ബ്രാഹ്‌മമുഹൂര്‍ത്തത്തിന്റെ പ്രാധാന്യം

ബ്രാഹ്‌മമുഹൂര്‍ത്തത്തിന്റെ പ്രാധാന്യം

HIGHLIGHTS

സൂര്യോദയത്തിന് ഏഴരനാഴികയ്ക്ക് മുന്‍പാണ് ബ്രാഹ്‌മ മുഹൂര്‍ത്തം ആരംഭിക്കുന്നത്. ബ്രാഹ്‌മം എന്നാല്‍ ബ്രഹ്‌മത്തെ സംബന്ധിക്കുന്നത്. മുഹൂര്‍ത്തം എന്നാല്‍ ശുഭസമയം. ബ്രഹ്‌മം എന്നത് പരബ്രഹ്‌മം തന്നെയാണ്. അതാണ് ഈശ്വരീയ ഭാവം. ഇതാണ് ബ്രഹ്‌മജ്ഞാനത്തിന് വേണ്ടിയുള്ള സമയം. നിര്‍മ്മാല്യദര്‍ശനം, സംഗീതസാധന, യോഗസാധന, മന്ത്രപഠനം, പൂജാപഠനം, ജ്യോതിഷപഠനം തുടങ്ങിയവയും ബ്രാഹ്‌മമുഹൂര്‍ത്തത്തിലാണ് ചെയ്യുന്നത്. ഈ സമയത്ത് പ്രാണായാമം ശീലിക്കുന്നവര്‍ സ്വസ്ഥശരീരരായി ദീര്‍ഘകാലം ജീവിച്ചിരിക്കും.

 

സൂര്യോദയത്തിന് ഏഴരനാഴികയ്ക്ക് മുന്‍പാണ് ബ്രാഹ്‌മ മുഹൂര്‍ത്തം ആരംഭിക്കുന്നത്. ഒരു മണിക്കൂര്‍, രണ്ടരനാഴികയാണ്. ഏഴരനാഴിക എന്നുപറയുന്നത് മൂന്ന് മണിക്കൂറിന് തുല്യമായ സമയമാണ്. രാവിലെ ആറുമണിക്കാണ് സൂര്യോദയമെങ്കില്‍ വെളുപ്പിന് മൂന്ന് മണിക്ക്(3 മാ) ബ്രാഹ്‌മമുഹൂര്‍ത്തം തുടങ്ങുന്നു. ആറരമണിക്കാണ് സൂര്യോദയമെങ്കില്‍ വെളുപ്പിന് മൂന്നരമണിക്ക്(3.30 മാ) ബ്രാഹ്‌മമുഹൂര്‍ത്തം തുടങ്ങും. ഇത് നിത്യവും ഉള്ള മുഹൂര്‍ത്തമാണ്. ഇതിന് പഞ്ചാംഗ വിഷയങ്ങളും ഗ്രഹസ്ഥിതിയും ബാധകമല്ല.

ബ്രാഹ്‌മമുഹൂര്‍ത്തസമയം ഇരുട്ടിന്റെ തമോഗുണം അകന്ന് ദിവ്യമായ സത്വഗുണം ആരംഭിക്കുന്നു. പ്രകൃതി ശാന്തവും നിര്‍മ്മലവും ആയിരിക്കും. കുളിര്‍തെന്നല്‍ വീശുന്നു. പക്ഷികള്‍ ഉറക്കമുണര്‍ന്ന് പാട്ടുപാടാന്‍ തുടങ്ങുന്നു. മനുഷ്യശരീരം ആലസ്യത്തില്‍ നിന്നുണര്‍ന്ന് സാത്വിക ഭാവത്തിലൂടെ കര്‍മ്മത്തിലേക്ക് പ്രവേശിക്കുന്നു. ബുദ്ധിശക്തി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തമോഗുണം ഉള്ളവര്‍ ഉറക്കം തുടരുന്നതിനാല്‍ അവരില്‍ നിന്നുള്ള അപശബ്ദതരംഗങ്ങള്‍ ആരെയും അലോസരപ്പെടുത്തുന്നില്ല.

