ബുധന്‍റെ സ്വാധീനം
ബുധന് സ്വതന്ത്രമായ ഒരു വ്യക്തിത്വമില്ല. ദുഷ്ടഗ്രഹയോഗത്തോടുകൂടി നിന്നാല്‍ പാപഗ്രഹമായും, ശുഭഗ്രഹത്തോടുകൂടി ചേര്‍ന്നാല്‍ ശുഭനായും തീരുന്നു. ആയതിനാല്‍ ബുധനെ നപുംസകത്വമുള്ള ഗ്രഹമായി കണക്കാക്കുന്നു.
നവഗ്രഹങ്ങളില്‍ ഒരു ഗ്രഹമായ ബുധന്‍റെ പ്രഭാവം ജ്യോതിഷത്തില്‍ വളരെയധികം കാണുന്നു, രാശിചക്രത്തില്‍ മിഥുനം, കന്നി, ഈ രണ്ട് രാശിയുടെയും അധിപതിയാണ് ബുധന്‍. കാലപുരുഷന്‍റെ വാക്കാണ് ബുധന്‍. ഗ്രഹസദസ്സില്‍ രാജകുമാരനാണ് ഈ ഗ്രഹം. നവഗ്രഹങ്ങളിലും വെച്ച് സ്വന്തം രാശിയില്‍ ഉച്ചത്വം വരുന്ന ഏകഗ്രഹവും ബുധനാണ്. ബുധന് ചഞ്ചലസ്വഭാവവും, ഇരട്ട വ്യക്തിത്വവുമുണ്ട്. ഇതിനാലാണ് ദ്വിസ്വഭാവ രാശികളായ മിഥുന- കന്നി ആധ്യപത്യം ബുധന് സ്വക്ഷേത്രങ്ങളായി കൊടുത്തത്.
ബുധന് സ്വതന്ത്രമായ ഒരു വ്യക്തിത്വമില്ല. ദുഷ്ടഗ്രഹയോഗത്തോടുകൂടി നിന്നാല്‍ പാപഗ്രഹമായും, ശുഭഗ്രഹത്തോടുകൂടി ചേര്‍ന്നാല്‍ ശുഭനായും തീരുന്നു. ആയതിനാല്‍ ബുധനെ നപുംസകത്വമുള്ള ഗ്രഹമായി കണക്കാക്കുന്നു. കന്നിയില്‍ ഉച്ചരാശ്യാവകാശമുള്ള ബുധന്‍ സരസ്വതിയെ സൂചിപ്പിക്കുന്നു. ഇതേരാശിയില്‍ ശുക്രന് നീചത്വം വരുന്നത് ശ്രദ്ധിക്കുകയാണെങ്കില്‍ സരസ്വതിയും മഹാലക്ഷ്മിയും ഒന്നിച്ച് ഒരിടത്തിരിക്കില്ലെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
ജാതകവശാല്‍
ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ വാക്ചാതുര്യവും, ഗ്രഹണശേഷിയും, ബുദ്ധിശക്തിയും(5-ാം ഭാവാധിപനും ബലം വേണം), വിദ്യാനൈപുണ്യവും ജാതകത്തില്‍ മുന്നിട്ടുനില്‍ക്കും. പ്രശസ്തരായ സാഹിത്യകാരന്മാര്‍, എഴുത്തുകാര്‍, എന്‍ജീനിയര്‍മാര്‍, കണക്ക് കൈകാര്യം ചെയ്യുന്നവര്‍, കച്ചവടപ്രമുഖര്‍ ഇവരുടെ ജാതകത്തില്‍ ബുധന്‍ ബലവാനായിരിക്കും. ബുധന്‍ ബലവാനും ശുഭനുമായി, തൊഴില്‍ഭാവവുമായി ബന്ധപ്പെട്ടിരുന്നാല്‍ നല്ല കച്ചവടക്കാരായി ജാതകര്‍ മാറുന്നത് കാണാം. ഒരേ പ്രവൃത്തിയില്‍ നിന്നു രണ്ടുതരത്തിലുള്ള നേട്ടങ്ങള്‍ ഇവര്‍ പ്രതീക്ഷിക്കും.
