അഞ്ച് മിനിറ്റ് മഹാമൃത്യുഞ്ജയ മന്ത്രജപം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്തേക്കാം; ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാനാകുമെന്ന് പഠനറിപ്പോർട്ട്
ന്യൂഡൽഹി: ദിവസവും വെറും അഞ്ച് മിനിറ്റ് മഹാമൃത്യുഞ്ജയ മന്ത്രമോ ശാന്തി മന്ത്രമോ ജപിച്ച്, തുടർന്ന് അഞ്ച് മിനിറ്റ് വിശ്രമിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനഭാരം കുറയ്ക്കാനും ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കാനും സഹായകമായേക്കാമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY) നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഗവേഷണഫലങ്ങൾ ഈ മാസം International Journal of Biological and Medical Research-ൽ പ്രസിദ്ധീകരിച്ചു.
പഠനത്തിനിടെ മന്ത്രജപം നടക്കുന്ന സമയത്ത് ഹൃദയസംബന്ധമായ ചില പ്രവർത്തനങ്ങളിൽ നേരിയ വർധനവ് കണ്ടെങ്കിലും, തുടർന്ന് അഞ്ച് മിനിറ്റ് വിശ്രമിച്ചതോടെ ശരീരം വ്യക്തമായ വിശ്രമാവസ്ഥയിലേക്ക് മാറിയതായി ഗവേഷകർ കണ്ടെത്തി. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഹൃദയത്തിന് ആവശ്യമായ ഓക്സിജന്റെ അളവ് സൂചിപ്പിക്കുന്ന റേറ്റ് പ്രഷർ പ്രോഡക്റ്റ് (RPP), ഹൃദയത്തിന്റെ പ്രവർത്തനഭാരം വ്യക്തമാക്കുന്ന ഡബിൾ പ്രോഡക്റ്റ് എന്നിവയിൽ ശ്രദ്ധേയമായ കുറവ് രേഖപ്പെടുത്തി.
പഠനത്തിൽ പങ്കെടുത്തവരിൽ മഹാമൃത്യുഞ്ജയ മന്ത്രം ജപിച്ചവർക്കാണ് ശ്വസനനിരക്കിൽ കൂടുതൽ കുറവ് കണ്ടെത്തിയത്. എന്നാൽ രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ, പൾസ് പ്രഷർ, ശരാശരി രക്തസമ്മർദ്ദം എന്നിവയിൽ കാര്യമായ മാറ്റമുണ്ടായില്ല.
മന്ത്രജപം ശരീരത്തിലെ പാരാസിംപതറ്റിക് നാഡീവ്യവസ്ഥയെ കൂടുതൽ സജീവമാക്കി സ്വാഭാവിക വിശ്രമപ്രതികരണം ശക്തിപ്പെടുത്താൻ സഹായിക്കാമെന്നും അതുവഴി ഹൃദയ-രക്തചംക്രമണ സംവിധാനത്തിന് ആശ്വാസം ലഭിക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു.
"Immediate Effect of Shanti Mantra and Mahamrityunjay Mantra Chanting on Physiological Variables" എന്ന പഠനത്തിന് എംഡിഎൻഐവൈയിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ഇന്ദു ശർമ്മ, ഡോ. രമേശ്വർ പാൽ എന്നിവർ നേതൃത്വം നൽകി. മുൻ വിദ്യാർഥികളായ ലാൻസി, തൻവാംഗി എന്നിവരും ഗവേഷകസംഘത്തിലുണ്ടായിരുന്നു.
30 ബിരുദ, ബിരുദാനന്തര യോഗ വിദ്യാർഥികളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഇവരെ രണ്ട് ഗ്രൂപ്പുകളാക്കി അഞ്ച് മിനിറ്റ് ശാന്തി മന്ത്രമോ മഹാമൃത്യുഞ്ജയ മന്ത്രമോ ജപിപ്പിച്ചു. ജപത്തിന് മുമ്പും, ജപിക്കുന്ന സമയത്തും, അഞ്ച് മിനിറ്റ് വിശ്രമത്തിന് ശേഷവും വിവിധ ശാരീരിക സൂചികകൾ വിലയിരുത്തി.
വെറും അഞ്ച് മിനിറ്റ് മന്ത്രജപത്തിനും ചെറിയ വിശ്രമത്തിനും ശേഷമുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ പോലും അളക്കാൻ കഴിയുന്നതാണെന്ന് ഡോ. ഇന്ദു ശർമ്മ വ്യക്തമാക്കി. യോഗാധിഷ്ഠിത ആരോഗ്യപരിപാലനത്തിൽ മന്ത്രജപം ഉൾപ്പെടുത്തുന്നതിന് ഈ കണ്ടെത്തലുകൾ പ്രചോദനമാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, പഠനം ആരോഗ്യവാന്മാരായ യുവ യോഗ വിദ്യാർഥികളിൽ മാത്രമാണ് നടത്തിയതെന്നും, മന്ത്രജപത്തിന്റെ ഉടനടി ഫലങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി. വിവിധ പ്രായക്കാരെയും രോഗാവസ്ഥയിലുള്ളവരെയും ഉൾപ്പെടുത്തി ദീർഘകാല പഠനങ്ങൾ നടത്തിയ ശേഷമേ ചികിത്സാരംഗത്ത് ഇതിന്റെ പ്രായോഗിക സാധ്യതകൾ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താനാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
