ഒന്നിലധികം ഈശ്വരന്മാരെ പൂജിക്കാമോ...?
HIGHLIGHTS
പൂജാമുറിയില്‍ നിരവധി ഈശ്വരന്മാരുടെ വര്‍ണ്ണച്ചിത്രങ്ങളും വിഗ്രഹങ്ങളും കാണാറുണ്ട്. പൂജിക്കാറുമുണ്ട്. വാസ്തവത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ..?
പൂജാമുറിയില്‍ നിരവധി ഈശ്വരന്മാരുടെ വര്‍ണ്ണച്ചിത്രങ്ങളും വിഗ്രഹങ്ങളും കാണാറുണ്ട്. പൂജിക്കാറുമുണ്ട്. വാസ്തവത്തില്‍ ഇതിന്റെ ആവശ്യമുണ്ടോ..?
ഇതിനെക്കുറിച്ച് പന്തിരുകുലത്തിലെ പാക്കനാര്‍ തന്റെ ഏട്ടന് മനസ്സിലാക്കിക്കൊടുക്കുന്ന കഥയാണിത്.
ഒരിക്കല്‍ പാക്കനാര്‍ തന്റെ ഏട്ടനെ കാണാന്‍ അദ്ദേഹത്തിന്റെ ഇല്ലത്തെത്തി.
(പാക്കനാരും, വായില്ലാക്കുന്നില്ലപ്പനും, നാറാണത്ത് ഭ്രാന്തനും അംശാവതാരങ്ങളെന്ന് വിശ്വാസം)
ഇല്ലത്തിന്റെ ഉമ്മറത്ത് ആരേയും കാണാതെ വന്നപ്പോള്‍ പാക്കനാര്‍ ഉറക്കെ വിളിച്ച് ചോദിച്ചു.
'ഏട്ടനില്ലേ ഇവിടെ..'
അപ്പോള്‍ അകത്തുനിന്ന് 'ആരാ.. പാക്കനാരാണോ? നീ അവിടെ ഇരിക്കൂ. ഞാന്‍ പൂജാമുറിയിലാണ്. വിഷ്ണുഭഗവാനെ പൂജ ചെയ്യുന്നു...'
ഇതുകേട്ട് പാക്കനാര്‍ കുറച്ചുനേരം അവിടിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഏട്ടനെ കാണാതെ പാക്കനാര്‍ വിളിച്ചുചോദിച്ചു.
'ഏട്ടാ പൂജ കഴിഞ്ഞോ...?'
അകത്തുനിന്നുള്ള മറുപടി ഇങ്ങനെ: 'വിഷ്ണുഭഗവാനുള്ള പൂജ കഴിഞ്ഞു. ഇനി മഹാദേവന് തുടങ്ങണം...'
മറുപടി കേട്ട് പാക്കനാര്‍ ഇല്ലത്തെ ഉമ്മറത്തുനിന്നും എഴുന്നേറ്റ് പറമ്പില്‍ അല്‍പ്പം വലുപ്പത്തില്‍ ഒരു കുഴി കുഴിച്ചു.
അതുകഴിഞ്ഞ് പാക്കനാര്‍ ഏട്ടനോടായി വിളിച്ചുചോദിച്ചു. 'ഏട്ടാ പൂജ കഴിഞ്ഞോ...?' അകത്തുനിന്നും മറുപടി ഇപ്രകാരം:
'മഹാദേവനുള്ളത് കഴിഞ്ഞു. ഇനി ലക്ഷ്മിദേവിക്കാണ്...'
ഇത് കേട്ടതോടെ പാക്കനാര്‍ മുമ്പ് കുഴിച്ച കുഴിയുടെ തൊട്ടരികില്‍ അതേ വലുപ്പത്തില്‍ മറ്റൊരു കുഴി കുഴിച്ചു.
എന്നിട്ട് വീണ്ടും വിളിച്ചുചോദിക്കുന്നു..
'ഏട്ടാ പൂജ അവസാനിച്ചോ...?'
മറുപടി: 'ഇല്ല.. ഇനി പാര്‍വ്വതി ദേവിക്ക്... ' ഏട്ടന്റെ മറുപടി കേട്ടതോടെ പാക്കനാര്‍ മറ്റൊരു കുഴി കുഴിച്ചു.
