ഒരേ ജോലിയില്‍ തുടരാന്‍ ഇഷ്ടപ്പെടുകയില്ല. ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ളവര്‍. ഏറ്റെടുക്കുന്ന പദ്ധതികളുടെ നിയന്ത്രണം കൈവിട്ടുപോകാതെ സൂക്ഷിച്ചാല്‍ മികച്ച ലക്ഷ്യത്തിലെത്തുന്നവര്‍. പ്രതിഭയും പ്രാഗത്ഭ്യവുമുണ്ടെങ്കിലും മരണത്തിന് മുമ്പ് ധനമെല്ലാം അടിച്ചുപൊളിക്കുന്ന ശീലം ഉപേക്ഷിക്കണം. മനഃക്ഷോഭം നിയന്ത്രിക്കാന്‍ ശ്രമം വേണം.

ഇഷ്ടതീയതികള്‍-3, 5, 12, 14, 21, 23, 30

ഭാഗ്യനിറങ്ങള്‍- എല്ലാ നിറങ്ങളും നല്ലതെങ്കിലും വയലറ്റ്, ചുവപ്പ് എന്നിവയുടെ ഇളം നിറങ്ങള്‍ ഉപയോഗിക്കുക.

ഭാഗ്യരത്നങ്ങള്‍- മരതകം

പ്രധാന സംഭവവയസ്സുകള്‍-5, 14, 23, 32, 41, 50, 68.

സൗഹൃദം- ഏത് മാസത്തിലേയും 3, 5, 12, 14, 21, 23, 30 തീയതിക്കാര്‍.

6, 15, 24 തീയതികളില്‍ ജനിച്ചവര്‍

അനുകൂലമായ സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്ത് വിജയം നേടാന്‍ പ്രയത്നക്കുന്നവര്‍. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങളാണ് പരാജയത്തിന് ഉത്തരവാദി. സൗന്ദര്യാസ്വാദകനും കലാസ്വാദകനുമാണ്. പെട്ടെന്ന് വികാരാധീനരാകുന്നവര്‍. ധാരാളം സുഹൃത്തുക്കളുള്ളവര്‍. ധാരാളിത്തവും ആഡംബരവും ജീവിതത്തില്‍ നിയന്ത്രിക്കാന്‍ ശീലിക്കണം. വിവാഹജീവിതത്തില്‍ അസാധാരണ അനുഭവങ്ങളുള്ളവര്‍. എല്ലാ അര്‍ത്ഥത്തിലും ഭാഗ്യം കൂടെയുണ്ടെങ്കിലും വഴിവിട്ട ചെലവുകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആപത്താണ്. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം ഇവയ്ക്ക് കരുതല്‍ വേണം.

ഇഷ്ടതീയതികള്‍-3, 6, 12, 15, 24, 30

ഭാഗ്യനിറങ്ങള്‍- നീല, വയലറ്റ്, ചെഞ്ചായം

ഭാഗ്യരത്നങ്ങള്‍- പവിഴം, വൈഡൂര്യം

പ്രധാന സംഭവങ്ങള്‍- 6, 15, 24, 33, 42, 51, 60, 78

സൗഹൃദം- ഏത് മാസത്തിലെയും 3, 6, 12, 15, 21, 24, 30 തീയതിക്കാര്‍.

7, 16, 25 തീയതികളില്‍ ജനിച്ചവര്‍

ഉദാത്തമായ ആദര്‍ശമുള്ളവരും സ്വാതന്ത്ര്യവും പൂര്‍വ്വാചാര വിരുദ്ധമായ ജീവിതം നയിക്കുന്നവരുമാണ് നിങ്ങള്‍. പ്രകൃതിപഠനത്തില്‍ താല്‍പ്പര്യമുള്ളര്‍. ലൗകിക ജീവിത വിജയത്തിന് വിഘാതം സൃഷ്ടിക്കാത്തവിധം പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണം. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് സ്വഭാവം. ചിത്രകല, അഭിനയം, സംഗീതം ഇവയിലേതെങ്കിലും ഒന്നില്‍ വ്യക്തിമുദ്ര പതിപ്പിക്കും. അഭിപ്രായഭിന്നതകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. ആതുരസേവനരംഗത്ത് സകലസഹായങ്ങളും ചെയ്യും. ബുദ്ധിപരമായ പ്രവര്‍ത്തനം കൊണ്ട് സാമ്പത്തികനില മെച്ചപ്പെടുത്തും. എങ്കിലും ഇത് അവര്‍ക്കൊരു ലക്ഷ്യമല്ല. സദാ പിരിമുറുക്കമുള്ള ജീവിതം നയിക്കുന്നവര്‍.

ഇഷ്ടതീയതികള്‍-2, 3, 7, 11, 12, 16, 20, 21, 25, 29, 30

ഭാഗ്യനിറങ്ങള്‍- ചാരനിറം, പച്ച, ക്രീം, വയലറ്റ്, ചെഞ്ചായം.

ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, മുത്ത്, വൈഡൂര്യം.

പ്രധാന സംഭവവയസ്സുകള്‍-2, 7, 11, 16, 20, 25, 29

സൗഹൃദം- ഏത് മാസത്തിലെയും 2, 7, 11, 16, 20, 25, 29 തീയതിക്കാര്‍.

