ഓണാട്ടുകരയുടെ ദേശീയോത്സവം ചെട്ടിക്കുളങ്ങര കുംഭഭരണി 2025 മാര്‍ച്ച് 4 ന്

ഓണാട്ടുകരയുടെ ദേശീയോത്സവം ചെട്ടിക്കുളങ്ങര കുംഭഭരണി 2025 മാര്‍ച്ച് 4 ന്

HIGHLIGHTS

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലെ അതിമനോഹരവും പ്രകൃതിരമണീയവുമായ ഒരു കാര്‍ഷിക ഗ്രാമമാണ് ചെട്ടിക്കുളങ്ങര. തിരുവല്ല-കായം കുളം റോഡില്‍ മാവേലിക്കരയ്ക്കും കായംകുളത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ കൊച്ചുഗ്രാമം ദേശാതിര്‍ത്തികള്‍ കടന്നും അറിയപ്പെടുന്നത് ഒരു ദേവീക്ഷേത്രത്തിന്‍റെ പേരിലാണ്. ദേശദേവതയായി കരുതപ്പെടുന്ന ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിന്‍റെ പേരില്‍ ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീഭദ്രകാളിയാണ് ചെട്ടിക്കുളങ്ങര അമ്മയായി, സര്‍വ്വൈശ്വര്യ പ്രദായിനിയായി ഇവിടെ വാണരുളുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കണക്കനുസരിച്ച് ശബരിമല കഴിഞ്ഞാല്‍ ബോര്‍ഡിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തില്‍ നിന്നുമാണ്. എന്നുപറയുമ്പോള്‍, അഭീഷ്ടകാര്യസിദ്ധിക്കായി പ്രാര്‍ത്ഥനാനിരതമായ മനസ്സോടെ ഇവിടെത്തിച്ചേരുന്ന ഭക്തരുടെ സംഖ്യ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കിലെ അതിമനോഹരവും പ്രകൃതിരമണീയവുമായ ഒരു കാര്‍ഷിക ഗ്രാമമാണ് ചെട്ടിക്കുളങ്ങര. തിരുവല്ല-കായം കുളം റോഡില്‍ മാവേലിക്കരയ്ക്കും കായംകുളത്തിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ കൊച്ചുഗ്രാമം ദേശാതിര്‍ത്തികള്‍ കടന്നും അറിയപ്പെടുന്നത് ഒരു ദേവീക്ഷേത്രത്തിന്‍റെ പേരിലാണ്. ദേശദേവതയായി കരുതപ്പെടുന്ന ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിന്‍റെ പേരില്‍ ജഗദീശ്വരിയും ആദിപരാശക്തിയുമായ ശ്രീഭദ്രകാളിയാണ് ചെട്ടിക്കുളങ്ങര അമ്മയായി, സര്‍വ്വൈശ്വര്യ പ്രദായിനിയായി ഇവിടെ വാണരുളുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കണക്കനുസരിച്ച് ശബരിമല കഴിഞ്ഞാല്‍ ബോര്‍ഡിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തില്‍ നിന്നുമാണ്. എന്നുപറയുമ്പോള്‍, അഭീഷ്ടകാര്യസിദ്ധിക്കായി പ്രാര്‍ത്ഥനാനിരതമായ മനസ്സോടെ ഇവിടെത്തിച്ചേരുന്ന ഭക്തരുടെ സംഖ്യ എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആദിശങ്കരന്‍റെ ശിഷ്യനായ പത്മപാദ ആചാര്യന്‍ സമര്‍പ്പണം നിര്‍വ്വഹിച്ചു എന്ന് കരുതപ്പെടുന്ന ഇവിടത്തെ മുഖ്യപ്രതിഷ്ഠ വരിക്കപ്ലാവില്‍ കൊത്തിയെടുത്ത ഭദ്രകാളിയുടെ ദാരുബിംബമാണ്. അതുകൂടാതെ കണ്ണാടിയില്‍ ഭദ്രകാളിയുടെ ചെറിയ കര്‍മ്മബിംബവും ഭദ്രകാളിരൂപത്തോടുകൂടിയ ഗുരുസി ബിംബവും ചേര്‍ന്നതാണ് പ്രതിഷ്ഠ.

