എന്താണ് ചതുര്‍യുഗങ്ങള്‍ ?
നാട്ടില്‍ അക്രമവും അരാജകത്വവുമൊക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ പഴമക്കാര്‍ പറയും 'കലികാലം- അല്ലാണ്ടെന്താ... യഥാര്‍ത്ഥത്തില്‍ എന്താണ് കലിയുഗം? കലിയുഗത്തില്‍ അക്രമവും അരാജകത്വവുമൊക്കെ കൊടികുത്തി വാഴുമോ? അതറിയണമെങ്കില്‍ എന്താണ് യുഗമെന്നും, യുഗങ്ങള്‍ എത്രയെന്നും, ഏതൊക്കെയെന്നും ഓരോ യുഗത്തിലും എന്തൊക്കെ സംഭവിക്കുമെന്നാണ് പുരാണങ്ങളില്‍ പറയുന്നതെന്നും അറിയണം.'
നാട്ടില്‍ അക്രമവും അരാജകത്വവുമൊക്കെ അരങ്ങുതകര്‍ക്കുമ്പോള്‍ പഴമക്കാര്‍ പറയും 'കലികാലം- അല്ലാണ്ടെന്താ... യഥാര്‍ത്ഥത്തില്‍ എന്താണ് കലിയുഗം? കലിയുഗത്തില്‍ അക്രമവും അരാജകത്വവുമൊക്കെ കൊടികുത്തി വാഴുമോ? അതറിയണമെങ്കില്‍ എന്താണ് യുഗമെന്നും, യുഗങ്ങള്‍ എത്രയെന്നും, ഏതൊക്കെയെന്നും ഓരോ യുഗത്തിലും എന്തൊക്കെ സംഭവിക്കുമെന്നാണ് പുരാണങ്ങളില്‍ പറയുന്നതെന്നും അറിയണം.'
ഹൈന്ദവ വിശ്വാസപ്രകാരം അനന്തമായ കാലത്തെ കാലചക്രങ്ങളായിട്ടാണ് വിഭജനം ചെയ്തിരിക്കുന്നത്. അതില്‍ ഒട്ടനേകം വര്‍ഷങ്ങള്‍ കൂടിയ ഓരോ ഘട്ടത്തേയും ഓരോ യുഗമായി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്‍റ അവസാനയുഗമായ കലിയുഗത്തിന്‍റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കള്‍ ആവര്‍ത്തിക്കുന്നതുപോലെ ഈ ചതുര്‍യുഗങ്ങള്‍(മഹായുഗങ്ങള്‍) ആവര്‍ത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. 43,20,000 വര്‍ഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. ഇതനുസരിച്ച് കൃതയുഗം 17,28,000 വര്‍ഷവും, ത്രേതായുഗം 12,96,000 വര്‍ഷവും, ദ്വാപരയുഗം 64,000 വര്‍ഷവും, കലിയുഗം 4,32,000 വര്‍ഷവുമാണ്.
ഓരോ മഹായുഗത്തിലും കൃതയുഗം മുതല്‍ കലിയുഗം വരെയുള്ള ഓരോ യുഗത്തിലും ധര്‍മ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവയ്ക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധര്‍മ്മസമ്പൂര്‍ണ്ണമാണ്. ത്രേതായുഗത്തില്‍ ധര്‍മ്മത്തിന് മൂന്നുപാദവും അധര്‍മ്മത്തിന് ഒരു പാദവും ഉണ്ട്. ദ്വാപരയുഗത്തില്‍ ധര്‍മ്മത്തിനും അധര്‍മ്മത്തിനും ഈരണ്ട് പാദങ്ങള്‍ വീതമാണുള്ളത്. എന്നാല്‍ കലിയുഗത്തില്‍ ധര്‍മ്മത്തിന് ഒരു പാദമേയുള്ളൂ. മൂന്നുപാദം അധര്‍മ്മത്തിനാണ്.
അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഓരോ യുഗത്തിലും 400 വര്‍ഷം, 300 വര്‍ഷം, 200 വര്‍ഷം, 100 വര്‍ഷം എന്ന രീതിയില്‍ കുറഞ്ഞുവരികയും ചെയ്യും. അധര്‍മ്മം പെരുകിവരുന്ന കലിയുഗത്തിന്‍റെ അന്ത്യത്തില്‍ ധര്‍മ്മസംസ്ഥാപനത്തിനായി മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കല്‍ക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.
കൃതയുഗം
ഭാരതീയ വിശ്വാസമനുസരിച്ച് നാല് യുഗങ്ങളില്‍(ചതുര്‍യുഗങ്ങള്‍) ആദ്യത്തേതാണ് കൃതയുഗം. കൃതം എന്നാല്‍ നാല് എന്നാണ് അര്‍ത്ഥം. അതായത് മഹാവിഷ്ണുവിന്‍റെ ദശാവതാരത്തിലെ നാല് അവതാരങ്ങള്‍ മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം ഈ യുഗത്തിലായിരുന്നു. 1,72,8000 മനുഷ്യവര്‍ഷങ്ങള്‍, അതായത് 4800 ദേവവര്‍ഷങ്ങള്‍ ചേരുമ്പോഴാണ് ഈ യുഗത്തിന്‍റെ കാലയളവ് എത്തുന്നത്. ഹൈന്ദവ പുരാണങ്ങള്‍ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നത്.
കൃതയുഗത്തിന്‍റെ മറ്റൊരു പേരാണ് സത്യയുഗം. ആദിയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു.
അന്നേദിവസമാണ് ഹൈന്ദവര്‍ അക്ഷയതൃതീയ ആഘോഷിക്കുന്നത്. കൃതയുഗം സത്യത്തിന്‍റെയും ധര്‍മ്മത്തിന്‍റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധര്‍മ്മവും കുറഞ്ഞുവരികയും, ഓരോ യുഗം കഴിയുന്തോറും അധര്‍മ്മം പെരുകി വരുമെന്നും, ഇത് ഇല്ലാതാക്കാന്‍ അവതാരങ്ങള്‍ പിറവിയെടുക്കുമെന്നും പുരാണങ്ങള്‍ പറയുന്നു. ആദ്യയുഗമായ സത്യയുഗത്തില്‍ മനുഷ്യരെല്ലാം സമ്പൂര്‍ണ്ണമായി ധാര്‍മ്മികതയിലായിരുന്നു എന്നാണ് വിശ്വാസം. മനുഷ്യരെല്ലാവരും ദൈവത്തിന് തുല്യമായിരുന്നു. സത്യയുഗത്തില്‍ യുദ്ധം നടക്കുന്നത് രണ്ട് ലോകങ്ങള്‍ തമ്മിലായിരുന്നു. ദേവലോകവും അസുരലോകവും തമ്മില്‍. അതായത് ധര്‍മ്മവും അധര്‍മ്മവും തമ്മില്‍.
ത്രേതായുഗം
നാല് യുഗങ്ങളില്‍ രണ്ടാമത്തേതാണ് ത്രേതായുഗം. തൃ= മൂന്ന് എന്നാണല്ലോ അര്‍ത്ഥം. മഹാവിഷ്ണുവിന്‍റെ ദശാവതാരത്തിലെ മൂന്ന് അവതാരങ്ങള്‍ ഈ യുഗത്തിലായിരുന്നു. വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍ എന്നിവയാണ് ആ മൂന്ന് അവതാരങ്ങള്‍. 12,96,000 മനുഷ്യവര്‍ഷങ്ങള്‍, അതായത് 3600 ദേവവര്‍ഷങ്ങള്‍ ചേരുമ്പോഴാണ് ഈ യുഗത്തിന്‍റെ കാലയളവ് എത്തുന്നത്. ധര്‍മ്മത്തിനും അധര്‍മ്മത്തിനും മൂന്ന് പാദങ്ങള്‍ വീതം ത്രേതായുഗത്തില്‍ ഉണ്ടായിരിക്കും. പുരുഷനില്‍ യൗവ്വനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തില്‍ ത്രേതായുഗം എന്നാണ് പറയുന്നത്. കൃതയുഗം ബാല്യവും, ത്രേതായുഗം യൗവനവും, ദ്വാപരം അതിന്‍റെ വാര്‍ദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.
