ജലദേവനായി ധര്‍മ്മശാസ്താവ് (ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രം)

ജലദേവനായി ധര്‍മ്മശാസ്താവ് (ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രം)

HIGHLIGHTS

അഞ്ച് മലകളുടെയും അധിപന്‍ അല്ലെങ്കില്‍, നദികളുടെ അധിപന്‍ ചമ്രവട്ടത്തപ്പനാണ്. ഭഗവാന് ജലത്തിലാണ് പ്രഭാവം. അതുകൊണ്ടുതന്നെ ജലയാത്രികര്‍ ചമ്രവട്ടത്തപ്പനെ തങ്ങളുടെ രക്ഷാശക്തിയായാണത്രേ കരുതുന്നത്. സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ചമ്രവട്ടത്തപ്പന്‍. പ്രഭാ എന്ന പത്നിയോടും 'സത്യകന്‍' എന്ന പുത്രനോടൊപ്പവും കുടുംബസ്ഥനായി ഭാരതപ്പുഴയുടെ തീരത്താണ് ശാസ്താവ് വാണരുളുന്നത്. ജലത്താല്‍ ചുറ്റപ്പെട്ട ചമ്രവട്ടം ക്ഷേത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം.

രശുരാമന്‍ കേരളം സൃഷ്ടിച്ചശേഷം മലനാടുകളുടെ സംരക്ഷണച്ചുമതല ശാസ്താവിനേയും തീരദേശങ്ങളുടെ സംരക്ഷണച്ചുമതല ദേവിയെയും ഏല്‍പ്പിച്ചു എന്നാണത്രേ കേരളോത്പത്തിയില്‍ പറഞ്ഞിരിക്കുന്നത്. മലമേലെ വാണരുളിയിരുന്ന ശാസ്താവ് എങ്ങനെ നദീതീരത്ത് എത്തിച്ചേര്‍ന്നു എന്നതില്‍ നിന്നാണ് ചമ്രവട്ടത്തപ്പന്‍റെ ദൈവിക പരമാര്‍ത്ഥത്തിന്‍റെ ഉത്ഭവം.

പണ്ട് ശംഭര മഹര്‍ഷി ഭാരതപ്പുഴയുടെ തീരത്ത് കഠിനതപസ്സില്‍ മുഴുകിയിരുന്നു. വര്‍ഷങ്ങള്‍ തുടര്‍ന്ന തപസ്സിനൊടുവില്‍ ഒരു പൗര്‍ണ്ണമി രാവില്‍ മഹര്‍ഷിക്ക് മുന്‍പില്‍ ഒരു ദൈവിക വെളിച്ചം പെയ്തിറങ്ങിയത്രേ.

തന്‍റെ തപസ്സ് സഫലമായ സന്തോഷത്തില്‍ മഹര്‍ഷി ശിവസ്തോത്രം ചൊല്ലി ദിവ്യ വെളിച്ചത്തെ വന്ദിച്ചു.

ദിവ്യവെളിച്ചം ഭൂമിയില്‍ നിന്ന് മായാതെ അങ്ങനെതന്നെ ജ്വലിച്ചുനിന്നു. ശിവജ്യോതിസ്സല്ല എന്ന് മഹര്‍ഷിക്ക് മനസ്സിലാവുകയും അദ്ദേഹം വിഷ്ണുമന്ത്രം ജപിച്ചു. അപ്പോഴും ദിവ്യതേജസ്സ് നിശ്ചലമായി നിന്നു.

തുടര്‍ന്ന് ശംഭരമഹര്‍ഷി ഗണപതിമന്ത്രവും, സുബ്രഹ്മണ്യമന്ത്രവും, ഭഗവതിമന്ത്രവും, ദുര്‍ഗ്ഗാമന്ത്രവും ജപിച്ചു. അപ്പോഴും ദിവ്യജ്യോതിസ്സ് മായാതെ നിലകൊണ്ടു. ഒടുവില്‍ ധര്‍മ്മശാസ്താ മന്ത്രം മഹര്‍ഷി ചൊല്ലിയതോടെ ദൈവികവെളിച്ചം ഭൂമിയില്‍ വിലയം പ്രാപിക്കുകയും താപസഭൂമിയില്‍ ശാസ്താവിന്‍റെ സ്വയംഭൂ ആവിര്‍ഭവിക്കുകയും ചെയ്തു. ആദ്യം മന്ത്രം ജപിച്ച ദേവതകളെല്ലാം അവിടുത്തെ ഉപദേവതകളായി മാറുകയും ചെയ്തത്രേ.

