തുളസിയിറുത്ത് ചെവിക്ക് പുറകില്‍ ചൂടാമോ?

തുളസിയിറുത്ത് ചെവിക്ക് പുറകില്‍ ചൂടാമോ?

HIGHLIGHTS

ചെവിക്ക് പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്ക് പിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്ക് പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും.

 

പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യ ചെടിയെ സംരക്ഷിച്ചുപോന്നിരുന്നതായി കാണാം.

സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത് നിന്നുള്ള വാതിലിന് നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറ ഉയരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിതവലിപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്. തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.

തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. നാമം ജപിച്ചുകൊണ്ടായിരിക്കണം തുളസിയുടെ പരിസരത്ത് ചെല്ലേണ്ടത്. തുളസിയെ ദിവസവും മൂന്നുതവണ പ്രദക്ഷിണം വയ്ക്കേണ്ടതാണ്.

'പ്രസീദ തുളസീദേവീ
പ്രസീദ ഹരിവല്ലഭേ
ക്ഷീരോദമഥനോദ്ഭൂതേ
ക്ഷീരോദമത്വം നമാമ്യഹം'

സ്ത്രീകള്‍ തുളസിക്കതിര്‍ മുടിയില്‍ ചൂടുന്നത് സുഗന്ധം ലഭിക്കുവാന്‍ ആണ്. എന്നാല്‍ തുളസി മുടിയില്‍ ചൂടുവാന്‍ പാടില്ല. ആയുര്‍വേദത്തില്‍ ദിവ്യ ഔഷധമായി പരിഗണിക്കുന്ന തുളസിക്ക് ഈശ്വരപദമാണ് നല്‍കിയിരിക്കുന്നത്.

ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്‍റെയും മഹാലക്ഷ്മിയുടെയും സാന്നിദ്ധ്യം കുടികൊള്ളുന്ന പരമപവിത്രമായ ചെടിയാണ് തുളസി എന്ന് ദേവീഭാഗവതത്തില്‍ പറയുന്നു. തുളസി കണ്ട് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഗംഗയും ലക്ഷ്മിയും സരസ്വതിയും ആദ്യകാലത്ത് മഹാവിഷ്ണുവിന്‍റെ പത്നിമാരായിരുന്നു. ലക്ഷ്മി ഭൂമിയില്‍ ഒരു ചെടിയായി ജനിക്കട്ടെ എന്ന് സരസ്വതി ശപിച്ചു. ഇതുകേട്ടുനിന്ന ഗംഗ സരസ്വതിയെ ശപിച്ചു നദിയാക്കി.

അതിനുപകരമായി ഗംഗ, നദിയായി ഭൂമിയില്‍ ഒഴുകട്ടെ എന്ന് സരസ്വതിയും ശപിച്ചു. ശാപകോലാഹലം തീര്‍ന്നപ്പോള്‍ മഹാവിഷ്ണു ലക്ഷ്മിയെ അടുത്തുവിളിച്ചു പറഞ്ഞു. അല്ലയോ ദേവീ, കാലഗതിക്കനുസരിച്ച് ഇങ്ങനെയെല്ലാം സംഭവിച്ചു എന്നേയുള്ളൂ. സങ്കടപ്പെടരുത്. ഭൂമിയില്‍ പോയി ധര്‍മ്മധ്വജന്‍റെ ഗൃഹത്തില്‍ പോയി തുളസിയായി ജനിച്ച് പുത്രിയായി വളരുക. അവിടെനിന്നും ദൈവയോഗം നിമിത്തം നീ മൂന്ന് ലോകത്തെയും പരിശുദ്ധമാക്കുന്ന തുളസിച്ചെടിയായി തീരും.

ദുരിതമോചനത്തിന് തുളസി

ധര്‍മ്മധ്വജന്‍റെ പുത്രിയായി കഴിയുന്ന കാലഘട്ടത്തില്‍ വിഷ്ണുവിന്‍റെ അംശമായി ശംഖുചൂഡന്‍ എന്ന പേരോടുകൂടിയ അമൃതസ്വരൂപി ജനിക്കുകയും ഭവതിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യും. അതിലൂടെ ഭവതിക്ക് തിരിച്ചുപോരാം എന്ന് അരുളി ചെയ്തു. അങ്ങനെ ധര്‍മ്മധ്വജന്‍ എന്ന രാജാവിന്‍റെ  സുന്ദരിയും സുശീലയുമായ ഭാര്യ മാധവി ഗര്‍ഭിണിയായി.

മഹാവിഷ്ണുവിന്‍റെ നിര്‍ദ്ദേശപ്രകാരം പരാശക്തിയുടെ അംശം മാധവിയുടെ ഗര്‍ഭത്തില്‍ ജന്മമെടുത്തത് തുലാമാസത്തിലെ പൗര്‍ണ്ണമിയിലായിരുന്നു. അങ്ങനെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അങ്ങനെ തുളസി വളര്‍ന്നുവന്നു. തുളസിയുടെ വലിയ മോഹമായിരുന്നു മഹാവിഷ്ണുവിന്‍റെ പത്നിയാകണമെന്നത്. അതിന് ബദരി ആശ്രമത്തില്‍ തപസ്സനുഷ്ഠിച്ചു. സുദാമാ ഗോപന്‍ ശംഖുചൂഡന്‍ എന്ന നാമത്തില്‍ ഭംഭാസുരന്‍റെ മകനായി പുനര്‍ജനിച്ചു. ശംഖുചൂഡനെ തുളസി വിവാഹം കഴിച്ചു. അങ്ങനെ ശംഖുചൂഡന്‍ പത്നീസമേതം കൊട്ടാരത്തിലെത്തുകയും രാജാവാകുകയും ചെയ്തു. 

