ചക്രത്താഴ്‌വാര്‍  ആരാണ്?

ചക്രത്താഴ്‌വാര്‍ ആരാണ്?

HIGHLIGHTS

ബ്രഹ്‌മാവിന്റെ തലകളില്‍ ഒരെണ്ണം കൊയ്‌തെറിഞ്ഞ പരമശിവന്‍ താന്‍ ചെയ്ത പാപത്തിന് പരിഹാരമാര്‍ഗ്ഗം ആരാഞ്ഞുകൊണ്ട് മഹാവിഷ്ണുവിനെ സമീപിച്ചു. സുദര്‍ശനവഴിപാടിനെക്കുറിച്ച് വിവരിച്ച മഹാവിഷ്ണു ചക്രത്താഴ്‌വാരെ വണങ്ങുവാന്‍ നിര്‍ദ്ദേശിച്ചു. അതുപ്രകാരം പരമശിവന്‍ കൈലാസത്തിലെത്തി യഥാവിധി ചക്രത്താഴ്‌വാരെ ആരാധിച്ചു. അതുകൊണ്ട് ശിവന്റെ പാപങ്ങളെല്ലാം അകന്നു. പിന്നീട് ദേവന്മാരും മറ്റും പരമശിവനില്‍ നിന്നും ചക്രത്താഴ്‌വാര്‍ വഴിപാട് മനസ്സിലാക്കി അവരും ആരാധന തുടങ്ങി. ഇത്രയും മഹത്വമാര്‍ന്ന ചക്രത്താഴ്‌വാര്‍ ആരാണ്?

മഹാവിഷ്ണുവിന്റെ ചക്രശക്തി ഒരു രൂപമാക്കി സുദര്‍ശനന്‍- ചക്രത്താഴ്‌വാര്‍ എന്ന് വിശേഷിപ്പിക്കുന്നു. വിഷ്ണുവിന്റെ അംശമാണ് ചക്രത്താഴ്‌വാര്‍ എന്നും ചക്രരൂപിയാണെന്നും 'ശില്‍പ്പരത്‌നം' എന്ന ഗ്രന്ഥത്തില്‍ ചക്രത്താഴ്‌വാരെ വിശേഷിപ്പിക്കുന്നുണ്ട്. എട്ട് അല്ലെങ്കില്‍ പതിനാറ് കരങ്ങളോടുകൂടിയ വീര്യത്തിന്റെ പ്രതീകരൂപമാണ് ചക്രത്താഴ്‌വാര്‍. പലയിടത്തും ആറുകോണുള്ള ചക്രത്തിന്റെ പശ്ചാത്തലത്തില്‍ എട്ട്, പതിനാറ് അല്ലെങ്കില്‍ മുപ്പത്തിയാറ് എന്നീ സംഖ്യാക്രമത്തില്‍ കൈകളില്‍ ആയുധവുമേന്തി ദര്‍ശനമേകി ചക്രത്താഴ്‌വാര്‍ ഭക്തര്‍ക്ക് അനുഗ്രഹം  വര്‍ഷിക്കുന്നു. ജ്ഞാനം, ആരോഗ്യം, സമ്പത്ത് എന്നീ ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ചക്രത്താഴ്‌വാര്‍ ശത്രുനാശം വരുത്തി മോക്ഷത്തിന് വഴികാണിക്കുന്ന മൂര്‍ത്തിയുമാണ്. സുദര്‍ശന ആരാധനവീര്യം പകരുന്നതാണ്. തീരാവ്യാധികളും അകറ്റുന്നു. എല്ലാ പ്രതിബന്ധങ്ങളേയും അകറ്റി ജീവിതം മംഗളകരമാക്കുന്ന ചക്രത്താഴ്‌വാര്‍ എന്ന ഈ സുദര്‍ശനനെ ഭക്തിപൂര്‍വ്വം ആരാധിച്ചാല്‍ ആരോഗ്യം വര്‍ദ്ധിച്ച് ദീര്‍ഘായുസ്സും, സമ്പല്‍സമൃദ്ധിയും, ഉദ്ദിഷ്ടകാര്യപ്രാപ്തിയും ഉണ്ടാവുമെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ചക്രത്താഴ്‌വാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഉദാഹരണത്തിന് നരസിംഹ അവതാരവേളയില്‍ ഭഗവാന്റെ വിരല്‍നഖങ്ങളിലും പല്ലുകളിലും ആവിര്‍ഭവിച്ച് ഹിരണ്യകശിപുവിനെ കീറി എറിയാന്‍ സഹായിച്ചു. വാമന അവതാരത്തില്‍ ദര്‍ഭപ്പുല്ലിന്റെ തുമ്പത്തിരുന്ന് വണ്ടായിമാറി മഹാബലിയുടെ ദാനത്തെ തടയാന്‍ ശ്രമിച്ച ശുക്രാചാര്യരുടെ കണ്ണ് കുത്തിയെടുത്തു. ഗജേന്ദ്രന്‍ എന്ന ആനയുടെ കാല് കടിച്ചുപിടിച്ച മുതലയെ ചക്രായുധമായി പാഞ്ഞ് നിഗ്രഹിച്ചു. കൃഷ്ണാവതാരവേളയില്‍ തന്നെ ഭീഷണിപ്പെടുത്തി യുദ്ധത്തിന് വിളിച്ച പൗണ്ഡരീകവാസുദേവന്‍ എന്ന രാജാവിനെ ആഴിരൂപത്തില്‍ കണ്ണന്റെ കയ്യില്‍ നിന്നും പുറപ്പെട്ട് നിഗ്രഹിച്ചു. ഇങ്ങനെ സുദര്‍ശനചക്ര-ചക്രത്താഴ്‌വാര്‍-ത്തിന്റെ മഹത്വത്തെ എത്രവേണമെങ്കിലും പുരാണങ്ങളിലൂടെ നിരത്താം. സുദര്‍ശനവഴിപാട് ഗുരുസാന്നിധ്യത്തില്‍ നടത്തുന്നതാണ് ഉത്തമം. സുദര്‍ശന ആരാധനയിലൂടെ വരാനിരിക്കുന്ന ഏത് വലിയ ആപത്തുകളം അകലുമെന്നും പ്രതിബന്ധങ്ങളകന്ന് വിജയം നേടാനാവുമെന്നുമാണ് വിശ്വാസം. തമിഴകത്തെ മിക്കവാറും വിഷ്ണുക്ഷേത്രങ്ങളില്‍ ചക്രത്താഴ്‌വാര്‍ക്ക് പ്രത്യേക സന്നിധാനങ്ങളുണ്ട്.

അജയന്‍