സമ്പൂർണ്ണ ദ്വൈവാരഫലം: 2022 ആഗസ്റ്റ് 17 മുതൽ 31 വരെ (1198 ചിങ്ങം 1 മുതൽ 15 വരെ)
ഗ്രഹപ്പകർച്ചകൾ 2022 ആഗസ്റ്റ് 17 ന് 07.23 am ന് ചിങ്ങസംക്രമണം
2022 ആഗസ്റ്റ് 21 ന് 02.04 amന് ബുധൻ ചിങ്ങത്തിൽ നിന്നും കന്നിയിലേക്ക് പകരുന്നു
2022 ആഗസ്റ്റ് 31 ന് 04.19 pm ന് ശുക്രൻ കർക്കിടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് പകരുന്നു
മേടക്കൂറ്: (അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
ഈ കൂറുകാർക്ക് ലഗ്നത്തിൽ രാഹുവും, രണ്ടിൽ കുജനും, നാലിൽ രവിയും ശുക്രനും, അഞ്ചിൽ ബുധനും, ഏഴിൽ കേതുവും, കർമ്മത്തിൽ ശനിയും, വ്യയത്തിൽ ഗുരുവും സഞ്ചരിക്കുന്ന സമയമാണ്.
പത്തിൽ ശനി സഞ്ചരിക്കുന്ന സമയമാ യതുകൊണ്ട് കർമ്മമേഖലയിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. വിശ്വാസ വഞ്ചനകൾ സമസ്തമേഖലകളിലും പ്രതീക്ഷിക്കാം. അകാരണമായഭയം എല്ലാ മേഖലകളിലും ഉണ്ടാകും. വിദ്യാർത്ഥികളിൽ പഠനകാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. തുടങ്ങിയ വിദ്യാഭ്യാസം പകുതിയിൽ അവസാനിപ്പിക്കേണ്ടതായും വന്നേക്കാം. തൊലിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ, ഉദരസംബന്ധമായ ചില ശസ്ത്രക്രിയകൾ എന്നിവയെല്ലാം ഈ ഉണ്ടാകാനിടയുണ്ട്. സാമ്പത്തികസ്ഥിതി മോശമാകാതിരിക്കാൻ കഠിനാധ്വാനം ആവശ്യമായിവരും. കൃഷി, കന്നുകാലി വളർത്തൽ, വ്യാപാരങ്ങൾ എന്നിവയ്ക്ക് അഭിവൃദ്ധിയുണ്ടാകും. ഗൃഹനിർമ്മാണത്തിന് ആഗ്രഹിക്കുന്നവർക്ക് പറ്റിയ സമയമാണ്. പുതിയ വാഹനങ്ങൾ, വസ്തുക്കൾ ഇവ വാങ്ങുവാനും. ഉള്ളതിനെ ക്രയവിക്രയം നടത്തുവാനും സാധിക്കും എന്നത് മാത്രമല്ല ചെറിയതോതിലുള്ള ലാഭങ്ങളും അവയിൽ നിന്നു ലഭിക്കും.
ദോഷപരിഹാരങ്ങൾ: ശനിയാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുകയും ഗൃഹത്തിൽ ഒരു എള്ളുതിരി കത്തിക്കുകയും. ശാസ്താവിന് പുഷ്പം, നാളികേരം എന്നിവ സമർപ്പിക്കുകയും ചെയ്യുക.
'നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം'
ഈ ശ്ലോകം ചൊല്ലി ശനിദോഷശാന്തി വരുത്തി
നമസ്കരിക്കുക.
ഇടവക്കൂറ്: (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)്
ഈ കൂറുകാർക്ക് ലഗ്നത്തിൽ കുജനും, മൂന്നിൽ രവിയും ശുക്രനും, നാലിൽ ബുധനും, ആറിൽ കേതുവും, ഭാഗ്യത്തിൽ ശനിയും, ലാഭത്തിൽ ഗുരുവും, വ്യയത്തിൽ രാഹുവും സഞ്ചരിക്കുന്ന സമയമാണ്.