ദേവന്മാരെ ജയിക്കാന്‍ ശംഖുചൂഡന്‍ ബ്രഹ്മാവില്‍ നിന്ന് ഒരു വരം നേടിയിരുന്നു. ഒപ്പം വിഷ്ണുകവചവും സമ്പാദിച്ചിരുന്നു. ഇതിന്‍റെ അഹങ്കാരത്തില്‍ ദേവലോകം കീഴ്പ്പെടുത്തുകയും ത്രിലോകവും ശംഖുചൂഡന്‍ അടക്കി ഭരിക്കാന്‍ തുടങ്ങി. ഇതില്‍ പരിഭ്രാന്തരായി ദേവന്മാര്‍ ഭയന്നോടി വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവില്‍ അഭയം പ്രാപിച്ചു. ദുഃഖിതരായ ദേവന്മാരോട് മഹാവിഷ്ണു പറഞ്ഞു. താങ്കള്‍ കുറേക്കൂടി ക്ഷമിക്കുക. ഇപ്പോള്‍ ശംഖുചൂഡനെ ഒന്നും ചെയ്യാനാവില്ല. ആയുസ്സ് തീര്‍ന്നിട്ടില്ല, വരബലത്താല്‍ ശക്തനുമാണ്. കൃഷ്ണാവതാരകാലത്ത് എന്‍റെ ഭക്തനായിരുന്ന സുദാമാ ഗോപനാണ് ഈ അസുരരാജാവ്. മഹാലക്ഷ്മിയുടെ അംശാവതാരമായ തുളസിയാണ് ഭാര്യ. തുളസിക്ക് ചാരിത്ര്യഭംഗം വന്നാല്‍ മാത്രമേ അയാള്‍ക്ക് മരണം സംഭവിക്കൂ. 
കാമദേവന്‍ നല്‍കിയ വരമാണിത്. 

കൃഷ്ണഭക്തി മൂലം അവന്‍റെ ഹൃദയം എന്നില്‍ ലയിച്ചിരിക്കുകയാണ്. ശ്രീമഹാദേവന്‍ തന്നെ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കണം. ദേവന്മാര്‍ മഹാദേവനെ അഭയം പ്രാപിച്ചു. മഹാദേവന്‍ ശംഖുചൂഡന്‍റെയടുത്ത് ദൂതന്മാരെ അയച്ച് ദേവന്മാരുടെ പിടിച്ചെടുത്ത മുതലുകള്‍ തിരിച്ചുനല്‍കാനാവശ്യപ്പെട്ടു. ശംഖുചൂഡനത് അനുസരിച്ചില്ല. പകരം യുദ്ധത്തിന് പറഞ്ഞയച്ചു.

അതിഭയങ്കര യുദ്ധം നടന്നിട്ടും വിജയം ആരുടെ ഭാഗത്തുമായില്ല. ത്രിശൂലം 5 പ്രാവശ്യം പരാജയപ്പെടുകയും തുളസിയുടെ പാതിവ്രത്യം നഷ്ടപ്പെടാതെ ശംഖുചൂഡനെ പരാജയപ്പെടുത്താനാവില്ലെന്ന സത്യം ദേവകള്‍ക്ക് മനസ്സിലായി. ഒടുവില്‍ മഹാവിഷ്ണുവിനെത്തന്നെ അംശാവതാരമായി ശംഖുചൂഡന്‍റെ രൂപമെടുത്ത് വിജയം നേടിയ ഭാവത്തില്‍ മഹാവിഷ്ണു തുളസിയുടെ അരികിലെത്തി. സന്തോഷാധിക്യത്താല്‍ ശംഖുചൂഡനാണെന്ന് കരുതി തുളസി ആലിംഗനം ചെയ്തു. തത്സമയം പരമശിവന്‍റെ അസ്ത്രം ജ്വലിച്ചുകൊണ്ട് ശംഖുചൂഡന്‍റെ നേരേ പാഞ്ഞുചെല്ലുകയും ശംഖുചൂഡന്‍ അതു കാണുകയും പരമഭക്തനായ ശംഖുചൂഡന് കാര്യം മനസ്സിലാകുകയും അസ്ത്രങ്ങളെല്ലാം വലിച്ചെറിഞ്ഞ് തന്‍റെ ഇഷ്ടദേവനും അംശവുമായ മഹാവിഷ്ണുവില്‍ മനസ്സര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ശംഖുചക്രഗദാപത്മധാരിയായ സാക്ഷാല്‍ മഹാവിഷ്ണു തല്‍സമയം പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‍റെ ആത്മാവ് വിഷ്ണുവില്‍ ലയിക്കുകയും ചെയ്തു. ആലിംഗനം ചെയ്ത മഹാവിഷ്ണുവായ ശംഖുചൂഡനില്‍ തുളസിക്ക് പന്തികേട് തോന്നുകയും സത്യം ആരായുകയും ഇല്ലെങ്കില്‍ താങ്കളെ നശിപ്പിക്കുമെന്ന് ക്രോധാകുലയായി പറയുകയും ചെയ്തു.

