പൂവുകള്‍ക്ക് പുണ്യമേകുന്ന മെയ്മാസ ജന്മങ്ങള്‍
ഓരോ ഇംഗ്ലീഷ് മാസത്തിലും അതിലെ തീയതികളിലും ജനിച്ചവരുടെ സ്വഭാവ പ്രത്യേകതകളാണ് ഇവിടെ പറയുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ക്ക് ആവര്‍ത്തനങ്ങള്‍ ഇല്ലാത്തവിധം വൈവിധ്യമായ ജന്മവൈശിഷ്ട്യങ്ങളാണുള്ളത്. അവ ഏതൊക്കെയാണെന്ന് ചിന്തിക്കാം.
പൊതുസ്വഭാവം
ക്ഷമയും അദ്ധ്വാനശീലവും മെയ്മാസക്കാരുടെ കൈമുതലാണ്. അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ളവര്‍. ഒരു തീരുമാനമെടുത്താല്‍ അത് അവസാനത്തേതായിരിക്കും. അതുകൊണ്ട് പിടിവാശിക്കാര്‍ എന്ന പേര് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇവരെ സ്വാധീനിക്കുന്ന തരളവികാരമാണ് സ്നേഹവും പ്രേമവും. തന്‍റെ സ്നേഹത്തിന് വിധേയരാകുന്ന വ്യക്തികള്‍ക്കുവേണ്ടി എന്ത് ത്യാഗത്തിനും ഇവര്‍ തയ്യാറാകും. ശാരീരികവും മാനസികവുമായ സഹനശക്തിയുള്ളവരാണ്. സാമൂഹിക ജീവിതം കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍. നല്ല ആതിഥേയര്‍. രുചികരമായ ഭക്ഷണം ഇഷ്ടപ്പെടുന്ന ഇവര്‍, അടിയന്തിരഘട്ടത്തില്‍ പാചകത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്യും. വീട് അലങ്കരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍, കലാവാസനയുള്ളവര്‍. നല്ല വേഷങ്ങള്‍ ധരിച്ച് മറ്റുള്ളവരെ ധനികരാണെന്ന് ധാരണ ജനിപ്പിക്കുന്നവര്‍. ഇവരെ പൊതുവെ നയിക്കുന്നത് വികാരങ്ങളും ധാരണകളുമാണ്. ശത്രുവിനോട് സത്യസന്ധമായി, തുറന്ന മനസ്സോടെ പോരാടും. സാഹചര്യങ്ങളോട് പെട്ടെന്ന് സംവദിക്കുന്ന സ്വഭാവമുള്ളവര്‍. വിപരീതാന്തരീക്ഷത്തില്‍ കഴിയാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്തവര്‍. ഇവരില്‍ ചിലര്‍ക്കെങ്കിലും ആദ്യത്തെ പ്രേമവും വിവാഹവും പരാജയപ്പെട്ടുകാണാറുണ്ട്. എങ്കിലും ഇവര്‍ നേരത്തെ വിവാഹം ചെയ്ത് കാണപ്പെടുന്നുമുണ്ട്. അസൂയ മൂത്ത് അരുതാത്തത് പ്രവര്‍ത്തിക്കുകയും പിന്നെ നിരാശപ്പെടുകയും ചെയ്യുന്ന ശീലം ഇവര്‍ക്കുണ്ട്. നിസ്സാരമായ ഒരു ചെറിയ സഹായത്തിന്‍റെ പേരില്‍ വലിയ പ്രത്യുപകാരത്തിന് തയ്യാറാകുന്നവര്‍. നേതൃത്വം വഹിക്കുന്ന ഏത് പ്രസ്ഥാനത്തിലും സ്നേഹബഹുമാനമാര്‍ജിക്കും. വിശ്വസ്തതയും