ലോകയുഗത്തിന് മുന്‍പ് ശിലായുഗത്തിലായിരുന്നു ത്രേതായുഗം എന്ന് കരുതുന്നുവെങ്കിലും ശാസ്ത്രം അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. മറ്റ് യുഗങ്ങളിലേതുപോലെ തന്നെ ത്രേതായുഗത്തിലും വര്‍ണാശ്രമ ധര്‍മ്മങ്ങള്‍, വ്യവസ്ഥിതികള്‍ മുതലായവ ഉണ്ടായിരുന്നതായി ഹൈന്ദവ പുരാണങ്ങള്‍ സാക്ഷ്യം പറയുന്നു. ത്രേതായുഗത്തില്‍ മഹാവിഷ്ണു രാമനായി ജനിച്ചുവെന്നും ധര്‍മ്മസംസ്ഥാപനം നടത്തിയെന്നും പറയുന്നു.
ദ്വാപരയുഗം
ചതുര്‍യുഗങ്ങളില്‍ മൂന്നാമത്തേതാണ് ദ്വാപരയുഗം. ദ്വാ= രണ്ട് എന്നര്‍ത്ഥം. മഹാവിഷ്ണുവിന്‍റെ രണ്ട് അവതാരങ്ങള്‍ ഈ യുഗത്തിലായിരുന്നു. ബലരാമനും ശ്രീകൃഷ്ണനും. ദ്വാപരനാണ് ഈ യുഗത്തിന്‍റെ നാഥന്‍ എന്നാണ് സങ്കല്‍പ്പം. 8,64,000 മനുഷ്യവര്‍ഷങ്ങള്‍, അതായത് 2400 ദേവവര്‍ഷങ്ങള്‍ ചേരുമ്പോഴാണ് ദ്വാപരയുഗത്തിന്‍റെ കാലയളവ് എത്തുന്നത്. ഈ യുഗത്തില്‍ ധര്‍മ്മത്തിനും അധര്‍മ്മത്തിനും ഈ രണ്ട് പാദങ്ങള്‍ വീതമാണ് പറയുന്നത്. സംശയത്തിന്‍റെ കാലഘട്ടമായിട്ടാണ് ദ്വാപരയുഗം അറിയപ്പെടുന്നത്.
കൃതയുഗത്തിലെയും ത്രേതായുഗത്തിലെയും പോലെ തന്നെയാണ് ദ്വാപരയുഗത്തിലും വര്‍ണാശ്രമങ്ങള്‍, വ്യവസ്ഥിതികള്‍ മുതലായവ. ദ്വാപരയുഗത്തില്‍ മഹാവിഷ്ണുവിന്‍റെ അംശാവതാരമായി വ്യാസന്‍ അവതരിക്കുകയും, വേദങ്ങള്‍ പകുക്കുകയും, ഇതിഹാസ പുരാണാദികള്‍ രചിക്കുകയും ചെയ്തു എന്നാണ് ഹൈന്ദവ വിശ്വാസം.
ദ്വാപരയുഗത്തില്‍ നീതിന്യായങ്ങള്‍ തുലോം കുറഞ്ഞുപോയതായും ആ സ്ഥാനത്ത് അധര്‍മ്മം നടമാടിയതായും, കൃത-ത്രേതായുഗങ്ങളിലേതിനേക്കാള്‍ കൂടുതലായി മനുഷ്യര്‍ക്ക് രോഗങ്ങളും കഷ്ടതകളും ഉണ്ടായതായും പറയപ്പെടുന്നു. ഈ യുഗത്തില്‍ ധര്‍മ്മസംസ്ഥാപനത്തിനായി മഹാവിഷ്ണു ശ്രീകൃഷ്ണനായി അവതരിച്ചു എന്നാണ് വിശ്വാസം. ദ്വാപരയുഗത്തില്‍ മനുഷ്യായുസ് ഗണ്യമായി കുറഞ്ഞതായും കരുതുന്നു.
