രണ്ടാംവട്ട പുറപ്പെടാശാന്തിയായി -ധനഞ്ജയന്‍ നമ്പൂതിരി

രണ്ടാംവട്ട പുറപ്പെടാശാന്തിയായി -ധനഞ്ജയന്‍ നമ്പൂതിരി

HIGHLIGHTS

ചെട്ടിക്കുളങ്ങര അമ്മ എന്നെ ഏല്‍പ്പിച്ച ഒരു നിയോഗമാണിത്. അത് ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയണേ എന്നുള്ള പ്രാര്‍ത്ഥയാണുള്ളത്. കാരണം ജനങ്ങള്‍ ഏറെ വിശ്വസിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ നിസ്സാരകാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. അമ്മയെ കാണാന്‍ വരുന്നവര്‍ പലരീതിയില്‍ ദുഃഖവും  പ്രയാസവും ദുരിതവുമൊക്കെ അനുഭവിക്കുന്നവരായിരിക്കും. അവരെ എല്ലാവരേയും പരമാവധി തൃപ്തിപ്പെടുത്തിവിടുക എന്നുള്ളത് പൂജാരിയുടെ കടമയാണ്. ഫലം നല്‍കേണ്ടത് അമ്മയും.

 

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍  സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ  ക്ഷേത്രമാണ് ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം. 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഇവിടെ ഭഗവതിയെ മൂന്ന് രൂപത്തിലാണ് പൂജിക്കുന്നത്. അതിനൊരു കാരണം പറയുന്നത് പ്രഭാതത്തില്‍ മഹാസരസ്വതിയായും ഉച്ചയ്ക്ക് മഹാലക്ഷ്മിയായും വൈകുന്നേരം ശ്രീദുര്‍ഗ്ഗയായും ദേവി മാറുന്നു എന്നാണ് വിശ്വാസം. ദേവിയുടെ ഈ മൂന്ന് ഭാവവ്യത്യാസങ്ങളില്‍ മൂന്നുവിധം പൂജ ചെയ്യുമ്പോള്‍, ഒരേ ദിവസം ഈ മൂന്ന് പൂജയും കണ്ടുതൊഴുന്നത് വലിയ അനുഗ്രഹമാണെന്നും വിശ്വസിച്ചുപോരുന്നു. കേരളത്തില്‍ ശബരിമല ക്ഷേത്രം കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം വരുമാനമുള്ള ചെട്ടിക്കുളങ്ങര ക്ഷേത്രം  ആദിശങ്കരന്‍റെ ശിഷ്യനായ പത്മപാദ ആചാര്യനാണത്രേ നിര്‍മ്മിച്ചത്.

കിഴക്കോട്ട് ദര്‍ശനമായി ആദിപരാശക്തിയുടെ സ്വരൂപമായ ശ്രീഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. ചെട്ടിക്കുളങ്ങര ഉള്‍പ്പെടുന്ന മാവേലിക്കര താലൂക്ക്, കാര്‍ത്തികപ്പള്ളി താലൂക്ക് എന്നിവ ഉള്‍പ്പെടുന്ന പ്രദേശം പൊതുവേ അറിയപ്പെടുന്നത് ഓണാട്ടുകര എന്ന പേരിലാണ്. അതിനാല്‍ ചെട്ടിക്കുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നുവിളിക്കുന്നു. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക് എന്നീ കരകള്‍ ക്ഷേത്രത്തിന്‍റെ നാലുഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. ഇതുകൂടാതെ കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, വേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കവി എന്നിവ കൂട്ടിച്ചേര്‍ത്ത 13 കരകള്‍ക്ക് ദേശദേവതയാണ് ചെട്ടിക്കുളങ്ങര അമ്മ.

ഐതിഹ്യം

ശക്തിസ്വരൂപിണിയായ ചെട്ടിക്കുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ മകളാണെന്നാണ്(ചൈതന്യം) സങ്കല്‍പ്പം.

