ഭഗവാന്‍ ഉണ്ടെന്ന് വിശ്വസിക്കുകയല്ല; ഭഗവാന്‍ ഉണ്ടെന്ന് നമ്മള്‍ അറിയണം -ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി
HIGHLIGHTS
ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി ആറ്റുകാലേക്ക് നറുക്ക് കിട്ടാന്‍ താന്‍ ശാന്തി നടത്തിക്കൊണ്ടിരുന്ന മയ്യനാട് വലിയ തോട്ടത്തില്‍ കാവ് മഹാദേവക്ഷേത്രത്തില്‍ തുല്യപ്രാധാന്യമുള്ള ദേവിക്ക് മുന്നില്‍ അറുത്തത് ഏഴ് മുട്ടുകള്‍.
കണ്ണൂര്‍ വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരിയുടെ ഇഷ്ടദേവത ഭദ്രകാളിയാണ്. അങ്ങനൊരിഷ്ടം ഉള്ളതുകൊണ്ടാണോ എന്നറിയില്ല, ഒരു ശാന്തിക്കാരന്‍ എന്ന നിലയില്‍ അനീഷ് നമ്പൂതിരി ഏറ്റവും കൂടുതല്‍ പൂജ കഴിച്ചിട്ടുള്ളതും ദേവീക്ഷേത്രങ്ങളിലാണ്. കൊല്ലം മയ്യനാട് ജന്മംകുളം ഭഗവതിക്ഷേത്രത്തില്‍ കീഴ്ശാന്തിയായിട്ടായിരുന്നു തുടക്കം. പിന്നെ കൊല്ലം ജില്ലയില്‍തന്നെ മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രം, മയ്യനാട് വലിയ തോട്ടത്തില്‍ക്കാവ് ക്ഷേത്രം, ശബരിമല മാളികപ്പുറം ക്ഷേത്രം... ഒടുവിലിപ്പോള്‍ ആറ്റുകാലും ദേവിയെ പൂജിക്കുവാനുള്ള നിയോഗമാണ് അനീഷ് നമ്പൂതിരിക്ക് ലഭിച്ചിട്ടുള്ളത്. അങ്ങനെ കണ്ണൂരില്‍ ജനിച്ച് പാലക്കാട് പഠിച്ചുവളര്‍ന്ന്, കൊല്ലത്ത് ശാന്തി തുടങ്ങിയ അനീഷ് നമ്പൂതിരി ഇനിയുള്ള ഒരു വര്‍ഷക്കാലം തിരുവനന്തപുരത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി നിയോഗിക്കപ്പെട്ടിരിക്കുന്നു.

രണ്ടാമത് തവണ നറുക്കെടുപ്പിലൂടെ ഇങ്ങനൊരു സൗഭാഗ്യം അനീഷ് നമ്പൂതിരിക്ക് കൈവന്നപ്പോള്‍ അതിനൊരു പ്രത്യേകത കൂടിയുണ്ട്. കൊല്ലത്ത് മയ്യനാട് വലിയ തോട്ടത്തില്‍ക്കാവ് മഹാദേവ ക്ഷേത്രത്തില്‍ നിന്നുമാണ് അനീഷ് നമ്പൂതിരി ആറ്റുകാലിലേക്കെത്തുന്നത്. വലിയ തോട്ടത്തില്‍ കാവ് ക്ഷേത്രം മഹാദേവന്‍റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും തുല്യപ്രാധാന്യത്തോടെ ഭദ്രകാളിയേയും പൂജിച്ചാരാധിച്ചുപോരുന്ന ക്ഷേത്രമാണത്. വടക്കോട്ട് ദര്‍ശനമായിട്ടുള്ള അവിടുത്തെ ഭദ്രകാളി വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദേവിയാണെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നുതന്നെ അനീഷ് നമ്പൂതിരി പറയുന്നത്. അവിടുന്ന് ആറ്റുകാലിലെത്തുമ്പോള്‍ ഇവിടെയും വിളിച്ചാല്‍ വിളികേള്‍ക്കുന്ന, വടക്കോട്ട് ദര്‍ശനമായിട്ടുള്ള ഭദ്രകാളിയെത്തന്നെ പൂജിക്കുവാനുള്ള സൗഭാഗ്യമാണ് അനീഷ് നമ്പൂതിരിക്ക് ലഭിച്ചിട്ടുള്ളത്. അതൊരു യോഗമാണെന്നാണ് അനീഷ് നമ്പൂതിരി പറയുന്നത്.
