ആയില്യം നാളിൽ നാഗപ്രീതിക്കായി ജപിക്കാം ഈ മന്ത്രങ്ങൾ; ഐശ്വര്യവും മനഃശാന്തിയും കൈവരും
ഹിന്ദു വിശ്വാസപ്രകാരം എല്ലാ മലയാള മാസത്തിലും വരുന്ന ആയില്യം നാൾ നാഗദേവതകൾക്ക് സമർപ്പിതമായ ദിനമായാണ് കണക്കാക്കുന്നത്. അതിൽ കർക്കടകമാസത്തിലെ ആയില്യത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. ഈ ദിവസം നാഗദേവതകളെ ആരാധിക്കുകയും നാഗപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുകയും ചെയ്യുന്നത് ഏറെ ഫലപ്രദമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. സർപ്പപ്രീതിയിലൂടെ രോഗദുരിതങ്ങൾക്ക് ശമനമുണ്ടാകാനും കുടുംബത്തിൽ സമാധാനവും ഐശ്വര്യവും സന്തതികൾക്ക് ശ്രേയസ്സും ലഭിക്കാനുമിടയാകുമെന്നാണ് കരുതപ്പെടുന്നത്.
ആയില്യം ദിനത്തിൽ പൂർണ ഉപവാസമോ ഒരിക്കലോ അനുഷ്ഠിച്ച് നാഗദേവതകളെ ആരാധിക്കുന്നതും മന്ത്രജപം നടത്തുന്നതും സകല ദുഃഖങ്ങളും അകന്ന് മനഃസമാധാനമുള്ള ജീവിതത്തിന് വഴിയൊരുക്കുമെന്നാണ് വിശ്വാസം. ഗായത്രി മന്ത്രജപത്തിന് ശേഷം നാഗരാജ ഗായത്രി ജപിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ആചാരങ്ങളിൽ പറയുന്നു. കൂടാതെ, 'ഓം നാഗരാജായതേ നമഃ, ഓം നാഗദേവിയേ നമഃ' എന്ന മൂലമന്ത്രം പ്രഭാതത്തിലും പ്രദോഷസമയത്തും 108 തവണ ജപിക്കുന്നതും പതിവാണ്.
നാഗരാജ ഗായത്രി
സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്
സർപ്പദോഷപരിഹാരത്തിനായി നവനാഗ സ്തോത്രം ജപിക്കുന്നതും ഏറെ ശ്രേഷ്ഠമാണെന്നാണ് വിശ്വാസം. ആയില്യം നാളിൽ കഴിയുന്നത്ര തവണ ഈ സ്തോത്രം ജപിക്കുന്നത് ഉത്തമമാണെന്ന് ആചാരവിശ്വാസങ്ങൾ പറയുന്നു.
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
ഇതോടൊപ്പം അഷ്ടനാഗ മന്ത്രം 12 തവണ ജപിക്കുന്നതും പതിവാണ്.
അഷ്ടനാഗ മന്ത്രം
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാർക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