ഓണാട്ടുകരയിലെ നാല് പ്രമുഖരായിരുന്നു ഈരേഴ തെക്കുമുറിയില്‍ കോട്ടൂര്‍ മണവത്ത് ചെമ്പോയില്‍ ആദിച്ചെമ്മന്‍ ശേഖരന്‍ താങ്കളും, കൈത തെക്ക് മുറിയില്‍ മങ്ങാട്ടേത്ത് മാതുവും, ഈരേഴ തെക്കുമുറിയില്‍ കാട്ടൂര്‍ കൊച്ചുകോമക്കുറുപ്പും, ഈരേഴ തെക്കുമുറിയില്‍ പുതുപ്പുരയ്ക്കല്‍ മാളിയേക്കല്‍ ആനന്ദവല്ലീശ്വരനും. ഈ നാലുപേരും അവരുടെ സര്‍വ്വാദിക്കാര്യക്കാരനായ ഈരേഴ വടക്ക് മേച്ചേരില്‍ കുലശേഖരപ്പണിക്കരുമൊത്ത് തൊട്ടടുത്ത ഗ്രാമമായ കൊയ്പ്പള്ളി കാരായ്മ കുറങ്ങാട്ട് കാരണവരുടെ അധീനതയിലുള്ള ദേവീക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയി. അവിടെ വച്ചുണ്ടായ ഒരു സംഭവമാണ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിക്ക് കാരണമായി പറയപ്പെടുന്നത്.

നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞ് ഉത്സവഘോഷങ്ങളും കണ്ടുനടന്ന പ്രമാണിമാരെ കൊയ്പ്പള്ളി കാരായ്മ ദേശത്തെ നാട്ടുപ്രമാണിയായിരുന്ന കാക്കനാട്ട് കൈതോന നല്ലതമ്പിയും കൂട്ടരും എന്തൊക്കെയോ പറഞ്ഞ് അധിഷേപിച്ചു. അധിക്ഷേപത്തില്‍ മനംനൊന്ത പ്രമാണിമാര്‍ ഉത്സവം മുഴുവന്‍ കാണാതെ ചെട്ടിക്കുളങ്ങരയിലേക്ക് മടങ്ങി. വഴിമദ്ധ്യേ ഈരേഴ തെക്ക് കോയിക്കല്‍ തറയ്ക്ക് സമീപമുള്ള കല്ലില്‍ തീര്‍ത്ത വഴിമണ്ഡലത്തിലിരുന്ന് പരിഹാരം ചിന്തിക്കുകയും, കൊടുങ്ങല്ലൂര്‍ ഭഗവതിയെ തൊഴുത് അഭയം പ്രാപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ ഭവനങ്ങളില്‍ തിരികെയെത്തി, ബന്ധുജനങ്ങളോടും ദേശവാസികളോടും വിവരങ്ങള്‍ പറഞ്ഞ് ഇവര്‍ തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെട്ടു. ഈ യാത്രയില്‍ ദേശവാസികളും അണിചേര്‍ന്നു.

യാത്രാമദ്ധ്യേ കരിപ്പുഴ തോടിന്‍റെ കിഴക്കേ ഓരത്തുവെച്ച് തീരുമാനം പുനഃപരിശോധിച്ചു. തങ്ങളുടെ അഭാവത്തില്‍ അന്യദേശക്കാര്‍ കയ്യടക്കുമെന്നും മുതലെല്ലാം തസ്ക്കരന്മാര്‍ കവര്‍ന്നെടുക്കുമെന്നും മനസ്സിലാക്കിയ മാടമ്പിമാര്‍ ദേശവാസികളെ പിന്തിരിപ്പിക്കുകയും, അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ ഓടനാട് രാജാവിന്‍റെ സര്‍വ്വസൈന്യാധിപനായ എരുവ അച്യുതവാര്യരുടെ പ്രിയശിഷ്യനും ആയോധനകലയില്‍ അഗ്രഗണ്യനുമായ പുതുപ്പുരയ്ക്കല്‍ ആനന്ദവല്ലീശ്വരന്‍റെ ഇളം മുറക്കാരനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് ശരിയെന്ന് അംഗീകരിച്ച് ദേശവാസികള്‍ തിരികെ യാത്രയായി. പുതിയ ശരി കൈക്കൊണ്ട സ്ഥലം എന്ന നിലയില്‍ ഇവിടം പുതിയശരിയെന്നും പിന്നീട് പുതുശ്ശേരി എന്നും അറിയപ്പെട്ടു.

അതിനുശേഷം നാലു മാടമ്പിമാരും കാര്യക്കാരനുമൊത്ത് കൊടുങ്ങല്ലൂരിലെത്തി രാജാവിനെക്കണ്ട് വിവരം ധരിപ്പിച്ചു. രാജാവ് അവര്‍ക്ക് ക്ഷേത്രത്തില്‍ ഭജനമിരിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തു. നാളുകളനേകം കഴിഞ്ഞപ്പോള്‍ വെളിച്ചപ്പാടിലൂടെ അവര്‍ക്കൊരു വാളും ചിലമ്പും സാന്നിധ്യമറിയിച്ചു നല്‍കുകയും താമസംവിനാ സങ്കടനിവൃത്തി വരുത്തി രക്ഷിച്ചുകൊള്ളാമെന്ന് കൊടുങ്ങല്ലൂരമ്മയുടെ അരുളപ്പാടുണ്ടാവുകയും ചെയ്തു.