വിഷ്ണുപുരാണം അനുസരിച്ച് കൃഷ്ണന്‍ ഭൂമി വിട്ട ഉടനെ ദ്വാപരയുഗം അവസാനിച്ചു.
കൃഷ്ണന്‍ ഭൂമിയിലേക്ക് കൊണ്ടുവന്ന സ്വര്‍ഗ്ഗീയകൊട്ടാരവും പാരിജാതവൃക്ഷവും സുധര്‍മ്മന്‍ സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. ഹരി ഭൂമിയില്‍ നിന്ന് വേര്‍പിരിഞ്ഞ അതേദിവസം തന്നെ ശക്തമായ, ഇരുണ്ട ശരീരമുള്ള കലിയുഗം ആരംഭിച്ചു. ഭഗവാന്‍ കൃഷ്ണന്‍ ഉദ്ധവനോട് പറയുന്നു. ഞാന്‍ ഈ ലോകം ഉപേക്ഷിക്കുന്നതോടെ അതിലെ ശുഭകരമായതെല്ലാം തീര്‍ച്ചയായും നഷ്ടപ്പെടും. ഹേ പുണ്യാത്മാവേ... കലിയുഗം അഃിനെ വേഗത്തില്‍ കീഴടക്കും. ഞാന്‍ പോകുമ്പോള്‍ നീ ഈ ഭൂമിയില്‍ വസിക്കരുത്. നീ പാപമില്ലാത്തവനാണ്. എന്നിരുന്നാലും കലിയുഗത്തില്‍ ആളുകള്‍ പാപത്താല്‍ നിറഞ്ഞിരിക്കും.
കലിയുഗം
ചതുര്‍യുഗങ്ങളില്‍ അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്‍റെ നാഥന്‍ കലി ആണെന്നാണ് സങ്കല്‍പ്പം. മഹാവിഷ്ണുവിന്‍റെ എതിര്‍മൂര്‍ത്തിയായ കലിയെ പുരാണങ്ങളില്‍ അസുരനായാണ് പരാമര്‍ശിച്ചിട്ടുള്ളത്. മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളില്‍ അവസാനത്തേതായ കല്‍ക്കി ഈ യുഗത്തിലാണ്. അവതാരം എടുക്കുന്നതെന്ന് വിശ്വസിക്കുന്നു. 432000 മനുഷ്യവര്‍ഷങ്ങള്‍, അതായത് 1200 ദേവവര്‍ഷങ്ങള്‍ ചേരുമ്പോഴാണ് ഈ യുഗത്തിന്‍റെ കാലയളവ് എത്തുന്നത്. ധര്‍മ്മത്തിന് ഒരു പാദവും അധര്‍മ്മത്തിന് മൂന്ന് പാദവുമാണ് കലിയുഗത്തില്‍ ഉണ്ടായിരിക്കുക. കലിയുഗത്തിലെ ഈ അവസാനത്തെ യുഗത്തിനെ ഹൈന്ദവപുരാണങ്ങള്‍ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.
ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ട് അയ്യായിരത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നാണ് കരുതപ്പെടുന്നത്.
മഹാഭാരതത്തിലെ ദുര്യോധനന്‍ കലിയുഗത്തിന്‍റെ അവതാരമായിരുന്നു. അതുകൊണ്ടാണ് അയാള്‍ അത്യധികം കോപിഷ്ടനായി കാണപ്പെട്ടത്. കലിയുഗത്തില്‍ ലോകത്തില്‍ കൂടുതലായി നടക്കുന്നത് പാപത്തിന്‍റെ പ്രവര്‍ത്തനമാണ്. 'തനയനെ ജനകന്‍ തിന്നും; ജനകനെ തനയന്‍ തിന്നും' എന്നാണ് കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ച് മുനിമാര്‍ പാടിയിട്ടുള്ളത്. കലിയുടെ പ്രേരണയാല്‍ ലോകത്താകമാനം അധര്‍മ്മം നടമാടുമെന്നും, സത്യത്തിന് വിലയുണ്ടാകില്ലെന്നും, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പ്രബലകളാകുമെന്നും, പിടക്കോഴി കൂകുന്ന കാലം ആയിരിക്കുമെന്നുമാണ് പൗരാണികര്‍ പാടിയിരുന്നത്. മനുഷ്യന്‍റെ ധര്‍മ്മബോധം കുറയും. പണത്തിന് മാത്രമാകും പ്രസക്തി. പണത്തിനുവേണ്ടി മനുഷ്യന്‍ എന്ത് ക്രൂരതയും ചെയ്യും. പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭവും കലിയുഗത്തില്‍ കൂടുതലായി നടക്കും.
