ദാനത്തിന്റെ പുണ്യത്താൽ ആയുസ്സ് വർദ്ധിക്കുമോ?
ദാനത്തിൽ നിന്നും ലഭിക്കുന്ന പുണ്യത്താൽ ആയുസ്സ് വർദ്ധിക്കുമോ...? ലഭിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇനി പറയാൻ പോകുന്ന കഥ! ദീർഘകാലമായി സന്താനഭാഗ്യമില്ലാതിരുന്ന രാജാവ് വീരപ്രതാപന് ഒരു മകൻ ജനിച്ചു. എല്ലാം തികഞ്ഞ ബുദ്ധിമാനായി വളർന്ന അവൻ സരസ്വതിദേവിയുടെ അനുഗ്രഹത്താൽ വിദ്യാദികലകളിൽ, പ്രത്യേകിച്ച് സംഗീതത്തിൽ ശ്രേഷ്ഠനായി വിളങ്ങി. അവൻ വളർന്നുവലുതായപ്പോൾ അവന് കിരീടധാരണം നടത്തുവാൻ രാജാവ് വീരപ്രതാപൻ നിശ്ചയിച്ചു. അതിനുള്ള മുഹൂർത്തം കുറിക്കുവാനായി ജ്യോത്സ്യനെ വിളിച്ചുവരുത്തി. ജാതകം പരിശോധിച്ച ജ്യോത്സ്യൻ രാജാവിനോട് 'ക്ഷമിക്കണം പ്രഭോ... താങ്കളുടെ മകന് കിരീടധാരണം നടത്തിയിട്ട് ഫലമില്ല. കാരണം അവൻ അൽപ്പായുസ്സായേ ജീവിക്കൂ' എന്നുപറഞ്ഞു. ജ്യോത്സ്യന്റെ വാക്കുകേട്ട് രാജാവ് അമ്പരന്ന് മൃതപ്രജ്ഞനെപ്പോലെയായി. അപ്പോൾ രാജകുമാരൻ 'പിതാവേ, ഇതുകേട്ട് താങ്കൾ ദുഃഖിക്കേണ്ട. മണ്ണിൽ പിറന്ന എല്ലാവരും ഒരു ദിവസം മരിച്ചല്ലേ പറ്റൂ. അത് പ്രകൃതി നിയമമാണ്. എനിക്ക് അവസാനദിവസം മുക്തി ലഭിക്കും. അതുകൊണ്ട് ഇത് കാര്യമാക്കേണ്ട' എന്ന് പറഞ്ഞു.
എന്നാൽ രാജകുമാരന്റെ ആശ്വാസവാക്കുകൾ അദ്ദേഹത്തെ ദുഃഖത്തിൽ നിന്നും മുക്തനാക്കിയില്ല. അതറിഞ്ഞ രാജകുമാരൻ 'പിതാവേ, ഞാൻ താങ്കളുടെ കണ്ണെതിരെ തന്നെ ഉള്ളതുകൊണ്ടല്ലേ താങ്കൾ ദുഃഖിതനാവുന്നത്. ഞാൻ ഇപ്പോൾ തന്നെ എവിടേയ്‌ക്കെങ്കിലും പോകുകയാണ്. ഞാൻ ജീവനോടെ എവിടെയെങ്കിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടാവും എന്നു കരുതിയും, ഞാൻ എന്നെങ്കിലും മടങ്ങിവരും എന്ന വിശ്വാസത്തോടെയും താങ്കൾ കാത്തിരിക്കുക. ഞാൻ പോകുന്നു...' എന്നുപറഞ്ഞ് രാജകുമാരൻ പോകാനൊരുങ്ങി. അവന്റെ തീരുമാനം ശരിയാണ് എന്ന് രാജാവിന് തോന്നി. തന്റെ കൺമുന്നിൽ വെച്ചുതന്നെ മകന്റെ മരണം കാണുന്നതിനേക്കാൾ ഭേദം അതല്ലേ? രാജാവ് വീരപ്രതാപൻ അർദ്ധമനസ്സോടെ പുത്രന് യാത്രാ അനുമതി നൽകി. ഏതാനും ഭൃത്യന്മാരേയും കൂട്ടി ചെലവിനായി കുറച്ചധികം ദ്രവ്യവുമായി വിദ്യാപതി പുറപ്പെട്ടു. ആദ്യം ചെന്ന നാട്ടിൽ അവിടുത്തെ കുട്ടികളുടെ നല്ല അദ്ധ്യാപകനായി അവർക്ക് വിദ്യയും കലകളും അഭ്യസിപ്പിച്ചുകൊടുത്തു. ഒപ്പം ദരിദ്രർക്ക് ദാനവും നൽകി. അവന്റെ നാളുകൾ സന്തോഷത്തോടെ നീങ്ങി.
വിദ്യാപതിയുടെ ആയുസ്സ് അവസാനിക്കുന്ന ദിവസം സമാഗതമായി. അന്ന് സരസ്വതി പൂജാദിവസമായതിനാൽ വീണമീട്ടി മനസ്സുരുകി ദേവിയെ സ്തുതിച്ച് പാടിക്കൊണ്ടിരുന്നു വിദ്യാപതി. ആ സമയത്ത് വിദ്യാപതിയുടെ ജീവൻ എടുക്കുവാനായി പാശവുമായി യമദൂതന്മാർ അവിടെയെത്തി. എന്നാൽ അവർ അവന്റെ സംഗീതത്തിൽ മനം നിറഞ്ഞ് നിന്നതിനാൽ ജീവൻ എടുക്കേണ്ട സമയം കടന്നുപോയി. എന്തുചെയ്യണമെന്നറിയാതെ യമദൂതർ മടങ്ങിപ്പോയി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട സരസ്വതിദേവി അവനോട് 'വിദ്യാപതി... നീ പലർക്കും വിദ്യ ദാനം ചെയ്ത പുണ്യം നേടിക്കഴിഞ്ഞു. മാത്രമല്ല ഏകാഗ്രമായ മനസ്സോടെ, നിർമ്മലഭക്തിയോടെ ദൈവത്തെ ധ്യാനിച്ച് വീണ മീട്ടി. ദാനമാണ് ലോകത്ത് ഏറ്റവും ശ്രേഷ്ഠമായത്. ഈ കുട്ടികളുടെ വിദ്യാനേത്രങ്ങൾ തുറന്നതിനാൽ, നിനക്ക് ജാതകത്തിൽ ഉണ്ടായിരുന്ന ആയുർദോഷം മാറിക്കഴിഞ്ഞു. അതുമാത്രമല്ല, നിന്റെ വീണാസംഗീതം യമദൂതന്മാരെ പോലും ബന്ധനസ്ഥരാക്കി. ഇനി ദീർഘായുസ്സോടെ നീ ജീവിക്കുമാറകട്ടെ' എന്നുപറഞ്ഞ് അനുഗ്രഹിച്ചു. സരസ്വതിദേവിയുടെ അനുഗ്രഹം നേടിയ വിദ്യാപതി നാട്ടിലേക്ക് മടങ്ങി. അവനെ കണ്ട പിതാവും ആനന്ദാശ്രു പൊഴിച്ചു. അവന് കിരിടധാരണവും നടത്തി. ശ്രേഷ്ഠകാലം പ്രജാതൽപ്പരനും വിദ്യാധാതാവുമായി വിദ്യാപതി സദ്ഭരണം കാഴ്ചവച്ചു.