ആത്മാര്‍ത്ഥതയുമുള്ള സുഹൃത്തുക്കള്‍ ഉള്ളവര്‍. സര്‍ക്കാര്‍ തലത്തിലോ, പട്ടാളത്തിലോ, നാവികസേനയിലോ, ഉദ്യോഗസ്ഥരായി പ്രശംസ നേടും. ക്ഷമാപൂര്‍വ്വമായ സേവനം ആവശ്യമുള്ള നേഴ്സുമാരായും ഡോക്ടര്‍മാരായും പേരെടുക്കും. മെച്ചപ്പെട്ട സാമ്പത്തികനില കൈവരിക്കാന്‍ കഴിവുള്ളവര്‍. ഈ മാസത്തില്‍ ജനിച്ച സ്ത്രീകള്‍ നല്ല നിലയില്‍ വിവാഹിതരാകുമെങ്കിലും ഒന്നില്‍ക്കൂടുതല്‍ വിവാഹബന്ധത്തിലേര്‍പ്പെടാനും സാധ്യതയുണ്ട്. അവര്‍ കലാവാസനയ്ക്കൊപ്പം വ്യവസായ താല്‍പ്പര്യവും സംഘടനാപാടവവും പ്രകടിപ്പിക്കും. വാര്‍ദ്ധക്യത്തില്‍ അലസത, ബുദ്ധിമാന്ദ്യം ഇവ കരുതിയിരിക്കണം. കണ്ഠരോഗങ്ങള്‍, ഡിഫ്തീരിയ, മൂത്രാശയരോഗങ്ങള്‍ ഇവ സൂക്ഷിക്കുക. ലഹരിവസ്തുക്കള്‍ ഒഴിവാക്കുക. ഒപ്പം വളരെ തണുപ്പുള്ള കാലാവസ്ഥയിലെ താമസവും.
ഇനി മെയ്മാസത്തിലെ ഓരോ തീയതിയിലും ജനിച്ചവരെ കൂടുതല്‍ അടുത്തറിയാം.
1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍
എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന സൂര്യന്‍റെ സംഖ്യയാണിത്. അതുകൊണ്ട് ആ പ്രത്യേകത നിങ്ങളുടെ ജീവിതത്തിലും തൊഴിലിലും സ്പഷ്ടമാകും. സൃഷ്ടിപരവും പുതുമയുള്ളതുമയ പദ്ധതികള്‍ ആവിഷ്ക്കരിക്കും. അസൂയയുടെയും ഏഷണിയുടെയും ഫലമായി ദേഷ്യം പിടിച്ചില്ലെങ്കില്‍ ക്ഷമയുടെയും ശാന്തിയുടെയും പ്രതിരൂപം. പ്രതിബന്ധം നേരിട്ടാല്‍ പൊട്ടിത്തെറിക്കും. വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടില്ല. ആശുപത്രി, പൊതുസ്ഥാപനങ്ങള്‍ ഇവിടെ കഴിവ് തെളിയിക്കും. സാമ്പത്തികമായി ഭാഗ്യവാന്മാര്‍, നല്ല ആരോഗ്യമുള്ളവര്‍. തണുപ്പുമൂലം ശ്വാസകോശരോഗങ്ങള്‍ വരാതെ നോക്കുക.
ഇഷ്ടതീയതികള്‍-1, 2, 6, 10, 11, 15, 19, 20, 24, 28, 29. ഭാഗ്യനിറങ്ങള്‍- സ്വര്‍ണ്ണനിറം, ഓറഞ്ച്, ഗോര്‍ഡന്‍ ബ്രൗണ്‍, പച്ച, വെള്ള, ക്രീം, നീല. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, ചന്ദ്രകാന്തം, വൈഡൂര്യം, പ്രധാന സംഭവവയസ്സുകള്‍-1, 2, 6, 10, 11, 15, 19, 21, 24, 28, 29, 33, 37 38, 42, 46, 47, 51, 55, 56, 60, 64, 65, 69. സൗഹൃദം ഏത് മാസത്തിലെയും 1, 2, 6, 10, 11, 15, 20, 24, 28, 29 തീയതികളില്‍ ജനിച്ചവര്‍.