പൊതുവേ നല്ല സമയമാണ്. അതുകൊണ്ടുതന്നെ ശുഭഫലങ്ങൾ ഉണ്ടാകുമെന്നതിൽ തർക്കമില്ല. കഴിഞ്ഞ കാലഘട്ടങ്ങളിൽ നഷ്ടപ്പെട്ടുപോയ അവസരങ്ങൾ ഒന്നൊന്നായി തിരികെ വരുന്നതായി കാണാം. പരാജയപ്പെട്ട ചില സംരംഭങ്ങൾ പുനരാരംഭിക്കാനും, അതിൽ നിന്നും മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കുവാനും സാധിക്കുന്നതാണ്. ഭൂമിസംബന്ധമായ ഇടപാടുകളിൽ നിന്ന് ധനം ലഭിക്കും. കൃഷി, കന്നുകാലി വളർത്തൽ, സ്വയംതൊഴിൽ, കരകൗശലവിദ്യകൾ എന്നീ മേഖലകളിൽ ഐശ്വര്യം ഉണ്ടാകും. ദാമ്പത്യത്തിൽ മുമ്പില്ലാത്ത തരത്തിൽ വിശ്വാസ്യത കുറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കലാ കായിക പൊതുഇടങ്ങളിൽ നല്ല പേര് ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുവാനുള്ള പുതിയ അന്വേഷണങ്ങൾക്ക് ഇടവരും
ദോഷപരിഹാരങ്ങൾ: നിത്യേന നാമജപം നടത്തേണ്ടതാണ്. രാമനാമം, പഞ്ചാക്ഷരി മന്ത്രം എന്നിവ ജപിച്ച് ശിവഭഗവാനേയും, ശ്രീരാമസ്വാമിയേയും പ്രീതിപ്പെടുത്തുന്നത് വേഗംതന്നെ ദോഷശാന്തി നൽകും.
'അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം'
ഈ സ്തോത്രം ചൊല്ലി രാഹുദോഷശാന്തി വരുത്തി
നമസ്കരിക്കുക.
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ഈ കൂറുകാർക്ക് രണ്ടിൽ രവിയും ശുക്രനും, മൂന്നിൽ ബുധനും, അഞ്ചിൽ കേതുവും, അഷ്ടമത്തിൽ ശനിയും, കർമ്മത്തിൽ ഗുരുവും, ലാഭത്തിൽ രാഹുവും, വ്യയത്തിൽ കുജനും സഞ്ചരിക്കുന്ന സമയമാണ്.
നഷ്ടപ്പെട്ട ധനവും വൈവാഹിക ജീവിതവും തിരിച്ചു വരുവാനും അവിവാഹിതർക്ക് വിവാഹസാധ്യതയും കാണുന്നു. രോഗാതുരരായവർക്ക് പൂർണമല്ലെങ്കിൽപോലും രോഗതീവ്രത കുറയുന്നതാണ്. ഉയരം കയറി ജോലിചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം.അഗ്നി, വായു, ജലം, വാഹനങ്ങൾ എന്നിവയിൽനിന്നും ചെറിയ അപകടങ്ങൾക്ക് സാധ്യതയുള്ളതുകൊണ്ട് വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതാണ്. വിദ്യാർത്ഥികൾക്കും കൊച്ചു കുഞ്ഞുങ്ങൾക്കും പൊതുവെ നല്ലസമയമാണ്. ചില വലിയ ആഗ്രഹങ്ങൾ സാധിക്കപ്പെടുവാൻ ലക്ഷണമുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾ, ഡോക്ടർമാർ തുടങ്ങിയവർക്കും ഉന്നമനത്തിനു സാധ്യത കാണുന്നു.
ദോഷപരിഹാരങ്ങൾ: സുബ്രഹ്മണ്യഭജനം നടത്തുന്നത് നല്ലതാണ്. മുരുകക്ഷേത്രത്തിൽ ദർശനം നടത്തുകയും പാലഭിഷേകം, പഞ്ചാമൃത നിവേദ്യം, പുഷ്പാർച്ചന, വേൽ സമർപ്പണം, വിളക്ക് എന്നിവയെല്ലാം ദോഷശാന്തി നൽകും. ഷഷ്ഠി ദിവസം ഉപവാസം അനുഷ്ഠിച്ച് സ്കന്ദ പ്രീതിക്കായി പ്രത്യേക ജപങ്ങൾ നടത്താം.
'ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏംാങ്ക ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി'
ഈ ധ്യാനം ചൊല്ലി ഷണ്മുഖനെ പ്രാർത്ഥിച്ചുകൊണ്ട് നമസ്കരിക്കുക.
