വീടുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ചിത്രങ്ങള്‍ വയ്ക്കാമോ?

വീടുകളിലും വ്യാപാര- വ്യവസായ സ്ഥാപനങ്ങളിലും ചിത്രങ്ങള്‍ വയ്ക്കാമോ?

HIGHLIGHTS

വീടുകളിലും പൂജാമുറികളിലും ദേവീദേവന്‍മാരുടെ പ്രസന്നഭാവത്തിലുള്ള ചിത്രങ്ങളാണ് വയ്ക്കേണ്ടത്. ഇത് വീടുകളിലേയ്ക്ക് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമത്രെ. വ്യത്യസ്ത സ്ഥാപനങ്ങളില്‍ സ്ഥാപിച്ച് ആരാധിക്കാന്‍ അനുയോജ്യമായ ദേവീ-ദേവന്മാരുടെ ചിത്രങ്ങള്‍...

 

വീടുകളിലും പൂജാമുറികളിലും ദേവീദേവന്‍മാരുടെ പ്രസന്നഭാവത്തിലുള്ള ചിത്രങ്ങളാണ് വയ്ക്കേണ്ടത്. ഇത് വീടുകളിലേയ്ക്ക് ഐശ്വര്യത്തേയും സമാധാനത്തേയും ക്ഷണിച്ചുവരുത്തുമത്രെ. ഗുരുകാരണവന്‍മാരുടെ ഫോട്ടോകള്‍ വീട്ടില്‍ വച്ച് പൂര്‍വ്വിക സ്മരണ നിലനിര്‍ത്തുന്നത് ഉചിതമെങ്കിലും പൂജാമുറിയില്‍ ഈശ്വരന്മാരുടെ ഫോട്ടോയ്ക്കൊപ്പം ഇത്തരം ഫോട്ടോകള്‍ വയ്ക്കരുത്. സ്വീകരണമുറിയിലോ മറ്റ് അനുയോജ്യമായ ഇടങ്ങളിലോ തെക്കോട്ട് അഭിമുഖമായോ ഇത്തരം ചിത്രങ്ങള്‍ വയ്ക്കാവുന്നതാണ്.

ക്രൂരമൃഗങ്ങളുടേയോ, പക്ഷികളുടേയോ ചിത്രങ്ങളും വീട്ടില്‍ വയ്ക്കരുത്. മനസ്സിനെ ആഹ്ലാദിപ്പിക്കുകയും, ഉത്തേജിപ്പിക്കുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് വീട്ടില്‍ വയ്ക്കേണ്ടത്.

ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണ ഭഗവാന്‍റെ പലവിധ ലീലകള്‍, ശ്രീമുരുകന്‍, ഗണപതി, പ്രാദേശിക ദേവീ-ദേവന്മാരുടെ ചിത്രങ്ങള്‍ എന്നിവ വീട്ടില്‍ വയ്ക്കാം.

കൃഷ്ണന്‍റേയും രാധയുടേയും ചിത്രം വീട്ടില്‍ വച്ചാല്‍ കുട്ടികള്‍ പ്രേമിച്ച് ഒളിച്ചോടുമെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. ഇത് തികച്ചും തെറ്റായ ചിന്തയാണ്. ദിവ്യപ്രണയത്തിന്‍റെ ഉദാഹരണമാണ് രാധാകൃഷ്ണപ്രേമം. ഭാഗവതം മനസ്സിരുത്തി വായിച്ചാല്‍ ഇക്കാര്യത്തിലുള്ള സംശയങ്ങള്‍ക്ക് ഉത്തരമാകും.