ക്ഷേത്രഐതിഹ്യം

ഐതിഹ്യപ്പെരുമകൊണ്ടും ആചാരസവിശേഷത കൊണ്ടും ഏറെ സമ്പന്നമാണ് ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം. ജഗദീശ്വരിയും സാക്ഷാല്‍ ആദിപരാശക്തിയുമായ ചെട്ടിക്കുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ മകളാണെന്നാണ്(ചൈതന്യം) വിശ്വാസം. ആ ചൈതന്യം ഓണാട്ടുകരയില്‍(ചെട്ടിക്കുളങ്ങര ഉള്‍പ്പെടുന്ന മാവേലിക്കര, കാര്‍ത്തികപ്പള്ളി, കായംകുളം എന്നീ താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശം ഓണാട്ടുകര എന്നാണ് അറിയപ്പെടുന്നത്.) വന്ന് കുടികൊള്ളുവാന്‍ ഇടയായതിനു പിന്നില്‍ പറഞ്ഞുകേള്‍ക്കുന്ന ഐതിഹ്യകഥ ഇതാണ്:

പണ്ട്... പണ്ടുപണ്ട്...ഓണാട്ടുകരയിലെ നാട്ടുപ്രമാണിമാരായിരുന്ന ഈരേഴതെക്കുമുറിയില്‍ കോട്ടൂര്‍ മണവത്ത് ചെമ്പോലില്‍ ആദിചെമ്മന്‍ ശേഖരന്‍ താങ്കള്‍, കൈതതെക്കുമുറിയില്‍ മങ്ങാട്ടേത്ത് മാതു, കാട്ടൂര്‍ കൊച്ചുകോമക്കുറുപ്പ്, പുതുപുരയ്ക്കല്‍ മാളിയേക്കല്‍ ആനന്ദവല്ലീശ്വരന്‍, ഈരേഴ വടക്ക് മേച്ചേരില്‍ കുലശേഖരപ്പണിക്കര്‍ എന്നിവര്‍ തൊട്ടടുത്ത ഗ്രാമമായ കൊയ്പ്പളളി  കാരാഴ്മ കുറങ്ങാട്ട് കാരണവരുടെ അധീനതയിലുള്ള ദേവീക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയി. എന്നാല്‍ ഈ നാട്ടുപ്രമാണിമാരെ കൊയ്പ്പള്ളി കാരാഴ്മ ദേശത്തെ നാട്ടുപ്രമാണിയായിരുന്ന കാക്കനാട്ട് കൈതോന നല്ലതമ്പിയും കൂട്ടരും വേണ്ടവിധം പരിഗണിച്ചില്ലെന്നുമാത്രമല്ല അധിക്ഷേപിക്കുകയും ചെയ്തു.

തുടര്‍ന്ന് അധിക്ഷേപത്തില്‍ മനംനൊന്ത പ്രമാണിമാര്‍ ഉത്സവം മുഴുവന്‍ കാണാതെ ചെട്ടിക്കുളങ്ങരയിലേക്ക് മടങ്ങി. മടങ്ങുംവഴി കോയിക്കല്‍ തറയ്ക്ക് സമീപമുള്ള വഴിമണ്ഡപത്തിലിരുന്ന് പരിഹാരം ചിന്തിച്ചു. അതിന്‍റടിസ്ഥാനത്തിലാണ് ശ്രീഭദ്രകാളിയുടെ മൂലകേന്ദ്രമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തി തൊഴുത് അഭയം പ്രാപിക്കുവാന്‍ തീരുമാനിച്ചത്. അതിന്‍പ്രകാരം കൊടുങ്ങല്ലരിലെത്തിയ പ്രമാണിമാര്‍ മഹാരാജാവിനെക്കണ്ട് തങ്ങളുടെ ആഗമനോദ്ദേശവും മറ്റും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാം വിശദമായി കേട്ട രാജാവ് അവര്‍ക്ക് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭജനമിരിക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുകൊടുത്തു.(ഇതിന്‍റെ ഓര്‍മ്മയ്ക്കായി മീനമാസത്തിലെ അശ്വതി വിശേഷത്തിനുശേഷം ഈ കരകളിലെ കരനാഥന്മാര്‍ ഒത്തുചേര്‍ന്ന് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥയാത്ര പോകുന്ന പതിവ് ഇന്നും നിലവിലുണ്ട്). തുടര്‍ന്ന് നിറഞ്ഞ ഭക്തിയോടും ദുഃഖത്തോടും കൂടി അനേകനാളുകള്‍ ഭജനമിരുന്ന ഭക്തര്‍ക്ക്, ക്ഷേത്രവെളിച്ചപ്പാടിലൂടെ അമ്മയുടെ അരുളപ്പാടുണ്ടായി. താമസംവിന സങ്കടനിവൃത്തി വരുത്താമെന്നുള്ളതായിരുന്നു അരുളപ്പാട്. ഒപ്പം, ഭഗവതിയുടെ സാന്നിധ്യമറിയിച്ച് വാളും ചിലമ്പും നല്‍കുകയും ചെയ്തു.

