ആഘോഷങ്ങള്‍ മെമ്മറബിള്‍... -ആര്യാസലിം

ആഘോഷങ്ങള്‍ മെമ്മറബിള്‍... -ആര്യാസലിം

HIGHLIGHTS

മലയാള സിനിമയില്‍ ശക്തമായ നിരവധി സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേത്രിയാണ് ആര്യാസലിം. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം നരിവേട്ടയിലെ സി.കെ. ജാനുവിനെ അവതരിപ്പിച്ച് ആര്യ കയ്യടി നേടിയിരുന്നു. ആര്യാ സലിം ഇവിടെ തന്‍റെ വിഷു ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുന്നു.

 

വിഷുക്കാലമൊക്കെ എങ്ങനെയാണ് ഓര്‍ത്തെടുക്കാറ്?

കണിയൊരുക്കുന്ന ഒരാളെന്ന നിലയില്‍, എവിടെപ്പോയാലും കണിക്കൊന്ന സംഘടിപ്പിക്കാനുള്ള ഓട്ടമാണ് വിഷു എന്നുകേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. വിഷുക്കണിക്ക് എനിക്ക് നിറയെ കണിക്കൊന്ന മസ്റ്റ് ആണ്. എല്ലാ വിഷുക്കണിയും ദി ബെസ്റ്റ് ആകണം എന്ന രീതിയിലാണ് ഞാന്‍ ഒരുക്കാറുള്ളത്.

വിഷു എന്നുപറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത്?

കുട്ടിക്കാലത്ത് വിഷുക്കൈനീട്ടം തന്നെയാണ് ഏറ്റവും സ്പെഷ്യല്‍. കാരണം അത് നമുക്ക് പോക്കറ്റ് മണി കിട്ടുന്ന സംഗതിയാണല്ലോ. എപ്പോഴും മെമ്മറബിളായിട്ടുള്ള കാലം അതുതന്നെയാണ്. പിന്നെ വെക്കേഷന്‍സമയം ആയതുകൊണ്ടുതന്നെ കസിന്‍സ് എല്ലാവരും തറവാട്ടില്‍ ഒത്തുകൂടുന്നു. ഒളിച്ചുകളിയും ബഹളവും അതിന്‍റെ പേരില്‍ ഉണ്ടാകുന്ന വഴക്കുകളും എല്ലാം വളരെ മെമ്മറബിളാണ്. ഇപ്പോള്‍ എല്ലാവരും കല്യാണമൊക്കെ കഴിച്ചും ജോലി ആവശ്യങ്ങളുമായും പല പല സ്ഥലത്താണ്. എന്നാലും പരമാവധി ഒത്തുകൂടാന്‍ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും ആഘോഷങ്ങള്‍ കുറവായി എന്നൊരു തോന്നലുണ്ട്.

വിഷുസദ്യയില്‍ പ്രിയപ്പെട്ടത് എന്താണ്?

മറ്റുള്ള സ്ഥലങ്ങളില്‍ എങ്ങനെയാണ് എന്നറിയില്ല, പക്ഷേ നമ്മുടെ നാട്ടില്‍ വിഷുവിന് നോണ്‍വെജ് വിഭവങ്ങളും വിളമ്പാറുണ്ട്. സുനിത അമ്മായി ഉണ്ടാക്കാറുള്ള സാമ്പാറും അമ്മാവന്‍റെ എന്തെങ്കിലും സ്പെഷ്യല്‍ കറിയും അമ്മയും ചിറ്റയും കൂടിയുണ്ടാക്കുന്ന ഉള്ളിത്തീയലുമെല്ലാം വിഷുവിഭവങ്ങളില്‍ ഇഷ്ടമുള്ളതാണ്. അതെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്നും നാവില്‍ വെള്ളം വരും.

സിനിമയിലേക്ക് വന്നതിനുശേഷം വിഷുവിന് എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ?

സിനിമയില്‍ വന്നതിനുശേഷം വിഷു ആഘോഷങ്ങളില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കാരണം, ഒരു വിഷുവും എനിക്ക് ഇതുവരെ സിനിമാസെറ്റില്‍ ആഘോഷിക്കേണ്ടി വന്നിട്ടില്ല.