കർക്കിടകക്കൂറ്: (പുണർതം 4-ാം പാദം, പൂയം, ആയില്യം)
ഈ കൂറുകാർക്ക് ലഗ്നത്തിൽ രവിയും ശുക്രനും, രണ്ടിൽ ബുധനും, നാലിൽ കേതുവും, ഏഴിൽ ശനിയും, ഭാഗ്യത്തിൽ ഗുരുവും, കർമ്മത്തിൽ രാഹുവും, ലാഭത്തിൽ കുജനും സഞ്ചരിക്കുന്ന സമയമാണ്.
എല്ലാ കാര്യങ്ങളിലും വളരെയധികം സൂക്ഷ്മത പുലർത്തേണ്ടതാണ്. കാര്യങ്ങളിൽ വിഘ്നവും , ബന്ധങ്ങളിൽ വിള്ളലുകളും ഉണ്ടാകും. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ നേരിടും. സാമ്പത്തികക്ലേശം അനുഭവിക്കേണ്ടിവരും. ശരീരത്തിന്റെ നാനാഭാഗങ്ങളിലായി അകാരണമായ വേദനകൾ അനുഭവപ്പെടും.
ചില വാക്കുകളിൽ വരുന്ന തെറ്റിദ്ധാരണ വലിയ അകലങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക മേഖല വളരെ പരിതാപകരമാകും. കയ്യിലുള്ള ധനം ഉപയോഗപ്രദമാവുകയില്ല, അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെയുള്ള ധനവിനിയോഗവും വേണ്ടതാണ്. വിദ്യാർത്ഥികൾക്ക് വേണ്ടത്ര പഠനമികവ് കാണിക്കുവാൻ സാധിക്കുകയില്ല എന്നിരുന്നാലും ചില നല്ല തീരുമാനങ്ങൾ എടുക്കാനും പുതിയ ചില വിഷയങ്ങൾ പഠിക്കാനും സാധിക്കുന്നതാണ്.
ദോഷപരിഹാരങ്ങൾ: ഈ കൂറുകാർ ശനിയാഴ്ചവ്രതം അനുഷ്ഠിച്ച് ഗൃഹത്തിൽ ഒരു എള്ളുതിരി കത്തിക്കുക.
'ശ്രീമാതാ പരമാത്മനോ ഭഗവതസ്സമ്മോഹിനീ മോഹിനീ
കൈലാസാദ്രിനികേതനോളസ്യ ജനകഃ ശ്രീവിശ്വനാഥ പ്രഭുഃ
ഉത്തുംഗേ ശബരീഗിരൗ പരിലസന്നീലാംബരാഢംബരഃ
അയ്യപ്പശ്ശരണാഗതാൻ നിജ ജനാൻ രക്ഷന്മുദാശോഭതേ'
ഈ ധ്യാനം ചൊല്ലി ശാസ്താവിനെ സങ്കൽപ്പിച്ച് ദോഷശാന്തിക്കായി പ്രാർത്ഥിച്ചു നമസ്കരിക്കുക
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ഈ കൂറുകാർക്ക് ലഗ്നത്തിൽ ബുധനും, മൂന്നിൽ കേതുവും, ആറിൽ ശനിയും, അഷ്ടമത്തിൽ ഗുരുവും, ഭാഗ്യത്തിൽ രാഹുവും, കർമ്മത്തിൽ കുജനും, വ്യയത്തിൽ രവിയും ശുക്രനും സഞ്ചരിക്കുന്ന സമയമാണ്.
ഇഷ്ടകാര്യസിദ്ധിക്കിടയുണ്ട്. ഭക്ഷ്യവിഷബാധ, ഉദരരോഗങ്ങൾ, മൂത്രാശയരോഗങ്ങൾ തുടങ്ങിയവകൊണ്ട് വിഷമതകൾ അനുഭവിക്കും. വ്യവസായികൾക്കും, കച്ചവടക്കാർക്കും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ആലോചനകൾ ഉടലെടുക്കുകയും അത് ശുഭമായി പര്യവസാനിക്കുകയും ചെയ്യും. വിദേശയാത്രകൾക്കും, മുടങ്ങിനിൽക്കുന്നതായ തൊഴിലിൽ പുനഃപ്രവേശം നടത്തുന്നതിനും അവസരങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണസാദ്ധ്യതകൾ കാണുന്നുണ്ട്. പാരമ്പര്യമായി കിട്ടിയ വസ്തുക്കൾ കൈമോശം വരുവാൻ ഇടവരും. കന്നുകാലികളിൽ രോഗങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മന്ദത അനുഭവപ്പെടും.