2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍
ചന്ദ്രന്‍റെ സ്വാധീനം കൂടുതലുള്ളവര്‍. അതുകൊണ്ട് സൗമ്യഭാവം കൂടുതല്‍ പ്രകടിപ്പിക്കും. ഭാവന, കാല്‍പ്പനികഭാവം, കലാവാസന, ആദര്‍ശപ്രേമം, നിഗൂഢശാസ്ത്രം, ആത്മീയവിഷയം എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍. സാഹിത്യം, സംഗീതം, നാടകം, കല, മുതലായവയില്‍ അഭിരുചി പ്രകടിപ്പിക്കും. ഗൃഹാലങ്കാരത്തില്‍ ശ്രദ്ധിക്കും. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും. അസ്വസ്ഥമായ മനസ്സാണ് നിങ്ങള്‍ക്ക്. സഹജീവികളുടെ കഷ്ടതയില്‍ മനസ്സലിയും. അപരിചിതരെപ്പോലും ആകര്‍ഷിക്കുന്ന വ്യക്തിത്വം ഉള്ളവര്‍. ധാരാളം സുഹൃത്തുക്കളുള്ളവര്‍. സഹജാവബോധവും ദീര്‍ഘദൃഷ്ടിയും കൊണ്ട് അനുഗൃഹീതരായവര്‍.
ഇഷ്ടതീയതികള്‍-2, 6, 7, 11, 15, 16, 20, 24, 25, 29. 29 ന് ജനിച്ചവര്‍ക്ക് 5, 14, 23 തീയതികളും നല്ലതാണ്. ഭാഗ്യനിറങ്ങള്‍- പച്ച, വെള്ള, ക്രീം, നീല, ചാരനിറം. പ്രധാന സംഭവവയസ്സുകള്‍-2, 6, 7, 11, 15, 16, 20, 24, 25, 29, 33, 38, 42, 51, 52, 56, 60, 61, 65, 69. സൗഹൃദം 1, 2, 6, 7, 10, 11, 15, 16, 20, 24, 25, 28, 29 തീയതികളില്‍ ജനിച്ചവര്‍.
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍
പ്രണയബന്ധിയായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതിരുന്നാല്‍ നിങ്ങളുടെ ജീവിതം വിജയകരമായിരിക്കും. മഹത്വം കൂടുതല്‍ ആഗ്രഹിക്കുന്നവര്‍. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍. വ്യക്തവും സുചിന്തിതവുമായ കാഴ്ചപ്പാടും തീരുമാനവും നിശ്ചയദാര്‍ഢ്യവും ഉള്ളവര്‍. പ്രണയകാരണങ്ങളാല്‍ വിവാഹബന്ധം ഇവര്‍ക്ക് പരീക്ഷണമാകാറുണ്ട്. കലാവാസന നിങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. നീതിബോധം കലശലായുള്ളവര്‍. വീടിനെയും നാടിനെയും ഒരുപോലെ സ്നേഹിക്കുന്നവര്‍. ധര്‍മ്മസ്ഥാപനങ്ങളെ സഹായിക്കും. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കും. സാമ്പത്തികമായി യാതൊരു ആശങ്കയും വേണ്ട. അമിതാദ്ധ്വാനം അപകടമാകാതെ നോക്കണം.
ഇഷ്ടതീയതികള്‍-3, 6, 12, 15, 21, 24, 30. ഭാഗ്യനിറങ്ങള്‍- വയലറ്റ്, നീല, വെള്ള, ക്രീം. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, വയലറ്റ് നിറക്കല്ലുകള്‍. പ്രധാന സംഭവവയസ്സുകള്‍-3, 6, 12, 15, 21, 24, 30, 33, 39, 42, 48, 51, 57, 60, 66, 69. സൗഹൃദം ഏത് മാസത്തിലേയും 3, 6, 12, 15, 21, 24, 30. തീയതികളില്‍ ജനിച്ചവര്‍. 30 ന് ജനിച്ചവര്‍ക്ക് 5, 14, 23 തീയതികളില്‍ ജനിച്ചവരും നല്ലതാണ്.