അന്നേരം വിഷ്ണു തന്‍റെ യഥാര്‍ത്ഥ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവദ് ദര്‍ശനത്തില്‍ ഭക്തപരവശയായ തുളസി ഭഗവാനെ പ്രണമിച്ചു. ഭഗവാനെ അങ്ങ് ഈ ചതി ചെയ്തതെന്തിന്? പതിവ്രതയായ എന്‍റെ ചാരിത്രം നശിപ്പിക്കാന്‍ തുനിഞ്ഞത് ശരിയാണോ? അങ്ങയുടെ പരമഭക്തനായ സാധുവിനെ കൊലചെയ്ത സര്‍വ്വാന്തര്യാമിയായ അങ്ങേയ്ക്ക് ഈ ചതി വേണമായിരുന്നോ എന്ന് വിലപിക്കുകയും ചെയ്തു. തുളസി സത്യം മനസ്സിലാക്കുകയും ലോകപരിപാലനത്തിന് വേണ്ടിയും ശാപമോചനത്തിന് വേണ്ടിയുമാണ് ഞാനിത് ചെയ്യേണ്ടി വന്നത്. ഇത് ധര്‍മ്മധ്വംസനമല്ല മഹത്തായ ധര്‍മ്മപരിപാലനമാണ് എന്നുപറഞ്ഞു.

ഈ സമയം തുളസി ശരീരം നിശ്ചലമായ നിലം പതിച്ചു. ആത്മാവ് ലക്ഷ്മീരൂപത്തില്‍ ലയിച്ചു. ഇത് ദ്രവിച്ച് മണ്ണില്‍ ലയിച്ചുചേരുന്ന സ്ഥലം ഗണ്ഡകി എന്ന പുണ്യനദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തില്‍ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്ന് ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായി തീരുമെന്നും തുളസിമാല ഞാനെന്നുമെന്‍റെ കഴുത്തിലണിയുമെന്നും വിഷ്ണു അപ്പോള്‍ പറഞ്ഞു.

ഭൂതപ്രേതപിശാചുക്കളോ ഒരു തരത്തിലുമുള്ള ക്ഷുദ്രജീവികളോ തുളസി സാമീപ്യമുള്ളിടത്ത് കിടക്കുകയില്ല. നവഗ്രഹ സാന്നിധ്യമുള്ളതിനാല്‍ എല്ലാ ഐശ്വര്യങ്ങളുമുണ്ടായിരിക്കും.  കാലാന്തരത്തില്‍ ഗണ്ഡകി നദിയില്‍ മഹാവിഷ്ണു ശിലാരൂപത്തില്‍ വളര്‍ന്നു. ആ ശിലപൊട്ടി പ്പിളര്‍ന്ന് പല കഷണങ്ങളായി ഈ നദിയില്‍ പതിക്കുകയും ചെയ്തു. അതിനെ സാളഗ്രാമമെന്ന പേരില്‍ ഭക്തന്മാര്‍ പൂജിക്കുന്നു.

തുളസിയോടൊപ്പം വിഷ്ണു വൈകുണ്ഠത്തിലേക്ക് പോയി. പത്മപുരാണം, ശിവപുരാണം, തുളസി ഉപനിഷത്, തുളസീ മാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയവയില്‍ തുളസിയുടെ കഥ വിശദമായി പറയുന്നുണ്ട്.

തുളസി നാല് തരമുണ്ട്. വെളുത്ത തുളസി, കൃഷ്ണതുളസി, രാമതുളസി, കാട്ടുതുളസി. കാട്ടുതുളസി ഒന്നിലും ഉപയോഗിക്കുകയില്ല. രാമതുളസി പരശുരാമന് പ്രധാനം. സംക്രാന്തിക്കും ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും ചതുര്‍ത്ഥി, അഷ്ടമി ദിവസങ്ങളിലും ഞായറാഴ്ചയും ശരീരത്തില്‍ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച സന്ധ്യ രാത്രി സമയങ്ങളിലും അഴുക്കുവസ്ത്രം ഉടുത്തും ശരീരശുദ്ധിയില്ലാത്തപ്പോഴും പുലയുള്ളപ്പോഴും തുളസീദളം ഇറുക്കരുത്. തുളസിയില്‍ നഖം കൊള്ളാന്‍ പാടില്ല. നഖം കൊള്ളുന്നത് മഹാവിഷ്ണുവിന്‍റെ ശിരസ് മുറിയുന്നതിന് സമമെന്ന് ദേവീഭാഗവതം വ്യക്തമാക്കുന്നു. തുളസിയുടെ ചുവടെ ദീപം വെച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.