ദോഷപരിഹാരങ്ങൾ: സുബ്രഹ്മണ്യഭജനം, നാരസിംഹഭജനം എന്നിവ നിത്യേന നടത്തുക. വിഷ്ണുവിങ്കൽ കദളിപ്പഴം, കൽക്കണ്ടം എന്നിവ നിവേദിക്കുക. പുരുഷസൂക്തം, ഭാഗ്യസൂക്തം അർച്ചനകളും തുളസീസമർപ്പണവും ചെയ്യുക.
'മൂകം കരോതി വാചാലം
പംഗും ലഘ്നയതേ ഗിരിം
യത് കൃപാ തമഹം വന്ദേ
പരമാനന്ദ മാധവം'
ഇതുചൊല്ലി നിത്യേന വിഷ്ണുപാദത്തിൽ ഏഴു നമസ്്കാരം നടത്തുക.
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)
ഈ കൂറുകാർക്ക് രണ്ടിൽ കേതുവും, അഞ്ചിൽ ശനിയും, ഏഴിൽ ഗുരുവും, അഷ്ടമത്തിൽ രാഹുവും, ഭാഗ്യത്തിൽ കുജനും, ലാഭത്തിൽ രവിയും ശുക്രനും, വ്യയത്തിൽ ബുധനും സഞ്ചരിക്കുന്ന സമയമാണ്.
ധനവിനിയോഗം വളരെ ശ്രദ്ധാപൂർവം നടത്തണം. വിശ്വാസവഞ്ചനകൾ പ്രതീക്ഷിക്കണം. വാക്കുകൾ പാലിക്കാൻ സാധിക്കാതെ വരുകയും ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവുകയും ചെയ്യും. കണ്ണുകളിൽ രോഗങ്ങൾ ഉണ്ടാവുകയും ചിലരിൽ ശസ്ത്രക്രിയകൾ ആവശ്യമായി വരാനും സാധ്യതയുണ്ട്. വാഹനങ്ങളിൽ ആപത്തുകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധ സൂക്ഷിക്കണം. വാതജന്യ രോഗങ്ങൾ, പ്രമേഹ സംബന്ധിയായ രോഗങ്ങൾ, ശരീരത്തിന്റെ മധ്യഭാഗത്തു നിന്നും താഴേക്കുള്ള രോഗങ്ങൾ എന്നിവ അലട്ടും. കലാ കായിക മേഖലകളിൽ വിജയം കൈവരിക്കാൻ സാധിക്കും. അവകാശപ്പെട്ട ഭൂമി, ആഭരണം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കൈവരുന്നതിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ശുഭമായി പര്യവസാനിക്കും.
ദോഷപരിഹാരങ്ങൾ: നിത്യേന നാമജപം നടത്തേണ്ടതാണ്. രാമനാമം, പഞ്ചാക്ഷരിമന്ത്രം എന്നിവ ജപിച്ച് ശിവഭഗവാനേയും, ശ്രീരാമസ്വാമിയേയും പ്രീതിപ്പെടുത്തുന്നത് വേഗംതന്നെ ദോഷശാന്തി നൽകും.
'അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം'
ഈ സ്തോത്രം ചൊല്ലി രാഹുദോഷശാന്തിക്കായി പ്രാർത്ഥിച്ചു നമസ്കരിക്കുക.
തുലാക്കൂറ്: (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ഈ കൂറുകാർക്ക് ലഗ്നത്തിൽ കേതുവും, നാലിൽ ശനിയും, ആറിൽ ഗുരുവും, ഏഴിൽ രാഹുവും, അഷ്ടമത്തിൽ കുജനും, പത്തിൽ രവിയും ശുക്രനും, ലാഭത്തിൽ ബുധനും സഞ്ചരിക്കുന്ന സമയമാണ്.