4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍
അവിചാരിതവും അസാധാരണവുമായ സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും. ജീവിതത്തില്‍ പല പ്രത്യേകതകളും ദര്‍ശിക്കാന്‍ കഴിയും. തത്ത്വചിന്തകര്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍ക്ക് പ്രാമുഖ്യമുള്ള തീയതികളാണിത്. ലൗകിക അര്‍ത്ഥത്തില്‍ ഭാഗ്യവാന്മാര്‍. പക്ഷേ സാമ്പത്തികമായി ഏറ്റക്കുറച്ചില്‍ അനുഭവപ്പെടും. പ്രതിബന്ധങ്ങളെ അവസരത്തിനൊത്തുയര്‍ന്ന് തരണം ചെയ്യും. പുതിയ കണ്ടുപിടിത്തം, സിദ്ധാന്തങ്ങള്‍, ആശയങ്ങള്‍, പദ്ധതികള്‍ ഇവയുടെ ആള്‍രൂപം. അഭിപ്രായ സ്ഥിരതയുള്ളവര്‍. ആരോടും പെട്ടെന്ന് ഇണങ്ങുകയില്ല. ഇഷ്ടപ്പെടുന്നവരെ ആത്മാര്‍ത്ഥമായി സ്നേഹിക്കും. അപ്രതീക്ഷിതമായി രോഗങ്ങള്‍ പിടിപെടാനിടയുണ്ട്. കുടല്‍രോഗം, ഇന്‍ഫ്ളുവന്‍സ, ശ്വാസകോശ രോഗം ഇവ ശ്രദ്ധിക്കുക.
ഭാഗ്യതീയതികള്‍ 4, 6, 8, 13, 15, 22, 24, 26, 31. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, ഇന്ദ്രനിലം, വൈഡൂര്യം. പ്രധാന സംഭവവയസ്സുകള്‍- 4, 6, 13, 15, 22, 24, 31, 40, 42, 49, 51, 58, 60, 67, 69. സൗഹൃദം ഏത് മാസത്തിലേയും 4, 6, 13,15, 22, 24, 31 തീയതികളില്‍ ജനിച്ചവര്‍. 31 ന് ജനിച്ചവര്‍ക്ക് 5, 14, 23 തീയതികളില്‍ ജനിച്ചവരും നല്ലതാണ്.
5, 14, 23 തീയതികളില്‍ ജനിച്ചവര്‍
മെയ് മാസത്തിന്‍റെ പൊതുസ്വഭാവം നിങ്ങള്‍ക്കും ബാധകമാണ്. തീക്ഷ്ണമായ നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ് നിങ്ങള്‍. നിരീക്ഷണ പാടവവും യുക്തിബോധവും ഉള്ളവര്‍. സ്വതന്ത്രമായ കാഴ്ചപ്പാടുള്ളവര്‍. ഏത് സാഹചര്യവുമായും ഏത് വ്യക്തികളുമായും പെട്ടെന്ന് ഇണങ്ങും. പക്ഷേ ആര്‍ക്കും നിങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. വിപുലമായ തൊഴില്‍ പരിജ്ഞാനമുള്ളതുകൊണ്ട് ഏത് ജോലിയിലും വിജയിക്കും. എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ പെട്ടെന്ന് ആകര്‍ഷിക്കും. വ്യക്തിത്വം അടിയറവയ്ക്കില്ല. അനേകം പ്രേമബന്ധങ്ങളുണ്ടാകും. അതിശ്രേഷ്ഠമായ ബുദ്ധിക്കുടമയാണ് നിങ്ങള്‍.
ഭാഗ്യതീയതികള്‍-5, 6, 14, 15, 23, 24. ഭാഗ്യനിറങ്ങള്‍- ഇളം നിറങ്ങള്‍, നീല, പച്ച, ക്രീം, വെള്ള. ഭാഗ്യരത്നങ്ങള്‍- വൈഡൂര്യം, മരതകം. പ്രധാന സംഭവവയസ്സുകള്‍-5, 6, 14, 15, 23, 24, 32, 33, 41, 42, 50, 51, 59, 60, 68, 77. സൗഹൃദം 5, 6, 14, 15, 23, 24 തീയതികളില്‍ ജനിച്ചവര്‍. നിങ്ങളെപ്പോലും അമ്പരപ്പിക്കുന്ന സാമ്പത്തിക സ്ഥിതിയുണ്ടാകും. നാഡീസംബന്ധമായ അസുഖങ്ങള്‍, ലൈംഗികശേഷിക്കുറവ് ഇവ കരുതിയിരിക്കുക.