സമയകാലത്തിനും സത്വ രജോതമോഗുണങ്ങള്‍ ഉണ്ട്. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള മുപ്പതുനാഴിക രജോഗുണം. സൂര്യാസ്തമയം മുതല്‍ വെളുപ്പാന്‍ കാലം മൂന്നുമണിവരെയുള്ള ഇരുപത്തിരണ്ടര നാഴിക തമോഗുണം. വെളുപ്പാന്‍ കാലം മൂന്ന് മണിമുതല്‍ സൂര്യോദയം വരെയുള്ള ഏഴരനാഴിക സത്വഗുണം. അപ്പോഴാണ് ബ്രാഹ്‌മമുഹൂര്‍ത്തം. ഉണര്‍വ് സത്വഗുണമായും ദിനപ്രവൃത്തികള്‍ രജോഗുണമായും ഉറക്കം തമോഗുണമായും നമ്മുടെ ശരീരത്തില്‍ പ്രകടകമാകുന്നു.

ബ്രാഹ്‌മം എന്നാല്‍ ബ്രഹ്‌മത്തെ സംബന്ധിക്കുന്നത്. മുഹൂര്‍ത്തം എന്നാല്‍ ശുഭസമയം. ബ്രഹ്‌മം എന്നത് പരബ്രഹ്‌മം തന്നെയാണ്. അതാണ് ഈശ്വരീയ ഭാവം. ഇതാണ് ബ്രഹ്‌മജ്ഞാനത്തിന് വേണ്ടിയുള്ള സമയം.

അനാദികാലം മുതല്‍ ഋഷീശ്വരന്മാര്‍ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെണീറ്റ് കുളി കഴിഞ്ഞ് വിളക്കുകൊളുത്തി ധ്യാനം, ജപം, ഹോമം, യജ്ഞം ആദിയായവ നടത്തിയിരുന്നു. ഗായത്രീമന്ത്രം ഉപാസിക്കുന്നത് ബ്രാഹ്‌മമുഹൂര്‍ത്തത്തിലാണ്. നിര്‍മ്മാല്യദര്‍ശനം, സംഗീതസാധന, യോഗസാധന, മന്ത്രപഠനം, പൂജാപഠനം, ജ്യോതിഷപഠനം തുടങ്ങിയവയും ബ്രാഹ്‌മമുഹൂര്‍ത്തത്തിലാണ് ചെയ്യുന്നത്. ഈ സമയത്ത് പ്രാണായാമം ശീലിക്കുന്നവര്‍ സ്വസ്ഥശരീരരായി ദീര്‍ഘകാലം ജീവിച്ചിരിക്കും.

ശങ്കരാചാര്യരും അദ്വൈതവും തമ്മിലുള്ള ബന്ധം

അദ്വൈതം എന്നാല്‍ രണ്ടല്ല; ഒന്നേയുള്ളൂ എന്നാണര്‍ത്ഥം. വാക്കും അര്‍ത്ഥവും പോലെ, പൂവും മണവും പോലെ അഗ്നിയും ചൂടും പോലെ ഭക്തനും അവന്റെ ഈശ്വരനും രണ്ടുപേരല്ല; ഒന്നാണ്. ബ്രഹ്‌മസൂത്രവും ഉപനിഷത്തുകളും ഭഗവത്ഗീതയും മുന്‍നിര്‍ത്തി സാക്ഷാല്‍ ശങ്കരാചാര്യരാണ് അദ്വൈതസാരം കണ്ടെത്തി നമുക്ക് പറഞ്ഞുതന്നത്.
ഈശ്വരനെക്കാളും വളരെ താഴെയാണ് നമ്മള്‍ മനുഷ്യരെന്ന തോന്നലാണ് ഓരോ ഭക്തനുമുള്ളത്. ദൈവം എന്ന മഹാപ്രഭുവിനോട് ഒന്നുമില്ലാത്ത നമ്മള്‍ ഓരോ ആഗ്രഹങ്ങള്‍ യാചിച്ചും പ്രാര്‍ത്ഥിച്ചും പ്രസാദിപ്പിച്ചും നേടുകയാണ് ചെയ്യുന്നത്. അദ്വൈതബോധം കൊണ്ട് നമ്മള്‍ രണ്ടെന്ന ദ്വൈതചിന്തയെ മറികടക്കണം.