ഈ കൂറുകാർക്ക് ശനിദോഷത്തിന്റെ സമയമാണ്. അതിനാൽ നല്ല രീതിയിൽ ഈശ്വരാധീനം നിലനിർത്തേണ്ടതുണ്ട്. വ്യാഴാനുകൂല്യം ഉള്ളതുകൊണ്ട് നല്ല കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും തെളിഞ്ഞു നിൽക്കുന്നുണ്ട്. സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവിടങ്ങളിൽ ശൈഥില്യം വരാതിരിക്കാൻ വേണ്ടതായ മുൻകരുതലുകൾ ഉണ്ടാക്കിയെടുക്കേണ്ടതാണ്. ചെറിയ കുഞ്ഞുങ്ങൾക്ക് കഫജന്യമായ അസുഖങ്ങൾക്ക് സാധ്യത ഏറെയാണ്. എങ്കിലും ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല. വിദേശത്ത് തൊഴിലെടുക്കുന്നവരും, വ്യാപാരങ്ങൾ നടത്തുന്നവരും മുമ്പ് സംഭവിച്ചതായ നഷ്ടങ്ങളിൽ നിന്നും പതുക്കെയാണെങ്കിലും കരകയറുവാൻ തുടങ്ങും. തൊഴിലന്വേഷകർക്കും, അഭ്യസ്തവിദ്യർക്കും ശുഭകാര്യങ്ങൾ സംഭവിക്കും.
ദോഷപരിഹാരങ്ങൾ: ജന്മനാളുകളിൽ ശിവക്ഷേത്രദർശനം നടത്തി ആയുസ്സൂക്തം പുഷ്പാഞ്ജലി, പിൻവിളക്ക്, ശ്രീരുദ്രം ധാര എന്നിവ നടത്താവുന്നതാണ്. ശനീശ്വരപ്രീതിക്കും, ശാസ്താ പ്രീതിക്കും വേണ്ടതായ നാമജപങ്ങൾ നടത്തേണ്ടതാണ്. ശനിയാഴ്ചവ്രതം അനുഷ്ഠിക്കുകയും ശാസ്താവിനെ ദർശനം നടത്തി അട നിവേദ്യം, എള്ളുതിരി കത്തിക്കൽ, നെയ്വിളക്ക് എന്നിവ ചെയ്യുന്നതും നല്ലതാണ്.
'തേജോമണ്ഡലമധ്യഗം ത്രിണയനം
ദിവ്യാംബരാലങ്കൃതം
ദേവം പുഷ്പശരേക്ഷുകാർമുകലസ-
ന്മാണിക്യപാത്രാഭയം
ബിഭ്രാണംകരപങ്കജൈർമദഗജ-
സ്കന്ധാധിരൂഢംവിഭും
ശാസ്താരം ശരണം ഭജാമിസതതം
ത്രൈലോക്യസമ്മോഹനം'
ഈ ധ്യാനശ്ലോകം ചൊല്ലി ശാസ്താവിനെ
നമസ്കരിക്കുന്നത് വളരെ വേഗം തന്നെ ദോഷ ശാന്തി നൽകുന്നതാണ്.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
ഈ കൂറുകാർക്ക് മൂന്നിൽ ശനിയും, അഞ്ചിൽ ഗുരുവും, ആറിൽ രാഹുവും, ഏഴിൽ കുജനും ഒമ്പതിൽ രവിയും ശുക്രനും, പത്തിൽ ബുധനും, പന്ത്രണ്ടിൽ കേതുവും സഞ്ചരിക്കുന്ന സമയമാണ്.
പൊതുവെ അത്യാപത്തുകൾ ഉള്ള സമയമല്ല. ചില പുതിയ ചിന്തകൾക്കും തുടക്കങ്ങൾക്കും സാധ്യതയുണ്ട്. വാഹനങ്ങൾ, കന്നുകാലികൾ, കൃഷി, വ്യവസായം എന്നീ മേഖലകൾ പുഷ്ടിക്കും. ആരോഗ്യവിഷയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മാതൃപുത്രബന്ധങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. ഭൂമീസംബന്ധമായ വ്യവഹാരങ്ങൾ, തർക്കങ്ങൾ, ആപത്തുകൾ എന്നിവയുണ്ടാകും. വിദ്യയിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ഭയപ്പെടേണ്ടതില്ല. പുറംരാജ്യങ്ങളിൽ പോയി പഠിക്കാനുള്ള അവസരങ്ങൾ സിദ്ധിക്കും. കലാകായിക മേഖലകളിൽ അംഗീകരിക്കപ്പെടും. ദുർവ്യയങ്ങൾ സംഭവിക്കുകയും ബാധ്യതകൾ ഉണ്ടാവുകയും ചെയ്യും. വാണിജ്യമേഖല മുമ്പില്ലാത്തവണ്ണം ഉയിർത്തെഴുന്നേൽക്കുന്നതായി കാണാം.