പാലക്കാട് കഞ്ചിക്കോട്ട് കാഞ്ചികാമകോടി പീഠത്തിന്‍റേതായ ഒരു ശിലാക്ഷേത്രമുണ്ട്. അവിടത്തെ മേല്‍ശാന്തിയായിരുന്നു അനീഷ് നമ്പൂതിരിയുടെ അച്ഛന്‍. അന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യശാലയില്‍ ജോലി ചെയ്തിരുന്ന, പാണ്ടിക്കാട് മൂത്തേടത്ത് മനയിലെ ദാമോദരന്‍ നമ്പൂതിരി ഇപ്പറഞ്ഞ ശിവക്ഷേത്രത്തിനടുത്തായിരുന്നു താമസം. പൂജാദികാര്യങ്ങളില്‍ നല്ല പ്രാവീണ്യവും അറിവും ഉള്ള വ്യക്തിയായിരുന്നു ദാമോദരന്‍ നമ്പൂതിരി. അതുകൊണ്ടുതന്നെ അനീഷിന്‍റെ അച്ഛന്‍ മകനെ പൂജാദികാര്യങ്ങള്‍ പഠിക്കുവാന്‍ ദാമോദരന്‍ നമ്പൂതിരിയുടടുത്തേക്കാണയച്ചത്. 6-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസുവരെയുള്ള സ്ക്കൂള്‍ പഠനകാലത്തുതന്നെ അത്യാവശ്യം കാര്യങ്ങളൊക്കെ പഠിച്ചശേഷം പാലക്കാട്ടെ പ്രമുഖ തന്ത്രിയായ മംഗലത്തില്ലത്തെ നമ്പൂതിരിയുടെ കൂടെ, ബാക്കിയുള്ള പൂജാകാര്യങ്ങളും, ഉയര്‍ന്ന തരത്തിലുള്ള പൂജാസമ്പ്രദായവുമൊക്കെ പഠിക്കാന്‍ പോയി.
അദ്ദേഹം രണ്ടുവര്‍ഷം ജന്മം കുളത്ത് താല്‍ക്കാലിക മേല്‍ശാന്തിയായി ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ സഹായിക്കാനായിട്ടാണ്, കീഴ്ശാന്തിമാര്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ പത്തുദിവസത്തേയ്ക്ക് മുട്ടുശാന്തിയായി വന്നത്. 'വേറൊരു കീഴ്ശാന്തി വരുംവരെ വരണം' എന്നുപറഞ്ഞ് വിളിക്കുകയായിരുന്നു. എന്നാല്‍ പിന്നീടുവന്ന കീഴ്ശാന്തിക്കാരും നില്‍ക്കാതെ വന്നപ്പോള്‍ അനീഷ് നമ്പൂതിരിക്ക് കൂടെക്കൂടെ ജന്മംകുളത്ത് എത്തേണ്ടി വന്നു. ഒടുവില്‍ രണ്ടുവര്‍ഷം കഴിഞ്ഞ് മേല്‍ശാന്തി പാലക്കാട്ടേക്ക് മടങ്ങിയപ്പോള്‍ അനീഷും പോയി. എങ്കിലും ശാന്തിക്കാരില്ലാതെ വരുമ്പോള്‍ അനീഷിന് വിളി ചെല്ലുമായിരുന്നു. മുട്ടുശാന്തി കഴിക്കാന്‍.
അങ്ങനെയങ്ങനെ കമ്മിറ്റിക്കാരുമായി നല്ല സൗഹൃദത്തിലായി. അതിന്‍റടിസ്ഥാനത്തില്‍ മുട്ടുശാന്തി ചെയ്യാനുള്ള വരവ് നാലഞ്ച് പ്രാവശ്യം ആയപ്പോള്‍ ഒരിക്കല്‍ അനീഷ് നമ്പൂതിരി കമ്മിറ്റിക്കാരോട് പറഞ്ഞു, 'ഒരു ശാന്തിക്കാരനെ സ്ഥിരമായി കിട്ടുംവരെ ഞാന്‍ തുടരാം.' കമ്മിറ്റിക്കാര്‍ക്ക് സന്തോഷമായി. അങ്ങനെ പതിനെട്ടുവര്‍ഷം ഇരുന്നു. അതിനിടെ മേല്‍ശാന്തിയുമായി.