ഓടക്കുഴല്‍ ഊതുന്ന ശ്രീകൃഷ്ണന്‍റെ ചിത്രം വച്ച് ആരാധിച്ചാല്‍ ധനനഷ്ടം വരുമെന്നും പറഞ്ഞ് കേള്‍ക്കുന്നു. ഇതും സത്യവിരുദ്ധം. ഓടക്കുഴല്‍ ഇല്ലാതെ കൃഷ്ണസങ്കല്‍പ്പമില്ല. ആഡംബര ജീവിതവും അറിയാത്ത ഇടപാടുകളും നടത്തിയാല്‍ ധനനഷ്ടം ഉണ്ടാകും. ഹൃദയഭാഗം തുറന്ന് ഹനുമാന്‍ സ്വാമി ശ്രീരാമലക്ഷ്മണന്മാരെ കാണിക്കുന്ന ചിത്രം വീട്ടില്‍ വച്ചാല്‍ ഗൃഹനാഥന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഹനുമാന്‍ സ്വാമിയുടെ പ്രസ്തുതചിത്രം വീട്ടില്‍ വയ്ച്ചതുകൊണ്ടല്ല ഗൃഹനാഥന് ഹൃദയശസ്ത്രക്രിയ വേണ്ടിവരുന്നത്. ജീവിതശൈലിയും, ഭക്ഷണരീതിയും ക്രമീകരിക്കത്തവര്‍ക്ക് ഹൃദയശസ്ത്രക്രിയ വേണ്ടിവരും എന്നതില്‍ തര്‍ക്കമില്ല. 

അതുപോലെ ഗണപതിയുടെ ചിത്രം വീട്ടില്‍ വച്ചാല്‍ വീട്ടുകാര്‍ ഭക്ഷണപ്രിയരായി മാറുമെന്നും പറയപ്പെടുന്നു. ഗണപതി വിഘ്നനിവാരണത്തിന്‍റേയും, സമൃദ്ധിയുടേയും ദേവനാണ്. അവരവരുടെ ശരീരസ്ഥിതി അനുസരിച്ച് ഭക്ഷണം കഴിക്കുക.

പല കുടുംബങ്ങളിലേയും കുടുംബദേവതയാണ് ദുര്‍ഗ്ഗാദേവി. പ്രപഞ്ചമാതാവാണ് ദേവി. മാതൃവാത്സല്യമാണ് ദേവിക്കുളളത്. ദേവി തന്‍റെ ഭക്തരെ കാത്ത് പരിപാലിക്കും എന്നതാണ് വിശ്വാസമെന്നതിനാല്‍ ദുര്‍ഗ്ഗയുടേയും കാളിയുടേയും ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കാം. ശാന്തഭാവത്തിലുള്ള ദേവിയുടെ ചിത്രമാണ് വീട്ടില്‍ വയ്ക്കേണ്ടത്. ദേവി ഉപവിഷ്ടയായിരിക്കുന്ന ചിത്രമാണ് വീട്ടില്‍ വയ്ക്കാന്‍ നന്ന്. ഇത്തരം ചിത്രങ്ങള്‍ വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐശ്വര്യം നല്‍കും.

ഏകനായ ശിവഭഗവാന്‍റെയും പകുതി കണ്ണുതുറന്ന് ധ്യാനിക്കുന്ന ശിവഭഗവാന്‍റേയും ചിത്രങ്ങള്‍ ഗൃഹസ്ഥാശ്രമികള്‍ ഒഴിവാക്കുക. ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാന വാതിലിന് അഭിമുഖമായോ വയ്ക്കുക. കുടുംബജീവിതം അതീവഹൃദ്യമായി കാട്ടുന്ന ഈ ചിത്രത്തില്‍ മഹാദേവന്‍റേയും, പാര്‍വ്വതിയുടേയും ഇടതുവശത്തായി പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു. ശിവകുടുംബം മംഗളമാണ്. കുടുംബജീവിതത്തിന്‍റെ അടിസ്ഥാനം എന്താവണമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. പൂജാമുറിയിലെ ശിവകുടുംബചിത്രം നോക്കി 3 തവണ ദിനവും ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂര്‍വ്വം നമസ്ക്കരിക്കുക. ഇത് കുടുംബത്തില്‍ ഐക്യവും സമ്പല്‍സമൃദ്ധിയും സമ്മാനിക്കും.