അതോടെ സംതൃപ്തരായ കരനാഥന്മാര്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ വാളും ചിലമ്പുമായി നാട്ടിലേക്ക് തിരിക്കുകയും, പരാശക്തിയുടെ സാന്നിദ്ധ്യത്തിനായി പ്രാര്‍ത്ഥന തുടരുകയും ചെയ്തു.

പിന്നെയും കുറെദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഒരു സന്ധ്യാനേരത്ത് കരിപ്പുഴ തോടിന്‍റെ കരയില്‍, കടത്തുകാരന്‍ ജോലി തീര്‍ത്ത് വീട്ടിലേക്ക് പോകാനൊരുങ്ങുന്ന സമയത്ത്, തോടിന്‍റെ മറുകരയില്‍ നിന്ന് ഒരു വൃദ്ധയെ ഇക്കരയെത്തിച്ചപ്പോള്‍ ശ്രേഷ്ഠിക്കുളങ്ങരയിലേക്ക്(ചെട്ടിക്കുളങ്ങര) പോയി വരാന്‍തന്നെ സഹായിക്കണമെന്ന് വൃദ്ധ കടത്തുകാരനോടാവശ്യപ്പെടുകയും, അതിന്‍പ്രകാരം അവരുമായി യാത്ര തിരിച്ച കടത്തുകാരന്‍, യാത്രാക്ഷീണം മൂലം വൃദ്ധ പരവശയാണെന്നു തോന്നിച്ചതിനാല്‍ അടുത്തുകണ്ട ഒരു ആഞ്ഞിലിമരച്ചുവട്ടില്‍ വിശ്രമിക്കുവാനിരുത്തിയശേഷം അടുത്തുള്ള വീട്ടില്‍ ചെന്ന് വൃദ്ധയ്ക്ക് കുടിക്കുവാന്‍ ദാഹജലവും ഉടുക്കുവാന്‍ വസ്ത്രവും വാങ്ങി നല്‍കി.

അതിനിടെ ജോലിഭാരം മൂലം മയങ്ങിപ്പോയ കടത്തുകാരന്‍ ഉണര്‍ന്നുനോക്കുമ്പോള്‍ ആ വൃദ്ധസ്ത്രീയെ അവിടെങ്ങും കാണുന്നില്ല. പരിഭ്രാന്തിപൂണ്ട കടത്തുകാരന്‍ വിവരം അടുത്തുള്ള ഭവനങ്ങളിലറിയിച്ചശേഷം തന്‍റെ കുടിലിലേക്ക് പോയി.

ഇതിനടുത്ത ദിവസം പുരമേച്ചില്‍ നടന്നുകൊണ്ടിരുന്ന താഴവന ഇല്ലത്തുചെന്ന അപരിചിതയായ ഒരു വൃദ്ധ, ജോലിക്കാര്‍ക്ക് വിളമ്പിക്കൊണ്ടിരുന്ന കഞ്ഞി തനിക്കുകൂടി നല്‍കുവാന്‍ ആവശ്യപ്പെടുകയും അതു വാങ്ങിക്കുടിച്ചശേഷം വടക്കോട്ട് നീങ്ങിയ വൃദ്ധ ഒരഗ്നിജ്വാലയായി അപ്രത്യക്ഷയാകുന്നത് ഇല്ലത്തെ അന്തര്‍ജ്ജനം കാണുകയുണ്ടായി. തുടര്‍ന്ന് നടന്ന ജ്യോതിഷചിന്തയിലാണ്, സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയാണ് വൃദ്ധവേഷത്തിലെത്തി കടത്തുകടത്താന്‍ കടത്തുകാരനോടാവശ്യപ്പെട്ടതെന്നും ബ്രാഹ്മണ ഇല്ലത്തെത്തി ഭക്ഷണം ആവശ്യപ്പെട്ടതെന്നും, മനസ്സിലായത്. വിവരമറിഞ്ഞ രാജാവ് ഇരവി മാര്‍ത്താണ്ഡവര്‍മ്മന്‍, കൊടുങ്ങല്ലൂരില്‍ പോയി വന്ന കരനാഥന്മാരെ വിളിച്ച് ക്ഷേത്രനിര്‍മ്മാണത്തിനുള്ള ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.