6, 15, 24 തീയതികളില്‍ ജനിച്ചവര്‍
സ്നേഹത്തിന് പ്രാധാന്യമുള്ള സ്വഭാവമുള്ളവര്‍. അതിന്‍റെ പേരില്‍ ത്യാഗം സഹിക്കാനും കഷ്ടപ്പാടുകള്‍ അനുഭവിക്കാനും തയ്യാറാകും. സ്നേഹനിര്‍ഭരവും വികാരഭരിതവുമായ മനസ്സിനുടമ. കര്‍ത്തവ്യബോധത്തിന്‍റെ ഭാഗ്യമായി മതപ്രഭാഷകനോ കലാകാരനോ, സാഹിത്യകാരനോ ആകും. സ്നേഹിച്ചാല്‍ മാലാഖ, വെറുത്താല്‍ പിശാച്. അതാണ് അടിസ്ഥാനസ്വഭാവം. സ്നേഹം ഗാഢമാകുമ്പോള്‍ സ്പര്‍ദ്ധ രൂക്ഷമാകുന്നതാണ് കാരണം. ഒരു കാര്യം തീരുമാനിച്ചാല്‍ വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ തുനിഞ്ഞിറങ്ങും. വികാരങ്ങളെയും അമിതോത്സാഹത്തെയും നിയന്ത്രിച്ചാല്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നിങ്ങള്‍ക്കാകും. ജീവിതകാലം മുഴുവന്‍ ജീവിതം നിലനിര്‍ത്താന്‍ ശ്രമിക്കും. നാനാമാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തികനില മെച്ചപ്പെടുത്തും. ആഡംബരജീവിതം ആരോഗ്യം നശിപ്പിക്കാതെ നോക്കുക.
ഭാഗ്യതീയതികള്‍-2, 3, 6, 11, 15, 20, 21, 24, 29, 30. ഭാഗ്യനിറങ്ങള്‍- പച്ച, വെള്ള, ക്രീം, നീല, വയലറ്റ്, ഭാഗ്യരത്നങ്ങള്‍- ചന്ദ്രകാന്തം, മരതകം, വൈഡൂര്യം. പ്രധാനസംഭവവയസ്സുകള്‍ 2, 6, 15, 20, 24, 29, 33, 38, 42, 51, 56, 60, 65, 69, 78. സൗഹൃദം 2, 3, 6, 11, 12, 15, 21, 23, 24, 30 തീയതികളില്‍ ജനിച്ചവര്‍.
7, 16, 25 തീയതികളില്‍ ജനിച്ചവര്‍
ഗൂഢശാസ്ത്രത്തിലും ആത്മീയവിഷയത്തിലും താല്‍പ്പര്യമുള്ളവര്‍. അല്‍പ്പമൊന്ന് മനസ്സുവച്ചാല്‍ ദീര്‍ഘദര്‍ശനത്തിനും പ്രവചനം നടത്താനും കഴിവ് നേടാം. പുതിയ ആശയങ്ങളില്‍ ഇഷ്ടം വര്‍ദ്ധിക്കും. പൊതുനന്മയ്ക്കുവേണ്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ആതുരാലയങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകും. പ്രസംഗിക്കാനും എഴുതാനും കഴിവും ഉള്ളതുകൊണ്ട് പൊതുരംഗത്ത് അറിയപ്പെടും. ലൗകിക സുഖഭോഗങ്ങളില്‍ അത്ര താല്‍പ്പര്യം കാണിക്കുകയില്ല. അത് ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ സൃഷ്ടിക്കും. വൈകിമാത്രം വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക. ഹൃദയാലുവും ഉദാരമതിയും അസാധാരണബുദ്ധിശക്തിക്കുടമയാണ് നിങ്ങള്‍. ബുദ്ധികൊണ്ട് ജീവിതവിജയം നേടും. പെട്ടെന്ന് ക്ഷീണിക്കുന്ന ശരീരപ്രകൃതമാണ്. എങ്കിലും മനസ്സിന് സ്ഥൈര്യവും സഹനശക്തിയും സ്ഥിരോത്സാഹവുമുണ്ട്. ലഹരിപദാര്‍ത്ഥം ഒഴിവാക്കണം.