കലിയുഗത്തിന്‍റെ അവസാനത്തോടടുക്കുമ്പോള്‍, പുണ്യങ്ങള്‍ ഏറ്റവും മോശമായ അവസ്ഥയിലായിരിക്കുമ്പോള്‍ ഒരു മഹാദുരന്തവും ധര്‍മ്മത്തിന്‍റെ പുനഃസ്ഥാപനവും സംഭവിക്കുമെന്നും, അത് അടുത്ത ചക്രത്തിലെ കൃത(സത്യ) യുഗത്തിന് തുടക്കമിടും എന്നുമാണ് പറഞ്ഞിട്ടുള്ളത്.
ആരാണ് കലി?
കലിയുഗത്തിന്‍റെ അധികാരിയായ 'കലി'യെക്കുറിച്ചുകൂടി പറഞ്ഞാല്‍ മാത്രമേ, നാം ഇപ്പോള്‍ ജീവിക്കുന്ന ഈ യുഗത്തെക്കുറിച്ച് ശരിയായ ഒരറിവ് ലഭിക്കുകയുള്ളൂ.
ശ്രീകൃഷ്ണന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനും പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിനുംശേഷം ഹസ്തിനപുരിയുടെ യുവരാജാവായ പരീക്ഷിത്ത് യാത്രാവേളയില്‍ ഇരുമ്പുതൊപ്പിയും കുടിലമുഖവുമുള്ള ഒരപരിചിതനെ ആകസ്മികമായി കണ്ടുമുട്ടുന്നു. അയാള്‍ ഒരു കാളയുടെ നാലാമത്തെ കാല്‍ ഒടിക്കാന്‍ ശ്രമിക്കുകയാണ്. കാള വളരെ ദയനീയമായി കരയുകയാണ്. അതിന്‍റെ മറ്റ് മൂന്ന് കാലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നു. പരീക്ഷിത്ത് അപരിചിതനുമായി വഴക്കായി. യുദ്ധമായി. ഒടുവില്‍ അപരിചിതന്‍ അടിയറവ് പറയുന്നു. ശേഷം അയാള്‍ സ്വയം പരിചയപ്പെടുത്തി. ഞാന്‍ കലിയെന്നുപേരുള്ളവനും ഈ യുഗത്തിന്‍റെ അധികാരിയുമാണ്.
കലി കാലൊടിക്കാന്‍ ശ്രമിച്ച കാള, ധര്‍മ്മമായിരുന്നു. ധര്‍മ്മത്തിന് നാല് കാലുകളുണ്ട്. ദയ, ദാനം, ശുചിത്വം, സത്യം. സത്യയുഗത്തില്‍ ധര്‍മ്മത്തിന് ഈ നാല് പാദങ്ങളും ഉണ്ടായിരിക്കും. ക്രമേണ മനുഷ്യന്‍റെ സ്വാര്‍ത്ഥത വര്‍ദ്ധിക്കുംതോറും ത്രേതായുഗത്തില്‍ ദയ ഇല്ലാതാവുകയും ദ്വാപരയുഗത്തില്‍ ദാനം ഇല്ലാതാവുകയും, കലിയുഗത്തില്‍ ശുചിത്വം ഇല്ലാതെ പോവുകയും ചെയ്യും. നാലാം കാലായ സത്യത്തെ ഒടിക്കാനാണ് കലി ശ്രമിച്ചതെങ്കിലും നടന്നില്ല. അതിനര്‍ത്ഥം സത്യമെന്ന ഏകപാദത്തില്‍ കലിയുഗത്തില്‍ ധര്‍മ്മം നിലകൊള്ളുമെന്നാണ്.