ചെട്ടിക്കുളങ്ങര ഭരണി

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രോത്സവങ്ങളില്‍ വലിയൊരു സ്ഥാനം ചെട്ടിക്കുളങ്ങര കുംഭഭരണിക്കുണ്ട്. യുനെസ്കോ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഈ ഉത്സവം, ചെട്ടിക്കുളങ്ങരയുടെ മാത്രമല്ല സമീപ ജില്ലകളുടെ കൂടി ഉത്സവമാണ്. ആയിരക്കണക്കിന് ഭക്തരാണ് ഉത്സവനാളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഉത്സവത്തിന്‍റെ പ്രധാന ആകര്‍ഷണം അതിഗംഭീരമായ കെട്ടുകാഴ്ചകളാണ്.
ഉത്സവദിവസം ഉച്ചകഴിഞ്ഞാണ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള 13 കരകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കെട്ടുകാഴ്ചയില്‍ ഭീമാകാരമായ കെട്ടുകാഴ്ചകളാണ് അണിനിരക്കുന്നത്. ഭീമന്‍ രഥങ്ങളും പാഞ്ചാലി, ഹനുമാന്‍ തുടങ്ങിയുള്ള ഇതിഹാസരൂപങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള വയലില്‍ എത്തിക്കുന്നു. 

രാത്രി സമയത്ത് ഭഗവതി ജീവതയില്‍ ഘോഷയാത്രയായി എത്തി,ഓരോ കെട്ടുകാഴ്ചയേയും സന്ദര്‍ശിക്കും. അതോടെ ഭഗവതി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. അതിനുശേഷം മാത്രമേ ഈ രൂപങ്ങള്‍ അതാത് കരകളിലേക്ക് കൊണ്ടുപോവുകയുള്ളൂ. ഓരോ കരയുടേയും ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ വയലില്‍ ഇറക്കുക. ഇതില്‍ ഒന്നാമത്തെ കര ഈരേഴ തെക്കുകരയാണ്.
പതിമൂന്ന് കരകളില്‍ നിന്നായി 6 കുതിരകളും അഞ്ച് തേരും ഭീമനും ഹനുമാനുമാണ് അണിനിരക്കുന്നത്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിരയ്ക്ക് കുതിരയുടെ രൂപവുമായി ഒരു സാദൃശ്യവും കാണില്ല. അംബരചുംബിയായ ഗോപുരം പോലുള്ള ഒരു രൂപമാണുള്ളത്. ഭീമന്‍, ഹനുമാന്‍, പാഞ്ചാലി എന്നീ രൂപങ്ങള്‍ ദാരുശില്‍പ്പങ്ങളാണ്.

പതിമൂന്ന് കരകള്‍

ക്ഷേത്രവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ചകള്‍ ഒരുക്കുന്നതും മറ്റും പതിമൂന്ന് കരക്കാരാണെന്ന് പറഞ്ഞല്ലോ. ഈ പതിമൂന്ന് കരകളില്‍ പ്രഥമസ്ഥാനം ഈരേഴ തെക്ക് കരയ്ക്കാണ്. ക്ഷേത്രത്തിന് തെക്കുകിഴക്കായി 3 കിലോമീറ്ററോളം ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന ഈ കരയ്ക്കാണ് ഏറ്റവും കൂടുതല്‍ വിസ്തൃതിയുള്ളത്. അംബരചുംബിയായ കുതിരയാണ് ഈരേഴ തെക്കുകാര്‍ അണിയിച്ചൊരുക്കുന്നത്.

രണ്ടാംകര ഈരേഴ വടക്കാണ്. ഏറ്റവുമധികം കുത്തിയോട്ട സമിതികളുള്ള ഈ കരയിലാണ് ക്ഷേത്രത്തിലെ തന്ത്രികുടുംബമായ പ്ലാക്കുടി ഇല്ലം. ചെട്ടിക്കുളങ്ങര ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മേച്ചേരില്‍ കുടുംബവും ഈ കരയിലാണ്. മൂന്നാമത്തെ കര കൈത തെക്കാണ്. ഭഗവതി ആദ്യമായിട്ടാണ് കഞ്ഞിയും മുതിരയും ഭക്ഷിച്ചെന്ന് ഐതിഹ്യങ്ങളില്‍ പറയുന്ന ബ്രാഹ്മണ ഇല്ലമായ താഴവന ഇല്ലം ഈ കരയിലാണ്.

ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന കൈതവടക്കാണ് നാലാമത്തെ കര.