ഭാഗ്യതീയതികള്‍-2, 6, 7, 11, 15, 16, 20, 24, 25, 29. ഭാഗ്യനിറങ്ങള്‍- ചാരനിറം, പച്ച, ക്രീം, വെള്ളം, നീല. ഭാഗ്യരത്നങ്ങള്‍- മരതകം, വൈഡൂര്യം, പവിഴം, ചന്ദ്രകാന്തം. പ്രധാന സംഭവവയസ്സുകള്‍-2, 6, 11, 16, 20, 24, 25, 29, 34, 38, 42, 43, 47, 51, 56, 61, 69, 70. സൗഹൃദം-27, 11, 16, 20, 25, 28 തീയതികളില്‍ ജനിച്ചവര്‍.
8, 17, 26 തീയതികളില്‍ ജനിച്ചവര്‍
തികച്ചും അസാധാരണ ജീവിതാനുഭവങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍. ഒന്നുകില്‍ ഭാഗ്യത്തിന്‍റെ പരമകാഷ്ഠ. അല്ലെങ്കില്‍ നിര്‍ഭാഗ്യത്തിന്‍റെ അങ്ങേയറ്റം. അത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ സംഭവിക്കുന്നതാണ്. നിയതിയുടെ കയ്യിലെ കളിപ്പാവയാണ് നിങ്ങള്‍. സ്നേഹവാത്സല്യങ്ങള്‍ക്ക് ദാഹിക്കുന്ന മനസ്സിനുടമ. വികാരങ്ങള്‍ ഉള്ളിലൊതുക്കുന്ന പ്രകൃതം. മറ്റുള്ളവര്‍ക്ക് ത്യാഗം സഹിക്കുമെങ്കിലും ഒരേകാകിയുടെ മനസ്സാണ് നിങ്ങള്‍ക്ക്. ബന്ധുക്കള്‍ മുഖേന കുറെ കഷ്ടനഷ്ടങ്ങളുണ്ടാകും. വ്യക്തിപരമായ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് പ്രതിസന്ധികളെ തരണം ചെയ്യേണ്ടതുണ്ട.് അങ്ങനെ ഉയര്‍ന്ന പദവികള്‍ സ്വന്തമാക്കാന്‍ കഴിയും. പക്ഷേ അതോടൊപ്പം ഭാരിച്ച ഉത്തരവാദിത്വത്തിന്‍റെ കുരിശും ചുമക്കേണ്ടിവരും. ചിന്താശീലവും കരുതലും അടക്കവുമുള്ള പ്രകൃതം. മിതവ്യയവും ബുദ്ധിപൂര്‍വ്വവുമായ നിക്ഷേപം നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കും. വാതരോഗവും കുടല്‍രോഗവും സൂക്ഷിക്കുക.
ഇഷ്ടതീയതികള്‍-4, 8, 13, 17, 22, 26, 31. ഭാഗ്യനിറങ്ങള്‍- മഞ്ഞ, ഓറഞ്ച്, സ്വര്‍ണ്ണനിറം, നീല, പച്ച, ക്രീം, വെള്ളം. ഭാഗ്യരത്നങ്ങള്‍- പുഷ്യരാഗം, ഇന്ദ്രനീലം, വൈഡൂര്യം. പ്രധാന സംഭവവയസ്സുകള്‍-4, 8, 13, 17, 22, 26, 31, 35, 40, 44, 49, 53, 58, 62, 67, 71, 80. സൗഹൃദം- ഏത് മാസത്തിലേയും 4, 8, 13, 22, 26 തീയതികളില്‍ ജനിച്ചവര്‍.