സന്താനങ്ങൾ വിദ്യാഭ്യാസത്തിലും കർമ്മ മേഖലയിലും പ്രതിസന്ധികൾ തരണംചെയ്ത് മുന്നേറും. വൈവാഹിക വിഷയങ്ങളിൽ തടസ്സങ്ങൾ നേരിടുമെങ്കിലും പരിഹരിക്കപ്പെടും.
ദോഷപരിഹാരങ്ങൾ: ഈ കൂറുകാർ ശിവഭജനം മുടങ്ങാതെ നടത്തുക. കൂവളത്തില, എണ്ണ എന്നിവ ശിവങ്കൽ തിങ്കളാഴ്ചകളിൽ സമർപ്പിക്കുക.
' സൂര്യായ സോമായ
മംഗളായ ബുധായ ച
ഗുരും ശുക്രശനിഭൃശ്ച
രാഹവേ കേതവേ നമഃ'
ഈ ധ്യാനം ചൊല്ലി നവഗ്രഹപ്രീതി വരുത്തി നിത്യേന ഒമ്പത് പ്രാവശ്യം നമസ്കരിക്കുക.
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ഈ കൂറുകാർക്ക് രണ്ടിൽ ശനിയും, നാലിൽ ഗുരുവും, അഞ്ചിൽ രാഹുവും, ആറിൽ കുജനും, അഷ്ടമത്തിൽ രവിയും ശുക്രനും, ഒമ്പതിൽ ബുധനും, ലാഭത്തിൽ കേതുവും സഞ്ചരിക്കുന്ന സമയമാണ്.
ഒരു കാര്യത്തിലും ഉദ്ദേശിച്ചത്ര ലാഭങ്ങൾ കൈവരികയില്ല എന്നതുകൊണ്ട് ഒരിക്കലും മനസ്സ് തളരരുത്. ചിട്ടയോടും ഈശ്വര വിശ്വാസത്തോടും കഠിനാധ്വാനം ചെയ്തുകൊണ്ട് നഷ്ടങ്ങളെ തിരിച്ചു പിടിക്കുവാൻ സാധിക്കുമെന്നതിൽ സംശയമില്ല. പൂർവികമായ ധനം നഷ്ടപ്പെടാതെ സൂക്ഷിക്കണം. ദമ്പതികൾ ക്ഷമയോടെ ജീവിതം മുന്നോട്ട് നീക്കണം. വ്യവസായികൾക്കും കച്ചവടക്കാർക്കും അപ്രതീക്ഷിതസാമ്പത്തിക ലാഭങ്ങൾ വന്നേക്കാം. പുതിയ ഗൃഹനിർമാണത്തിന് ആലോചിക്കാവുന്നതാണ്. കാലങ്ങളായി കർമ്മതടസ്സം നേരിട്ടവർക്ക് തൊഴിൽലഭ്യത ഉണ്ടാകും. സ്ഥാനക്കയറ്റങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ നടക്കും. ശരീരത്തിൽ രോഗഭീതി വരുമെങ്കിലും സുഖപ്പെടും. മൂത്രാശയ രോഗങ്ങൾ,ഉദരരോഗങ്ങൾ, പ്രമേഹജന്യരോഗങ്ങൾ എന്നിവ കൂടുതൽ ശ്രദ്ധിക്കണം.
ദോഷപരിഹാരങ്ങൾ: ദേവീഭജനം, ദുർഗാദേവിക്ക് പുഷ്പസമർപ്പണം, ദീപസമർപ്പണം, പായസം, ശ്രീസൂക്തപുഷ്പാഞ്ജലി എന്നിവയും നടത്തുക.
'അരിശംഖകപാലഖേടബാണാൻ
സധനു:ശൂലകതർജനീം ദധാനാ
ഭവതാം മഹിഷോത്തമാംഗസംസ്ഥാ
വനദുർഗ്ഗാസദൃശാ ശ്രിയേസ്തു ദുർഗാ'
ഈ ധ്യാനം ചൊല്ലി ദുർഗ്ഗാദേവിയെ ദിവസവും നെയ്വിളക്ക് വച്ചു നമസ്കരിക്കുക.
