ചെറുകുന്നിലമ്മയും തളിപ്പറമ്പത്തപ്പനും ഭാര്യാഭര്‍ത്താക്കന്മാരായ കഥ

ചെറുകുന്നിലമ്മയും തളിപ്പറമ്പത്തപ്പനും ഭാര്യാഭര്‍ത്താക്കന്മാരായ കഥ

HIGHLIGHTS

നാടോടി- കോതാരിപ്പാട്ടില്‍ രാജരാജേശ്വര- അന്നപൂര്‍ണ്ണേശ്വരിമാരുടെ ഭാര്യാഭര്‍ത്തൃസങ്കല്‍പ്പത്തെക്കുറിച്ചുള്ള അപദാനങ്ങള്‍ പ്രസിദ്ധമാണ്. അക്കഥ ഇപ്രകാരമാണ്.

പൊന്നും കോരിക തന്നില്‍ നിറച്ചോരന്നം കോരി വിളമ്പുന്നേരം
പൊന്നുനിറഞ്ഞൊരു പഥികജനത്തിനു പൂര്‍ണ്ണത ചേര്‍ക്കും ഭുവനേശ്വരി ജയ

കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ദേവീക്ഷേത്രമാണ് ചെറുകുന്നത്ത് അന്നപൂര്‍ണ്ണേശ്വരിയുടേത്. ഈ ക്ഷേത്രത്തിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമുണ്ട്. രാജരാജേശ്വരന്‍റെ പത്നിയായിട്ടാണ് അന്നപൂര്‍ണ്ണേശ്വരി സങ്കല്‍പ്പം. മൂഷികരാജാവായിരുന്ന വല്ലഭനാണ് ചെറുകുന്നത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. ദേവിയെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുവാനായി പഞ്ചലോഹത്തില്‍ ദേവീവിഗ്രഹം തീര്‍ത്തപ്പോള്‍ അത് കറുത്തതായി കാണപ്പെട്ടു. 

വീണ്ടും തയ്യാറാക്കിയപ്പോഴും വിഗ്രഹം കറുത്തതായിട്ടാണ് കണ്ടത്. അതില്‍ ദുഃഖിതനായ രാജാവിന്‍റെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷയായി തന്‍റെ യഥാര്‍ത്ഥനിറം കറുപ്പാണെന്ന് അരുളിചെയ്തു. ആ സങ്കല്‍പ്പത്തിലുള്ള അന്നപൂര്‍ണ്ണേശ്വരി ദേവിയെ ശിവപത്നിയായി കണക്കാക്കുന്നു. കോലാര്യവംശജയായ ഒരു കന്യക യമുനാനദിക്കരയില്‍ നിന്നും ഇവിടെയെത്തിയെന്നും അത് കാശ്മീരിലെ സാക്ഷാല്‍ അന്നപൂര്‍ണ്ണേശ്വരിയാണെന്നും (വൈഷ്ണവ ദേവി) ഒരു വിശ്വാസം ജനങ്ങളിലുണ്ട്. 

പില്‍ക്കാലത്ത് ആ ദേവിയാണ് ചെറുകുന്നത്തമ്മയായി പരിണമിച്ചതെന്നും പറയപ്പെടുന്നു.
തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രം പെരുഞ്ചല്ലൂര്‍ തൃക്കോവിലിന്‍റെ പേരില്‍ പ്രസിദ്ധമാണ്. അവിടുത്തെ ശ്രീ പരമേശ്വരന്‍ ഭര്‍ത്താവാണെന്ന സങ്കല്‍പ്പത്തില്‍ ചെറുകുന്നത്ത് ക്ഷേത്രത്തില്‍ അന്നപൂര്‍ണ്ണേശ്വരിയുടെ ശ്രീകോവിലിന്‍റെ നാലമ്പലത്തിന്‍റെ തെക്കുഭാഗത്ത് ഒരു പീഠം വച്ചിട്ടുമുണ്ട്. അത് തളിപ്പറമ്പ് രാജരാജേശ്വരന്‍റെ സന്നിധാനമാണെന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് ക്ഷേത്രാചാരം അനുസരിച്ച് ചെറുകുന്നില്‍ അവിടെക്കൂടി തൊഴുതു വന്ദിക്കേണ്ടതുണ്ട്.

നാടോടി- കോതാരിപ്പാട്ടില്‍ രാജരാജേശ്വര- അന്നപൂര്‍ണ്ണേശ്വരിമാരുടെ ഭാര്യാഭര്‍ത്തൃസങ്കല്‍പ്പത്തെക്കുറിച്ചുള്ള അപദാനങ്ങള്‍ പ്രസിദ്ധമാണ്. അക്കഥ ഇപ്രകാരമാണ്.