ശങ്കരാചാര്യര്‍ അദ്വൈത സിദ്ധാന്തം കണ്ടെത്തി പ്രചരിപ്പിക്കാന്‍ തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ബുദ്ധമത വ്യാപനത്തിന്റെ അവസാനകാലത്ത് ബുദ്ധമതം കുത്തഴിഞ്ഞ് ജീര്‍ണ്ണാവസ്ഥയിലെത്തി. ജനങ്ങള്‍ക്ക് ഈശ്വരവിശ്വാസം തീരെയില്ലാതായി. കാരണം ദൈവം ഉണ്ടോയെന്ന ചോദ്യത്തിന് ശ്രീബുദ്ധന്‍ ഖണ്ഡിതമായി ഒരു തീരുമാനവും പറഞ്ഞിരുന്നില്ല. അതിനാല്‍ ബുദ്ധമതാനുയായികള്‍ ചാര്‍വ്വാകന്മാരെപ്പോലെ നിരീശ്വരവാദം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ശ്രീബുദ്ധന്‍ പുലര്‍ത്തിയിരുന്ന ലളിതജീവിതവും സന്മാര്‍ഗ്ഗനിഷ്ഠയും അവര്‍ അവഗണിച്ചു. ബുദ്ധമതത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നു. ബുദ്ധമതത്തില്‍ ചേര്‍ന്ന അപരിഷ്‌കൃതരായ ഗോത്ര മതാനുയായികള്‍ അവരുടെ ദുരാചാരങ്ങളെയും അനാചാരങ്ങളെയും ബുദ്ധമതത്തില്‍ പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരുന്നു.

ദൈവത്തിനെ സന്തോഷിപ്പിച്ച് മോക്ഷം നേടാന്‍ ജന്തുബലി, ശവപൂജ, ഭൂതപ്രേത ഉപാസന തുടങ്ങിയവ പ്രധാന ചടങ്ങുകളായി അവര്‍ നിര്‍ബാധം നടത്തിക്കൊണ്ടിരുന്നു. വിഹാരങ്ങളിലെ ബുദ്ധഭിക്ഷു- ഭിക്ഷിണിമാരുടെ സദാചാര ലംഘനങ്ങള്‍ സര്‍വ്വസാധാരണമായി. വാസവദത്തമാരെ തിരസ്‌ക്കരിക്കാന്‍ ഉപഗുപ്തന്മാര്‍ തയ്യാറല്ലായിരുന്നു. ഈ ചരിത്ര പ്രതിസന്ധിയിലാണ് പാവം ജന്തുക്കളെ കൊന്ന് ബലി നല്‍കി ദൈവത്തിനെ പ്രസാദിപ്പിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ദൈവം ഭക്തനില്‍ തന്നെ കുടികൊള്ളുന്നുവെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രീശങ്കരന്‍ അദ്വൈതചിന്താപദ്ധതി ആവിഷ്‌ക്കരിച്ചത്. ദൈവവും മനുഷ്യനും രണ്ടല്ല; ഒന്നാണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കേണ്ടിയിരുന്നു.

അദ്വൈത ചിന്താപദ്ധതിയെ ലളിതമായി വിശദീകരിക്കാന്‍ പറ്റിയ ഉപമയാണ് ശബരിമല അയ്യപ്പന്റേത്. ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കറിയാം. അവിടെ തത്ത്വമസി എന്ന ഉപനിഷദ് വാക്യം എഴുതിവച്ചിട്ടുണ്ട്. 'അത് നീ തന്നെയാണ്' എന്നാണ് അര്‍ത്ഥം. ശബരിമലയില്‍ യോഗാവസ്ഥയില്‍ ഇരിക്കുന്ന അയ്യപ്പനും മലകയറി ചെല്ലുന്ന ഭക്തനായ അയ്യപ്പനും സ്വാമിമാരാണ്. ഭക്തനായ അയ്യപ്പനില്‍ സ്വാമിയായ അയ്യപ്പനുള്ളതുപോലെ സ്വാമിയായ അയ്യപ്പനില്‍ ഭക്തനായ അയ്യപ്പനും ഉണ്ട്. അയ്യപ്പസ്വാമിയും അയ്യപ്പഭക്തനും രണ്ടല്ല; ഒന്നാണ്. രണ്ടും ബ്രഹ്‌മമാണ്. അതാണ് അദ്വൈതം.