മകരക്കൂറ്: (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
ഈ കൂറുകാർക്ക് ലഗ്നത്തിൽ ശനിയും, മൂന്നിൽ ഗുരുവും, നാലിൽ രാഹുവും, അഞ്ചിൽ കുജനും, ഏഴിൽ രവിയും ശുക്രനും, അഷ്ടമത്തിൽ ബുധനും, കർമ്മത്തിൽ കേതുവും സഞ്ചരിക്കുന്ന സമയമാണ്.
ഈ ദിവസങ്ങളിൽ വളരെ ശ്രദ്ധാപൂർവ്വം പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങളെ ഒഴിവാക്കാൻ സാധിക്കുകയുള്ളു . തെറ്റിദ്ധാരണ, കലഹങ്ങൾ, വിശ്വാസവഞ്ചന എന്നിവയ്ക്കെല്ലാം ധാരാളം സാധ്യതയുള്ള സമയമാണ്. തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാനസികമായ തകർച്ചയ്ക്ക് കാരണമായേക്കാം. തൊഴിൽനഷ്ടം, അപമാനം, സാമ്പത്തിക പരാധീനത, ശത്രുത എന്നിവയെല്ലാം കൃത്യമായ മുന്നൊരുക്കത്തോടെ നേരിടേണ്ടതാണ്. കുടുംബബന്ധങ്ങൾ, വൈവാഹിക ജീവിതം എന്നിവിടങ്ങളിൽ ആവശ്യമായ സമയം നൽകിയേ മതിയാവൂ.
വ്യവസായികൾ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവരുടെ പ്രതിസന്ധികളും അയവുവന്നു തുടങ്ങാനുള്ള സാധ്യതയുണ്ട്
ദോഷപരിഹാരങ്ങൾ: ശിവഭജനവും, ശാസ്തൃഭജനവും മുടങ്ങാതെ ചെയ്യുക. പഞ്ചാക്ഷരമന്ത്രം പരമാവധി ഭക്തിശ്രദ്ധാപുരസ്സരം ജപിക്കുക. തിങ്കളാഴ്ചകളിൽ ശിവക്ഷേത്രത്തിൽ ദർശനം നടത്തി പിൻവിളക്ക്, ശംഖാഭിഷേകം, ധാര എന്നിവ ചെയ്യുന്നതും നല്ലതാണ്.
'ഗൌരിപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജംഗാധിപകങ്കണായ,
ഗംഗാധരായ ഗജരാജവിമർദ്ദനായ ദാരിദ്രദുഃഖ ദഹനായ നമഃശിവായ'
ഈ ധ്യാനം ചൊല്ലി ശിവഭഗവാനെ ദിവസേന പതിനാലു പ്രാവശ്യം
നമസ്കരിക്കുക.
കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ഈ കൂറുകാർക്ക് രണ്ടിൽ ഗുരുവും, മൂന്നിൽ രാഹുവും, നാലിൽ കുജനും, ആറിൽ രവിയും ശുക്രനും, ഏഴിൽ ബുധനും, ഭാഗ്യത്തിൽ കേതുവും, വ്യയത്തിൽ ശനിയും സഞ്ചരിക്കുന്ന സമയമാണ്.
പൊതുവെ സമാധാനം അനുഭവപ്പെടും. പല കാര്യങ്ങളിൽ വ്യാപൃതമാകുവാൻ അവസരം ലഭിക്കും. നൂതനമായ ആശയങ്ങൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കും. തീർത്ഥാടനങ്ങൾ നടത്തും. പുണ്യസങ്കേതങ്ങളിൽ വാസം ചെയ്യും. ആദ്ധ്യാത്മിക യജ്ഞങ്ങളിൽ പങ്കെടുക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. അവിചാരിത പ്രതിബന്ധങ്ങൾ തുടരും. യാത്രാക്ലേശമോ അലച്ചിലോ ഉണ്ടാകാം. ധനനഷ്ടങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്. ഉത്തമസുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. ഗൃഹനിർമാണം ആരംഭിക്കാനോ ആസൂത്രണം ചെയ്യാനോ പറ്റിയ സമയമാണ്. പാരമ്പര്യമായി കിട്ടിയ വസ്തുക്കൾ കൈമോശം വരുവാൻ ഇടവരും. കന്നുകാലികളിൽ രോഗങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മന്ദത അനുഭവപ്പെടും.