അഞ്ചാമത്തെ കര കണ്ണമംഗലം തെക്ക് ആണ്. ആറാമത്തെ കര കണ്ണമംഗലം വടക്കും, ഏഴാമത്തെ കര പേളയുമാണ്.

ചെട്ടിക്കുളങ്ങര ഭഗവതി ആദ്യമായി കടത്തിറങ്ങി കാലുകുത്തിയ മണ്ണാണ് കടവൂരിലേത്. ഇതാണ് എട്ടാമത്തെ കര. ആഞ്ഞിലിപ്രയാണ് ഒന്‍പതാമത്തെ കര. ചെട്ടിക്കുളങ്ങര ഭഗവതി കരിപ്പുഴ കടത്തിറങ്ങിവന്ന് വിശ്രമിച്ച സ്ഥലമാണ് ഇന്ന് പുതുശ്ശേരി അമ്പലമായി മാറിയത്. ഈ കരയിലാണ് പുതുശ്ശേരി അമ്പലം.

പത്താമത്തെകര മറ്റം വടക്ക്. പോത്തിനെക്കെട്ടിയ വണ്ടിയില്‍ ബകന് ഭക്ഷണവുമായിപ്പോകുന്ന ഭീമന്‍ എന്ന ഇതിഹാസ കഥാപാത്രത്തെയാണ് ഈ കരക്കാര്‍ അണിയിച്ചൊരുക്കുന്നത്. പതിനൊന്നാംകര മറ്റം തെക്കും, പന്ത്രണ്ടാംകര മേനാമ്പള്ളിയുമാണ്. പതിമൂന്നാമത്തേതും അവസാനത്തേതുമായ കരയാണ് നടയ്ക്കാവ്. നടയ്ക്കാവ് കരയുടെ കുതിരക്കാഴ്ച കണ്ടത്തിലിറങ്ങുന്നതോടെയാണ് കുംഭഭരണി കെട്ടുകാഴ്ച പൂര്‍ണ്ണമാകുന്നത്. സ്ഥലപരിമിതി മൂലം ചുരുക്കിപ്പറഞ്ഞെങ്കിലും ഈ ഓരോ കെട്ടുകാഴ്ചയും ഒരുക്കുന്നതും, കെട്ടുകാഴ്ച കണ്ടത്തിലെത്തിക്കുന്നതുമൊക്കെ ഏറെ പറയേണ്ട സംഗതികളാണ്. കരയുടെ അഭിമാനമായ ഓരോ കെട്ടുകാഴ്ചയും കെട്ടിയൊരുക്കുവാന്‍ മാസങ്ങളുടെ അദ്ധ്വാനവും ലക്ഷങ്ങളുടെ ചെലവുമാണുള്ളത്.

കുത്തിയോട്ടം

കുംഭഭരണിയുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കുത്തിയോട്ടം എന്ന അനുഷ്ഠാനകല. കേരളത്തില്‍ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മാത്രം നേര്‍ച്ചയായി നടത്തപ്പെടാറുള്ള കുത്തിയോട്ടത്തില്‍ ബാലന്മാരാണ് പ്രധാനമായും പങ്കെടുക്കുന്നത്. ശിവരാത്രി മുതല്‍ ഭരണിവരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ കുത്തിയോട്ട സംഘം ആശാന്മാര്‍ വ്രതാനുഷ്ഠാനം ചെയ്ത് പങ്കെടുക്കുന്ന കുട്ടികള്‍ക്ക് എല്ലാ ചടങ്ങുകളും പഠിപ്പിച്ചുകൊടുക്കും. പ്രത്യേക രീതിയില്‍ ചിട്ടപ്പെടുത്തിയ ദേവീസ്തുതികളാണ് കുത്തിയോട്ടത്തിന് പാടുന്നത്. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിന് ലക്ഷങ്ങളാണ് ചെലവ്. ചെട്ടിക്കുളങ്ങര ഭാഗത്ത് നിരവധി കുത്തിയോട്ട സംഘങ്ങളുണ്ട്.

ഭരണിദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വര്‍ണ്ണനൂലുകൊണ്ട് ചുറ്റിക്കെട്ടി, കുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കുന്നു. ചൂരല്‍ മുറിക്കുന്ന ചടങ്ങ് എന്നാണ് ഇതിന് പറയുന്ന പേര്.