8, 17, 26 തീയതികളില്‍ ജനിച്ചവര്‍

ഇവരുടെ ജീവിതം ആദ്യകാലത്ത് കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരിക്കും. 33-35 വയസ്സാകുമ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടും. ആവര്‍ത്തിച്ചുവരാവുന്ന വ്യക്തിപരമായ ദുഃഖങ്ങള്‍ ജീവിതത്തെ ബാധിക്കാത്തവിധം ഇച്ഛാശക്തിയും കരുത്തും വളര്‍ത്തിയെടുക്കണം. ലക്ഷ്യബോധവും മഹത്വകാംക്ഷയും കൈവെടിയാതെ നോക്കണം. പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ട്. അമിത ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കപ്പെടാതെ നോക്കണം. വിവാഹബന്ധം അസുഖകരമായ അവസ്ഥയിലേക്ക് നീങ്ങാതെ ശ്രദ്ധിക്കണം. ഏത് തൊഴിലിലും സുപ്രധാന പങ്ക് വഹിക്കും. കര്‍ത്തവ്യബോധം കൂടുതലുള്ളവരാണ്. അന്തസ്സ് വെടിയുകയില്ല. ആത്മസംഘര്‍ഷം പുറത്താരും അറിയാതിരിക്കാന്‍ ഗൗരവത്തിന്‍റെ മുഖംമൂടി പലപ്പോഴും  അണിയും. അവിചാരിതമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ കരുതല്‍ ധനം ജീവിതത്തില്‍ സ്വരൂപിക്കണം. മനഃക്ലേശം, ഉത്ക്കണ്ഠ, ജലദോഷം, വാതരോഗം ഇവ വരാതെ ശ്രദ്ധിക്കണം.

ഇഷ്ടതീയതികള്‍- 3, 4, 8, 12, 13, 17, 21, 22, 26, 30, 31. ശുഭകാര്യങ്ങള്‍ക്ക് 3, 12, 21, 30 തീയതികള്‍ മാത്രം സ്വീകരിക്കുക.

ഭാഗ്യനിറം- കറുത്തമുത്ത്, ഇന്ദ്രനീലം, വൈഡൂര്യം.

പ്രധാന സംഭവവയസ്സുകള്‍-  17, 22, 26, 31, 35, 40, 44, 49, 53, 58, 67, 71, 76, 80

സൗഹൃദം- ഏത് മാസത്തിലെയും 2, 4, 8, 12, 13, 17, 21, 22, 26, 30 തീയതിക്കാര്‍.

9, 18, 27 തീയതികളില്‍ ജനിച്ചവര്‍

ഏറെക്കുറെ അസ്ഥിരമായ പ്രകൃതമാണ് നിങ്ങളുടേത്. ജോലിയും തൊഴിലും ഇടയ്ക്കിടെ മാറും. ആലോചിക്കാതെ സംരംഭങ്ങള്‍ ആരംഭിക്കും. മുന്‍കോപം നിയന്ത്രിക്കണം. അജ്ഞാതശത്രുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാകാം. വ്യവസായ സംരംഭത്തില്‍ പങ്കാളിയെ പ്രത്യേകം നിരീക്ഷിക്കണം. പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം പാലിക്കണം. ദൗര്‍ഭാഗ്യങ്ങളെയും പരീക്ഷണങ്ങളെയും ധൈര്യപൂര്‍വ്വം നേരിടും. ഉന്നതസ്ഥാനമാനങ്ങളിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കും. പ്രണയം നിരാശയില്‍ കലാശിക്കും. ലഹരിക്കെതിരെ സഞ്ചരിക്കണം. സര്‍ക്കാര്‍ വകുപ്പില്‍ പ്രധാന സ്ഥാനത്ത് എത്തിച്ചേരാം. സ്ഥിരമായൊരു വരുമാനമാര്‍ഗ്ഗം കണ്ടെത്തുകയാണ് ജീവിതത്തില്‍ പ്രധാനം. നാല്‍പ്പതുകളിലെത്തുമ്പോള്‍ ഭക്ഷണക്രമത്തില്‍ നിഷ്ഠ പുലര്‍ത്തണം. അല്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്.

ഇഷ്ടതീയതികള്‍- 3, 9, 12, 18, 21, 27, 30. നല്ല കാര്യങ്ങള്‍ക്ക് 4, 8, 13, 17, 22, 26, 31 തീയതികള്‍ പാടില്ല.

ഇഷ്ടനിറങ്ങള്‍- കടും ചുവപ്പ്, റോസ്, വയലറ്റ്.

ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, വൈഡൂര്യം

പ്രധാന സംഭവവയസ്സുകള്‍- 9, 18, 27, 36, 45, 54, 63, 72, 81

സൗഹൃദം-1, 3, 6, 9, 10, 12, 15, 18, 19, 24, 28, 30 തീയതികളില്‍ ജനിച്ചവര്‍. 

മാര്‍ച്ചില്‍ ജനിച്ച ഇന്ത്യയിലെ പ്രശസ്ത വ്യക്തികള്‍.

ശ്രേയാഘോഷാല്‍, സുജാത, സ്റ്റാലിന്‍, ശശിതരൂര്‍, കമലാസുരയ്യ, ആമിര്‍ഖാന്‍, കല്‍പ്പനാചൗള, റാം ചരണ്‍, പിണറായി വിജയന്‍, ശങ്കര്‍മഹാദേവന്‍, സക്കീര്‍ ഹുസൈന്‍

എന്‍.ടി. സതീഷ്

അടുത്തലക്കം: വിടര്‍ന്ന ലില്ലിപ്പൂവിന്‍റെ ജീവിതഗന്ധമുള്ള ഏപ്രില്‍