വീടിന്‍റെ പ്രധാന വാതിലിന് വലത് വശത്തായി ദൃഷ്ടി ഗണപതിയുടെ ചിത്രം സ്ഥാപിക്കുക. വീടിന് കണ്‍ദൃഷ്ടിദോഷം, ശാപദോഷം എന്നിവയില്‍ നിന്ന് ഗണപതി സംരക്ഷിക്കും എന്ന് വിശ്വാസം. ഗണപതിയുടെ ചിത്രത്തിന് മുമ്പില്‍ മധുരപദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതി സ്തുതികള്‍ ചൊല്ലുക. ദാരിദ്രദഹനഗണപതി സ്തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്തോത്രം ഇവ ജപിക്കുക.

ഉടഞ്ഞതും കേടുപാടുകള്‍ സംഭവിച്ചതുമായ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ വച്ച് ആരാധിക്കാന്‍ പാടില്ല. അവയുടെ ചില്ല് ഇളക്കിമാറ്റി ചിത്രം ഒഴുകുന്ന ജലത്തിലോ, സമുദ്രത്തിലോ നിമജ്ജനം ചെയ്യുക. ഇത്തരം ചിത്രങ്ങള്‍ ക്ഷേത്രപരിസരത്തോ, ബസ്സ്റ്റാന്‍ഡുകളിലോ, വൃത്തിഹീനമായ ഇടങ്ങളിലോ ഉപേക്ഷിക്കരുത്.

വ്യത്യസ്ത സ്ഥാപനങ്ങളില്‍ സ്ഥാപിച്ച്

ആരാധിക്കാന്‍ അനുയോജ്യമായ ദേവീ-ദേവന്മാരുടെ ചിത്രങ്ങള്‍

വിദ്യാഭ്യാസസ്ഥാപനങ്ങള്‍: ഗണപതി, സരസ്വതി, മൂകാംബികദേവി.

പച്ചക്കറികടകള്‍: ഗണപതി, ഹനുമാന്‍സ്വാമി, മഹാലക്ഷ്മി.

ഹോട്ടലുകള്‍: ഗണപതി, അന്നപൂര്‍ണ്ണേശ്വരി, മഹാലക്ഷ്മി

പത്രസ്ഥാപനങ്ങള്‍: ഗണപതി, സരസ്വതി, മഹാലക്ഷ്മി, നാരദമുനി.

പാര്‍സല്‍, കാരിയര്‍: ഗണപതി, ഹനുമാന്‍ പര്‍വ്വതവുമായി സഞ്ചരിക്കുന്ന പടം.

മത്സ്യ-മാംസവ്യാപാരസ്ഥാപനം: ഭദ്രകാളി, ഉഗ്രമൂര്‍ത്തികള്‍.

ചിക്കന്‍ സെന്‍റര്‍: ഭദ്രകാളിദേവി, ഉഗ്രമൂര്‍ത്തികള്‍.

ബേക്കറി: അന്നപൂര്‍ണ്ണേശ്വരി ദേവി, ഉണ്ണികൃഷ്ണന്‍, ബലരാമന്‍(ബാല-ഗോപാലന്മാര്‍) ശൈശവ ഭാവത്തിലുള്ള ദേവീദേവന്മാരുടെ ചിത്രങ്ങള്‍.

ആയോധന പരിശീലനാകേന്ദ്രങ്ങള്‍: ഹനുമാന്‍, ബലരാമന്‍, പരശുരാമന്‍, ശ്രീരാമന്‍, അയ്യപ്പന്‍.

ഭരണകേന്ദ്രങ്ങള്‍: ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, സുദര്‍ശനധാരിയായ ശ്രീകൃഷ്ണന്‍.

നഴ്സറി സ്ക്കൂള്‍: ഉണ്ണികൃഷ്ണന്‍, ബലരാമന്‍, ബാലഗണപതി, ശൈശവ ശിവന്‍, സരസ്വതി ദേവി.

ജ്യോതിഷാലയം: ജ്യോത്സ്യന്‍റെ ഉപാസനാമൂര്‍ത്തി, ഗണപതി, മുരുകന്‍, സരസ്വതി ദേവി, വിഷ്ണുമായ, ഭഗവതി, മൂകാംബികാദേവി.