തലയില്‍ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യില്‍ മടുവും കാപ്പും  ധരിപ്പിച്ചശേഷം ദേഹമാസകലം കളഭം പൂശി, തറ്റുടുപ്പിച്ച്, അതിനുമുകളില്‍ വാഴയില വാട്ടിക്കെട്ടി, അരമണി ചാര്‍ത്തി, ഇരുകൈകളും ശിരസിന് മുകളില്‍ ചേര്‍ത്തുപിടിച്ച് കയ്യില്‍ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടിയുടെ അരയില്‍ സ്വര്‍ണ്ണമോ വെള്ളിയോ കൊണ്ട് നിര്‍മ്മിച്ച നൂല്‍കോര്‍ക്കും. ഇതാണ് ചൂരല്‍ മുറിയല്‍.
വെഞ്ചാമരം കൊണ്ട് വീശിയും പനിനീര്‍ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ലോഹനൂല്‍ ഊരിയെടുത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാടവസാനിക്കും. ദാരികനെ വധിച്ച ഭഗവതിയുടെ ഭടന്മാരായിട്ടാണ് കുത്തിയോട്ട ബാലന്മാരെ സങ്കല്‍പ്പിക്കുന്നത്.

മറ്റ് വിശേഷങ്ങള്‍

മകരമാസത്തിലെ കാര്‍ത്തികനാളില്‍ 13 കരകളുടേയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ത്തികപ്പൊങ്കാല, പറയെടുപ്പുമഹോത്സവം, കുംഭഭരണിക്കുശേഷം മീനമാസത്തിലെ അശ്വതിക്ക് മുന്‍പായി ഓരോ ദിവസവും ഓരോ കരയ്ക്ക് എന്ന ക്രമത്തില്‍ 13 ദിവസങ്ങളിലായി നടക്കുന്ന എതിരേല്‍പ്പ് മഹോത്സവം എന്നിവയും വിശേഷതകളാണ്.

അതുകൂടാതെ മറ്റൊരു പ്രധാന ചടങ്ങാണ് ചാന്താട്ടം. ദേവീപ്രീതിക്കായി ഭദ്രകാളി ക്ഷേത്രങ്ങളില്‍ നടക്കുന്ന ഒരു ചടങ്ങാണിത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവ്, പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുമാന്ധാംകുന്ന് ക്ഷേത്രം തുടങ്ങിയ പ്രധാന ഭദ്രകാളി ക്ഷേത്രങ്ങളിലൊക്കെയും ചാന്താട്ട വഴിപാട് നടത്താറുണ്ട്. പച്ച തെക്കിക്കാതല്‍, പച്ചക്കര്‍പ്പൂരം, രാമച്ചം, ചന്ദനത്തടി, രക്തചന്ദനം, കസ്തൂരി, കുങ്കുമം, എള്ളെണ്ണ എന്നീ അഷ്ടദ്രവ്യങ്ങള്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ വാറ്റിയെടുക്കുന്ന ദ്രാവകരൂപത്തിലുള്ള മിശ്രിതം 9 കുടങ്ങളിലാക്കി പൂജിച്ച് ഉച്ചപൂജയുടെ സ്നാനഘട്ടത്തില്‍ മൂലബിംബമായ ദാരുശില്‍പ്പത്തില്‍ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ചാന്താട്ടം. ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന ഈ വഴിപാടിന് ബുക്ക് ചെയ്താല്‍ വര്‍ഷങ്ങള്‍ക്കുശേഷം മാത്രമേ അവസരം ലഭിക്കുകയുള്ളൂ എന്നതാണവസ്ഥ.

കൊഞ്ചും മാങ്ങാക്കറി

മറ്റൊരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടില്ലാത്ത ഒരു പ്രത്യേകത ചെട്ടിക്കുളങ്ങര ഉത്സവവുമായി ബന്ധപ്പെട്ടുണ്ട്. അന്നേദിവസം പ്രദേശത്തെ എല്ലാ വീട്ടിലും ഉത്സവസദ്യയിലെ ഒരു പ്രധാന ഇനം കൊഞ്ചും മാങ്ങയും ചേര്‍ത്തുള്ള കറിയാണ്. കൊടുങ്ങല്ലൂരില്‍നിന്ന് ചെട്ടിക്കുളങ്ങരയിലെത്തിയ ഭഗവതിക്ക് കരയിലെ ഒരു വീട്ടില്‍ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നല്‍കി എന്നാണ് ഐതിഹ്യം. അതിന്‍റെ ഓര്‍മ്മയ്ക്കായിട്ടാണത്രേ ഉത്സവനാളില്‍ കൊഞ്ചും മാങ്ങാക്കറി വയ്ക്കുന്നത്.