അവിടുന്ന് പോകുന്നത് വിഴിഞ്ഞത്ത് പുന്‍കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക്. അവിടെ ഒരു വര്‍ഷം. പിന്നെ കോയമ്പത്തൂര്‍ സംഗന്നൂര്‍ അയ്യപ്പക്ഷേത്രത്തില്‍ ഒരു വര്‍ഷം. പിന്നെ മണ്ണൂര്‍ക്കാവില്‍ 9 മാസം. മുന്‍പ് മാളികപ്പുറത്ത് കീഴ്ശാന്തിയായി, 2017-18 കാലത്ത്. അതുകഴിഞ്ഞ്, വലിയ തോട്ടത്തില്‍ക്കാവ് മഹാദേവ ക്ഷേത്രത്തിലും അവിടുന്ന് ആറ്റുകാലിലുമെത്തി.
മുട്ടറുത്തുനേടിയ ലക്ഷ്യം
വലിയ തോട്ടത്തില്‍കാവിലിരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷവും അനീഷ് നമ്പൂതിരി ആറ്റുകാലിലേക്ക് അപേക്ഷിച്ചിരുന്നു. ഇന്‍റര്‍വ്യൂ കഴിഞ്ഞ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്നെങ്കിലും നറുക്കെടുപ്പില്‍ കടന്നുകൂടാനായില്ല. ആ ഒരു സാഹചര്യത്തിലാണ് മുട്ടറുത്ത് ലക്ഷ്യം നേടാന്‍ തീരുമാനിച്ചത്.

വലിയ തോട്ടത്തില്‍കാവ് മഹാദേവക്ഷേത്രത്തില്‍ മഹാദേവനോടൊപ്പം തുല്യപ്രാധാന്യത്തില്‍ ഭദ്രകാളിയുമുണ്ട്. വടക്കോട്ട് ദര്‍ശനമായിട്ടുള്ള ഈ ഭദ്രകാളിക്ക് മുന്നില്‍ മുട്ടറുത്താല്‍ എന്തുകാര്യവും സാധിക്കുമെന്നാണ് വിശ്വാസം. എല്ലാവിധ ദോഷങ്ങളും മാറുമെന്നും വിശ്വസിച്ചുപോരുന്നു. 'അങ്ങനെ, കഴിഞ്ഞ പ്രാവശ്യം റാങ്ക് ലിസ്റ്റിലുണ്ടായിരുന്നിട്ടും നറുക്കില്‍ കിട്ടാതിരുന്നതിനാല്‍ ദോഷങ്ങളൊക്കെ അകറ്റുവാനായി ഞാന്‍ തന്നെ ദേവിക്ക് മുന്നില്‍ ഏഴ് മുട്ടറുത്തു, അത് ഫലവത്തായി. തടസ്സങ്ങളൊക്കെ മാറുകയും നറുക്ക് വീഴുകയും ചെയ്തു. തീര്‍ച്ചയായും വലിയ തോട്ടത്തില്‍ക്കാവിലെ ദേവീദേവന്മാരുടെ അനുഗ്രഹം തന്നെ കാരണം.چ
നറുക്ക് വീണാല്‍ പിന്നെ ക്ഷേത്രത്തില്‍ ഭജനമിരിക്കുന്നതെന്തിനാണ്?
മേല്‍ശാന്തിയായി കയറും മുന്‍പ് ഈ ക്ഷേത്രവുമായി ഒരു ബന്ധം വരാനാണ് ഭജനമിരിക്കുന്നത്. ഇവിടത്തെ ദേവിയുടെ പ്രധാനപ്പെട്ട മന്ത്രങ്ങളും സൂക്തങ്ങളുമൊക്കെ ജപിച്ച് ഇവിടെത്തന്നെ കഴിയണം. ഒപ്പം നിലവിലെ മേല്‍ശാന്തിയോടൊപ്പം എല്ലാം കണ്ടും ചോദിച്ചും മനസ്സിലാക്കണം. സാധാരണ ശബരിമലയിലൊക്കെ വൃശ്ചികം ഒന്നിനാണ് കയറുന്നത്. അപ്പോള്‍ ആ തിരക്കില്‍ പെട്ടെന്ന് കയറുന്നതിന്‍റെ പരിഭ്രാന്തിയാണ് ഉണ്ടാവുക. ഇവിടെ അതുണ്ടാകുന്നില്ല. എല്ലാം നേരത്തെതന്നെ കാണാനും ഗ്രഹിക്കാനുമൊക്കെയുള്ള അവസരം കിട്ടുന്നു. തീര്‍ച്ചയായും അതൊരു സന്തോഷമുള്ള കാര്യമാണ്.