ദിവസങ്ങള്‍ കഴിഞ്ഞ് ഒരു സന്ധ്യാസമയത്ത് കരിപ്പുഴ തോടിന്‍റെ കരയില്‍ കടത്തുകാരന്‍ തന്‍റെ ജോലിയൊക്കെ തീര്‍ത്ത് വഞ്ചി ഒതുക്കുന്ന നേരത്ത് മറുകരയില്‍ നിന്നും ഒരു വൃദ്ധ വിളിക്കുന്നത് കണ്ടു. അതനുസരിച്ച് വൃദ്ധയെ ഇക്കരെയെത്തിച്ച് പോകാന്‍ നേരം, ശ്രേഷ്ഠികുളങ്ങരയിലേക്ക്( ചെട്ടിക്കുളങ്ങര) പോയി വരാന്‍ തന്നെ സഹായിക്കണമെന്ന് വൃദ്ധ ആവശ്യപ്പെട്ടു. നേരം വൈകിത്തുടങ്ങിയതിനാല്‍ ആ അഭ്യര്‍ത്ഥന നിരസിക്കാതെ വൃദ്ധയേയും കൂട്ടി കടത്തുകാരന്‍ യാത്ര തിരിച്ചു. ഇടയ്ക്ക് ജോലിഭാരവും യാത്രാക്ഷീണവും കാരണം മയങ്ങിപ്പോയ കടത്തുകാരന്‍ ഉണര്‍ന്നെണീറ്റപ്പോള്‍ വൃദ്ധയെ കണ്ടില്ല. പരിഭ്രാന്തനായ കടത്തുകാരന്‍ അടുത്തുള്ള ഭവനങ്ങളില്‍ വിവരം അറിയിച്ചശേഷം തന്‍റെ കുടിലിലേക്ക് പോയി.

ഈ സംഭവം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം ചെട്ടിക്കുളങ്ങരയിലെ ഒരു ബ്രാഹ്മണകുടുംബമായ താഴവന ഇല്ലത്ത് പുരമേച്ചിലുകാര്‍ക്ക് ഉച്ചയ്ക്ക് കഞ്ഞിയും മുതിരപ്പുഴുക്കും നല്‍കുമ്പോള്‍ അപരിചിതമായ ഒരു സ്ത്രീ, തനിക്ക് കൂടി ഭക്ഷണം നല്‍കുവാന്‍ ആവശ്യപ്പെട്ടുചെല്ലുകയും, കഞ്ഞി കുടിച്ചശേഷം വടക്കുഭാഗത്തെ കുളത്തിലിറങ്ങി മുഖം കഴുകിയശേഷം വടക്കോട്ട് നടന്നുനീങ്ങി. അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ഇല്ലത്തെ ഒരന്തര്‍ജനം ഒരു പ്രകാശം ജ്വലിച്ചുയര്‍ന്ന് സ്ത്രീ അപ്രത്യക്ഷയാകുന്നതുകണ്ടു. തുടര്‍ന്ന് പ്രശ്നം വച്ചപ്പോള്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ സാന്നിധ്യം ഉണ്ടായതായി തെളിയുകയും അതിന്‍റടിസ്ഥാനത്തില്‍ ക്ഷേത്രം നിര്‍മ്മിച്ച് ഭഗവതിയെ കുടിയിരുത്തുകയും ചെയ്തു.

പുറപ്പെടാശാന്തിയായി ധനഞ്ജയന്‍ നമ്പൂതിരി

വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന, ആശ്രിത വത്സലയും ദേശദേവതയുമായ ആ ചെട്ടിക്കുളങ്ങരമ്മയുടെ തിരുസന്നിധിയിലേക്ക് അടുത്ത ഒരു വര്‍ഷത്തെ പുറപ്പെടാശാന്തി ദൗത്യവുമായി എത്തിയിരിക്കുന്നത് വള്ളികുന്നം കടുവിനാല്‍ മംഗലശ്ശേരില്‍ ഇല്ലത്ത് 
ധനഞ്ജയന്‍ നമ്പൂതിരിയാണ.്