കുഞ്ഞുന്നാളിലെ വിഷു ഓര്‍മ്മകളെക്കുറിച്ച്?

ലൈഫിലെ ഏറ്റവും രസകരമായ വിഷുക്കാലം കുട്ടിക്കാലം തന്നെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത സന്തതിയാണ് ഞാന്‍. അതുകൊണ്ടുതന്നെ, കസിന്‍സ് എല്ലാം ഒത്തുകൂടുന്ന സമയത്ത്, ഏത് കളി കളിക്കണം, എങ്ങനെ കളിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനായിരുന്നു. എന്തെങ്കിലും തീരുമാനം എടുക്കുമ്പോഴും അത് ചേച്ചിയോട് ചോദിച്ചിട്ട് ചെയ്യുക എന്നത് ഉള്ളതുകൊണ്ട് എനിക്കായിരുന്നു കൂടുതല്‍ പവര്‍. അവിടുത്തെ ഡിസിഷന്‍ മേക്കര്‍ ഞാനായിരുന്നു. അനിയന്മാരും അനിയത്തിമാരും തല്ലൊക്കെ കൂടുമ്പോള്‍ എന്നോട് തല്ലുകൂടാന്‍ ഒന്ന് ആലോചിക്കുമായിരുന്നു. കൂടുതലും അമ്മവീട്ടിലായിരിക്കും വിഷു ആഘോഷം.

പെരിയാറിന്‍റെ തീരത്തോട് അടുത്തായിരുന്നു തറവാട്. അതുകൊണ്ട് വൈകുന്നേരം അച്ഛനും അമ്മയ്ക്കുമെല്ലാമൊത്ത് പെരിയാറില്‍ കുളിക്കാന്‍ പോവുക, പുഴനീന്തി അപ്പുറത്ത് കടക്കുക എല്ലാം ചെയ്യുമായിരുന്നു. ഇന്നത്തെപ്പോലെ അത്ര താഴ്ചയൊന്നും അന്ന് പെരിയാറിന് ഉണ്ടായിരുന്നില്ല. പിന്നെ, വെള്ളമണല്‍ തിട്ടകളായിരുന്നു. ഇന്ന് അതെല്ലാം കാടും ചെളിയും പിടിച്ച് കിടക്കുകയാണ്. അതെല്ലാം കാണുമ്പോള്‍ സത്യത്തില്‍ സങ്കടമുണ്ട്.

വിഷുക്കാലമൊക്കെ എങ്ങനെയാണ് ഓര്‍ത്തെടുക്കാറ്?

ഇന്നത്തെപ്പോലെ പണ്ട് സിനിമകള്‍ തിയേറ്ററില്‍ പോയി കാണാറെല്ലാമുണ്ടായിരുന്നു. അന്നെല്ലാം ടിവിയില്‍ തന്നെയായിരുന്നു സിനിമകള്‍ കാണാറ്. മിനിസ്ക്രീനില്‍ ആദ്യമായി എന്നുപറഞ്ഞ് ടി.വിയില്‍ വരുന്ന സിനിമകളാണ് വിഷു സിനിമകള്‍. സൂര്യ, ഏഷ്യാനെറ്റ്, കൈരളി പോലെ കുറച്ച് ചാനലുകളേ ഉണ്ടായിരുന്നുള്ളൂ. അതില്‍ നമുക്ക് ഇഷ്ടപ്പെട്ട സിനിമ എവിടെ വരുന്നു എന്ന് നോക്കി അത് കാണുകയാണ് പ്രധാന വിനോദം.

പുതിയ സിനിമകള്‍ ഏതെല്ലാം?

നരിവേട്ടയ്ക്ക് ശേഷം പുതിയ സിനിമകള്‍ വന്നിരുന്നു. പക്ഷേ, സ്ക്രീന്‍ സ്പെയിസ് കുറവായതുകൊണ്ടും ക്യാരക്ടര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടുമെല്ലാം വിട്ടുകളഞ്ഞു. ഇപ്പോള്‍ ഒരു വെബ് സീരീസ് ഡിസ്ക്കഷന്‍ നടക്കുന്നുണ്ട്. അതൊരു ഹൊറര്‍ ത്രില്ലറാണ്. അതിനായുള്ള വെയിറ്റിങ്ങിലാണ്.