ഇവിടെ മറ്റുക്ഷേത്രങ്ങളില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങളുണ്ട്. മേല്‍ശാന്തിയെ അവരോധിക്കുന്ന ചടങ്ങുണ്ട്. അവരോധിച്ച ശേഷം ഈ ദേവിയുടെ പ്രത്യേകതയും പൂജാക്രമങ്ങളും അതിനകത്തുവച്ച് തന്ത്രി ഉപദേശിച്ചുതരും. ആ ഉപദേശത്തിനുശേഷമാണ് ഭജനമിരിക്കാന്‍ തുടങ്ങുന്നത്. അതോടെ മന്ത്രസംബന്ധമായ കാര്യങ്ങളുടെ ഉപദേശം കിട്ടി. ബാക്കി കാര്യങ്ങള്‍ മേല്‍ശാന്തിയില്‍ നിന്നും പഠിച്ചും, ക്ഷേത്രഭരണ സമിതിക്കാരുടെ നിര്‍ദ്ദേശം സ്വീകരിച്ചും ചെയ്യാം.
പൂജാദികാര്യങ്ങളിലോ മറ്റോ വ്യത്യസ്തതകളുണ്ടോ?
ഇവിടുത്തെ ശീവേലി കണ്ട് തൊഴുന്നത് ഒരു പ്രത്യേകതയാണ്. മറ്റധികം ക്ഷേത്രങ്ങളിലൊന്നും കാണാനാകാത്ത പ്രത്യേകതകള്‍ ഇവിടത്തെ ശീവേലിക്കുണ്ട്. പുറത്ത് ശീവേലി കണ്ടുതൊഴാനായി ധാരാളം പേരാണ് ദിവസവും ദൂരെ ദിക്കുകളില്‍ നിന്നുപോലും എത്തിച്ചേരുന്നത്. ഇതുപോലെ പിന്നെ കണ്ടിരിക്കുന്നത് മൂകാംബികയിലാണ്. വാദ്യമേളങ്ങളുടേയും തീവെട്ടികളുടെയും അഷ്ടമംഗല്യ വിളക്കിന്‍റേയുമൊക്കെ അകമ്പടിയോടെ പ്രദക്ഷിണം കഴിഞ്ഞാണ് അകത്തേയ്ക്ക് കയറുന്നത്. അതൊരു നല്ല ഭക്തിനിര്‍ഭരമായ കാഴ്ചയാണ്. അതൊന്നു കാണേണ്ടതുതന്നെയാണ്.
പിന്നെ, സാധാരണ ക്ഷേത്രങ്ങളില്‍ ശീവേലി കിഴക്കുപടിഞ്ഞാറായിട്ടാണ്. അതായത് കിഴക്കോട്ടിറങ്ങി അവിടം മുതല്‍ തുടങ്ങും. എന്നാലിവിടെ വടക്കോട്ട് ദര്‍ശനമായതുകൊണ്ട് ആ രീതിയിലാണ് തൂവി തുടങ്ങുന്നത്. അങ്ങനെ പൂജാക്രമങ്ങളിലുള്ള വ്യത്യാസമൊക്കെ മനസ്സിലാക്കാന്‍ ഭജനം സഹായിക്കും.
ഭദ്രകാളിയുടെ ഉപാസകനാണെന്നു പറഞ്ഞല്ലോ. അപ്പോള്‍ സ്വാഭാവികമായും മാളികപ്പുറത്തമ്മയേയും ആറ്റുകാലമ്മയേയുമൊക്കെ പൂജിക്കാനവസരം ലഭിച്ചത് ഒരു മഹാഭാഗ്യമായി കരുതുന്നുണ്ടോ?