ജോലിസ്ഥലങ്ങളിൽ മാനസിക പീഡനം ഉണ്ടാവാൻ സാധ്യതയുണ്ട്.
ദോഷപരിഹാരങ്ങൾ: ഗുരുവാരവ്രതം അനുഷ്ഠിക്കുക. സാധ്യമാകുമെങ്കിൽ അന്നേദിവസം വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല ചാർത്തുക. നെയ്വിളക്ക്, വെണ്ണനിവേദ്യം, പാൽപ്പായസം എന്നിവ നടത്തുന്നതും നല്ലതാണ്. ദിവസേന നാരായണീയം, വിഷ്ണു സഹസ്രനാമം, വിഷ്ണു ഭുജംഗപ്രയാതം, ഭാഗവതം എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം ഭക്തി ശ്രദ്ധയോടെ വായിക്കുന്നതും ദോഷശാന്തി നൽകും.
'ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം'
ഈ ശ്ലോകം ചൊല്ലി ബൃഹസ്പതിയെ മനസ്സിൽ ധ്യാനിച്ച് ദോഷശാന്തി വരുത്തി നമസ്കരിക്കുക.
മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ഈ കൂറുകാർക്ക് ലഗ്നത്തിൽ ഗുരുവും, രണ്ടിൽ രാഹുവും, മൂന്നിൽ കുജനും, അഞ്ചൽ രവിയും ശുക്രനും, ആറിൽ ബുധനും, അഷ്ടമത്തിൽ കേതുവും, ലാഭത്തിൽ ശനിയും സഞ്ചരിക്കുന്ന സമയമാണ്.
ശാരീരികമായ വിഷമതകൾ വരുമെങ്കിലും ചികിത്സകൊണ്ട് വളരെ വേഗം തന്നെ സുഖപ്പെടുന്നതാണ്. അനാവശ്യമായ കലഹങ്ങളിൽ ഉൾപ്പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെടുവാൻ സാധ്യതകാണുന്നു. പഠനസംബന്ധമായ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകും. വളരെ ശ്രദ്ധയോടെ പഠനത്തെ സമീപിക്കേണ്ടതാണ്. വ്യാപാര വ്യവസായ മേഖലകളിൽ പ്രതിസന്ധികൾ വന്നേക്കാമെങ്കിലും കാര്യങ്ങൾ നല്ല രീതിയിൽ പരിഹരിക്കപ്പെടും. മാതാപിതാക്കൾക്ക് സന്താനങ്ങളിൽനിന്നും സ്നേഹം, ശുശ്രൂഷ എന്നിവലഭിക്കും. കല, സാഹിത്യം, അധ്യാപനം, കരകൗശല മേഖല എന്നിവിടങ്ങളിൽ അംഗീകാരങ്ങൾ ലഭിക്കും. വാഹനം, സാഹസിക പ്രവൃത്തികൾ, ആയുധങ്ങൾ, യന്ത്രങ്ങൾ, മരുന്നുകൾ എന്നിവയുമായി തൊഴിൽ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം.
ദോഷപരിഹാരങ്ങൾ: ഈ കൂറുകാർ ശിവഭജനം മുടങ്ങാതെ നടത്തുക. കൂവളത്തില, എണ്ണ എന്നിവ ശിവങ്കൽ തിങ്കളാഴ്ചകളിൽ സമർപ്പിക്കുക.
'സൂര്യായ സോമായ
മംഗളായ ബുധായ ച
ഗുരും ശുക്രശനിഭൃശ്ച
രാഹവേ കേതവേ നമഃ'
ഈ ധ്യാനം ചൊല്ലി നവഗ്രഹപ്രീതി വരുത്തി നിത്യേന ഒമ്പത് പ്രാവശ്യം നമസ്കരിക്കുക.
ജ്യോതിഷൻ എൻ.സത്യനാരായണൻ
(സംസ്കൃത അദ്ധ്യാപകൻ, Msc സൈക്കോളജി,)
'സനാതനം'' വള്ളൂർ കളരി
ആമയൂർ (പി.ഒ) പട്ടാമ്പി. 9961656864