അതീത പുരാണകല്‍പ്പനകളില്‍ ചമ്രവട്ടത്തപ്പന്‍ വനമഹാലോകത്താണ് വാണരുളിയിരുന്നത്. ഒരിക്കല്‍ കൗതുകത്തിന് കാടിറങ്ങി പുഴയിലെത്തി. ആഹ്ലാദവാനായ അയ്യപ്പന്‍ പുഴയ്ക്കൊപ്പം അന്തമില്ലാത്ത ദൂരം നടന്നു. പുഴയിലെ പളുങ്ക് ജലത്തിലും, കുളിര്‍മയിലും മതിമറന്നുപോയ അയ്യപ്പന്‍ പിന്നീട് പുഴയില്‍ നിന്ന് കയറിയില്ല. ഒുവെില്‍ കടലിന്‍റെ ഇരമ്പല്‍ കേട്ടതോടെ അയ്യപ്പന്‍ നടത്തവും അവസാനിപ്പിച്ചു. കാലങ്ങളെയും കരകളെയും കടല്‍ ഉള്ളിലാക്കിയിട്ടും അയ്യപ്പന്‍ ഇരുന്ന ഇരിപ്പിടത്തെ സ്പര്‍ശിക്കാന്‍ കാലത്തിനോ വെള്ളത്തിനോ ആയില്ല.

വേനല്‍ക്കാലമായാല്‍ ചമ്രവട്ടത്തപ്പന്‍ കാട്ടിലേക്ക് വേട്ടയ്ക്ക് പോകും. അപ്പോള്‍ കൊണ്ടുപോകാനുള്ള പൊതിനിവേദ്യം സന്ധ്യാപൂജയ്ക്ക് ക്ഷേത്രത്തില്‍ നേദിക്കാറുണ്ട്.
ജലസഞ്ചാരികളുടെ രക്ഷാപുരുഷനാണ് ചമ്രവട്ടത്തപ്പന്‍ എന്നാണ് പരക്കെയുള്ള വിശ്വാസം.

1099 മകരം 3 ന് (1924 ജനുവരി 16) പല്ലനയാറ്റില്‍ റഡീമര്‍ എന്ന യാത്രാബോട്ട് മറിയുകയും, കുമാരനാശാന്‍ ഉള്‍പ്പെടെ 129 യാത്രക്കാരും 8 ജീവനക്കാരും കൊല്ലപ്പെട്ടപ്പോള്‍ ഒരേയൊരാള്‍ രക്ഷപ്പെട്ടിരുന്നു. ചമ്രവട്ടം ക്ഷേത്രത്തിന്‍റെ ആധിപത്യം വഹിക്കുന്ന ഇല്ലത്തെ നമ്പൂതിരി ആയിരുന്നു ഇയാള്‍ എന്നാണ് നാട്ടുമൊഴി. മുങ്ങിത്താണ ബോട്ടിന്‍റെ ഒരു കൊമ്പ് വെള്ളത്തില്‍ ഉയര്‍ന്നുനിന്നിരുന്നു. ഓര്‍മ്മ വരുമ്പോള്‍ നമ്പൂതിരി ഈ കൊമ്പത്ത് സുരക്ഷിതമായി ഇരിക്കുകയായിരുന്നത്രേ.

ഭാരതപ്പുഴ കരകവിഞ്ഞ് ഒഴുകുമ്പോള്‍ തോണികുത്തിപ്പോകുന്നവരും കടത്തുവഞ്ചിക്കാരുമെല്ലാം ചമ്രവട്ടത്തപ്പനെ ധ്യാനിക്കാതെ യാത്രചെയ്യില്ല. ജലദേവനാണ് ഭഗവാന്‍. ജലനാശത്തില്‍ കാര്‍ഷിക വിളകളുടെ സംരക്ഷണത്തിന് ഭക്തര്‍ ചമ്രവട്ടത്തപ്പനെ ഉള്ളുരുകി വിളിക്കുകയാണ് പതിവ്. ഫലവൃക്ഷത്തിലെ ആദ്യകനി ഭഗവാന്  നേരാറുമുണ്ട്. ചക്ക, മാങ്ങ, തേങ്ങ തുടങ്ങിയ കാര്‍ഷികവിളകള്‍ ഭക്തര്‍ നേര്‍ച്ചയായി പുഴയില്‍ ഒഴുക്കിയാല്‍ മതിയാകും. തനിക്കുള്ള വഴിപാടുകള്‍ പുഴയില്‍ നിന്നും പിടിച്ചെടുക്കാനുള്ള ജലവിരുത് അയ്യപ്പനുണ്ടത്രേ.