സ്വാമി വിവേകാനന്ദന്‍, ഡോ. എസ്. രാധാകൃഷ്ണന്‍, ചട്ടമ്പിസ്വാമികള്‍, നാരായണഗുരു തുടങ്ങിയവരെല്ലാം അദ്വൈത വേദാന്തത്തിന്റെ ഉപാസകരായിരുന്നു.

ഹിന്ദുമതമെന്ന സനാതനധര്‍മ്മം

സനാതനം എന്നാല്‍ സര്‍വ്വകാലങ്ങള്‍ക്കും സര്‍വ്വദേശങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്നത് എന്നാണര്‍ത്ഥം. ധര്‍മ്മം എന്നാല്‍ ധരിക്കുന്നത്, ഹിന്ദുമതം അനാദിയാണ്. അതായത് ആദിയില്ലാത്തത്. എന്നാണ് ഉണ്ടായത് എന്ന് കൃത്യമായി പറയാനാവാത്തത്. ഹിന്ദുമതത്തിന് ഒരു പ്രവാചകന്‍ ഉണ്ടായിരുന്നില്ല. ബുദ്ധനില്‍ നിന്ന് ബുദ്ധമതവും ക്രിസ്തുവില്‍ നിന്ന് ക്രിസ്തുമതവും മുഹമ്മദ് നബിയില്‍ നിന്ന് ഇസ്ലാംമതവും ഉടലെടുത്തു. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവയെല്ലാം ഉണ്ടായി വികസിച്ചുവന്നത്. സനാതനധര്‍മ്മത്തിന് അയ്യായിരം വര്‍ഷം മുന്‍പുള്ള പാരമ്പര്യം പറയേണ്ടി വരും.

വേദങ്ങളാണ് സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനം. വേദം എന്നാല്‍ അറിവ്. ആത്മജ്ഞാനമായ അറിവാണ് വേദം. മനുഷ്യകുലത്തെ ആത്മീയ പുരോഗതിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ സംസ്‌ക്കാരമാണ് സനാതനധര്‍മ്മത്തിലുള്ളത്. അത് കാലങ്ങള്‍ കൊണ്ട് ഋഷിമാരിലൂടെ പരിണമിച്ചുവികസിച്ചുവന്നതാണ്. ലോകം മുഴുവന്‍ ഒരു കുടുംബം(വസുധൈവ കുടുംബകം) എന്ന സങ്കല്‍പ്പത്തിലാണ് അത് രൂപം കൊണ്ടത്. ഇതിനെ തിരിച്ചറിയാന്‍ മറ്റുള്ളവര്‍ വിളിച്ച പേരാണ് ഹിന്ദുമതം.

ഭാരതത്തിന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളവര്‍ ഭാരതത്തിനെ സിന്ധുസ്ഥാന്‍ എന്നാണ് വിളിച്ചിരുന്നത്. സിന്ധുനദിക്കപ്പുറമുള്ള രാജ്യം എന്നാണതിന്റെ അര്‍ത്ഥം. സെമിറ്റിക് മതങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ സിന്ധുസ്ഥാനിലെ മതത്തെ തിരിച്ചറിയാന്‍ അവര്‍ വിളിച്ചുതുടങ്ങിയ പേരാണ് സിന്ധുമതം. അത് ഹിന്ദുമതമെന്ന പേരായി പരിണമിച്ചു. ഭാരതത്തില്‍ വികസിച്ചുവന്ന ആര്‍ഷസംസ്‌ക്കാരത്തിന്റെ സ്വാഭാവികമായ പേരാണ് ഹിന്ദുമതമെന്ന സനാതനധര്‍മ്മം.

കെ.മോഹനന്‍ 
വെള്ളായണി
ഫോണ്‍: 9495303081