കേരളത്തിലെ  കാശി ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

കേരളത്തിലെ കാശി ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം

HIGHLIGHTS

കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് എന്ന ദേശത്താണ് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന്‍റെ സ്ഥാനം.  ഭക്ഷണത്തിന്‍റെ ദേവതയാണ് അന്നപൂര്‍ണ്ണേശ്വരി. പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഐതിഹ്യപരമായ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ പ്രസിദ്ധമായ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നാണ് ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. ഉത്തരേന്ത്യയിലെ കാശി കഴിഞ്ഞാല്‍ കേരളത്തിലെ കാശിയാണ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രമെന്നും പറയാറുണ്ട്.

 

ണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് എന്ന ദേശത്താണ് ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന്‍റെ സ്ഥാനം.  ഭക്ഷണത്തിന്‍റെ ദേവതയാണ് അന്നപൂര്‍ണ്ണേശ്വരി. പരശുരാമനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ഐതിഹ്യപരമായ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഏറെ  പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത് ശ്രീ പാര്‍വ്വതിയുടെ ഭാവഭേദമായ അന്നപൂര്‍ണ്ണേശ്വരി എന്ന ഭഗവതിക്കാണ്. സമൃദ്ധിയുടെയും പോഷണത്തിന്‍റെയും ഈശ്വരദേവതയാണ് 'അന്നപൂര്‍ണ്ണേശ്വരി.'

കാശിയിലെ അന്നപൂര്‍ണ്ണേശ്വരി മൂന്ന് തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലില്‍ ഇവിടെ വന്നുവെന്നും പിന്നീട് ചെറുകുന്നില്‍ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥാനത്തേയ്ക്ക് ഭഗവതി വന്നുവെന്നുമാണ് വിശ്വാസം.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍നിന്നും പരമശിവന്‍ തന്‍റെ ഭാര്യയായ അന്നപൂര്‍ണ്ണേശ്വരിയെ സന്ദര്‍ശിക്കാന്‍ ദിവസവും അത്താഴപൂജയ്ക്കുശേഷം ചെറുകുന്നിലെത്തുമെന്നാണ് സങ്കല്‍പ്പം.

പരാശക്തിയുടെ അന്നപൂര്‍ണ്ണഭാവത്തിന്‍റെ പിന്നിലുള്ള കഥ ഇപ്രകാരമാണ്. തന്‍റെ ഭിക്ഷാടനയോഗത്തെക്കുറിച്ച് ചിന്താമഗ്നനായിരുന്ന മഹാദേവന്‍ ഒരിക്കല്‍ ഭക്ഷണത്തിന് പ്രാധാന്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവത്രെ. ഭക്ഷണമില്ലാതെയും ജീവിക്കാനാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഭക്ഷണത്തിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുവാന്‍ പാര്‍വ്വതി തീരുമാനിക്കുകയുണ്ടായി. ഇതിനായി ശക്തിസ്വരൂപിണിയായ ഭഗവതി സ്വയം അപ്രത്യക്ഷയായി.

അധികം വൈകാതെ തന്നെ ശിവന് ഭക്ഷണത്തിന്‍റെ പ്രാധാന്യം എന്താണെന്ന് ബോധിച്ചു. ഭിക്ഷാടനത്തിന് പോയിട്ടും മഹാദേവന് ഭിക്ഷയായി ഒന്നും ലഭിച്ചില്ല. ആളുകള്‍ വളരെ ദരിദ്രരായി മാറുകയായിരുന്നു. വിശന്നുവലഞ്ഞ മഹാദേവന്‍ ദേവി ഐശ്വര്യദായിനിയായി കാശിയില്‍ പ്രത്യക്ഷപ്പെട്ട്  എല്ലാവര്‍ക്കും ഭക്ഷണം വിളമ്പുന്നതായി അറിഞ്ഞു. അങ്ങനെ പാര്‍വ്വതിക്ക് മുന്നില്‍ ഭക്ഷണം ലഭിക്കാന്‍ പാത്രവുമായി ഭഗവാന് യാചിച്ചു നില്‍ക്കേണ്ടിയും വന്നു. ഭക്ഷണത്തിന്‍റെ ദേവിയായി പാര്‍വ്വതി മാറിയത് ഇങ്ങനെയാണെന്ന് ഐതിഹ്യത്തില്‍ വിവരിക്കുന്നുണ്ട്. ദേവി 'അന്ന'പൂര്‍ണ്ണേശ്വരിയായും ശരീരത്തിന് പോഷണം നല്‍കുന്ന ആളായും അറിയപ്പെടുന്നു.

അത്യധികം സന്തുഷ്ടനായ ഭഗവാന്‍ ഉടനെതന്നെ ഭഗവതിയെ പ്രേമാധിക്യത്തോടുകൂടി കെട്ടിപ്പുണര്‍ന്നു. അപ്പോള്‍ അവരുടെ ശരീരങ്ങള്‍ പരസ്പരം യോജിച്ച് ഐക്യം പ്രാപിച്ചു. ശിവന്‍ അങ്ങനെയാണത്രേ അര്‍ദ്ധനാരീശ്വരനായത്. ലോകര്‍ക്ക് അന്നം ഊട്ടുന്ന ശ്രീപാര്‍വ്വതിയെ അന്നപൂര്‍ണ്ണേശ്വരിയായി സങ്കല്‍പ്പിച്ചിരിക്കുന്നത് അങ്ങനെയാണ്.

1866 ല്‍ അവിട്ടം തിരുനാള്‍ മഹാരാജാവ് ക്ഷേത്രപുനര്‍നിര്‍മ്മാണം ആരംഭിച്ചു. കാലപ്പഴക്കത്താല്‍ ക്ഷേത്രം ഏറിയപങ്കും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. അവിട്ടം തിരുനാള്‍ രാജാവിന്‍റെ കാലശേഷം കേരളവര്‍മ്മ രാജാവാണ് ക്ഷേത്രത്തിന്‍റെ പണികള്‍ പൂര്‍ത്തിയാക്കിയതെന്നും ചരിത്രരേഖകളില്‍ പറയുന്നുണ്ട്.

കേരളത്തിലെ പ്രസിദ്ധമായ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നാണ് ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം. ഉത്തരേന്ത്യയിലെ കാശി കഴിഞ്ഞാല്‍ കേരളത്തിലെ കാശിയാണ് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രമെന്നും പറയാറുണ്ട്.