സാമൂതിരിയുടെ ഒമ്പത് പരദേവതമാരില്‍ ചമ്രവട്ടത്തപ്പനുമുണ്ട്. എഴുന്നെള്ളത്ത് നേരം മാനത്ത് മഴക്കാറ് കണ്ടാല്‍ സാമൂതിരി ചമ്രവട്ടത്തപ്പന് വഴിപാട് നേരും. കോഴിക്കോട്ട് നിന്നും പൊന്നാനിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് സാമൂതിരി ഭഗവത്ദര്‍ശനത്തിനായി എത്തുക. മാമാങ്കകാലങ്ങളില്‍ പ്രബലമായ പരിഗണനയാണ് ചമ്രവട്ടത്തപ്പന് ലഭിച്ചിരുന്നത്. തിരുനാവായ യോഗക്കാരുടെ രക്ഷാദേവതയാണ് ഭഗവാന്‍.

പുരാതനകാലമായി ചമ്രവട്ടം കടവിലെ കടത്തുകാര്‍ മുസ്ലീങ്ങളാണ്. പൂര്‍വ്വികരുടെ രക്ഷാദേവതയായ ഭഗവാനെ ഇന്നും കടത്തുകാരുടെ പിന്‍മുറക്കാര്‍ കുലദൈവം ആയി ആരാധിച്ചുപോരുന്നു. ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ മാതൃക കൂടിയാണ് ഈ സവിശേഷത.

ക്ഷേത്രത്തിന്‍റെ തെക്ക്- പടിഞ്ഞാറ് പൊന്നാനിപ്പുഴക്കരയില്‍ വസിക്കുന്ന  പള്ളിനാഥനും ജലരക്ഷാശക്തിയാണ്. പൊന്നാനി കടലിലും, ഭാരതപ്പുഴയിലും അപകടത്തില്‍പ്പെടുന്നവരെ ഇരുവരും ചേര്‍ന്നാണ് രക്ഷപ്പെടുത്തുന്നതെന്നും വിശ്വാസമുണ്ട്.

ഇരുവരും ഉറ്റകൂട്ടുകാരുമാണത്രേ. 2013 ല്‍ തീപിടിത്തത്തിലൂടെ ഭഗവാന്‍ അഗ്നിശുദ്ധി നേടിയതാണെന്നാണ് ഭക്തവിശ്വാസം.

തുടര്‍ന്ന് നടന്ന ദേവഹിത പരിശോധനകളില്‍ ക്ഷേത്രപുനര്‍നിര്‍മ്മാണമാണ് ആവശ്യമെന്നായിരുന്നു പ്രശ്നവിധി. നിലവിലുള്ളതില്‍ നിന്നും യാതൊരു സാധനസാമഗ്രികളും ഉപയോഗിക്കാതെയുമാവണമത്.

എല്ലാവര്‍ഷവും ഉത്സവം കൊണ്ടാടണമെന്നും പ്രശ്നവിധിയില്‍ ഉണ്ടായിരുന്നു. ചമ്രവട്ടത്തപ്പന്‍ വനമഹാദേവന്‍ ആയതിനാല്‍ ഉത്സവത്തിന് ആനകള്‍ ഉണ്ടാവരുത്. കാര്‍ണിവല്‍ കാഴ്ചകളും പാടില്ല.

2015 ലാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വര്‍ഷാവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമാകും.

മണ്ഡലകാലത്ത് ഭക്തര്‍ മാല അണിയുന്നതിനും കെട്ടുനിറ നടത്തുന്നതിനുമായി ചമ്രവട്ടം ക്ഷേത്രസന്നിധിയില്‍ എത്തുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാല്‍നടയായി ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ ചമ്രവട്ടത്തെ അയ്യപ്പനെ തൊഴുത് ഭാരതപ്പുഴ കടന്നാണ് യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെയാണ് ചമ്രവട്ടം ക്ഷേത്രം. അവിടേക്ക് ബസ് സര്‍വ്വീസുണ്ട്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചമ്രവട്ടം വഴി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്.

 

Photo Courtesy - jyothisharathnam