ചന്ദ്രദോഷങ്ങളും പരിഹാരങ്ങളും

ചന്ദ്രദോഷങ്ങളും പരിഹാരങ്ങളും

HIGHLIGHTS

മനസ്സിന്‍റെ അധിപതിയായ ചന്ദ്രന്‍, ഇന്ദ്രിയങ്ങളുടേയും പ്രണയത്തിന്‍റേയും കാരണക്കാരനാണ്.  ചന്ദ്രദേവനെ ആരാധിക്കുന്നവര്‍ക്ക് ദുരാത്മാക്കളുടെ ഉപദ്രവം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. പിതൃക്കളോട് അതിയായ ബഹുമാനമുള്ള ഇദ്ദേഹം പിതൃബലികള നടത്താത്തവരില്‍ അപ്രീതനായിരിക്കുമത്രേ. ചന്ദ്രന്‍റെ പിഴവുകൊണ്ട് ബാധിക്കാവുന്ന അസുഖങ്ങളാണ് ആസ്ത്മ, ക്ഷയം, ഗര്‍ഭാശയ രോഗം, മനോരോഗം, ലിംഗ-യോനി രോഗങ്ങള്‍, അമിത കാമാസക്തി, മദ്യാസക്തി, നിരാശ എന്നിവ.

വേദങ്ങളില്‍ വളരെയധികം പരാമര്‍ശിക്കുന്നതും, ജ്യോതിഷത്തില്‍ ഗ്രഹപദവിയുള്ളതുമായ ദേവനാണ് ചന്ദ്രന്‍.

ബ്രഹ്മാവില്‍ നിന്നും ജനിച്ച ഏഴ് മഹര്‍ഷിമാരാണ് സപ്ത ഋഷികള്‍. വസിഷ്ഠന്‍, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, മരീചി, അംഗിരസ് എന്നിവരാണ് ഈ ഏഴ് ഋഷികള്‍. ഇതില്‍ അത്രി വിവാഹം ചെയ്തത് അനസൂയയെയാണ്. അനസൂയ ത്രിമൂര്‍ത്തികളെ തപസ്സ് ചെയ്ത് അവരില്‍ നിന്ന് മൂന്ന് പുത്രന്മാരെ വരമായി വാങ്ങി. ഇതില്‍ മഹാദേവനില്‍ നിന്നും ജനിച്ച പുത്രനാണ് തപസിക. ഋഷിയായ ദുര്‍വാസാവ് എന്നറിയപ്പെടുന്ന തപോഹരന്‍. വിഷ്ണുവിന്‍റെ അനുഗ്രഹത്താല്‍ ജനിച്ചവനാണ് ദത്താത്രേയന്‍. ബ്രഹ്മാവിന്‍റെ കൃപയാല്‍ ജനിച്ചവനാണത്രേ ചന്ദ്രന്‍.

ദുര്‍വാസാവ് ദേവന്മാരെ ശപിച്ചപ്പോള്‍ ചന്ദ്രന് ദിവ്യത്വം നഷ്ടമായി. പിന്നീട് പാലാഴിമഥനത്തിലാണ് ചന്ദ്രന് ദിവ്യത്വം വീണ്ടെടുക്കാനായത്. ബ്രഹ്മാവിന്‍റെ മാനസപുത്രനായ പ്രസൂദിയില്‍ ജനിച്ച അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രദേവീമാരാണത്രേ ചന്ദ്രദേവന്‍റെ പത്നിമാര്‍. വെളുത്ത വസ്ത്രധാരിയും, മധുരമായി സംസാരിക്കുന്നവനും, സംഗീതം- കല- സാഹിത്യം എന്നിവയില്‍ അഗ്രഗണ്യനും സൗമ്യശീലനുമായി ചന്ദ്രനെ ഋഷികള്‍ കാണുന്നു. ചന്ദ്രനെ നമിക്കുന്നവര്‍ക്ക് നൃത്തത്തിലും, വാദ്യോപകരണത്തിലും മികവ് ലഭിക്കും. അഭിനയകലയില്‍ ശൃംഗാരം ചന്ദ്രനുമായി ബന്ധപ്പെട്ടതാണത്രേ.

മനസ്സിന്‍റെ അധിപതിയായ ചന്ദ്രന്‍, ഇന്ദ്രിയങ്ങളുടേയും പ്രണയത്തിന്‍റേയും കാരണക്കാരനാണ്. ആഴ്ചകളില്‍ സോമവാരം(തിങ്കളാഴ്ച) ചന്ദ്രന്‍റേതാണ്. ആയതിനാല്‍ അന്നേദിവസം ചന്ദ്രന്‍റെ പ്രിയദേവതമാരായ ഉമാമഹേശ്വരന്മാരെ പൂജിക്കുന്നത് പ്രണയസാഫല്യത്തിനും, കുടുംബജീവിതത്തിനും നന്മ ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ചന്ദ്രദേവനെ ആരാധിക്കുന്നവര്‍ക്ക് ദുരാത്മാക്കളുടെ ഉപദ്രവം ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇതിനായി വെള്ളി ആഭരണങ്ങളും, രത്നങ്ങളില്‍ മുത്തും പഴമക്കാര്‍ ധരിച്ചിരുന്നു.

ചന്ദ്രദോഷ പരിഹാരമായി ഉമാമഹേശ്വരന്മാരെയോ, ദുര്‍ഗ്ഗാദേവിയേയോ പൂജിക്കണം. ചന്ദ്രഗ്രഹദോഷം സംഭവിച്ചാല്‍ വിഷാദമായിരിക്കും പ്രകടമായ അവസ്ഥ. ചന്ദ്രന്‍റെ പിഴവുകൊണ്ട് ബാധിക്കാവുന്ന അസുഖങ്ങളാണ് ആസ്ത്മ, ക്ഷയം, ഗര്‍ഭാശയ രോഗം, മനോരോഗം, ലിംഗ-യോനി രോഗങ്ങള്‍, അമിത കാമാസക്തി, മദ്യാസക്തി, നിരാശ എന്നിവ.

സൗന്ദര്യവസ്തുക്കളോട് തല്‍പ്പരനായ ചന്ദ്രദേവന്‍ അലങ്കാര പ്രിയനുമാണ്. പിതൃക്കളോട് അതിയായ ബഹുമാനമുള്ള ഇദ്ദേഹം പിതൃബലികള നടത്താത്തവരില്‍ അപ്രീതനായിരിക്കുമത്രേ. മിക്കവാറും പിതൃദോഷങ്ങള്‍(ജീവിച്ചിരിക്കുമ്പോള്‍ മാതാ-പിതാക്കന്മാരെ സംരക്ഷിക്കാതെയും, മരണശേഷം പിതൃക്രിയകള്‍ ചെയ്യാതെയും വരുന്ന ശാപം) ചന്ദ്രനെയാണത്രേ ബാധിക്കാറുള്ളത്. പിതൃദോഷങ്ങള്‍ക്ക് അമാവാസി ഉപാസന ശ്രേഷ്ഠമാണെന്നാണ് ആചാര്യനിഗമനം.

ചന്ദ്രവംശം

ഭാരതത്തില്‍ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യവംശം, ചന്ദ്രവംശം, അഗ്നിവംശം. ഇതില്‍ ചന്ദ്രന്‍റെ പുത്രനായ ബുധന്‍റെ പുത്രനായ പൂരുരവസ്സാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്. യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്‍റെ പ്രധാന ഉപവംശങ്ങള്‍ ആയിരുന്നു.

Photo Courtesy - Google