ഒരിക്കല്‍ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രദര്‍ശനം നടത്തി അവിടുത്തെ വിഭവസമൃദ്ധമായ ഊണും കഴിച്ച രണ്ട് കുട്ടികള്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലുമെത്തി. അവരുടെ വാക്കുകളില്‍ അന്നപൂര്‍ണ്ണേശ്വരിയുടെ അത്ഭുതകരമായ അന്നദാനത്തെപ്പറ്റി മനസ്സിലാക്കിയ രാജാധിരാജന്‍ സര്‍വ്വാഭരണ വിഭൂഷിതനായി പട്ടുവസ്ത്രങ്ങളണിഞ്ഞ് ചെറുകുന്നിലെത്തി. ദേവി ആ സമയത്ത് അഗ്രശാലയിലായിരുന്നു. സ്വയംപരിചയപ്പെടുത്തിയ മഹാദേവന്‍ തളിപ്പറമ്പത്തപ്പനാണെന്ന് മനസ്സിലാക്കിയ ദേവി തന്നെ കാണാനെത്തുന്ന ഭക്തര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കാന്‍ ഇനിയും സ്വത്തുക്കള്‍ ആവശ്യമാണെന്ന് അറിയിച്ചു. 

ആ സമയത്തുതന്നെ ഐശ്വര്യപ്രഭുവായ ദേവനോട് ദേവിക്ക് അനുരാഗവും ഉണ്ടായി. അഗ്രശാലയ്ക്കുള്ളില്‍ നിന്ന ദേവി തനിക്ക് പുറത്തുവരാന്‍ വിശേഷപ്പെട്ട വസ്ത്രങ്ങളില്ലെന്നു പറഞ്ഞപ്പോള്‍ ഉടനെ ദേവദേവന്‍ താനണിഞ്ഞിരുന്ന വിശേഷപ്പെട്ട പട്ടുവസ്ത്രങ്ങളില്‍ ചിലത് അഴിച്ചുകൊടുത്തു. അണിയുവാന്‍ ആഭരണങ്ങളില്ലെന്ന് അറിയിച്ചപ്പോള്‍ അതിവിശിഷ്ടമായ ആഭരണങ്ങളെല്ലാം നല്‍കി.

അങ്ങനെ അണിഞ്ഞൊരുങ്ങി തന്‍റെ മുന്നില്‍ പ്രത്യക്ഷയായ അന്നപൂര്‍ണ്ണേശ്വരിയെക്കണ്ട് ദേവനും ദേവിയോട് കലശലായ അനുരാഗം തോന്നുകയും തന്നോടൊത്ത് തളിപ്പറമ്പിലേയ്ക്ക് പുറപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വഴിയില്‍വച്ച് ഭഗവാന്‍ തന്‍റെ അധീനതയിലുള്ള നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍തോപ്പുമെല്ലാം ദേവന്‍ ദേവിക്ക് കാണിച്ചുകൊടുത്തു. അതെല്ലാം തന്‍റെ ഭക്തര്‍ക്ക് അന്നദാനം ചെയ്യാന്‍ തരണമെന്ന് ദേവി ഭഗവാനോട് പറഞ്ഞു. ദേവിയുടെ ആഗ്രഹം കേട്ട ഭഗവാന്‍ അതെല്ലാം ഇനി ചെറുകുന്നുദേവിയുടെ സ്വന്തമാണെന്നുപറഞ്ഞ് നല്‍കുകയും ചെയ്തു. ഇപ്രകാരം എല്ലാ വസ്തുവകകളും ചെറുകുന്നിലമ്മയുടെ അധീനതയിലായി. 

ഒടുവില്‍ തളിപ്പറമ്പത്തപ്പന് ബോധം ഉണര്‍ന്നത് തന്‍റെ ക്ഷേത്രമതില്‍ക്കെട്ടുകണ്ടപ്പോഴാണ്. ഇതിനകം തന്‍റെ സ്വത്തുവകകളെല്ലാം സ്വന്തമാക്കിയ ദേവി ഇനി ക്ഷേത്രം കൂട്ടി ചോദിച്ചേക്കുമോ എന്ന് സംശയിച്ച ദേവന്‍ ചുറ്റുമതിലിനകത്തുകയറി പടിഞ്ഞാറെ നടവാതില്‍ കൊട്ടിയടച്ചു. എന്നിട്ട് ദേവിയോട് ചെറുകുന്നിലമ്മയ്ക്കുതന്നെ പൊയ്ക്കോളൂ, ഇനി താനെന്നും അവിടെ വന്ന് കണ്ടുകൊള്ളാം എന്ന് അറിയിക്കുകയും ചെയ്തു. അതിനുശേഷം ആ വാതില്‍ തുറക്കാറില്ല എന്നുപറയപ്പെടുന്നു. ഈ നാടോടിക്കഥയുടെ പൊരുളെന്തായാലും ദിവസവും രാത്രി ശ്രീപരമേശ്വരന്‍ തന്‍റെ പത്നീസവിധത്തില്‍ എത്താറുണ്ടെന്നതാണ് സങ്കല്‍പ്പം. വിഭവസമൃദ്ധമായ അത്താഴം അന്നദായനികൂടിയായ ദേവി ഭര്‍ത്താവിന് വിളമ്പിക്കൊടുക്കുകയും ചെയ്യുന്നു. 
അതുകൊണ്ടുതന്നെ തളിപ്പറമ്പ് ക്ഷേത്രത്തില്‍ അത്താഴപൂജ വളരെ ലളിതമായാണ് നിര്‍വ്വഹിക്കുന്നത്.