ഗുണങ്ങള്‍
സംഖ്യാശാസ്ത്രപ്രകാരം ബുധന്‍റെ സംഖ്യ 5 ആണ്. ബുധബലമുള്ളവര്‍ 5 എന്ന സംഖ്യ വരുംപ്രകാരം നാമം മാറ്റുന്നതും അനുകൂലമായിരിക്കും. വടക്കുദിശ നോക്കിയ വീടുകള്‍ ബുധന്‍റെ പ്രഭാവത്തെ വര്‍ദ്ധിപ്പിക്കും. ബുധനും, ശുക്രനും നല്ല യോഗബലത്തോടുകൂടി ബന്ധപ്പെട്ടാല്‍ സിനിമയില്‍ നല്ലപോലെ ശോഭിക്കുവാന്‍ കഴിയും. ജ്യോതിഷത്തില്‍ പ്രസിദ്ധമായ 'സാരസ്വതയോഗം' ബുധനെ പ്രാധാന്യമാക്കിയുള്ളതാണ്. വിദ്യാരംഭം സാരസ്വത മുഹൂര്‍ത്തത്തില്‍(കന്നിയില്‍ ബുധന്‍ പരമോച്ചത്തില്‍ നില്‍ക്കുമ്പോള്‍. കന്നിലഗ്നത്തെ സാരസ്വത മുഹൂര്‍ത്തം എന്നുപറയുന്നു). നടത്തിയാല്‍ മുഹൂര്‍ത്തശുഭത്വത്താല്‍ സര്‍വ്വവിദ്യയും വശത്താക്കാമെന്ന് മുഹൂര്‍ത്തസിദ്ധാന്തം പറയുന്നു. മാത്രമല്ല ദേവപ്രശ്നത്തില്‍ ചന്ദ്രകേന്ദ്രത്രികോണങ്ങളില്‍ ബുധന്‍റെ സ്ഥിതിവന്നാല്‍ വാഗ്ദേവിയായി അറിയപ്പെടുന്നു. കൂടാതെ വൈഷ്ണവാംശാവതാരങ്ങള്‍ ബുധനുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവതാരങ്ങളില്‍ ബുദ്ധനാണ് ബുധന്‍. പ്രശ്നത്തില്‍ സാളഗ്രാമചിന്തയും ബുധനുമായി ബന്ധമുള്ളതാണ്. ബുധന്‍റെ അംശകസ്ഥിതികൊണ്ട് സാളഗ്രാമത്തിലെ ഭേദങ്ങളെ പറയാവുന്നതാണ്.
പ്രശ്നചിന്തയില്‍
ദേവപ്രശ്നചിന്തയില്‍ സാമാന്യസൂത്രാധിപന്‍ ബുധനാണ്. സൂത്രചിന്തയില്‍ പൃഥ്വി തത്ത്വത്തെ സൂചിപ്പിക്കുന്നു. ശനിക്ക് ബുധാംശകമോ, ബുധദൃഷ്ടിയോഗമോ വന്നാല്‍ ഹനുമാനെ സൂചിപ്പിക്കും- ബുദ്ധിവികാസം, പ്രവര്‍ത്തനനൈപുണ്യം, വിദ്യാശോഭനത്വം, വാക്വൈഭവം, രസേന്ദ്രിയങ്ങള്‍ ഇവ ബുധനുമായി ബന്ധപ്പെട്ടുകിടക്കുന്നു. വാസ്തുശാസ്ത്രപ്രകാരം വിദ്യാര്‍ത്ഥികള്‍ വടക്കുനോക്കിയിരുന്ന്, പച്ചവെളിച്ചത്തില്‍ പഠിക്കുകയാണെങ്കില്‍ കൂടുതല്‍ ബുദ്ധിശക്തി ഓര്‍മ്മശക്തി ഇവ ലഭിക്കും.
പരിഹാരം
ദോഷങ്ങള്‍ പരിഹരിക്കുവാന്‍ ബുധനാഴ്ച വ്രതാനുഷ്ഠാത്തോടെ ബുധന്‍റെ അഷ്ടോത്തരം ജപിക്കുകയും ശ്രീരാമ, കൃഷ്ണാദികളായ അവതാരവിഷ്ണുവിനെ ഭജിക്കുകയും ബുധശാന്തിഹോമം നടത്തുകയും, ഋക് പഞ്ചകയന്ത്രം ധരിക്കുകയും തുളസി നട്ടുവളര്‍ത്തുകയും ചെറുപയര്‍ പ്രസാദം ബുധന് നിവേദിക്കുകയും ചെയ്താല്‍ ബുധപ്രസാദം ലഭിക്കുന്നതാണ്. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ബുധന്‍റെ ബലം ജീവിതത്തില്‍ അത്യാവശ്യമാണ്. ബുധന്‍റെ പരിഹാരസ്ഥലം കുംഭകോണത്തുള്ള തിരുവെണ്‍കാടാണ്. ചന്ദ്രപുത്രനായ ബുധന്‍ അനുഗ്രഹം വര്‍ഷിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