ആധാരം എഴുത്ത്: ഗണപതി, വരാഹമൂര്‍ത്തി, ശ്രീമുരുകന്‍, പരശുരാമന്‍, സരസ്വതി, മഹാലക്ഷ്മി.

വസ്ത്രവ്യാപാരസ്ഥാപനങ്ങള്‍: ഐശ്വര്യലക്ഷ്മി, ഗണപതി, ശ്രീകൃഷ്ണന്‍.

ധനകാര്യസ്ഥാപനങ്ങള്‍: കുബേരന്‍, മഹാലക്ഷ്മി, ഗണപതി, ലക്ഷ്മീസമേത കുബേരന്‍, തിരുപ്പതി ബാലാജി.

മത്സ്യവളര്‍ത്തുകേന്ദ്രം: കൂര്‍മ്മമൂര്‍ത്തി(കൂര്‍മ്മാവതാര ചിത്രം)

സിവില്‍ എഞ്ചിനീയറിംഗ്: ഗണപതി, വാസ്തുപുരുഷന്‍ ചിത്രം.

നിര്‍മ്മാണവാസ്തുശാസ്ത്ര സ്ഥാപനങ്ങള്‍: വിശ്വകര്‍മ്മാവിന്‍റെ ചിത്രം, അസുരശില്‍പ്പി മയന്‍റെ ചിത്രം.

വര്‍ക്ക്ഷോപ്പുകള്‍: വിശ്വകര്‍മ്മാവിന്‍റെ ചിത്രം, ഗണപതി, പാര്‍ത്ഥസാരഥി, ശ്രീഹനുമാന്‍.

ഫലവര്‍ഗ്ഗവ്യാപാരം: ബാലഗണപതി, ഉണ്ണികൃഷ്ണന്‍, ശ്രീഹനുമാന്‍.

വക്കീല്‍ ഓഫീസ്:ശ്രീകൃഷ്ണന്‍, നാരദമുനി, ഗണപതി, സരസ്വതിദേവി.

അനാഥാലയങ്ങള്‍: ശ്രീകൃഷ്ണന്‍, അന്നപൂര്‍ണ്ണേശ്വരി, പാര്‍വ്വതിദേവി.

സ്വര്‍ണ്ണസ്ഥാപനങ്ങള്‍: മഹാലക്ഷ്മി, കുബേരന്‍, ഗണപതി, ശ്രീപാര്‍വ്വതി ദേവിയുടെ 
തിരുകല്യാണചിത്രം.

വിവാഹമണ്ഡപങ്ങള്‍: സീതാസ്വയംവരം, രുഗ്മിണീ സ്വയംവരം, ശിവ-പാര്‍വ്വതീ 
തിരുകല്യാണം, ദേവന്മാരും ഭാര്യമാരും ഒന്നിച്ചുള്ള ചിത്രങ്ങള്‍. വള്ളി- ദേവസേനസമേത ശ്രീമുരുകന്‍, ബുദ്ധി-സിദ്ധി സമേത ഗണപതി, പൂര്‍ണ്ണ പുഷ്ക്കല സമേത ധര്‍മ്മശാസ്താവ്.

പാല്‍വിതരണ സ്ഥാപനം: ഗോപാലകൃഷ്ണന്‍, ശ്രീകൃഷ്ണനും ഗോക്കളും, കാമധേനു.
സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല: വിശ്വകര്‍മ്മാവ്, ഗണപതി, കുബേരന്‍, കുബേരലക്ഷ്മി ചിത്രം.

ബാര്‍ബര്‍ ഷോപ്പ്: ഭദ്രകാളി ദേവി.

ബ്യൂട്ടിപാര്‍ലര്‍: ഭദ്രകാളിദേവി, കാമദേവനും രതിദേവിയും, ദേവേന്ദ്രന്‍, രംഭ, ഉര്‍വ്വശി, തിലോത്തമ.

എസ്.പി.ജെ