ഇപ്രകാരം ഏട്ടന് ഓരോ ദേവദേവിമാര്ക്ക് പൂജ ചെയ്യുന്നതിന് അനുസരിച്ച് പാക്കനാര്‍ വെവ്വേറെ നിരവധി കുഴികള്‍ കുഴിച്ചുകൊണ്ടേയിരുന്നു.
പൂജകള്‍ അവസാനിച്ചതോടെ ഏട്ടന് പൂജാമുറിയില്‍ നിന്നും പുറത്തുവന്നു. തന്റെ പറമ്പിലെ കാഴ്ചകള്‍ കണ്ട് അദ്ദേഹം ഒന്ന് ഞെട്ടി. പറമ്പില്‍ നിറയെ കുഴികള്‍, ഒപ്പം തളര്‍ന്നിരിക്കുന്ന പാക്കനാരും...
കോപത്തോടെ ഏട്ടന് പാക്കനാരോട്: 'എന്താടാ ഈ കാണിച്ചു വച്ചിരിക്കുന്നത്...?'
ചെറുചിരിയോടെ പാക്കനാരുടെ മറുപടി: 'ഏട്ടാ ഞാന്‍ കിണറ് കുഴിച്ചതാണ്...'
മറുപടി കേട്ട് ഏട്ടന് കലികയറി. അലറിക്കൊണ്ട് അദ്ദേഹം ആരാഞ്ഞു.
'എടാ പമ്പര വിഡ്ഢി.. ഇങ്ങനെയാണോടാ കിണറ് കുഴിക്കുന്നത്... കുഴികളെല്ലാം വെവ്വേറെ കുഴിക്കുന്നതിന് പകരമായി ഒറ്റക്കുഴിയായി കുഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വെള്ളം എത്തുമായിരുന്നല്ലോ...?'
ശാന്തതയോടെ പാക്കനാരുടെ മറുപടി ഇങ്ങനെ: ഏട്ടന് ഇത്രയും ദേവ-ദേവിമാര്‍ക്ക് ചെയ്ത പൂജ ഏതെങ്കിലും ഒരു ദേവനോ, ദേവിക്കോ മാത്രം ചെയ്തിരുന്നെങ്കില്‍ അതിന്റെ ഫലം എന്നേ ഏട്ടന് ലഭിക്കുമായിരുന്നില്ലേ...?
അനുജന്റെ മറുപടി ഏട്ടനെ ചിന്തിപ്പിച്ചു. തനിക്ക് ഇക്കാര്യം മനസ്സിലാക്കിത്തരാന്‍ വേണ്ടിയാണ് അനുജന് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹത്തിന് മനസ്സിലായി.
കഥയുടെ സാരം
വിവിധ ദേവദേവന്മാര്‍ക്ക് പൂജകള്‍ ചെയ്യുന്നതിന് പകരമായി ഇഷ്ടദേവ- ദേവിയെ പൂജിച്ചാല്‍ ഫലം വേഗം അനുഭവവേദ്യമാകും. അതിനായി ഇഷ്ടമുള്ള ഉപാസനമൂര്‍ത്തിയെ തെരഞ്ഞെടുക്കുക. അത് വിഷ്ണുവോ, കൃഷ്ണനോ മഹാദേവനോ, ദേവിയോ ആരെ വേണമെങ്കിലും തെരഞ്ഞെടുക്കാം. എന്നിട്ട് ഉപാസന തുടങ്ങാം.
ആദ്യമൊക്ക ഇവര്‍ വെവ്വേറെ തോന്നുമെങ്കിലും കാലക്രമേണ എല്ലാം ഒന്നുതന്നെയെന്നുള്ള ബോധ്യം ലഭിക്കും. ഈശ്വരന് നല്കിയ ജന്മം അവിടുത്തെ പൂജിക്കാന്‍ വേണ്ടി മാത്രം.
ആശ്രയിക്കുന്നവര്‍ എത്ര ദുഷ്ടനെങ്കിലും ഭക്തവത്സലന് കൈവിടില്ല. പശു തന്റെ കിടാവിനെ പരിപാലിക്കും പോലെ അവിടുന്ന് നമ്മെ നോക്കിക്കൊള്ളും.. ഭഗവാന് നമ്മുടെ മാതാവും, പിതാവും, ഗുരുവും ആണെന്ന് സങ്കല്‍പ്പിച്ച് ഈശ്വരനെ ഭജിക്കുക. ജന്മം സഫലമാകും.
എസ്.പി.ജെ
Photo Courtesy - Google