ജ്യോതിഷം, താന്ത്രികം, പൂജ എന്നിങ്ങനെ വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്ന കൃഷ്ണന്‍ നമ്പൂതിരിയുടെയും സുഭദ്രാ അന്തര്‍ജ്ജനത്തിന്‍റെയും മകന്‍ ഉപനയനം കഴിഞ്ഞയുടന്‍, എട്ടാമത്തെ വയസ്സില്‍ തന്നെ ശാന്തികര്‍മ്മത്തിലേക്ക് തിരിഞ്ഞതാണ്. ഇല്ലത്തെ പരദേവതയായ പരിയാരത്തുകുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു തുടക്കം. പരിയാരത്തുകുളങ്ങരയില്‍ അന്ന് വിശാലമായ ശാന്തിസംവിധാനമൊന്നും ഇല്ലായിരുന്നു. ഒരു നേരത്തെ നിവേദ്യം മാത്രം.

പിന്നീട് വെട്ടിക്കോട് മേപ്പള്ളില്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ ശിഷ്യത്വം സ്വീകരിച്ചാണ് കൂടുതല്‍ പഠിച്ചത്. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോള്‍, സ്ക്കൂള്‍ അവധിക്കാലങ്ങളില്‍ മേപ്പള്ളില്‍ ഇല്ലത്ത് താമസിച്ചായിരുന്നു പഠനം. ഒപ്പം, മേപ്പള്ളിയിലെ തേവാരപ്പുരയിലും അമ്പലത്തിലുമൊക്കെ പൂജ കഴിപ്പിക്കുകയും ചെയ്യുമായിരുന്നു.

പിന്നെയും കുറേ ഗുരുക്കന്മാര്‍.. അവരില്‍ നിന്നൊക്കെ പൂജാകാര്യങ്ങളില്‍ കൂടുതല്‍ അവഗാഹം നേടി കൊച്ചു കൊച്ചമ്പലങ്ങളില്‍ ശാന്തിവൃത്തി ചെയ്തു. 1990 ല്‍, 19-ാമത്തെ വയസ്സിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിക്ക് കയറിയത്- തിരുവല്ല തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അവിടുന്ന് പുതിയമഠം മണപ്പുറം ക്ഷേത്രത്തില്‍. പിന്നെ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം ഹനുമാന്‍ പ്രതിഷ്ഠയുള്ള കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രം.
ഒരേ ശ്രീകോവിലില്‍ രണ്ടുഭാഗം ശിവഭഗവാനും, ഒരു ഭാഗത്ത് പാര്‍വ്വതിദേവിയുമാണ്. ഉപദേവതയായി നാലമ്പലത്തിനകത്തുതന്നെയാണ് ഹനുമാന്‍റെ പ്രതിഷ്ഠയുള്ളത്. വില്വമംഗലം സ്വാമികളാണ് ഹനുമാന്‍പ്രതിഷ്ഠ നടത്തിയത്.

ശ്രീരാമന്‍ സീതയെ വീണ്ടെടുത്തശേഷം തിരികെ വരുമ്പോള്‍, ഒരു പ്രതിഷ്ഠയ്ക്ക് കൃത്യസമയമായി എന്നുപറഞ്ഞുകൊണ്ട്, അതിനായി ഒരു ശിവലിംഗം കൊണ്ടുവരാന്‍ ഹനുമാനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ശിവലിംഗത്തിന് പോയ ഹനുമാന്‍ മുഹൂര്‍ത്തം കഴിയാറായിട്ടും എത്താതിരുന്നപ്പോള്‍ ശ്രീരാമന്‍ തന്‍റെ യോഗശക്തികൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി പ്രതിഷ്ഠ നടത്തി. പിന്നെയും കുറേക്കഴിഞ്ഞ് ഹനുമാന്‍ ശിവലിംഗവുമായി വന്നപ്പോള്‍ പ്രതിഷ്ഠ നടന്നുകഴിഞ്ഞിരിക്കുന്നു. അതില്‍ വിഷമം തോന്നിയ ഹനുമാന്‍, ഞാനിത്രയും ബുദ്ധിമുട്ടി ശിവലിംഗവുമായി വന്നപ്പോള്‍ അവിടുന്ന് വേറെ പ്രതിഷ്ഠ നടത്തിയല്ലോ എന്ന് വിഷമത്തോടെ ശ്രീരാമനോട് ചോദിച്ചു. അപ്പോള്‍ ശ്രീരാമന്‍ പറഞ്ഞു, എങ്കില്‍ നീ തന്നെ അത് പിഴുതുമാറ്റിയിട്ട്, നിന്‍റെ കയ്യിലുള്ള ശിവലിംഗം പ്രതിഷ്ഠിച്ചോളൂ എന്ന്. അതു കേട്ടപാതി കേള്‍ക്കാത്തപാതി ഹനുമാന്‍ തന്‍റെ വാലുചുറ്റി, ശ്രീരാമന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തെ ഇളക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഒപ്പം ഭൂമിയും കൂടി ഉയര്‍ന്നുപൊങ്ങി. അത്രയും സ്ഥലം ഇന്നും ഉയര്‍ന്ന പ്രദേശമാണ്.