9, 18, 27 തീയതികളില്‍ ജനിച്ചവര്‍
സാഹസികതയും അപകടങ്ങളും സ്നേഹവും പ്രേമവും കൂടിക്കലര്‍ന്ന ജീവിതശൈലിയാണ് നിങ്ങളുടേത്. ഇവയോടൊപ്പം ധീരത, ഇച്ഛാശക്തി, ലക്ഷ്യബോധം എന്നിവയുമുണ്ടാകും. ഇത് നന്മയ്ക്കാണോ, തിന്മയ്ക്കാണോ ഉപയോഗിക്കുകയെന്നത് നിങ്ങളുടെ മനസ്ഥിതിയാണ്. സംഘടനാപാടവം, വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന മോഹം നിങ്ങള്‍ക്കുണ്ട്. പ്രബലരായ ശത്രുക്കളെയും ശക്തമായ എതിര്‍പ്പിനേയും അക്രമങ്ങളെയും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചിലപ്പോള്‍ ജീവനുപോലും അപകടമുണ്ടാകാം. ചൊവ്വയുടെ സ്വാധീനം മുന്‍കോപം വര്‍ദ്ധിപ്പിക്കുകയും യുക്തമല്ലാത്ത തീരുമാനമെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ജീവിതക്ലേശസമയത്ത് ലഹരിവസ്തുക്കള്‍ക്ക് അടിമയാകാതെ നോക്കുക. പ്രായോഗിക പരിജ്ഞാനം കൊണ്ട് മാനേജര്‍, സൂപ്പര്‍വൈസര്‍ പദവികള്‍ ലഭ്യമാകാം. സൈന്യസേവനത്തില്‍ പ്രവേശിച്ചാല്‍ അതിവേഗം ഉയര്‍ന്ന നിലയിലെത്തും. തൊഴില്‍സംരംഭങ്ങളിലൂടെ ധനം സമ്പാദിക്കാന്‍ യോഗമുണ്ട്. പ്രത്യുല്‍പ്പന്നമതിത്വവും ദീര്‍ഘദൃഷ്ടിയും നിങ്ങള്‍ക്കുണ്ട്. ആരോഗ്യദൃഢഗാത്രരാണ് നിങ്ങള്‍. അപകടത്തില്‍പ്പെടാതെ നോക്കുക.
ഭാഗ്യതീയതികള്‍-6, 9, 15, 18, 24, 27. ഭാഗ്യനിറങ്ങള്‍- ചുവപ്പ്, റോസ്, നീല, പച്ചക്രീം, വെളുപ്പ്. ഭാഗ്യരത്നങ്ങള്‍- മാണിക്യം, പവിഴം, വൈഡൂര്യം, ചന്ദ്രകാന്തം, മരതകം. പ്രധാന സംഭവവയസ്സുകള്‍-6, 9, 15, 18, 24, 27, 33, 36, 42, 45, 51, 54, 60, 63, 69, 72. സൗഹൃദം- ഏത് മാസത്തിലെയും 6, 9, 15, 18, 24, 27 തീയതികളില്‍ ജനിച്ചവര്‍. 27 ന് ജനിച്ചവര്‍ 5, 14, 23 തീയതിക്കാരുമായും കൂട്ടുകൂടാം.
മെയ്മാസത്തില്‍ ഇന്ത്യയിലെ ശ്രേഷ്ഠ വ്യക്തികള്‍.
രവീന്ദ്രനാഥ ടാഗോര്‍, മോഹന്‍ലാല്‍, ശ്രീശ്രീരവിശങ്കര്‍, ഗോപാലകൃഷ്ണ ഗോഖലെ, അജിത്, നെടുമുടി വേണു, സായ്പല്ലവി, മാധുരി ദീക്ഷിത്
അടുത്തലക്കം: ആര്‍ദ്രനിലാവിന്‍റെ ചാരുതയുള്ള ജൂണ്‍മാസക്കാര്‍.