ചെറുകുന്ന് ക്ഷേത്രത്തിലെ വിഷുവിളക്ക് ഉത്സവം പ്രധാനമാണ്. രണ്ടാം ദിവസം മുതല്‍ അന്നപൂര്‍ണ്ണേശ്വരിയുടെ തിടമ്പെടുക്കുന്നത് തളിപ്പറത്തപ്പന്‍റെ ആനപ്പുറത്താണ്. ഉത്സവത്തിന്‍റെ രണ്ടാം ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് തളിപ്പറമ്പ് ക്ഷേത്രത്തില്‍ നിന്നും തൃക്കണികണ്ട ഉടന്‍തന്നെ ഭഗവാന്‍റെ ഗജവീരന്‍ ചെറുകുന്നിലേയ്ക്ക് യാത്ര തിരിക്കും. ക്ഷേത്രത്തിലെത്തുന്ന ആനയെ ഭക്ത്യാദരങ്ങളോടെ ആഘോഷമായി സ്വീകരിക്കപ്പെടുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം ഈ ആനപ്പുറത്ത് തിടമ്പെഴുന്നെള്ളിക്കുന്ന ചടങ്ങ് ഇന്നും അഭംഗുരം തുടര്‍ന്നുവരുന്നു.

യഥാര്‍ത്ഥത്തില്‍ മഹാവിഷ്ണു ക്ഷേത്രമാണെങ്കിലും പാര്‍വ്വതിദേവിയുടെ അന്നപൂര്‍ണ്ണേശ്വരി ഭാവത്തിനാണ് ഇവിടെ പ്രധാനം. വിഷ്ണുഭക്തപ്രിയനായ വില്വമംഗലം സ്വാമി ഒരിക്കല്‍ കോലത്തുനാട്ടില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരിക്കല്‍ ഈ പ്രദേശത്ത് എത്തിയെന്നും അന്നപൂര്‍ണ്ണേശ്വരിയുടെ സാന്നിധ്യം തത്സമയം കാണാത്തതിനാല്‍ അഗ്രശാലയില്‍ പോയപ്പോള്‍ ഒരമ്മ ചോറ് വിളമ്പുന്നതായാണ് കണ്ടതെന്നും സ്വാമി അംബികയെ വണങ്ങിയ നേരത്ത് ദേവി അദ്ദേഹത്തിന്‍റെ ഉത്തരീയത്തില്‍ ചോറും വിഭവങ്ങളും വിളമ്പിയെന്നതും ഐതിഹ്യമാണ്. പിന്നീട് വീണ്ടും അമ്പലത്തില്‍ കടന്ന വില്വമംഗലം ഭഗവതിയുടെ മുമ്പിലുള്ള നമസ്ക്കാര മണ്ഡപത്തിലിരുന്ന് ഊണ് കഴിക്കുകയും ആ എച്ചിലില അവിടെത്തന്നെ സ്ഥാപിക്കണമെന്ന്  പിന്നീട് ക്ഷേത്രം കാര്യസ്ഥനെ അറിയിച്ചെങ്കിലും പുറത്തെ തിരുമുറ്റത്ത് കുഴിച്ചിട്ടതായി അറിഞ്ഞു. 

അമ്മയുടെ തൃക്കൈകൊണ്ട് വിളമ്പിയ ചോറ് ഭക്ഷിച്ചശേഷം ആ എച്ചിലില ആ മഹാദേവിയുടെ തിരുമുറ്റത്തുതന്നെ സ്ഥാപിച്ചിരുന്നെങ്കില്‍ എന്നും പായസം സഹിതം അഗ്രശാലയില്‍ വിഭവസമൃദ്ധമായ ഊട്ട് നടക്കുമായിരുന്നെന്ന് അന്ന് സ്വാമിയാര്‍ പറഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ അടുത്ത വര്‍ഷത്തിലെ വരവിന് വില്വമംഗലത്തിന് കാണാന്‍ കഴിഞ്ഞത് ഊട്ടുപുരയിലെ ഊട്ടുമാത്രമായിരുന്നു.

അന്നദാനപ്രിയയായ മഹാദേവിയുടെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് ചെറുകുന്നിലേതാണ്. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ലോകത്ത് സര്‍വ്വൈശ്വര്യവും നിറഞ്ഞ സുഭിക്ഷതയും നിറവും നല്‍കുന്ന ശ്രീ ജഗദംബികയ്ക്ക് കോടി പുണ്യപ്രണാമം.