അവിടുന്ന് തിരുവന്‍വണ്ടൂര്‍, തൃപ്പാവുമ്പ, കണ്ണനകുഴി ശ്രീകൃഷ്ണക്ഷേത്രം. 2010-11 ല്‍ മാളികപ്പുറം മേല്‍ശാന്തിയുമായി. അതും പുറപ്പെടാശാന്തിയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ രണ്ടുപ്രാവശ്യം പുറപ്പെടാശാന്തിയായിരിക്കുവാനുള്ള അപൂര്‍വ്വഭാഗ്യമാണ് ധനഞ്ജയന്‍ നമ്പൂതിരിക്ക് കിട്ടിയിരിക്കുന്നത്. കാരണം ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും പുറപ്പെടാശാന്തിയാണ്.

'ഓണാട്ടുകരയുടെ ഏറ്റവും പ്രധാനപ്പെട്ട ഭഗവതിയാണ് ചെട്ടിക്കുളങ്ങര അമ്മ. പ്രത്യക്ഷത്തില്‍ തന്നെ അനുഭവവേദ്യമാകുന്ന ചൈതന്യവത്തായ ദേവിയാണ് ചെട്ടിക്കുളങ്ങര ഭഗവതി. ഇരുന്ന മറ്റെല്ലാ ക്ഷേത്രങ്ങളും മോശമാണെന്നല്ല. പക്ഷേ ചെട്ടിക്കുളങ്ങര അമ്മയെ ഒരു വര്‍ഷം പൂജിക്കുക എന്നുളളത്.് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ദൈവികാംഗീകാരം കൂടിയാണ്. ഒരു വര്‍ഷം പൂര്‍ണ്ണമായി അമ്മയോടൊപ്പമിരുന്ന് ഭഗവതിയെ ഭജിക്കാന്‍ കഴിയുക എന്നത് നിസ്സാരകാര്യമല്ല. എന്‍റച്ചന്‍ ചെട്ടിക്കുളങ്ങര മേല്‍ശാന്തിയായിരുന്നു എന്നുപറയുന്നത് എന്‍റെ മക്കള്‍ക്ക് അഭിമാനകരമായ കാര്യമാണ്.'

അഞ്ചാമത് പ്രാവശ്യമാണ് ധനഞ്ജയന്‍ നമ്പൂതിരി ചെട്ടിക്കുളങ്ങരയിലേക്കുള്ള ലിസ്റ്റില്‍ വരുന്നത്. നാലുപ്രാവശ്യം പക്ഷേ നറുക്കെടുപ്പില്‍ പുറത്താവുകയായിരുന്നു. അതിന് ഈശ്വരനിശ്ചയം കൂടി വേണമെന്നാണ് ധനഞ്ജയന്‍ നമ്പൂതിരി പറയുന്നത്.
'ചെട്ടിക്കുളങ്ങര അമ്മ എന്നെ ഏല്‍പ്പിച്ച ഒരു നിയോഗമാണിത്. അത് ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയണേ എന്നുള്ള പ്രാര്‍ത്ഥയാണുള്ളത്. കാരണം ജനങ്ങള്‍ ഏറെ വിശ്വസിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ നിസ്സാരകാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം. അമ്മയെ കാണാന്‍ വരുന്നവര്‍ പലരീതിയില്‍ ദുഃഖവും  പ്രയാസവും ദുരിതവുമൊക്കെ അനുഭവിക്കുന്നവരായിരിക്കും. അവരെ എല്ലാവരേയും പരമാവധി തൃപ്തിപ്പെടുത്തിവിടുക എന്നുള്ളത് പൂജാരിയുടെ കടമയാണ്. ഫലം നല്‍കേണ്ടത് അമ്മയും.

പാവുമ്പ പവിത്രമംഗലത്ത് മഠത്തില്‍ പ്രീതിയാണ് ധനഞ്ജയന്‍ നമ്പൂതിരിയുടെ ഭാര്യ. ബി.ടെക്കിനും ഡിഗ്രിക്കും പഠിക്കുന്ന രണ്ട് ആണ്‍മക്കളും.

പി. ജയചന്ദ്രന്‍

Photo Courtesy - Google