കരുതണമല്ലോ. ഒരു സാധാരണ ശാന്തിക്കാരന് പ്രതീക്ഷിക്കാനാകാത്ത മഹാഭാഗ്യങ്ങളാണ് ശബരിമല മാളികപ്പുറത്തും സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലുമൊക്കെ മേല്‍ശാന്തിയാകുക വഴി എനിക്ക് ലഭിച്ചത്. എല്ലാം ഈശ്വരനിശ്ചയം. നമ്മള്‍ പൂജ കഴിക്കുന്നത് ദേവന് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്‍റേതായ ഗുണം കിട്ടുകതന്നെ ചെയ്യും. അതിന് സമര്‍പ്പണം നടത്തി ത്തന്നെ പൂജ കഴിക്കണം. ഭഗവാനുണ്ടെന്ന് വിശ്വസിക്കുകയല്ല, ഭഗവാനുണ്ടെന്ന് നമ്മളറിയണം. എന്‍റെ മുന്‍പില്‍ താങ്കള്‍ ഇരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുകയല്ല, എന്‍റെ മുന്‍പിലിരിക്കുന്നത് താങ്കളാണെന്ന് ഞാന്‍ മനസ്സിലാക്കണം. അങ്ങനെ മനസ്സിലാക്കുമ്പോഴാണ് ആ തത്ത്വം കൂടുതല്‍ ഉള്‍ക്കൊള്ളുന്നത്. ശിവനേയും കൃഷ്ണനേയും ദേവിയേയുമൊക്കെ ഇഷ്ടപ്പെട്ട് ഓരോരുത്തരും പ്രാര്‍ത്ഥിക്കുകയും കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്യുമെങ്കിലും അവര്‍ നമുക്ക് കുറെ തത്ത്വങ്ങള്‍ തരുന്നുണ്ട്. അതുകൂടി ഉള്‍ക്കൊണ്ടാലേ യഥാര്‍ത്ഥ ഭക്തനാകുന്നുള്ളൂ.
കൃഷ്ണനെ ഏറ്റവും ഇഷ്ടപ്പെട്ട് ദിവസവും കൃഷ്ണക്ഷേത്രത്തില്‍ പോയി തൊഴുന്ന ഒരാള്‍ എപ്പോള്‍ നോക്കിയാലും ദേഷ്യപ്പെട്ടും കരഞ്ഞുമൊക്കെ നടന്നാല്‍ ആ ഭക്തിയും ഇതുമായി ഒരു ബന്ധവുമില്ല. കൃഷ്ണന്‍ കരയുകയും ദേഷ്യപ്പെടുകയുമില്ലല്ലോ. ആ ദേവന്‍റെ ഭക്തരും അതുമാതിരി ആത്മസംയമനം പാലിക്കുവാനും ഏത് സാഹചര്യത്തിലും ശാന്തമായി തീരുമാനം എടുക്കാനുമൊക്കെ തയ്യാറാകുമ്പോഴേ ആ ഭക്തി പൂര്‍ണ്ണമാകുന്നുള്ളൂ. അതില്ലാതെ എല്ലാവരും ക്ഷേത്രത്തില്‍ പോകുന്നു ഞാനും പോകുന്നു എന്നുപറഞ്ഞ് പോയിട്ട് ഒരു കാര്യവുമില്ല.

ആലുവ മാക്കര മനയില്‍ ശ്രീവിദ്യാ അന്തര്‍ജ്ജനമാണ് അനീഷ് നമ്പൂതിരിയുടെ ഭാര്യ. മയ്യനാട് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ അദ്ധ്യാപിക. മകന്‍ അഭിഷേക് വാളത്തുംഗല്‍ മന്നം മെമ്മോറിയല്‍ സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പുതിയ മേല്‍ശാന്തിയുടെ അമ്മ സാവിത്രി അന്തര്‍ജ്ജനം എല്ലാ വര്‍ഷവും ശബരിമലയിലും ആറ്റുകാലിലുമൊക്കെ ദര്‍ശനത്തിന് പോകാറുണ്ടെങ്കിലും ഇതുവരെ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ടിട്ടില്ല. ഇപ്രാവശ്യം അതുചെയ്യണം എന്നാണ് അമ്മയുടെ ആഗ്രഹം. ഭാര്യയും അങ്ങനൊരാഗ്രഹത്തിലാണ്.
